സ്വർഗരാജ്യത്തിൽ പ്രവേശിക്കാനുള്ള മാനദണ്ഡമായി ഈശോ നിക്കൊദേമൂസിനോട് പറയുന്നത് “ഗിന്നോത്തെനായി അനോത്തെൻ ഉന്നതത്തിൽനിന്നും ജനിക്കണം എന്നാണ്. ഗുരുമൊഴിയുടെ അർത്ഥാന്തരങ്ങൾ മനസിലാകാതെ വരുന്ന നോക്കൊദേമൂസിനോട് വീണ്ടും ജനനത്തിന്റെ രീതിയെ വ്യക്തമാക്കിക്കൊണ്ടാണ് മിശിഹാ പറയുന്നത് “ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലങ്കിൽ ഒരുവനും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാൻ സാധ്യമല്ല. ഇവിടെ ഈശോ ഉദ്ദേശിക്കുന്ന പുതുജനനത്തിന്റെ മാധ്യമമായി നിൽക്കുന്ന ജലവും ആത്മാവും എന്താണ് അർഥമാക്കുന്നത്?
ജലത്താലും ആത്മാവിനാലും എന്ന സംജ്ഞയെ മൂന്ന് രീതിയിൽ ബൈബിൾ വക്താക്കൾ മനസിലാക്കാറുണ്ട്. ഒന്നാമതായി ജലത്താൽ ജനിക്കുക എന്നത് മാമ്മോദീസായുടെ പ്രതീകമാണ്. ജന്മപാപത്തിന്റെയും കർമ്മപാപമുണ്ടെങ്കിൽ അതിന്റെയും കറകളിൽനിന്നും ആത്മാവിനെ ശുദ്ധീകരിക്കുന്ന മാമോദീസ ജലത്താലുള്ള ആദ്യത്തെ ജനനം കഴിയുമ്പോൾ സംഭവിക്കുന്ന രണ്ടാമത്തെ പ്രവൃത്തിയാണ് ആത്മാവിലുള്ള ജനനം. മാമോദീസ ആത്മാവിനെ സ്വീകരിക്കാനുള്ള അനിവാര്യതയും ആദ്യപടിയുമായുള്ള ആദിമസഭയുടെ കാഴ്ചപ്പാടും ഇതിനോട് ചേർന്നുപോകുന്നതാണ്.
ജലത്താലും ആത്മാവിനാലും എന്ന സംജ്ഞയ്ക്കു വി. ഒറിജൻ നൽകിയ പ്രതീകാത്മകമായ വ്യാഖ്യാനവും ശ്രദ്ധേയമാണ്. ഇതനുസരിച്ചു ദൈവാത്മാവിന്റെ തന്നെ നിർമ്മലീകരിക്കുകയും അഭിഷേചിക്കുകയും ചെയ്യുന്ന പ്രവർത്തനത്തെയാണ് ‘ജലത്താലും ആത്മാവിനാലും’ എന്ന ഈശോയുടെ വാക്കുകൾ അർഥമാക്കുന്നത്. ഈ ഒരു വ്യാഖ്യാനം പഴയനിയമ ചിന്തയോട് വളരെ അധികം ചേർന്നുപോകുന്നതാണ് താനും. പഴയനിയമത്തിൽ നിരവധി ഭാഗങ്ങളിൽ ജലവും ആത്മാവും ദൈവത്തിന്റെ വിമലീകരിക്കുകയും ജീവൻ നൽകുകയും ചെയ്യുന്ന പ്രവൃത്തിയുടെ പ്രതീകമായി ഉപയോഗിച്ചിട്ടുണ്ട് (ഏശയ്യാ 55 : 2 3 ; ജെറെമിയ 2 : 13 ; സഖറിയാ 14 : 8 ).
ജലത്താലും ആത്മാവിനാലും’ എന്ന പരാമർശത്തിന് ഈശോയുടെയും നിക്കോദേമുസിന്റെയും ചരിത്ര പശ്ചാത്തലത്തിൽ നിന്നുകൊണ്ടുള്ള മൂന്നാമതൊരു വ്യാഖ്യാനംകൂടെ സാധ്യമാണ്. ഇവരുടെ സമകാലികനായി ജലത്താലുള്ള സ്നാനം നൽകികൊണ്ട് ആത്മസ്നാനത്തിനായി ജനത്തെ ഒരുക്കിയത് സാക്ഷാൽ സ്നാപകയോഹന്നാനാണ്. യോഹന്നാൻ നൽകിയിരുന്ന സ്നാനത്തെ ‘അനുതാപത്തിന്റെ സ്നാനം’ എന്നായിരുന്നല്ലോ സുവിശേഷകന്മാർ വിശേഷിപ്പിച്ചത്. ഈ പശ്ചാത്തലത്തിൽ ജലത്താൽ ജനിക്കുക എന്നതിനെ അനുതാപത്തിന്റെ സ്നാനമെന്നും, ആത്മാവിൽ ജനിക്കുക എന്നതിനെ നസ്രത്തിലെ ഈശോയിൽ വിശ്വസിക്കുക എന്നും മനസിലാക്കാം. ചുരുക്കത്തിൽ ജലത്താലും ആത്മാവിനാലും ജനിക്കുക എന്നതിനെ ആദിമസഭയുടെ പ്രഘോഷണത്തിന്റെ ആത്മാംശമായ ‘അനുതപിച്ചു സുവിശേഷത്തിൽ വിശ്വസിക്കുക” എന്നതുതന്നെയാണ് അർഥമാക്കുന്നത്.
വി. യോഹന്നാന്റെ സുവിശേഷമനുസരിച്ചു ജലം ദൈവിക വെളിപാടിനു സഹായിക്കുന്ന ശക്തമായ ഒരു സങ്കേതമാണ്. ജലത്തെ പ്രതീകാത്മകമായ അർഥത്തിൽ യോഹന്നാൻ നിരവധി തവണ ഉപയോഗിക്കുന്നുമുണ്ട്. ഒന്നാമതായി, കാനായിലെ കല്യാണവിരുന്നിൽ ഈശോയുടെ മഹത്വം വെളിപ്പെടുന്നതിനു ആറു കൽഭരണികളിലെ ജലം ഉപകരണമാകുന്നുണ്ട്. അതുപോലെ തന്നെ സമരിയക്കാരിയുമായുള്ള സംഭാഷണത്തിലും പശ്ചാത്തലം യാക്കോബിന്റെ കിണറും അതിലെ ജലവുമായിരുന്നു. വീണ്ടും ജലത്തെ പരിശുദ്ധ റൂഹായുടെ പ്രതീകമായി ഉപയോഗിച്ചുകൊണ്ടുള്ള ‘ജീവജലത്തിന്റെ അരുവി’ എന്ന പരാമർശവും ശ്രദ്ധേയമാണ് (യോഹ 7 : 39- 41 ). അവസാനമായി മിശിഹായുടെ ആത്മബലിയിലൂടെ സംജാതമായ രക്ഷയുടെ അടയാളമായി വത്സലശിഷ്യൻ സാക്ഷ്യപ്പെടുത്തിയത് അവിടുത്തെ വിലാപ്പുറത്ത് നിന്നു ഒഴുകിയിറങ്ങിയ രക്തവും ജലവുമായിരുന്നല്ലോ.
പ്രതീകാത്മകതയുടെ ഈ ഒരു സമൃദ്ധിയിൽനിന്നും ചിന്തിക്കുമ്പോൾ, ജലത്താലും ആത്മാവിനാലും ജനിക്കണം എന്ന വാക്കുകളിൽ ജലത്തിന് എന്ത് അർഥമായിരിക്കും വിവക്ഷിക്കുന്നത്? നിശ്ചയമായും മറ്റിടങ്ങളിൽ യോഹന്നാൻ ഉപയോഗിച്ചിട്ടുള്ള ആത്മാവ് എന്ന അർഥം ഇവിടെ ജലത്തിന് കല്പിക്കുക സാധ്യമല്ല. കാരണം ഏത് ആത്മാവിനാൽ ജനിക്കണം എന്ന് പറയുന്നതിൽ യുക്തിഭദ്രതയും ഭാഷാശുദ്ധിയുമില്ലല്ലോ. അതിനാൽ ഇവിടെ ഉപയോഗിക്കുന്ന ജലത്തെ വചനം എന്ന അർഥത്തിൽ മനസിലാക്കേണ്ടതുണ്ട്. സമരിയക്കാരിയുമായുള്ള സംഭാഷണത്തിൽ ഈശോ ഇതേ അർഥത്തിലാണ് ജലത്തെ ഉപയോഗിക്കുന്നത്. അപ്പോൾ ജലത്താലും ആത്മാാവിനാലും ജനിക്കണം എന്ന വാക്കുകളെ ദൈവവചനത്താലും ദൈവാത്മാവിനാലും ഉള്ള പുതുജന്മം എന്ന അർഥത്തിലാണ് ശരിയായി മനസിലാക്കേണ്ടത്. ആത്മാവിലുള്ള അജീവിതം ആരംഭിക്കുന്നതിനു മുൻപ് പുതുസൃഷ്ടിയാകാൻ സഹായിക്കുന്ന ജീവന്റെ കേദാരമാണ് വചനമെന്നു സാരം.
“നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നതു നശ്വരമായ ബീജത്താലല്ല, മറിച്ചു, അനശ്വരവും, സനാതനവുമായ ബീജത്താൽ ദൈവവചനത്താലത്രേ (1 പത്രോസ് 1 :23 ).
റവ. ഡോ. ടോം ഓലിക്കരോട്ട്


