ഈശോയും സമരിയക്കാരിയും തമ്മിലുള്ള ദീര്‍ഘമായ സംഭാഷണത്തിന്റെ ഹൃദയഭാഗം എന്ന് വിശേഷിപ്പിക്കാവുന്നത്, ‘പ്രോസ്‌ക്യുനേസൂസിന്‍ തോ പാത്രി ഏന്‍ പെനവുമാത്തി കായി അലെത്തേയിയാ’ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു (4:24) എന്ന വാചകമാണ്. ഭൂരിപക്ഷം പരിഭാഷകളും ഇതിനെ ‘in spirit and truth ‘ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന’ എന്നാണ് വിവര്‍ത്തനം ചെയ്യുന്നത്. എന്തായിരിക്കും ഈ ആത്മാവിലും സത്യത്തിലുമുള്ള ആരാധന? ദുര്‍ഗ്രഹമായ വ്യാഖ്യാനങ്ങളാണ് ഇതിന് കാണുന്നത്. ആത്മാവും സത്യവും പരിശുദ്ധ ത്രിത്വത്തിലെ പുത്രനെയും (യേശുവിനെ മാംസരൂപം പ്രാപിച്ച ദൈവത്തിന്റെ സത്യം അഥവാ ഉടമ്പടിയോടുള്ള വിശ്വസ്തത എന്ന അര്‍ഥത്തിലാണ് യോഹന്നാന്‍ വ്യാഖ്യാനിക്കുന്നത്) പരിശുദ്ധാത്മാവിനെയുമാണ് സൂചിപ്പിക്കുന്നത്. യഥാര്‍ഥ ആരാധന ആത്മാവിലും സത്യത്തിലുമാണെന്ന് പറയുന്നതിനെ പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ യേശുവിലൂടെ പിതാവിലേക്കുള്ള പ്രവാഹമാണ് എന്ന് വ്യാഖ്യാനിക്കാം. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി കുറെ കൂടി യുക്തിസഹജവും സുഗ്രാഹ്യവുമായ മറ്റൊരു വ്യാഖ്യാനസാധ്യതയെക്കുറിച്ച് ചിന്തിക്കാം.
‘ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന’ എന്ന വാചകത്തില്‍ ആരാധനയുടെ രണ്ട് വിശേഷണങ്ങളായാണ് ആത്മാവില്‍/സത്യത്തില്‍ എന്നീ പദങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ ഗ്രീക്ക് ഭാഷയിലെ മൂലരൂപം ശ്രദ്ധിക്കുക: ഇവിടെ ഈ രണ്ട് നാമപദങ്ങള്‍ക്കും പനവുമാത്തി/അലെത്തേയിയാ പൊതുവായി ഒരു Preposition ഏന്‍, ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന conjuction കായി. ഇതാണ് വാക്യഘടന. അതായത് ഈ രണ്ട് നാമങ്ങളും ഇവിടെ നിര്‍വഹിക്കുന്നത് നാമവിശേഷണത്തിന്റെ ദൗത്യമാണ് ആരാധനയുടെ വിശേഷണമായി ഈ രണ്ട് വാക്കുകള്‍ നിലകൊള്ളുന്നു. ഗ്രീക്ക് ഭാഷശൈലിയില്‍ ഇങ്ങനെ നാമപദങ്ങള്‍ ഉപയോഗിച്ചിട്ട് നാമവിശേഷങ്ങള്‍ നടത്തുന്നതിനെ ‘Hendiadys’ എന്നാണ് പറയുന്നത്. ഭാഷാപണ്ഡിതനായ ബുള്ളിംഗര്‍ ഹെല്‍ഡിയാഡിസ് (Hendiadys) എന്ന ഭാഷാ പ്രയോഗത്തെ നിര്‍വ്വചിച്ചിരിക്കുന്നത്, ‘the expression of one idea through two formally co ordinate terms joined by ‘and’ instead of a noun and adjective or a verb and an adverb. One component specifies the other’ എന്നാണ്. വി. ഗ്രന്ഥ ത്തില്‍ ഈ ഭാഷാ പ്രയോഗത്തിന് നിരവധി ഉദാഹരണങ്ങള്‍ കണ്ടെത്താന്‍ കഴിയും. ഉദാഹഹരണമായി, ഉല്‍പ. 3:16; 4:4; സങ്കീ. 63:5, 113:4, അപ്പോള്‍ ഈ വാചകത്തെ ശരിയായി പരിഭാഷപ്പെടുത്തേണ്ടത് ‘യഥാര്‍ത്ഥമായി ആത്മാവില്‍ truly spiritual) ആരാധിക്കുന്ന സമയം വരുന്നു’ എന്നാണ്. ‘ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന സമയമെന്നതിനേക്കാള്‍ എത്ര ലളിതവും വ്യക്തവുമാണ് ‘സത്യമായും (യഥാര്‍ഥമായി) ആത്മാവില്‍ ആരാധിക്കുന്ന’ എന്ന പരിഭാഷ എന്ന് കാണാന്‍ കഴിയും.
ഇനി എന്തായിരിക്കും ‘സത്യമായും ആത്മാവില്‍ നടക്കുന്ന ആരാധന’? ഒന്നാമതായി അത് എല്ലാ അര്‍ഥത്തിലും ആത്മീയമായി നടക്കേണ്ടതാണ്. ആരാധകന്റെ ആത്മാവ് ആത്മാവായ ദൈവത്തെ അനുഭവിക്കുന്നതാണത്. അവിടെ ബാഹ്യപരതകള്‍ക്കോ സ്ഥലബന്ധമായ നിര്‍ബന്ധങ്ങള്‍ക്കോ പ്രസക്തിയില്ല എന്ന് മനസിലാക്കാം. രണ്ടാമതായി ഈ ആരാധന പരിശുദ്ധാത്മാവില്‍ നവീകരിക്കപ്പെട്ട വ്യക്തിയില്‍ നിന്ന് യേശുക്രിസ്തുവെന്ന ചാലകത്തിലൂടെ പിതാവിലേക്കുള്ള അനസ്യൂതമായ പ്രവാഹമാണ് ഈ ആരാധനയുടെ പ്രഥമലക്ഷ്യം ദൈവത്തിന്റെ അസ്തിത്വത്തിലുള്ള പങ്കുചേരലാണുതാനും. യഥാര്‍ഥ ആരാധനയെ കുറിച്ചുള്ള ഈ വെളിപ്പെടുത്തല്‍ യേശുവിന്റെ കാലത്ത് മാത്രമല്ല ഇന്ന് നിലനില്‍ക്കുന്ന അനുഷ്ഠാനപരതയുടെ നൂലാമാലകളില്‍ കുടുങ്ങി ആത്മാവും ചൈതന്യവും നഷ്ടപ്പെട്ട, അനുഷ്ഠാനമുറകള്‍ക്കും ആരാ ധനരീതികള്‍ക്കുംവേണ്ടി വാശിപിടിക്കുന്നവര്‍ക്ക് നേരെയുള്ള തിരുത്തലിന്റെ ചാട്ടവാറാണെന്നത് നാം എന്നാണ് തിരിച്ചറിയുന്നത്.? കാപട്യങ്ങളും പ്രകടനപരതയും മേന്മയുടെ അവകാശവാദങ്ങളുമില്ലാത്ത ആരാധനയെയും ആരാധകരെയും ദൈവം കാത്തിരിക്കുന്നു എന്ന മനോഹരമായ സന്ദേശമാണ് സമരിയക്കാരിയുമായുള്ള സംഭാഷണ വിവരണത്തിലൂടെ സുവിശേഷകന്‍ പങ്കുവയ്ക്കുന്നത്.
റവ. ഡോ. ടോം ഓലിക്കരോട്ട്


