1978 ജനുവരി 17 ന് കുന്നന്താനം എന്ന ഗ്രാമപ്രദേശത്ത് മദർ മേരി ലിറ്റി തുടക്കം കുറിച്ച ഒരു സന്യാസിനി സമൂഹമാണ് ദൈവപരിപാലനയുടെ ചെറിയദാസികൾ. ലൈറ്റ്‌ലെ Sisters of Divine Providence (LSDP). നിങ്ങളാദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളതെല്ലാം നിങ്ങൾക്കു ലഭിക്കും ( മത്താ 6:33) എന്ന ദൈവചനമാണ് ഈ സന്യാസസഭ സ്ഥാപിക്കാൻ മദർ ലിറ്റിയെ പ്രേരിപ്പിച്ചത്. ദൈവവചനത്തിലും ദൈവപരിപാലനയിലും മാത്രം ആശ്രയിച്ചുജീവിക്കുന്ന ഒരു സന്യാസസമൂഹമായിരിക്കണം തന്റേതെന്ന് മദർ ആഗ്രഹിക്കുകയും അതനുസരിച്ച് അടിസ്ഥാനമിടുകയും ചെയ്തു. ഇറ്റലിക്കാരനായ ജോസഫ് കൊത്തലംഗോ എന്ന വിശുദ്ധനെയാണ് ഈ സമൂഹത്തിന്റെ സ്വർഗീയമധ്യസ്ഥനായി സ്വീകരിച്ചിരിക്കുന്നത്.
“രോഗിയുടെ കിടപ്പുമുറി ഒരു കത്തീഡ്രൽ ദേവാലയം. അവിടെയുള്ള ഓരോ കട്ടിലും അൾത്താര. രോഗികൾ ഈശോ. തന്മൂലം നിന്റെ മുട്ടുകളിൽ നിന്ന് അവരെ ശുശ്രൂഷിക്കുക” എന്ന വിശുദ്ധ കൊത്തലംഗോയുടെ വാക്കുകൾ ആദർശവാക്യമായി സ്വീകരിച്ചുകൊണ്ടാണ് മദർ ലിറ്റി ഓരോ രോഗികളെയും സ്വീകരിച്ചിരുന്നത്. കുന്നന്താനത്തുള്ള കേന്ദ്രഭവനം പലതവണ ഞാൻ സന്ദർശിച്ചിട്ടുണ്ട്. കേന്ദ്രഭവനത്തിലായാലും മറ്റ്ശാഖാഭവനങ്ങളിലായാലും ഈ സമൂഹം ചെയ്തുകൊണ്ടിരിക്കുന്ന ശുശ്രൂഷകളുടെ മഹത്വം വർണനാതീതമാണ്. മാതാപിതാക്കളും കുടുംബാംഗങ്ങളും ഉപേക്ഷിച്ചുകളഞ്ഞ നൂറുകണക്കിന് കുട്ടികളെ സ്വന്തം മക്കളെപോലെ സ്നേഹിച്ചും ശുശ്രൂഷിച്ചും വളർത്തുന്ന ഈ സന്യാസസമൂഹത്തിലെ സന്യാസിനികളുടെ സേവനത്തെ എത്രമാത്രം പ്രശംസിച്ചാലും മതിയാവുകയില്ല.
കട്ടപ്പന കേന്ദ്രമാക്കി സ്ഥാപിതമായിരിക്കുന്ന മറ്റൊരു സന്യാസസമൂഹമാണ് സെന്റ് ജോൺ ഓഫ് ഗോഡ്. ഈ സമൂഹത്തിന്റെ നേതൃത്വത്തിലുള്ള പ്രതീക്ഷാഭവനിലെ ശുശ്രൂഷകൾ പൗരോഹിത്യശുശ്രൂഷയുടെ ആരംഭകാലത്ത് എന്നെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്.
ചെത്തിപ്പുഴയിൽ അഗതികളുടെ സഹോദരിമാരുടെ നേതൃത്വത്തിലുള്ള മേഴ്സി ഭവൻ എന്റെ മനസ്സിൽ നിറഞ്ഞുനില്ക്കുന്ന മറ്റൊരു സ്ഥാപനമാണ്. കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ.റോയ് വടക്കേൽ നേതൃത്വം കൊടുക്കുന്ന ചെങ്കലിലുള്ള ഏയ്ഞ്ചൽസ് വില്ലേജ് അത്ഭുതത്തോടെ മാത്രമേ നോക്കിക്കാണാനാവൂ. രോഗീപരിചരണരംഗത്ത് സഭ നൂറ്റാണ്ടുകളായി ചെയ്തുകൊണ്ടിരിക്കുന്ന ശുശ്രൂഷാമേഖലകളിൽ ഏതാനും ചിലതിന്റെ പേരുമാത്രമാണ് ഇവിടെ പരാമർശിച്ചിട്ടുള്ളത്.
ഇത്തരം സ്ഥാപനങ്ങളിൽ സന്ദർശനം നടത്തുമ്പോൾ മാത്രമാണ് ഇവയുടെ ശുശ്രൂഷാനേതൃത്വത്തിലുള്ള വൈദികരുടെയും സന്യാസിനിമാരുടെയും ബ്രദേഴ്സിന്റെയും ത്യാഗപൂർണമായ ജീവിതത്തെക്കുറിച്ചും കഷ്ടപ്പാടുകളെക്കുറിച്ചും അടുത്തറിയാൻ ഇടവരുന്നത്. ഇവരെല്ലാവലരും തന്നെ പുലർകാലത്ത് മൂന്നുമണിക്ക് എണീറ്റ് പ്രാർഥിക്കുന്നവരും ദിവ്യകാരുണ്യാരാധന നടത്തുന്നവരും രോഗിപരിചരണത്തിൽ വ്യാപൃതരായിരിക്കുന്നവരുമാണ്.
ഇക്കാര്യങ്ങളെല്ലാം ഉത്സാഹത്തോടും ഊർജസ്വലതയോടും ആത്മാർഥതയോടും മടുപ്പുകൂടാതെയും പരാതികൾ കൂടാതെയും ചെയ്യാൻ ഈ ശുശ്രൂഷകരെ പ്രേരിപ്പിക്കുന്നത് ഈശോയുടെ കരുണാർദ്ര സ്നേഹം മാത്രമാണ്. ദിവ്യകാരുണ്യഈശോയുടെ മുമ്പാകെ മണി്ക്കൂറുകൾ പ്രാർഥനാനിരതരായിരിക്കുകയും അനുദിന ദിവ്യബലിഅർപ്പണത്തിൽ മുടക്കം വരുത്താതിരിക്കുകയും ചെയ്തുകൊണ്ട് ഈ മേഖലകളിൽ ശുശ്രൂഷകരായി വർത്തിക്കുന്ന വൈദികരെയും സന്യസ്തരെയും അല്മായ സഹോദരങ്ങളെയും സഭയുടെ നാമത്തിൽ നന്ദിപൂർവ്വം അനുസ്മരിക്കുന്നു.
ഈശോയുടെ കരുണയുടെ മുഖം ലോകത്ത് അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ദൈവദൂതരായി സഭ നിങ്ങളെ കാണുന്നു. നിങ്ങളുടെ ശുശ്രൂഷകൾ എന്നും ആത്മാർഥമായി ഇതുപോലെ മുന്നേറുവാൻ ദൈവകൃപ ധാരാളമായി ലഭിക്കട്ടെയെന്ന് പ്രാർഥിക്കുന്നു.
ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ


