പ്രിയ സഹോദരീസഹോദരന്മാരെ,
മാതൃസഹജമായ കരുതലാൽ പ്രചോദിതയായി ദൈവത്തിന്റെ രഹസ്യം നമ്മുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കി തീർക്കാനുള്ള ക്ഷണവുമായി സഭ നില്ക്കുന്ന സമയമാണ് നോമ്പുകാലം. അതിന്റെ ലക്ഷ്യം നമ്മുടെ വിശ്വാസത്തിന്റെ നവീകരണവും നമ്മുടെ ഹൃദയങ്ങൾ ദൈനംദിനജീവിതത്തിന്റെ ഉതകണ്ഠകളാലും ശ്രദ്ധ വ്യതിചലിക്കലുകളാലും ഗ്രസിക്കപ്പെടാതിരിക്കുകയും ചെയ്യുക എന്നതത്രേ.
മാനസാന്തരത്തിന്റെ ഓരോ വഴിയും ആരംഭിക്കുന്നത് നമ്മുടെ ഹൃദയങ്ങൾ ദൈവവചനത്താൽ സ്പർശിക്കപ്പെടാൻ അനുവദിക്കുകയും ആ വചനത്തെ അനുഭാവമുള്ള ചൈതന്യത്താൽ സ്വാഗതം ചെയ്യുകയും ചെയ്യുമ്പോഴാണ്. വചനവും അതിന്റെ സ്വീകരണവും അതു വരുത്തിവെക്കുന്ന പരിവർത്തനവും തമ്മിൽ യഥാർഥ ബന്ധമുണ്ട്. ഇക്കാരണത്താൽ, തപസ്സുകാലതീർത്ഥാടനം കർത്താവിന്റെ സ്വരം ശ്രവിക്കാനും ക്രിസ്‌തുവിനെ അനുധാവനം ചെയ്യുന്നതിനുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത പരിഷ്‌കരിക്കാനുമുള്ള സ്വീകാര്യമായ അവസരമാണ്; അത് ജറുസലേമിലേക്കുള്ള വഴിയിൽ അവിടുത്തെ അനുഗമനം ചെയ്യുക എന്നതാണ്; അവിടെ പീഡാനുഭവത്തിന്റെയും മരണത്തിൻറെയും ഉത്ഥാനത്തിന്റെയും രഹസ്യം പൂർത്തീകരിക്കപ്പെടും.
ശ്രവണം
ശ്രവിക്കുന്നതുവഴിയാണ് നാം വചനത്തിന് ഇടംനല്‌കുന്നത് എന്നതാണ് ഈ വർഷം ഒന്നാമത്തെ ചിന്തയായി ഞാൻ പങ്കുവയ്ക്കുന്നത്. ഒരാളെ ശ്രവിക്കാനുള്ള സന്നദ്ധതയാണ് നാം ആരെങ്കിലുമായി ബന്ധത്തിൽ ആയിരിക്കാൻ താത്പര്യപ്പെടുന്നു എന്നതിന്റെ ആദ്യലക്ഷണം.
എരിഞ്ഞടങ്ങാത്ത മുൾപ്പടർപ്പിൽനിന്നു മോശയ്ക്ക് തന്നെത്തന്നെ വെളിപ്പെടുത്തിക്കൊണ്ട്. തന്നെ നിർവചിക്കുന്ന ലക്ഷണങ്ങളിൽ ഒന്ന് ശ്രവണമാണെന്ന് ദൈവം നമ്മെ പഠിപ്പിക്കുന്നു: “ഈജിപ്തിലുള്ള എന്റെ ജനത്തിന്റെ ദുരിതം ഞാൻ കാണുകതന്നെ ചെയ്‌തിരിക്കുന്നു. അവരുടെ രോദനം ഞാൻ കേട്ടിരിക്കുന്നു” (പുറ 3:7). അടിച്ചമർത്തപ്പെട്ടവരുടെ രോദനം കേൾക്കുന്നത് വിമോചനത്തിന്റെ കഥയുടെ ആരംഭമാണ്. അങ്ങനെയാണ് കർത്താവ് മോശയെ വിളിക്കുകയും അടിമത്തത്തിലേക്കു വലിച്ചിഴയ്ക്കപ്പെട്ട തന്റെ മക്കൾക്കു രക്ഷയുടെ വഴിതുറന്നുകൊടുക്കാൻ മോശയെ അയയ്ക്കുകയും ചെയ്യുന്നത്.
നമ്മുടെ ദൈവം നമ്മെയും കൂടെനിർത്താൻ താത്‌പര്യപ്പെടുന്നവനാണ്. ഇന്നും തന്റെ ഹൃദയത്തിലുള്ളത് അവിടന്ന് നമ്മോടു പങ്കുവയ്ക്കുന്നു. ഇക്കാരണത്താൽ, ആരാധനക്രമത്തിൽ വചനം ശ്രവിക്കുന്നതുവഴിയായി യാഥാർഥ്യത്തിന്റെ സത്യം എന്താണെന്ന് ശ്രവിക്കാൻ അത് നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ വ്യക്തിജീവിതങ്ങളിലും സമൂഹത്തിലുമുള്ള നിരവധി സ്വരങ്ങളുടെ മധ്യേധ്യ വേദന നിറഞ്ഞവരും സഹിക്കുന്നവരുമായുള്ളവരുടെ രോദനം തിരിച്ചറിയാനും അതിനോടു പ്രതികരിക്കാനും വിശുദ്ധലിഖിതം നമ്മെ സഹായിക്കുന്നു. ശ്രവിക്കാനുള്ള ആന്തരിക തുറവ് പരിപോഷിപ്പിക്കാനായി എപ്രകാരമാണ് ശ്രവിക്കേണ്ടതെന്നു നമ്മെ പഠിപ്പിക്കാൻ ദൈവത്തെ അനുവദിക്കണം. അവിടുന്ന് തന്നെ ശ്രവിക്കുന്നതുപോലെ “മാനവചരിത്രത്തിൽ ദരിദ്രരുടെ അവസ്ഥ ഒരു വിലാപം ആണ്. അത് നിരന്തരം നമ്മുടെ ജീവിതങ്ങളെയും സമൂഹങ്ങളെയും രാഷ്ട്രീയ, സാമ്പത്തിക സംവിധാനങ്ങളെയും, അങ്ങേയറ്റം സഭയെയും വെല്ലുവിളിക്കുന്നു” (1)
ഉപവാസം
തപസ്സുകാലം ശ്രവണത്തിന്റെ സമയമാണെങ്കിൽ, ദൈവവചനം സ്വീകരിക്കാനായി നമ്മെ ഒരുക്കുന്ന ഒരു മൂർത്തമായ മാർഗമാണ് ഉപവാസം. ഭക്ഷണം ഉപേക്ഷിക്കുക എന്ന പുരാതന സന്യാസപ്രവർത്തനശൈലി (ancient ascetic practice) മാനസാന്തരത്തിന്റെ പാതയിൽ അവശ്യംവേണ്ട ഒന്നാണ്. ഉപവാസം ശരീരത്തെ സംബന്ധിച്ചുള്ളതാണ്. അതിനാൽ, എന്തിനുവേണ്ടിയാണ് നമുക്ക് വിശപ്പും ദാഹവും ഉള്ളതെന്നും, എന്താണ് നമ്മുടെ ജീവൻ നിലനിന്നുപോകാൻ നമുക്ക് ആവശ്യമുള്ളതായി തോന്നുന്നതെന്നും മനസ്സിലാക്കാൻ ഉപവാസം നമ്മെ സഹായിക്കുന്നു. മാത്രമല്ല, നമ്മുടെ “ഭക്ഷാണച്ഛകൾ” (appetites) തിരിച്ചറിയാനും അവ ക്രമപ്പെടുത്താനും നമ്മെ സഹായിക്കുന്നു. അതുപോലെ നീതിക്കായുള്ള നമ്മുടെ വിശപ്പും ദാഹവും സജീവമാക്കി നിർത്തുന്നതിനും നമ്മെ അമിതാത്മവിശ്വാസത്തിൽനിന്ന് (from complacency) മോചിപ്പിക്കുന്നതിനും സഹായകമാകുന്നു. അത് നമ്മെ പ്രാർഥിക്കാനും നമ്മുടെ അയൽക്കാരനോട് ഉത്തരവാദിത്വപൂർവം പെരുമാറാനും പഠിപ്പിക്കുന്നു.
തന്റെ ആത്മീയ കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിൽ, വിശുദ്ധ അഗസ്റ്റിനോസ്, ഈ കാലഘട്ടത്തിലെ ഇപ്പോഴത്തെ നിമിഷവും ഭാവിയിലെ സാക്ഷാത്‌കാരവും തമ്മിലുള്ള സംഘർഷം എന്താണെന്ന് മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. അത് നമ്മുടെ ഹൃദയത്തിന്റെ സൂക്ഷിപ്പിന്റെ ഭാഗമാണ്. അദ്ദേഹം പറയുന്നു: “ഈ ഭൂമിയിലെ ജീവിതത്തിന്റെ കാലഘട്ടത്തിൽ സ്ത്രീപുരുഷന്മാരുടെ ഉത്തരവാദിത്വമാണ് നീതിക്കുവേണ്ടി വിശപ്പും ദാഹവും അനുഭവിക്കുക എന്നത്. എന്നാൽ അത് ശമിപ്പിക്കപ്പെടുന്നത് അടുത്ത ലോകത്തിലാണ്. മാലാഖമാർ ഈ അപ്പംകൊണ്ട്, ഈ ഭക്ഷണം കൊണ്ട്, സംതൃപ്‌തരാക്കപ്പെടുന്നു. മറുവശത്ത്, മനുഷ്യരാശിയാകട്ടെ അതിനായി വിശപ്പ് അനുഭവിക്കുന്നു; നാമെല്ലാവരും ആഗ്രഹത്താൽ അതിലേക്കു നയിക്കപ്പെടുന്നു. ആഗ്രഹത്താലുള്ള ഈ എത്തിനില്ക്കൽ ആത്മാവിനെ വിസ്ത്യതമാക്കുന്നു (expands): അതിന്റെ പ്രാപ്‌തി (capacity) വർധമാനമാക്കുകയും ചെയ്യുന്നു”(2). ഈ രീതിയിൽ മനസ്സിലാക്കപ്പെടുമ്പോൾ, ഉപവാസം നമ്മുടെ ആഗ്രഹത്തെ ശുദ്ധിവരുത്തി അതിനെ കൂടുതൽ സ്വതന്ത്രമാക്കി നിയന്ത്രിക്കാൻ അനുവദിക്കുന്നതോടൊപ്പം അതിനെ വിപുലമാക്കാനും അങ്ങനെ ദൈവത്തിലേക്കു തിരിക്കാനും നന്മചെയ്യാനും പ്രാപ്തമാക്കുന്നു.
എന്നാൽ, സുവിശേഷാരക ചൈതന്യമനുസരിച്ച് ഉപവാസം അനുഷ്ഠിക്കാനും അത് അഹംഭാവം എന്ന പ്രലോഭനത്തിലേക്കു നയിക്കാതിരിക്കാനും ഇടവരണമെങ്കിൽ അത് വിശ്വാസത്തിലും വിനയത്തിലുമാണ് നടത്തേണ്ടത്. കർത്താവുമായുള്ള കൂട്ടായ്‌മയിൽ ആയിരിക്കണം അത് അടിസ്ഥാനപ്പെടുത്തേണ്ടത്. എന്തെന്നാൽ, “ദൈവവചനത്താൽ സ്വയം പരിപോഷിതരാകാൻ സാധിക്കാത്തവർക്ക് ശരിയായ രീതിയിൽ ഉപവസിക്കാനാവില്ല” (3). പ്രസാദവരത്തിന്റെ സഹായത്താൽ പാപത്തിലും തിന്മയിലും നിന്ന് ഒഴിഞ്ഞിരിക്കാനുള്ള നമ്മുടെ ആന്തരിക പ്രതിജ്ഞാബദ്ധതയുടെ പ്രത്യക്ഷമായ അടയാളമായി ആചരിക്കുന്ന ഉപവാസം കൂടുതൽ സമചിത്തമായ ഒരു ജീവിതശൈലി നേടിയെടുക്കാനുള്ള ലക്ഷ്യത്തിനു സഹായകമായ സ്വയനിഗ്രഹത്തിന്റെ ഇതര രൂപങ്ങളും ഉൾക്കൊള്ളുന്നതാകണം; കാരണം “തീവ്രവിരക്തി (austerity) മാത്രമാണ് ക്രൈസ്‌തവ ജീവിതം ബലമുള്ളതും ആധികാരികവും ആക്കിത്തീർക്കുന്നത്” (4)
ഈ അർഥത്തിൽ, വളരെ പ്രായോഗികവും സാധാരണ രീതിയിൽ കാര്യമായി വിലകല്‌പിക്കപെടാത്തതുമായ ഒരു വർജനമാർഗത്തിലേക്കു ഞാൻ നിങ്ങളെ ക്ഷണിക്കാൻ ഉദ്ദേശിക്കുന്നു: നമ്മുടെ അയൽക്കാരനെ അവഹേളിക്കുകയും മുറിപ്പെടുത്തുകയും ചെയ്യുന്ന വാക്കുകളിൽനിന്ന് ഒഴിഞ്ഞിരിക്കുക. നമുക്ക് നമ്മുടെ ഭാഷ നിരായുധീകരിച്ചുകൊണ്ട് ആരംഭിക്കാം; അതായത്, പരുഷമായ വാക്കുകളും വിവേകരഹിതമായ വിധിപറച്ചിലും പരദൂഷണവും ഒഴിവാക്കാം; സന്നിഹിതരല്ലാത്തവർക്കും സ്വയം പ്രതിരോധിക്കാൻ കഴിയാത്തവർക്കും എതിരായി സംസാരിക്കാതിരിക്കാം. അതിനുപകരം നമ്മുടെ കുടുംബങ്ങളിലും സുഹൃത്തുക്കളുടെ ഇടയിലും ജോലിസ്ഥലത്തും സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയസംവാദങ്ങളിലും മാധ്യമങ്ങളിലും ക്രൈസ്‌തവസമൂഹങ്ങളിലും നമുക്ക് നമ്മുടെ വാക്കുകൾ അളന്ന് നിശ്ചയിച്ച് ഉപയോഗിക്കുകയും ദയയും ബഹുമാനവും പരിശീലിക്കുകയും ചെയ്യാം. ഈ രീതിയിൽ വെറുപ്പിന്റെ വാക്കുകൾക്കു പകരം പ്രത്യാശയുടെയും സമാധാനത്തിന്റെയും വാക്കുകൾ പുലരും.
ഒരുമിച്ച്
അവസാനമായി, നോമ്പുകാലം വചനശ്രവണത്തിന്റെയും ഉപവാസത്തിന്റെയും സാമൂഹ്യതലത്തിന് ഊന്നൽ നല്കുന്നു. വിവിധങ്ങളായ മാർഗങ്ങളിലൂടെ ബൈബിൾതന്നെയും ഈ തലത്തിന് അടിവരയിടുന്നു. ഉദാഹരണത്തിന്, നിയമപുസ്‌തകത്തിന്റെ പൊതുവായ വായനയ്ക്ക് ജനം ഒരുമിച്ചു കൂടിയതിന്റെ വിവരണം നെഹെമിയായുടെ പുസ്‌തകം നല്‌കുന്നു. ദൈവവുമായുള്ള ഉടമ്പടിയുടെ നവീകരണത്തിനായി അവരുടെ വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ടും ഉപവസിച്ചുകൊണ്ട് ആരാധന നടത്തിക്കൊണ്ടും അവർ തയ്യാറെടുക്കുകയായിരുന്നു (9:1-3 കാണുക). അതുപോലെ, നമ്മുടെ ഇടവകകൾ, കുടുംബങ്ങൾ, സഭാത്മക ഗ്രൂപ്പുകൾ, സന്യസ്‌തസമൂഹങ്ങൾ എന്നിവ ഒരുമിച്ചുള്ള യാത്രയ്ക്കായി തപസ്സുകാലത്ത് ക്ഷണിക്കപ്പെടുന്നു. ഈ കാലയളവിൽ, ദൈവവചനശ്രവണവും, ദരിദ്രരുടെ രോദനവും, ഭൂമിയുടെപോലും രോദനവും, നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമായി മാറുന്നു; ഉപവാസം ആത്മാർഥമായ മനസ്‌താപത്തിന്റെ അടിസ്ഥാനമായും തീരുന്നു. ഈ പശ്ചാത്തലത്തിൽ, മാനസാന്തരം എന്നു പറയുന്നത്. വ്യക്തിയുടെ മനഃസാക്ഷിയെ മാത്രം ബാധിക്കുന്നതല്ല. മറിച്ച് അത് നമ്മുടെ ബന്ധങ്ങളുടെയും സംഭാഷണത്തിന്റെയും ഗുണമേന്മ നിർണയിക്കുന്നതുമായി ഭവിക്കുന്നു. അതിന്റെ അർഥം യാഥാർഥ്യത്താൽ നാം വെല്ലുവിളിക്കപ്പെടാൻ അനുവദിക്കുകയും, എന്താണ് യഥാർഥമായും നമ്മുടെ ആഗ്രഹങ്ങളെ നയിക്കുന്നതെന്ന് തിരിച്ചറിയുകയും ചെയ്യുക എന്നതാണ്; അത് നമ്മുടെ സഭാത്മക സമൂഹങ്ങളെയും അതോടൊപ്പം മനുഷ്യരാശിയുടെയും നീതിക്കും അനുരഞ്ജനത്തിനുമുള്ള അഭിവാഞ്ചയെയും ബാധിക്കുന്നതാണ്.
പ്രിയ സുഹൃത്തുക്കളേ, ദൈവത്തോടും നമ്മുടെ ഇടയിലുള്ള ഏറ്റവും എളിയവരോടും കൂടുതൽ ശ്രദ്ധ പുലർത്താൻ നമ്മെ നയിക്കുന്ന നോമ്പുകാലത്തിന്റെ കൃപയ്ക്കായി നമുക്ക് പ്രാർഥിക്കാം. നമ്മുടെ ഭാഷയുടെ ഉപയോഗത്തിൽപോലും വ്യത്യാസം വരുത്തുന്ന തലത്തിലുള്ള ഒരു ഉപവാസനുഷ്‌ഠാന രീതിക്കായുള്ള ശക്തിക്കായി നമുക്ക് അപേക്ഷിക്കാം; അങ്ങനെ മുറിപ്പെടുത്തുന്ന വാക്കുകൾ കുറഞ്ഞ് മറ്റുള്ളവരുടെ ശബ്ദത്തിന് കൂടുതൽ ഇടംനൽകുന്ന ഭാവം ഉണ്ടാകട്ടെ. സഹനത്തിൽ ആയിരിക്കുന്നവരുടെ രോദനം സ്വാഗതം ചെയ്യുന്ന ഇടങ്ങളാക്കി നമ്മുടെ സമൂഹങ്ങളെ മാറ്റാൻ നമുക്ക് ശ്രമിക്കാം: നമ്മുടെ ശ്രവണം മോചനത്തിന്റെ പാതകൾ തുറക്കട്ടെ; അങ്ങനെ സിസ്നേഹത്തിന്റെ ഒരു നാഗരികത പടുത്തുയർത്തുന്നതിന് സംഭാവന നല്‌കാൻ നാം സന്നദ്ധരായിരിക്കുകയും ഉത്സുകരാവുകയും ചെയ്യട്ടെ.
നിങ്ങളുടെ നോമ്പുകാലതീർഥാടനത്തെയും നിങ്ങളെ എല്ലാവരെയും ഞാൻ ഹൃദയപൂർവം ആശീർവദിക്കുന്നു.
2026 ഫെബ്രുവരി അഞ്ചാം തീയതി കന്യകയും രക്തസാക്ഷിയും ആയ വിശുദ്ധ ആഗത്തയുടെ സ്‌മരണാ ദിനത്തിൽ വത്തിക്കാനിൽനിന്നു നല്കിയത്.
ലിയോ പതിനാലാമൻ പാപ്പാ


