സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സംവരണേതര വിഭാഗങ്ങള്‍ക്കായി (EWS) നടപ്പിലാക്കിയ 10 ശതമാനം സംവരണം കേരളത്തില്‍ പലപ്പോഴും അര്‍ഹരായവരിലേക്ക് എത്തുന്നില്ല എന്ന് ജെ ബി കോശി കമ്മീഷന്‍ വിലയിരുത്തുന്നു. പ്രധാനമായും വടക്കേ ഇന്ത്യന്‍ ഗ്രാമീണ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി തയ്യാറാക്കിയ മാനദണ്ഡങ്ങള്‍ അതേപടി കേരളത്തില്‍ നടപ്പിലാക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഈ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ സമര്‍പ്പിച്ച പ്രധാന നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നവയാണ്.
റസിഡന്‍ഷ്യല്‍ പ്ലോട്ടും കൃഷിഭൂമിയും
കേരളത്തില്‍ കൃഷിയിടങ്ങളില്‍ തന്നെയാണ് വീടുകള്‍ സ്ഥിതി ചെയ്യുന്നത്. എന്നാല്‍, കേന്ദ്ര മാനദണ്ഡപ്രകാരം മുനിസിപ്പാലിറ്റികളില്‍ 2.1 സെന്റും പഞ്ചായത്തുകളില്‍ 4.1 സെന്റും മാത്രമാണ് ‘റസിഡന്‍ഷ്യല്‍ പ്ലോട്ട്’ ആയി അനുവദിച്ചിട്ടുള്ളത്. ഇതില്‍ കൂടുതല്‍ ഭൂമിയുള്ള കര്‍ഷകര്‍ക്ക്, ആ ഭൂമി കൃഷിക്ക് മാത്രമുള്ളതാണെങ്കിലും സംവരണം നിഷേധിക്കപ്പെടുന്നു. കര്‍ഷകരുടെ പുരയിടങ്ങളെ കൃഷിഭൂമിയായിത്തന്നെ പരിഗണിക്കണമെന്നും, നഗരങ്ങളിലെ പ്രത്യേക ഹൗസിംഗ് കോളനികളെ മാത്രം വാസഭൂമിയായി കണക്കാക്കിയാല്‍ മതിയെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.
വീടിന്റെ വിസ്തീര്‍ണ്ണവും സവിശേഷതകളും
1000 സ്‌ക്വയര്‍ ഫീറ്റില്‍ താഴെയുള്ള വീട് എന്ന നിബന്ധന കേരളത്തിലെ കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കാനും വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കാനും വീടിനോട് ചേര്‍ന്ന് സൗകര്യങ്ങള്‍ ഒരുക്കുന്ന മലയാളി കര്‍ഷകരുടെ സാഹചര്യം പരിഗണിച്ച് ഈ പരിധിയില്‍ ഇളവ് നല്‍കേണ്ടതുണ്ട്. കുട്ടനാട്, മലയോര മേഖലകള്‍ എന്നിവിടങ്ങളിലെ പ്രത്യേകതകള്‍ പരിഗണിച്ച് ഭൂപരിധി ഉയര്‍ത്തണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
വിദ്യാഭ്യാസതൊഴില്‍ മേഖലകളിലെ ഇളവുകള്‍
OBC വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നതുപോലെ PSC നിയമനങ്ങളില്‍ പ്രായപരിധി ഇളവും, SET, KTET തുടങ്ങിയ യോഗ്യതാ പരീക്ഷകളില്‍ മാര്‍ക്ക് ഇളവും EWS വിഭാഗത്തിനും അനുവദിക്കണം. കൂടാതെ, 2020 ജനുവരി മുതല്‍ പുറപ്പെടുവിച്ച PSC വിജ്ഞാപനങ്ങളില്‍ ഈ സംവരണത്തിന് മുന്‍കാല പ്രാബല്യം നല്‍കി കുടിശ്ശിക നിയമനങ്ങള്‍ നടത്തണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു.
ഭരണപരമായ പരിഷ്‌കാരങ്ങള്‍ വേണ്ട മേഖല
EWS സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ നൂലാമാലകള്‍ ഒഴിവാക്കാന്‍ അപേക്ഷകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആക്കണം. കൂടാതെ, പരാതികള്‍ പരിഹരിക്കാന്‍ എല്ലാ ജില്ലകളിലും പ്രത്യേക നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
ഉപസംഹാരം
സംസ്ഥാനങ്ങള്‍ക്ക് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ ഭരണഘടനാപരമായ അനുവാദം ഉള്ള സാഹചര്യത്തില്‍ കേരളത്തിലെ കര്‍ഷകരെയും സാധാരണക്കാരെയും സഹായിക്കാന്‍ ഈ ശുപാര്‍ശകള്‍ അടിയന്തരമായി നടപ്പിലാക്കേണ്ടതുണ്ട്.
റവ. ഫാ. സബിന്‍ തൂമുള്ളില്‍


