ദൈവവിളി: അസ്തിത്വത്തിലേക്കുള്ള അനന്തയാത്ര 

Published on

ഉത്സവപ്പറമ്പില്‍ മഴവില്‍ നിറങ്ങളില്‍ ഉയര്‍ന്നു പറക്കുന്ന ബലൂണുകള്‍… കാറ്റിനൊപ്പം നൃത്തം ചെയ്യുന്ന അവയെ കൗതുകത്തോടെ നോക്കിനില്‍ക്കുകയാണ് ഒരു കൊച്ചു ബാലന്‍. ബലൂണ്‍ വില്‍ക്കുന്നയാളുടെ കൈകളിലെ പല വര്‍ണ്ണങ്ങളിലുള്ള ശേഖരത്തിലേക്ക് നോക്കി അവന്‍ നിഷ്‌കളങ്കമായി ചോദിച്ചു: ‘അങ്കിള്‍, ഈ കറുത്ത ബലൂണും പറക്കുമോ?’ ആ ചോദ്യം കേട്ട് അയാള്‍ തന്റെ ഭാണ്ഡത്തില്‍ നിന്നും ഒരു കറുത്ത ബലൂണ്‍ എടുത്ത്, അതില്‍ ഹൈഡ്രജന്‍ നിറച്ച് മുകളിലോട്ട് പറത്തി വിട്ടു. ആകാശത്തിന്റെ ഉയരങ്ങളിലേക്ക് കുതിക്കുന്ന ആ ബലൂണിന്റെ ചരട് കുട്ടിയുടെ കുഞ്ഞി കൈകളില്‍ ഏല്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘എന്റെ കുഞ്ഞേ, ബലൂണിന്റെ നിറമോ വലിപ്പമോ അത് നിര്‍മ്മിച്ച ബ്രാന്‍ഡോ ഒന്നുമല്ല അതിനെ പറത്തുന്നത്; മറിച്ച് അതിനുള്ളില്‍ നിറച്ചിരിക്കുന്ന ഹൈഡ്രജന്‍ വാതകമാണ്.’

മനുഷ്യജീവിതവും ഇതിന് സമാനമാണ്. ഒരാളെ ഉന്നതങ്ങളിലേക്ക് ഉയര്‍ത്തുന്നത് അയാളുടെ രൂപമോ മഹിമയോ സ്ഥാനമാനങ്ങളോ ഒന്നുമല്ല; മറിച്ച് അവനില്‍ കുടികൊള്ളുന്ന ദൈവീക ചൈതന്യമാണ്. ഈ ദൈവീക സൗന്ദര്യമാണ് മനുഷ്യമനസ്സിലെ തിരഞ്ഞെടുപ്പുകള്‍ക്ക് സര്‍ഗ്ഗാത്മകതയുടെയും സുകൃതങ്ങളുടെയും ഊര്‍ജ്ജം പകരുന്നത്.

എന്താണ് ദൈവവിളി?

തന്റെ അസ്തിത്വത്തിന്റെ പൂര്‍ണ്ണത പ്രാപിക്കാനായി ജീവിതസാഹചര്യങ്ങളുടെയും ദൈവീക ഇടപെടലുകളുടെയും പശ്ചാത്തലത്തില്‍, പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടും വ്യക്തമായ അറിവോടും കൂടെ ഒരാള്‍ തിരഞ്ഞെടുക്കുന്ന ജീവിതാവസ്ഥയാണ് ദൈവവിളി. ഇത് കേവലം ഒരു തൊഴിലോ ജീവിതരീതിയോ അല്ല, മറിച്ച് ദൈവത്തോടും മനുഷ്യരോടുമുള്ള ഉത്തരവാദിത്തപരമായ പ്രതികരണമാണ്. നമ്മുടെ വ്യക്തിപരമായ പദ്ധതികള്‍ ദൈവത്തില്‍ അര്‍പ്പിച്ചുകൊണ്ട്, അവിടുത്തെ പദ്ധതി ഹൃദയത്തില്‍ സ്വന്തമാക്കി നമ്മില്‍ നിന്നും ദൈവത്തിലേക്ക് നടത്തുന്ന ഒരു യാത്രയാണിത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പപ്പാ പറയുന്നതുപോലെ: ‘ദൈവവിളി എന്നത് സ്‌നേഹത്തിന്റെ ഒരു രഹസ്യമാണ്. ഇത് ദൈവത്തിന്റെ തിരഞ്ഞെടുപ്പും അതിനോടുള്ള മനുഷ്യന്റെ സ്‌നേഹപൂര്‍വ്വമായ പ്രതികരണവുമാണ്.’

ദൈവവിളിയുടെ വിവിധ ഭാവങ്ങള്‍

പൗരോഹിത്യം, സന്യാസം, കുടുംബജീവിതം, ഏകസ്ഥ ജീവിതം എന്നിങ്ങനെ വ്യത്യസ്ത പാതകളിലൂടെ ദൈവവിളി പ്രകടമാകുന്നു. എല്ലാ വിളികളും ഒരുപോലെ വിശുദ്ധവും മഹത്വവുമുള്ളതാണ്.

പൗരോഹിത്യം: ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍ പാലമായി നിലകൊള്ളുന്ന സമര്‍പ്പണം.

സന്യാസം: സുവിശേഷ മൂല്യങ്ങള്‍ക്കനുസരിച്ച് ജീവിച്ച് യേശുവിന്റെ വിശ്വസ്ത ശിഷ്യനായിരിക്കാനുള്ള വിളി.

കുടുംബജീവിതം: ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തിലുള്ള പങ്കാളിത്തവും സഭയുടെ അടിസ്ഥാനശിലയുമാണത്.

ഏകസ്ഥ ജീവിതം: നിസ്വാര്‍ത്ഥ സേവനത്തിനായി ദൈവത്തിന് പൂര്‍ണ്ണമായി സമര്‍പ്പിക്കപ്പെട്ട അവസ്ഥ.

ഒരു പുരോഹിതന്‍ ജനത്തിനു വേണ്ടി നിലകൊള്ളുമ്പോഴും, ഒരു സന്യാസിനി സമൂഹത്തിന്റെ വേദനകളില്‍ പങ്കുചേരുമ്പോഴും, ഒരു കുടുംബം സ്‌നേഹത്തില്‍ പുലരുമ്പോഴുമാണ് ദൈവവിളി സജീവമാകുന്നത്.

മാറുന്ന ലോകവും വെല്ലുവിളികളും

ശാസ്ത്രവും സാങ്കേതികവിദ്യയും വച്ചുനീട്ടുന്ന പറുദീസയ്ക്ക് പിന്നാലെ മനുഷ്യന്‍ നെട്ടോട്ടമോടുന്ന ഈ കാലത്ത് ആത്മീയ കാഴ്ചപ്പാടുകള്‍ മാറിക്കൊണ്ടിരിക്കുന്നു. ഭൗതികതയും സ്വാര്‍ത്ഥതയും അസ്തിത്വത്തെ പിടിച്ചുകുലുക്കുമ്പോള്‍, വിജയത്തിന്റെ അളവുകോല്‍ പണത്തിലും പദവിയിലും മാത്രമായി ഒതുങ്ങുന്നു. ഇതിനിടയില്‍ മാതൃകാപരമായ ജീവിതങ്ങള്‍ അന്യമാകുമ്പോള്‍, ദൈവം ആഗ്രഹിക്കുന്ന രീതിയില്‍ മുന്‍പോട്ടു പോകാനുള്ള ആത്മധൈര്യം യുവജനങ്ങളില്‍ കുറയുന്നു. ഇവിടെയാണ് ദൈവത്തിന്റെ സ്വരം കേള്‍ക്കാന്‍ അവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കേണ്ടതിന്റെ അനിവാര്യത ഏറുന്നത്.

ബഹളങ്ങള്‍ക്കിടയിലെ നിശബ്ദത: ആധുനിക ലോകത്തെ ഡിജിറ്റല്‍ ലോകത്തിന്റെ തിരക്കുകളും അനാവശ്യമായ ശബ്ദകോലാഹലങ്ങളും മനുഷ്യന്റെ ആത്മീയശ്രവണശേഷിയെ തളര്‍ത്തുന്നു; അതിനാല്‍, ഈ ബഹളങ്ങള്‍ക്കിടയില്‍ ദൈവത്തിന്റെ മൃദുവായ സ്വരം തിരിച്ചറിയാന്‍ പ്രത്യേകമായ ആത്മീയ പരിശീലനം ഇവര്‍ക്ക് ആവശ്യമാണ്.

മൂല്യച്യുതിക്കെതിരെയുള്ള പ്രതിരോധം: ഉപഭോഗസംസ്‌കാരവും ലൗകികതയും വിജയത്തിന്റെ അളവുകോലായി മാറുന്ന ഇക്കാലത്ത്, ശരിയായ നന്മയുടെ പാത ഏതെന്ന് തിരിച്ചറിയാന്‍ യുവജനങ്ങള്‍ക്ക് കൃത്യമായ ആത്മീയ ബോധ്യങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.

ആത്മധൈര്യം പകരുക: തങ്ങളുടെ ഇഷ്ടങ്ങളെ ദൈവഹിതത്തിന് മുന്നില്‍ സമര്‍പ്പിച്ച് സാഹസികമായ ഒരു ജീവിതശൈലി (പൗരോഹിത്യം അല്ലെങ്കില്‍ സന്യാസം) തിരഞ്ഞെടുക്കാന്‍ ഇന്നത്തെ തലമുറയ്ക്ക് വലിയ ആത്മധൈര്യം ആവശ്യമാണ്; ഈ ധൈര്യം പകരാന്‍ മുതിര്‍ന്നവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് സാധിക്കും.

ദിശാബോധം നല്‍കല്‍: ഡിജിറ്റല്‍ ലോകത്തെ ഏകാന്തതയിലും ലക്ഷ്യബോധമില്ലാത്ത ഓട്ടത്തിനിടയിലും തങ്ങളുടെ അസ്തിത്വത്തിന്റെ പൂര്‍ണ്ണത കണ്ടെത്താന്‍ ദൈവവിളി സഹായിക്കുമെന്ന ബോധ്യം അവര്‍ക്ക് നല്‍കുന്നത് വഴി വഴിതെറ്റാത്ത ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ നമുക്ക് സാധിക്കും.

കുടുംബം: വിശ്വാസത്തിന്റെ പരിശീലനക്കളരി

സഭയുടെയും സമൂഹത്തിന്റെയും അടിസ്ഥാന ഘടകം കുടുംബമാണ്. ‘ഗാര്‍ഹിക സഭ’ എന്നറിയപ്പെടുന്ന കുടുംബമാണ് ഒരു വ്യക്തിയുടെ വിശ്വാസരൂപീകരണത്തിന്റെ കളരി. സ്‌നേഹബന്ധങ്ങളും സംസ്‌കാരവും ഉടലെടുക്കുന്ന ഇവിടെ നിന്നാണ് പൗരോഹിത്യസന്യാസ വിളികള്‍ക്കുള്ള പശ്ചാത്തലം ഒരുങ്ങുന്നത്.  ക്രിസ്തീയ മൂല്യങ്ങളും സുകൃതങ്ങളും വേരുറയ്ക്കുന്ന കുടുംബമാണ് പൗരോഹിത്യസന്യാസ ജീവിതങ്ങളുടെ അടിസ്ഥാനം. എന്നാല്‍ ഇന്നത്തെ അണു കുടുംബ സംസ്‌കാരം, ദ്രവ്യാസക്തി, സുഖലോലുപത, ‘ഡിജിറ്റല്‍ ഏകാന്തത’, ജോലിയുടെ അടിമത്തം എന്നിവ ദൈവവിളിയുടെ വിത്തുകളെ നശിപ്പിക്കുന്നു. ലാളിത്യവും സേവനവും ലക്ഷ്യമിട്ടുള്ള ആത്മീയ പാതകള്‍ പലര്‍ക്കും അനാകര്‍ഷകമായി തോന്നുന്നു. സുഖലോലുപതയില്‍ വളരുന്ന തലമുറയ്ക്ക് ക്രിസ്തുവിനെ അനുഗമിക്കാന്‍ ആവശ്യമായ ത്യാഗമനോഭാവവും സ്വയം പരിത്യാഗവും വളര്‍ത്തിയെടുക്കാന്‍ കഴിയാത്ത സാഹചര്യം ഇന്നുണ്ട്. ലൈംഗികതയെക്കുറിച്ചുള്ള വികലമായ കാഴ്ചപ്പാടുകളും ലഹരിയോടുള്ള ആസക്തിയും മനുഷ്യബുദ്ധിയെ ഡിജിറ്റല്‍ ലോകത്തിന് പണയം വെക്കാന്‍ പ്രേരിപ്പിക്കുന്നു.

ആദര്‍ശധീരരായ യുവജനങ്ങളുടെ ആവശ്യകത സ്വന്തം ഇഷ്ടങ്ങളെയും താല്പര്യങ്ങളെയും മാറ്റിനിര്‍ത്തി, ബ്രഹ്മചര്യം വ്രതമാക്കി ലാളിത്യത്തോടെ യേശുവിനെ അനുഗമിക്കുക എന്നത് ഇന്നത്തെ തലമുറയ്ക്ക് അനാകര്‍ഷകമായി തോന്നാം. എങ്കിലും, ഈ ലോകത്തെ ദൈവത്തിലേക്ക് നയിക്കാന്‍ വിശുദ്ധരായ പുരോഹിതരും സന്യാസികളും തിരുസഭയ്ക്ക് അത്യാവശ്യമാണ്. ഫ്രാന്‍സിസ് പാപ്പ പറയുന്നു: ‘എവിടെ സമര്‍പ്പിതരുണ്ടോ അവിടെ ആനന്ദമുണ്ട്. ലോകത്തെ ഉണര്‍ത്താന്‍ കഴിവുള്ള പ്രവാചകരാകാനാണ് നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്.’ ‘അവിവാഹിതന്‍ കര്‍ത്താവിനെ എങ്ങനെ സംപ്രീതനാക്കാം എന്ന് ചിന്തിക്കുന്നു… വിവാഹിതന്‍ ലൗകിക കാര്യങ്ങളില്‍ താല്പരനാകുന്നു’ (1 കൊറി 7:2835) എന്ന വചനം ഓര്‍മ്മിപ്പിക്കുന്നത് പോലെ, വിഭജിക്കപ്പെടാത്ത ഹൃദയത്തോടെ ശുശ്രൂഷ ചെയ്യാന്‍ യുവതി യുവാക്കള്‍ മുന്നോട്ട് വരേണ്ടതുണ്ട്.

ദൈവവിളി ആനന്ദത്തിന്റെ സാക്ഷ്യമാണ്’ എന്ന ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍, സമര്‍പ്പിത ജീവിതം എന്നത് കേവലം നിയമങ്ങളുടെ പാലനമല്ല, മറിച്ച് ക്രിസ്തുവുമായുള്ള കണ്ടുമുട്ടലില്‍ നിന്നുണ്ടാകുന്ന ആഴമായ സന്തോഷത്തിന്റെ പ്രകടനമാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. തനിക്ക് ലഭിക്കാവുന്ന ലൗകിക സുഖസൗകര്യങ്ങള്‍ ഉപേക്ഷിക്കുമ്പോഴും ദൈവവിളി സ്വീകരിച്ചവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി, ലോകം നല്‍കുന്നതിനേക്കാള്‍ വലിയൊരു നിധി താന്‍ കണ്ടെത്തി എന്നതിന്റെ തെളിവാണ്. ഈ ആനന്ദം സ്വാര്‍ത്ഥമായ ഒന്നല്ല, മറിച്ച് മറ്റുള്ളവരുടെ വേദനകളില്‍ പങ്കുചേരുമ്പോഴും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് തണലാകുമ്പോഴും പകര്‍ന്നുനല്‍കപ്പെടുന്ന സ്വര്‍ഗ്ഗീയമായ അനുഭൂതിയാണ്. സുവിശേഷ മൂല്യങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്ന ഒരു വ്യക്തി തന്റെ ജീവിതത്തിലൂടെ ലോകത്തിന് നല്‍കുന്ന ഏറ്റവും വലിയ സന്ദേശം, ദൈവഹിതത്തിന് കീഴടങ്ങുന്നതിലാണ് മനുഷ്യന്റെ യഥാര്‍ത്ഥ സംതൃപ്തിയും ആനന്ദവും കുടികൊള്ളുന്നത് എന്നതാണ്. തന്റെ അസ്തിത്വം ദൈവസ്‌നേഹത്തില്‍ സുരക്ഷിതമാണെന്ന ബോധ്യം നല്‍കുന്ന ഈ സന്തോഷമാണ് ഓരോ ദൈവവിളിയെയും ലോകത്തിന് മുന്‍പില്‍ ആകര്‍ഷകമായ ഒരു സാക്ഷ്യമാക്കി മാറ്റുന്നത്.

ഉപസംഹാരം

വൈദികസന്യാസ വിളികള്‍ കുറയുന്നത് ലോകം നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ്. അതുകൊണ്ട് പൗരോഹിത്യസന്യാസ ജീവിതങ്ങളോടുള്ള ആദരവ് നമ്മുടെ കുടുംബങ്ങളില്‍ വളര്‍ത്തണം. സാഹസികമായ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന യുവഹൃദയങ്ങളെ നാം പ്രോത്സാഹിപ്പിക്കണം. നസ്രായന്റെ കരുണാര്‍ദ്രമായ ഭാവത്തിന്റെ അടയാളങ്ങളാകാന്‍ അനേകം യുവജനങ്ങള്‍ സഭയില്‍ സജ്ജമാകട്ടെ. ‘സ്‌നേഹത്തോടെ ജീവിക്കുന്നതിനും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനും പരസ്പരപ്രോത്സാഹനമേകാന്‍ നമുക്ക് പര്യാലോചിക്കാം’ (ഹെബ്ര 10:24)

സിസ്റ്റര്‍ ഡോ. ജെന്നിസ് സിഎസ്എന്‍

Latest Updates

POPULAR Views

FEATUERD Views

കടുത്തനിയന്ത്രണങ്ങളിൽ ഉലയുന്ന മതധർമസ്ഥാപനങ്ങൾ

ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിൽ ലാഭേച്ഛയില്ലാത്ത മതധർമ സ്ഥാപനങ്ങൾ  (നോട്ട്  ഫോർ പ്രോഫിറ്...

ഡിജിറ്റല്‍ യുഗത്തിലെ മനുഷ്യമാഹാത്മ്യവും നിര്‍മ്മിതബുദ്ധിയുടെ ധാര്‍മ്മികതയും: കത്തോലിക്കാ സാമൂഹിക ദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ ഒരു പഠനം

ആഗോള സമൂഹം ഇന്ന് എത്തിനില്‍ക്കുന്നത് ഡിജിറ്റല്‍ വിപ്ലവത്തിന്റെ അതിവേഗതയാര്‍ന്ന മൂര്‍ദ്ധന്യഘട്ടത്തിലാണ്. നിര്‍മ്മിതബുദ്ധിയും...

കേരളത്തിലെ വിദ്യാഭ്യാസ മേഖല: വെല്ലുവിളികളും അപചയങ്ങളും

കേരളത്തിലെ വിദ്യാഭ്യാസമേഖല ഏറെ സങ്കീര്‍ണ്ണതകളും വെല്ലുവിളികളും നേരിടുന്ന കാലഘട്ടമാണിത്. 2020 ലെ...

ക്രിസ്ത്യന്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ മാനേജുമെന്റുകള്‍ നേരിടുന്ന പ്രതിസന്ധികൾ

ക്രിസ്ത്യന്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ മാനേജ്‌മെന്റുകള്‍ നേരിടുന്ന ബുദ്ധിമുട്ട് എന്താണെന്ന് വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ എങ്ങനെ  ക്രിയാത്മകമായി ഇടപെടേണ്ടെന്ന് പറയുന്നുണ്ട്. ക്രിസ്ത്യന്‍ ന്യൂനപക്ഷ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച് പൊതു സമൂഹത്തിന് കൃത്യമായ ബോധ്യം നല്‍കാന്‍ ജെ. ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ  പ്രസ്തുത ഭാഗം വായിക്കുന്നത് അഭികാമ്യമായിരിക്കും.പ്രസ്തുത ഭാഗം ചുവടെ ചേര്‍ക്കുന്നു

EWS സംവരണം

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന  സംവരണേതര വിഭാഗങ്ങള്‍ക്കായി (EWS) നടപ്പിലാക്കിയ 10 ശതമാനം...

മലയോര മേഖലയുടെ വികസനം

ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്‍ മലയോര മേഖല സംബന്ധിച്ച 36...

ജെ. ബി. കോശി കമ്മീഷന്റെ പരിവര്‍ത്തിത ക്രൈസ്തവ  ശിപാര്‍ശകള്‍  പഠനം

 *കേരളത്തിലെ പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തിന്റെ സമൂലമായ ഉന്നമനത്തിനുതകുന്ന മാഗ്‌നാകാര്‍ട്ടയാണ് ജസ്റ്റിസ് ജെബി...

വിദ്യാഭ്യാസ ന്യൂനപക്ഷ സംവരണ വിഷയങ്ങള്‍

ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പൊതുവായ പ്രശ്‌നങ്ങളെ വിശദമായി അവതരിപ്പിക്കുന്ന ഭാഗമാണ് ജെ ബി...

കുട്ടനാടിനെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ശുപാർശകൾ

ജസ്റ്റിസ് (റിട്ട) ജെ ബി കോശി കമ്മീഷന്‍  റിപ്പോര്‍ട്ടില്‍ കുട്ടനാടുമായി ബന്ധപ്പെട്ട്...

ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്: അഭിമാനപൂര്‍വം സീറോമലബാര്‍ സഭ

ജെ. ബി. കോശി കമ്മീഷനുവേണ്ടി സീറോമലബാര്‍സഭ ഇത്രയേറെ കഷ്ടപ്പെട്ടെങ്കിലും സഭയ്ക്കു പ്രയോജനപ്രദമായ ശിപാര്‍ശകളില്‍ വളരെ കുറച്ചു മാത്രമേ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുള്ളൂ. എങ്കിലും കേരളത്തിലെ ക്രിസ്ത്യാനികളുടെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാണിക്കാന്‍ ഒരു ആധികാരിക രേഖ ലഭിച്ചതില്‍ സന്തോഷമുണ്ട്. കൂടാതെ ഈ കമ്മീഷന്റെ നിയമനം സഭയ്ക്ക് സ്വയം വിലയിരുത്തലിനും പഠനത്തിനും നിമിത്തമായി.

നോമ്പുകാലം: ശ്രവണത്തിന്റെയും ഉപവാസത്തിന്റെയും മാനസാന്തരത്തിന്റെയും സമയം

പ്രിയ സഹോദരീസഹോദരന്മാരെ,മാതൃസഹജമായ കരുതലാൽ പ്രചോദിതയായി ദൈവത്തിന്റെ രഹസ്യം നമ്മുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കി...

സ്വാതന്ത്ര്യം ആഘോഷമാവട്ടെ, പക്ഷേ കടമകള്‍ വിസ്മൃതിയിലാവരുത്

അവകാശങ്ങള്‍ക്കുവേണ്ടി ആര്‍ത്തുവിളിക്കുകയും കടമകളെക്കുറിച്ച് മൗനം ഭജിക്കുകയും ചെയ്യുന്നത് മനുഷ്യന്റെ സ്വാര്‍ഥപ്രകൃതിയില്‍ അടിസ്ഥാനമിട്ട ഒരു സംസ്‌കാരമാണ്. ജോലിസമയത്ത് കൈവലിക്കുകയും കൂലിസമയത്ത് കൈനീട്ടുകയും ചെയ്യുന്നത് ഈ സംസ്‌കാരത്തിന്റെ മലിനമുഖമാണ്.