*കേരളത്തിലെ പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തിന്റെ സമൂലമായ ഉന്നമനത്തിനുതകുന്ന മാഗ്‌നാകാര്‍ട്ടയാണ് ജസ്റ്റിസ് ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്. കാരണം നാളിതുവരെ ഈ സമൂഹം അഭിമുഖീകരിക്കുന്ന നിരവധിയായ പ്രശ്‌നങ്ങള്‍ കേള്‍ക്കുവാനോ പരിഹാര മാര്‍ഗങ്ങള്‍ നടപ്പാക്കാനോ ഒരു സര്‍ക്കാരും നടപടികള്‍ എടുത്തിട്ടില്ല. എന്നാല്‍ പരിവര്‍ത്തിത ക്രൈസ്തവരുടെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടില്‍ സവിസ്തരം പ്രതിപാദിച്ചതായും പരിഹാര നിര്‍ദ്ദേശങ്ങള്‍ നിര്‍ദ്ദേശിച്ചതായും കാണുന്നു. കമ്മീഷന്റെ പരിഗണനാവിഷയങ്ങളില്‍ സെക്ഷന്‍ സി, രണ്ടാമത്തെ ചോദ്യമായതിനാല്‍ ഒരു അധ്യായമായിട്ടാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരിവര്‍ത്തിത ക്രൈസ്തവ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പ്രധാന ശിപാര്‍ശകള്‍
പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണ നിഷേധിക്കുന്നത് ഒരു മതാധിഷിതവിവേചനമാണെന്ന് ഭരണഘടനാ അനുച്ഛേദം 14,15 ഉദ്ധരിച്ചുകൊണ്ട് കമ്മീഷന്‍ പ്രസ്താവിക്കുന്നു. പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം നല്കപ്പെടേണ്ടതാണ്. സംവരണം കേന്ദ്രനിയമങ്ങള്‍ക്കു വിധേയമാണെങ്കിലും പരിവര്‍ത്തിത ക്രൈസ്തവരുടെ തൊഴില്‍ ക്ഷേമ സാമ്പത്തിക കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യണം എന്നും കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നു. പരിവര്‍ത്തിത ക്രൈസ്തവരുടെ ജനസംഖ്യ സംബന്ധിച്ച് ഒരു കണക്കുകളും സംസ്ഥാനകേന്ദ്ര സര്‍ക്കാരുകളുടെ കൈവശം ഇല്ല എന്ന വസ്തുത കമ്മീഷന്‍ അംഗീകരിക്കുന്നു. ഇവരുടെ ജനസംഖ്യ കണക്കെടുപ്പ് (കാനേഷ്മാരി) സംസ്ഥാനത്തു നടത്തണമെന്ന് കമ്മീഷന്‍ ശിപാര്‍ശ നല്കുന്നു. നിലവില്‍ ഈ സമുദായങ്ങള്‍ക്ക് 1020 ലക്ഷത്തിനിടയില്‍ (3%6%) ഇടയില്‍ ജനസംഖ്യയുണ്ടായിരിക്കാമെന്നും കാനേഷ്മാരി നടത്തിയതിന് ശേഷം ക്ഷേമസാമ്പത്തികസാമൂഹിക പദ്ധതികളില്‍ ഇവരുടെ സംവരണവിഹിതത്തിന്റെ തോത് നിശ്ചയിക്കണമെന്നും സംവരണതോത് ജനസംഖ്യ അനുസൃതമായി ഉയര്‍ത്തണമെന്നും കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നു. പിന്നാക്ക സമുദായ കമ്മീഷന്‍ മാതൃകയില്‍ പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് ഒരു പ്രത്യേക കമ്മീഷന്‍ വേണമെന്ന ശിപാര്‍ശ കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. കൂടാതെ പി.എസ് .സി. റോട്ടേഷന്‍ ചാര്‍ട്ടില്‍ പരിവര്‍ത്തിത ക്രൈസ്തവരുടെ ഊഴം 20 ല്‍ താഴെ വരുന്ന രീതിയില്‍ പുനഃക്രമീകരിക്കുക, സര്‍ക്കാര്‍ ജോലികളില്‍ ഇവര്‍ക്ക് സ്‌പെഷ്യല്‍ റിക്രൂട്ടമെന്റ് നടത്തുക, എന്നീ കമ്മീഷന്‍ ശിപാര്‍ശകള്‍ കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്. ഈ വിഭാഗത്തിന് നിലവില്‍ നല്‍കുന്ന ചില വിദ്യാഭ്യാസ സംവരണങ്ങളില്‍ എസ്.ഐ.യു.സി. വിഭാഗങ്ങളെ ഉള്‍പെടുത്തിയതായി കാണുന്നു എന്നും ഇത് തിരുത്തണം എന്നും കമ്മീഷന്‍ ശിപാര്‍ശ നടത്തിയിട്ടുണ്ട്.
കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരിവര്‍ത്തിത ക്രൈസ്തവ കോര്‍പ്പറേഷന്റെ ഫണ്ട് വിഹിതം വര്‍ധിപ്പിക്കുക, കുറഞ്ഞ പലിശയില്‍ ലോണ്‍ നല്‍കുക, വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളുടെ തുക വര്‍ദ്ധിപ്പിക്കുക, കുറഞ്ഞ പലിശയില്‍ ബിസിനസ് ലോണുകള്‍ നല്‍കുക, മേഖല ഓഫീസ് കണ്ണൂരില്‍ തുറക്കുക, കോര്‍പ്പറേഷന്റെ 85% ഫണ്ടും പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് മാത്രമായി മാറ്റിവയ്ക്കുക അതോടൊപ്പം വേറൊരു ശിപാര്‍ശ വിഭാഗത്തെയും കോര്‍പ്പറേഷന്റെ പദ്ധതികളില്‍ ഉള്‍പെടുത്താതിരിക്കുക, കമ്മ്യൂണിറ്റി കോട്ടയില്‍ പ്രവേശനം ലഭിച്ച പരിവര്‍ത്തിത ക്രൈസ്തവ വിദ്യാര്‍ഥികള്‍ക്ക് ഇ ഗ്രാന്‍ഡ് പുനഃസ്ഥാപിക്കുക, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പരിവര്‍ത്തിത ക്രൈസ്തവ വിദ്യാര്‍ഥികള്‍ക്ക് സ്‌റ്റൈപ്പന്റ്, ലപ്‌സം ഗ്രാന്റ് എന്നിവ നിലവില്‍ ലഭിക്കാത്തതിനു കാരണം സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹൈക്കോടതി വിധിക്കു എതിരെ നല്‍കിയിരിക്കുന്ന അപ്പീലാകയാല്‍ ഈ അപ്പീല്‍ പിന്‍വലിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ക്കു സ്‌റ്റൈപ്പന്റ്, ലപ്‌സം ഗ്രാന്റ് എന്നിവ ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടപ്പിലാക്കുക എന്നിവ കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നു.
പരിവര്‍ത്തിത ക്രൈസ്തവ യുവജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നൈപുണ്യവികസനത്തിനും പ്രൊഫെഷണല്‍ കോഴ്‌സുകള്‍ക്കും പി.എസ്.സി., യു.പി.എസ്.സി. തുടങ്ങി വിവിധ പരീക്ഷകളുടെ പരിശീലനത്തിനും പ്രത്യേക ട്രെയിനിങ് സെന്റര്‍ തുടങ്ങണമെന്നും ലൈഫ് ഭവനപദ്ധതികളില്‍ സംവരണം, വീടുവയ്ക്കുക, ഭൂമി വാങ്ങുക, വീട് മെയ്ന്റനന്‍സ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പട്ടികജാതി വിഭാഗങ്ങളെപോലെ സഹായം, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ പ്രത്യേക ഫണ്ട് പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് എന്ന പോലെ പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും നല്‍കണമെന്നും കമ്മീഷന്‍ ശിപാര്‍ശ ചെയുന്നു. പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് എന്ന പോലെ പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് പ്രൊമോട്ടര്‍മാരെ നിയമിക്കുക, വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് കൂട്ടുക, അവര്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുക, മാനേജ്മന്റ് കോട്ട സീറ്റുകളില്‍ പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് റിസര്‍വേഷന്‍ നല്‍കുക എന്നിവയും കമ്മീഷന്‍ ശിപാര്‍ശ ചെയുന്നു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷനില്‍ അംഗത്വം പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും നല്‍കണം എന്നും ജസ്റ്റിസ് കുമാരപിള്ള (1956, ഖണ്ഡിക 25) കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുള്ള പരിവര്‍ത്തിത ക്രൈസ്തവരുടെ സംബന്ധിച്ച വ്യാഖ്യാനം പുനര്‍നിര്‍വചിക്കണം എന്നീ ശിപാര്‍ശകളും കമ്മീഷന്‍ നല്‍കുന്നുണ്ട്.
ഡോ. സിജോ ജേക്കബ്
(ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് , ഡി.സി.എം.എസ്)


