കൂരിയ ബിഷപ്പിന്റെ സന്ദേശം എന്ന പേരില്‍ സീറോമലബാര്‍ വിഷനുവേണ്ടി ഞാന്‍ എഴുതിയിരുന്ന പംക്തി ഈ ലക്കത്തോടെ അവസാനിക്കുകയാണ്. 2025 ഒക്ടോബര്‍ 19 ന് കല്യാണ്‍ അതിരൂപതയില്‍ വൈദികമേലധ്യക്ഷശുശ്രൂഷ ആരംഭിക്കുന്നതോടെ കുരിയ ബിഷപ്പ് എന്ന നിലയിലുള്ള എന്റെ ഔദ്യോഗിക ശുശ്രൂഷനിര്വഹണത്തിന് വിരാമമാകും. 2014 സെപ്തംബര്‍ 12 ന് സീറോമലബാര്‍ മേജര്‍ആര്‍ക്കിഎപ്പിസ്ക്കോപ്പല്‍ കൂരിയായില്‍ വൈസ് ചാന്‍സലറുടെ ജോലി നിര്‍വഹിക്കാനാണ് മേജര്‍ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് എന്നെ വിളിച്ചത്.
2017 സെപ്തംബര്‍ ഒന്നിന് കൂരിയായുടെ ദ്വിതീയ മെത്രാനായി സഭാസിനഡ് എന്നെ തിരഞ്ഞെടുത്തു. ഇതേവര്‍ഷം നവംബര്‍ 12 ന് കര്‍ദിനാള്‍ ആലഞ്ചേരിപിതാവ് എന്നെ മെത്രാനായി അഭിഷേകംചെയ്തു. അന്നുമുതല്‍ ഇന്നുവരെ ഈ ശുശ്രൂഷാനിര്വഹണത്തിലാണ് ഞാന്‍ ഏര്‍പ്പെട്ടിരുന്നത്.
രണ്ടു മേജര്ആര്ച്ചുബിഷപ്പുമാരുടെ കൂടെ ജീവിക്കാനും അവരുടെ ശുശ്രൂഷകളില്‍ പങ്കുചേരാനും കഴിഞ്ഞത് വലിയ ദൈവാനുഗ്രഹമായി പരിഗണിക്കുന്നു. സ്വയംമറന്ന് സഭയെക്കുറിച്ച് മാത്രം ചിന്തിക്കാന്‍ പരിശ്രമിക്കുന്ന ഈ രണ്ടുവലിയ പിതാക്കന്മാരുടെ മാതൃക അനുകരണീയമാണ്.
എല്ലാ കത്തുകള്‍ക്കും ഫോണ്‍കോളുകള്‍ക്കും മറുപടി കൊടുക്കാനുള്ള ഒരു പ്രത്യേകനിഷ്ഠ ആലഞ്ചേരി പിതാവിനുണ്ടായിരുന്നു. ഇതൊരു സുവിശേഷവല്ക്കരണമാണെന്ന് പിതാവ് പലപ്പോഴും പറയാറുണ്ടായിരുന്നു. പിതാവിന്റെ മറുപടികള്‍ കിട്ടിയതിലുള്ള സന്തോഷം മറ്റുള്ളവര്‍ പങ്കുവച്ചുസംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ ഇതു ശരിയാണെന്ന് ഞാനും മനസ്സിലാക്കിയിട്ടുണ്ട്. പിതാവിന്റെ ബന്ധുക്കളോ പരിചയക്കാരോ സഭാശുശ്രൂഷയില്‍ ഏതെങ്കിലുംവിധത്തില്‍ പിതാവിനെ സഹായിച്ചിട്ടുള്ളവരോ മരണമടഞ്ഞാല്‍ അവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനു വേണ്ടി അനുശോചനകത്തുകള് എഴുതിയിരുന്ന പിതാവിന്റെ ശൈലി എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. സാമ്പത്തികബുദ്ധിമുട്ടുള്ള വ്യക്തികളെക്കുറിച്ച് അറിയാന്‍ ഇടയാകുമ്പോള്‍ അവരെ സഹായിക്കാനുള്ള ഉദാരമനസ്ഥിതി പിതാവിനുണ്ടായിരുന്നു. വ്യക്തികളെയും സ്ഥലങ്ങളെയും സംഭവങ്ങളെയും ഓര്‍ത്തിരിക്കാനും സൂക്ഷ്മമായി നിരീക്ഷിച്ചുവിലയിരുത്താനും പിതാവിനുളള കഴിവ് അപാരമാണ്.
ഹൃദയനൈര്‍മ്മല്യവും ദൈവാശ്രയബോധവും ഏവരെയും ചേര്ത്തുപിടിച്ചുനിര്ത്താനുള്ള കഴിവും ഉള്ള ഒരു വലിയ ഇടയനാണ് ഇപ്പോഴത്തെ മേജര്‍ആര്‍ച്ചുബിഷപ് അഭിവന്ദ്യ മാര്‍ റാഫേല്‍ തട്ടില്‍പിതാവ്. പിതാവിന്റെ വചനവ്യാഖ്യാനങ്ങള്‍ കേള്‍ക്കാന്‍ ആളുകള്‍ ഓടിക്കൂടാറുണ്ട്. സെമിനാരിവിദ്യാര്ഥിയായിരുന്ന കാലത്തും പൗരോഹിത്യശുശ്രൂഷയിലുടനീളവും ഇപ്പോള്‍ വൈദികമേലധ്യക്ഷ ശുശ്രൂഷയിലും സുവിശേഷപ്രഘോഷണം എന്ന ദൗത്യനിര്വണത്തിന് പരമപ്രാധാന്യം നല്കാന് അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. റഫായേല്‍ എന്ന പേരിന്റെ അര്‍ഥം ‘ദൈവം സുഖപ്പെടുത്തി ‘ എന്നാണ്. അഭിവന്ദ്യ തട്ടില്‍പിതാവ് ഈ സൗഖ്യദായകശുശ്രൂഷയില് താല്പര്യപൂര്വം വ്യാപരിക്കുന്ന വ്യക്തിയാണ്. ആരോടും പിണങ്ങുന്ന സ്വഭാവം പിതാവിനില്ല. മാത്രവുമല്ല പിണക്കമോ പരിഭവമോ ഉള്ളവരെ രമ്യപ്പെടുത്താനും മുറിപ്പെട്ട മനസ്സുകളില്‍ സാന്ത്വനത്തിന്റെയും സനേഹത്തിന്റെയും തൈലംപുരട്ടി സുഖപ്പെടുത്താനും അഭിവന്ദ്യപിതാവിന് പ്രത്യേകസിദ്ധിയുണ്ട്.
എട്ടുവര്‍ഷം നീണ്ട എന്റെ വൈദികമേലധ്യക്ഷശുശ്രൂഷയില് രണ്ട് മേജര്ആര്ച്ചുബിഷപ്പുമാരും സഹമെത്രാന്മാരും പകര്‍ന്നുനല്‍കിയ അറിവും സ്നേഹവും അവര്‍ പുലര്‍ത്തിയ സഹകരണമനോഭാവവും എനിക്ക് നല്കുന്ന ആത്മവിശ്വാസവും ധൈര്യവും ഏറെയാണ്. 1988 ല്‍ സ്ഥാപിതമായ കല്യാണ്‍ രൂപത 37 വര്‍ഷങ്ങള്‍ക്കുശേഷം അതിരൂപതയായി ഉയര്‍ത്തപ്പെട്ടിരിക്കുന്നു. അഭിവന്ദ്യരായ പോള്‍ ചിറ്റിലപ്പിള്ളി പിതാവും തോമസ് ഇലവനാല്‍ പിതാവും ഈ രൂപതയുടെ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനും രൂപതയെ വളര്‍ത്തുന്നതിനും ചെയ്ത കഷ്ടപ്പാടുകളും അവരെടുത്ത നേതൃത്വവും ഞാന്‍ നന്ദിപൂര്‍വം സ്മരിക്കുന്നു.
നിയുള്ള കാലം കല്യാണ്അതിരൂപതയെ നയിക്കാനായി നിയോഗം സിദ്ധിച്ചിരിക്കുന്ന എനിക്കുവേണ്ടി സഭാസമൂഹത്തിന്റെ പ്രാര്‍ഥന അഭ്യര്‍ത്ഥിക്കുന്നു. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ കഴിഞ്ഞ 11 വര്‍ഷക്കാലം എന്റെ സഹപ്രവര്‍ത്തകരായി വര്‍ത്തിച്ച എല്ലാ വൈദികര്‍ക്കും സന്യാസിനിമാര്‍ക്കും വിവിധ കമ്മീഷനുകളിലെ സെക്രട്ടറിമാര്‍ക്കും കൂരിയായിലെ എല്ലാ സ്റ്റാഫംഗങ്ങള്‍ക്കും ഹൃദയപൂര്‍വ്വം നന്ദിപറയുന്നു. സീറോമലബാര്‍ വിഷന്‍ മനോഹരമായി അണിയിച്ചൊരുക്കുന്ന എഡിറ്റോറിയല്‍ ബോര്‍ഡംഗങ്ങള്‍ക്ക് ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍. നല്ലവനായ ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ബിഷപ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ


