സമുദായശക്തീകരണം സഭയുടെ വളര്‍ച്ചയ്ക്ക്

Published on

‘നിന്റെ അമ്മ, ജലാശയത്തിനടുത്തു നട്ടിരിക്കുന്ന മുന്തിരിച്ചെടിപോലെയാണ്. ധാരാളമായി വെള്ളം കിട്ടിയതുമൂലം അതു വളര്‍ന്നു ശാഖകള്‍ വീശി. നിറയെ ഫലം പുറപ്പെടുവിച്ചു.’ (എസെക്കിയേല്‍ 19 : 10)

നമ്മുടെ അമ്മയായ തിരുസഭയെ ധാരാളം ഫലങ്ങള്‍ നല്‍കുന്ന ഒരു മുന്തിരിച്ചെടിയോട് ഉപമിക്കാം. ഇതിന്റെ ഫലങ്ങള്‍ രണ്ടുതരമുണ്ട്. ആത്മീയഫലങ്ങളാണ് അവയില്‍ ആദ്യത്തേതും പ്രധാനപ്പെട്ടതും. പരിശുദ്ധ കൂദാശകളും അവയിലൂടെ ലഭിക്കുന്ന ദൈവികകൃപാവരവും സഭയാകുന്ന അമ്മ തന്റെ മക്കള്‍ക്കു നല്‍കുന്ന ആത്മീയഫലങ്ങളാണ്. എന്നാല്‍ ഈ മുന്തിരിച്ചെടി ഭൗതീകഫലങ്ങളും നല്‍കുന്നുണ്ട്. അതു തന്റെ മക്കള്‍ക്കു മാത്രമല്ല ലോകം മുഴുവനും അവള്‍ നല്‍കുന്നു. വിദ്യയുടെ വെളിച്ചംകൊണ്ട് ലോകത്തിന്റെ ഇരുള്‍ അകറ്റുന്നതും അനാഥരെയും അഗതികളെയും അംഗഹീനരെയുമെല്ലാം മാറോടണച്ച് അഭയവും ആതുരശുശ്രൂഷയും നല്‍കുന്നതും സഭയുടെ ഭൗതീകഫലങ്ങളുടെ തെളിവാണ്.

സഭ അതിന്റെ ആത്മീയഫലങ്ങള്‍ പുറപ്പെടുവിക്കുന്നത് കര്‍ത്താവില്‍നിന്നു സ്വീകരിക്കുന്ന ആത്മീയപോഷണത്തില്‍ നിന്നാണ്. അതേസമയം ആത്മീയകര്‍മങ്ങള്‍ നിര്‍വഹിക്കുന്ന വ്യക്തികള്‍ (വൈദികര്‍ ), സ്വീകരിക്കുന്ന വ്യക്തികള്‍ (ദൈവജനം), അവ നിര്‍വഹിക്കപ്പെടുന്ന സ്ഥലങ്ങള്‍ (പള്ളികള്‍) തുടങ്ങിയ ഭൗതീകഘടകങ്ങളും ആത്മീയ ഫലപ്രാപ്തിക്ക് ആവശ്യമാണ്. സഭ ഭൗതീക ഫലങ്ങള്‍ പുറപ്പെടുവിക്കുന്നത് ദൈവവചനത്താലും പരിശുദ്ധാത്മാവിനാലും അവള്‍ പ്രചോദിപ്പിക്കപ്പെടുന്നതുമൂലമാണെങ്കിലും അതിനും അവളെ സഹായിക്കുന്ന ഭൗതികഘടകങ്ങള്‍ ധാരാളമുണ്ട്. വിശ്വാസിസമൂഹത്തിന്റെ അംഗബലം, അവരുടെ സാമ്പത്തിക സാഹചര്യങ്ങള്‍, പൊതുസമൂഹത്തിലും രാഷ്ട്രത്തിന്റെ ഭരണനിര്‍വഹണത്തിലും അവര്‍ക്കുള്ള സ്വാധീനങ്ങള്‍ തുടങ്ങിയവ ഈ ഭൗതീകഘടകങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. ഇപ്രകാരം സഭയുടെ ആത്മീയവും ഭൗതീകവുമായ ഫലം നല്‍കലിന് അത്യന്താപേക്ഷിതമായ ഭൗതീകഘടകങ്ങളെക്കുറിച്ചു പ്രത്യേകമായി ചിന്തിക്കുവാനും അവയുടെ പിന്നാക്കാവസ്ഥകള്‍ പരിഹരിച്ച് അവയെ ഊര്‍ജവത്താക്കാനുമായിട്ടാണ് നമ്മള്‍ സമുദായശക്തീകരണം  2026 ആചരിക്കുന്നത്.

‘സമുദായം’ എന്ന പദം എന്തിന് ഉപയോഗിക്കണം, സഭ എന്ന് ഉപയോഗിച്ചാല്‍ ഇതു സാധ്യമാകില്ലേ? എന്ന ചോദ്യം ചിലര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ കൃത്യമായ ഒരു കാഴ്ചപ്പാടു വ്യത്യാസത്തിനുവേണ്ടിയാണ് ‘സമുദായം’ എന്ന പദം ബോധപൂര്‍വം ഉപയോഗിച്ചിരിക്കുന്നത്. സഭ എന്നു പറയുമ്പോള്‍ നമ്മുടെ മനസിലേക്കുവരുന്നത് ഒരു ആത്മീയതലമാണ്. പള്ളി, കൂദാശകള്‍, വൈദികര്‍, സന്യസ്തര്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്. എന്നാല്‍ സമുദായം എന്ന പദം ഉപയോഗിക്കുമ്പോള്‍ നമ്മുടെ കാഴ്ചപ്പാട് സ്വാഭാവികമായി മാറുകയാണ്. നമ്മുടെ സംസ്‌കാരം, പാരമ്പര്യം, ആചാരാനുഷ്ഠാനങ്ങള്‍, ജനസംഖ്യ, തൊഴില്‍, സാമ്പത്തികരംഗം, രാഷ്ട്രീയ ഭരണപങ്കാളിത്തം തുടങ്ങിയ നമ്മുടെ ഭൗതീകാവസ്ഥകളിലേക്ക് നമ്മുടെ ചിന്തകള്‍ സ്വയമേ ചെന്നെത്തുകയാണ്.

സഭ’ എന്ന പദം വിശ്വാസത്തിന്റെയും കൗദാശികജീവിതത്തിന്റെയും ദൈവികദൗത്യത്തിന്റെയും ആഴമുള്ള ആത്മീയഅര്‍ഥം സൂചിപ്പിക്കുന്നതാണ്. എന്നാല്‍ ‘സമുദായം’ എന്ന പദം ഉപയോഗിക്കുന്നത് സഭയുടെ ഈ ആത്മീയയാഥാര്‍ഥ്യത്തെ നിഷേധിക്കുന്നതല്ല; മറിച്ച് അതിനെ കൂടുതല്‍ വിശാലമായ മനുഷ്യബന്ധങ്ങളുടെയും, പങ്കാളിത്തത്തിന്റെയും, ഉത്തരവാദിത്വത്തിന്റെയും തലത്തിലേക്ക് കൊണ്ടുവരുന്നതിനാണ്. ‘സമുദായം’ എന്നത് വിശ്വാസികളായ വ്യക്തികള്‍ തമ്മിലുള്ള ഐക്യവും പരസ്പര ആശ്രയവും സഹജീവിതവും വ്യക്തമാക്കുന്ന ആശയമാണ്. സഭയെ ഒരു സ്ഥാപനമായോ ആചാരപരമായ ഘടകമായോ മാത്രം കാണാതെ, ജീവിക്കുന്ന മനുഷ്യരുടെ കൂട്ടായ്മയായി, ദൈനംദിന ജീവിതത്തില്‍ സാക്ഷ്യം നല്‍കുന്ന വിശ്വാസസമൂഹമായി തിരിച്ചറിയാന്‍ ‘സമുദായം’ എന്ന പദം സഹായിക്കുന്നു. അതിനാല്‍ ‘സഭ’ എന്ന പദം അസാധുവാകുന്നില്ല; മറിച്ച് സഭയുടെ സാമൂഹികവും ബന്ധപരവുമായ മുഖം വ്യക്തമായി പ്രകടമാക്കുന്നതിനായി ‘സമുദായം’ എന്ന പദം പ്രസക്തമാകുന്നു.

മുന്‍കാലങ്ങളില്‍ ‘ജാതി’ എന്ന പദം ഉപയോഗിച്ചിരുന്നു. അത് ആളുകളില്‍ ഉച്ചനീചത്വങ്ങളെക്കുറിച്ചുള്ള ചിന്തകളാണ് ഉളവാക്കിയിരുന്നത്. എന്നാല്‍ പാശ്ചാത്യവിദ്യാഭ്യാസം, ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ വളര്‍ച്ച, സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ കടന്നുവരവ് തുടങ്ങിയവയിലൂടെ സാമൂഹികനീതി, സാമൂഹികസമത്വം എന്നീ ആശയങ്ങള്‍ പ്രചരിക്കുകയും ജാതികള്‍ തങ്ങളെതന്നെ സമുദായങ്ങളായി കാണാന്‍ തുടങ്ങുകയും ഉച്ചനീചത്വങ്ങള്‍ക്കു പകരം  തങ്ങളുടെ അംഗങ്ങള്‍ക്കിടയിലെ ഐക്യം, സ്‌നേഹം, ഉന്നമനം എന്നിവ ലക്ഷ്യം വയ്ക്കുകയും ചെയ്തു. അതിനാല്‍ സമുദായം ഒരു പുരോഗമനപദമാണ് എന്നു മനസിലാക്കാം.

സമുദായത്തെ ചിലരൊക്കെ വര്‍ഗീയതയായി തെറ്റിധരിക്കുന്നുണ്ട്. എന്നാല്‍ അങ്ങനെയല്ല, സമുദായബോധം അഭിമാനബോധമാണ്. എനിക്കു സ്വന്തമായവയെ  എന്റെ ജനം, എന്റെ സംസ്‌കാരം, പാരമ്പര്യം, ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങിയവയെ ഞാന്‍ സ്‌നേഹിക്കുകയും അവയില്‍ അഭിമാനം കൊളളുകയും ചെയ്യണം എന്ന ബോധ്യമാണ് അത്. സമുദായബോധം സമുദായവാദത്തില്‍ നിന്നും തികച്ചും വിഭിന്നമാണ്, സമുദായ വാദം വര്‍ഗീയമായ സങ്കുചിതചിന്തയില്‍നിന്നും അസൂയയില്‍നിന്നും ഉണ്ടാകുന്നതും മറ്റുള്ളവരെ നശിപ്പിക്കണം എന്ന ചിന്തയില്‍ വേരുറച്ചതുമാണ്. സമുദായബോധത്തെ നമ്മള്‍ ക്രിസ്തീയ സാഹോദര്യമായിട്ടാണ്  മനസിലാക്കേണ്ടത്. ആദിമ ക്രൈസ്തവ സമൂഹം ഒരു ഹൃദയവും ഒരാത്മാവുമായിരുന്നു എന്നു നമുക്കറിയാം. അവര്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ പരസ്പരം സ്‌നേഹിച്ചിരുന്നു. ഈ സാഹോദര്യം നമ്മുടെയിടയിലും കൂടുതല്‍ കൂടുതല്‍ വളര്‍ന്നുവരണം.

ആത്മാവും ശരീരവും പോലെ തന്നെയാണ് സഭയും സമുദായവും. ആത്മാവിന്റെ ഭൗതീകവസതി ശരീരമാണ്. സഭയുടെ ഭൗതിക ചുറ്റുപാടുകളാണ് സമുദായം. സഭ ലോകത്തിനു മുഴുവന്‍ നന്മ ചെയ്യുന്ന, ധാരാളം ഫലങ്ങള്‍ പുറപ്പെടുവിച്ച് എല്ലാ മനുഷ്യര്‍ക്കും നല്‍കുന്ന മുന്തിരിച്ചെടിയാണെങ്കില്‍ സമുദായം ആ ചെടിയുടെ സ്വയം പോഷണത്തെയും ആന്തരീക ശക്തീകരണത്തെയുമാണ് ഓര്‍മിപ്പിക്കുന്നത്.രണ്ടും ചേര്‍ന്നതാണ് സമഗ്രത. കത്തോലിക്ക ജീവിതത്തില്‍ നമ്മുടെ ആത്മീയ ജീവിതതലവും ഭൗതീകതലവും സമാന്തരമായി ചരിക്കുന്നതല്ല. രണ്ടിന്റെയും സമഗ്രതയാണ് സഭ ലക്ഷ്യം വയ്ക്കുന്നത്. സഭയില്‍ നടക്കുന്ന സമുദായ ശക്തീകരണം സമഗ്രതയുടെ  സന്ദേശമാണ് നല്‍കുന്നത്. നമുക്ക് നമ്മുടെ സഭയെയും സമുദായത്തെയും സ്‌നേഹിക്കാം, ശക്തിപ്പെടുത്താം , വളര്‍ത്താം. സമുദായശക്തീകരണം  2026 അതിന്  ഒരു നിമിത്തമാകട്ടെ.

ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് 

Latest Updates

POPULAR Views

FEATUERD Views

EWS സംവരണം

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന  സംവരണേതര വിഭാഗങ്ങള്‍ക്കായി (EWS) നടപ്പിലാക്കിയ 10 ശതമാനം...

മലയോര മേഖലയുടെ വികസനം

ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്‍ മലയോര മേഖല സംബന്ധിച്ച 36...

ജെ. ബി. കോശി കമ്മീഷന്റെ പരിവര്‍ത്തിത ക്രൈസ്തവ  ശിപാര്‍ശകള്‍  പഠനം

 *കേരളത്തിലെ പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തിന്റെ സമൂലമായ ഉന്നമനത്തിനുതകുന്ന മാഗ്‌നാകാര്‍ട്ടയാണ് ജസ്റ്റിസ് ജെബി...

വിദ്യാഭ്യാസ ന്യൂനപക്ഷ സംവരണ വിഷയങ്ങള്‍

ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പൊതുവായ പ്രശ്‌നങ്ങളെ വിശദമായി അവതരിപ്പിക്കുന്ന ഭാഗമാണ് ജെ ബി...

കുട്ടനാടിനെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ശുപാർശകൾ

ജസ്റ്റിസ് (റിട്ട) ജെ ബി കോശി കമ്മീഷന്‍  റിപ്പോര്‍ട്ടില്‍ കുട്ടനാടുമായി ബന്ധപ്പെട്ട്...

ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്: അഭിമാനപൂര്‍വം സീറോമലബാര്‍ സഭ

ജെ. ബി. കോശി കമ്മീഷനുവേണ്ടി സീറോമലബാര്‍സഭ ഇത്രയേറെ കഷ്ടപ്പെട്ടെങ്കിലും സഭയ്ക്കു പ്രയോജനപ്രദമായ ശിപാര്‍ശകളില്‍ വളരെ കുറച്ചു മാത്രമേ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുള്ളൂ. എങ്കിലും കേരളത്തിലെ ക്രിസ്ത്യാനികളുടെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാണിക്കാന്‍ ഒരു ആധികാരിക രേഖ ലഭിച്ചതില്‍ സന്തോഷമുണ്ട്. കൂടാതെ ഈ കമ്മീഷന്റെ നിയമനം സഭയ്ക്ക് സ്വയം വിലയിരുത്തലിനും പഠനത്തിനും നിമിത്തമായി.

നോമ്പുകാലം: ശ്രവണത്തിന്റെയും ഉപവാസത്തിന്റെയും മാനസാന്തരത്തിന്റെയും സമയം

പ്രിയ സഹോദരീസഹോദരന്മാരെ,മാതൃസഹജമായ കരുതലാൽ പ്രചോദിതയായി ദൈവത്തിന്റെ രഹസ്യം നമ്മുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കി...

സ്വാതന്ത്ര്യം ആഘോഷമാവട്ടെ, പക്ഷേ കടമകള്‍ വിസ്മൃതിയിലാവരുത്

അവകാശങ്ങള്‍ക്കുവേണ്ടി ആര്‍ത്തുവിളിക്കുകയും കടമകളെക്കുറിച്ച് മൗനം ഭജിക്കുകയും ചെയ്യുന്നത് മനുഷ്യന്റെ സ്വാര്‍ഥപ്രകൃതിയില്‍ അടിസ്ഥാനമിട്ട ഒരു സംസ്‌കാരമാണ്. ജോലിസമയത്ത് കൈവലിക്കുകയും കൂലിസമയത്ത് കൈനീട്ടുകയും ചെയ്യുന്നത് ഈ സംസ്‌കാരത്തിന്റെ മലിനമുഖമാണ്.

പ്രത്യാശയുടെ ജൂബിലിവര്‍ഷം

എഡി 1300 മുതല്‍ ഓരോ 25 വര്‍ഷം കൂടുമ്പോഴും ആചരിച്ചുപോരുന്ന ജൂബിലിവത്സരത്തിന്...

പ്രകാശവീഥിയില്‍ സഭ

തിരുസഭയുടെ ആത്മാവബോധം ദൈവശാസ്ത്ര ലോകത്തും സാധാരണ ചര്‍ച്ചകളിലും ശരിയായ വിധത്തില്‍ ഗ്രഹിക്കുകയും...

പിയര്‍ ജോര്‍ജോ ഫ്രസാത്തിയും ലോട്ടസ് ഇഫക്ടും

* പലവിധത്തിലുള്ള മാലിന്യങ്ങള്‍ പരന്നിരിക്കുന്ന വര്‍ത്തമാനകാലത്തില്‍ യുവജനങ്ങള്‍ക്ക് വിശുദ്ധജീവിതം സാധ്യമാണോ? നവവിശുദ്ധനായ...

ഇവിടെ തുടങ്ങാം കാര്‍ലോയിസം

ഇന്ന് ലോകത്തിന്റെ ശ്രദ്ധാപാത്രമായിരിക്കുന്ന രണ്ടു ചെറുപ്പക്കാരുണ്ട്. പീഠത്തില്‍ കൊളുത്തിവച്ച ദീപം പോലെ...