അടുത്തകാലത്ത് എന്നെ ഏറെ സ്വാധീനിച്ച ഒരു വ്യക്തി പാലാ കുരുവിനാൽ സ്വദേശിനി ഈഴപ്പറമ്പിൽ ടെസിയാണ്. 2024 സെപ്തംബർ 10-ാം തീയതിയാണ് ടെസിയെ ഞാനാദ്യമായി കണ്ടത്. കോതമംഗലം രൂപതാംഗമായ ബ്ര. ഫ്രാൻസിസ് ഈഴപ്പറമ്പിലാണ് കഴിഞ്ഞ നാല്പത്തിനാലു വർഷമായി കിടപ്പുരോഗിയായി കഴിയുന്ന ടെസിയെക്കുറിച്ച് എന്നോടു പറഞ്ഞത്. പതിനാലുവയസുള്ളപ്പോഴാണ് ടെസിയെ ഗുരുതരമായ ഒരു രോഗം പിടികൂടിയതും കിടപ്പുരോഗിയാക്കിയതും. അന്നുമുതൽ തന്നെ സന്ദർശിക്കാൻ വരുന്നവരോടും തന്റെ വീട്ടുകാരോടും കട്ടിലിൽ കിടന്നുകൊണ്ട് ടെസി പറഞ്ഞുകൊണ്ടിരിക്കുന്നത് പ്രത്യാശയുടെ വാക്കുകൾ മാത്രമാണ്.
“ഈശോയെ കുരിശുവഹിക്കാൻ സഹായിച്ചത് ഒരു ശിമയോനും വേറോനിക്കയും മാത്രമായിരുന്നുവെങ്കിൽ നൂറുകണക്കിന് ശിമയോന്മാരെയും വേറോനിക്കമാരെയുമാണ് ഈശോയെനിക്ക് തന്നിരിക്കുന്നത്. ഇക്കഴിഞ്ഞ 44 വർഷങ്ങളിലും മരണം ഉറപ്പായ പല സന്ദർഭങ്ങളിലൂടെയും ഞാൻ കടന്നുപോയിട്ടുണ്ട്. എന്നാൽ ഒരിക്കലും പരാതിപറയാൻ ഈശോയെന്നെ അനുവദിച്ചിട്ടില്ല. കർത്താവിന്റെ കരുണയും അവിടുന്നിലുള്ള പ്രത്യാശയും എന്നെ ശക്തിപ്പെടുത്തുന്നു. കരുണയുടെ വർഷമായി പ്രഖ്യാപിക്കപ്പെട്ട 2015 ൽ കട്ടിലിൽ കിടന്നുകൊണ്ടുതന്നെ വിശുദ്ധ ഗ്രന്ഥത്തിൽ നിന്ന് അടർത്തിയെടുത്ത കരുണയുടെ വചനങ്ങൾ മാത്രം രേഖപ്പെടുത്തിയ ഒരു പുസ്തകം പുറത്തിറക്കാൻ ഈശോയെന്നെ അനുഗ്രഹിച്ചു. വേദനയില്ലാത്ത ഒരു ദിവസവും എന്റെ ജീവിതത്തിൽ ഇല്ലായിരുന്നു. എന്നാൽ ഒരുതവണപോലും എന്റെ ഒരു വേദനയും മാറ്റിത്തരണമെന്ന് ഞാൻ പ്രാർഥിച്ചിട്ടില്ല.”
വിശുദ്ധ അൽഫോൻസാമ്മയുടെ സൂക്തങ്ങളിലൊന്ന് ഇപ്രകാരമാണ്. “സഹിക്കാനായി എനിക്ക് ഒരു ദിവസം എന്തെങ്കിലും കിട്ടിയില്ലെങ്കിൽ ആ ദിവസം നഷ്ടപ്പെട്ടതായി ഞാൻ കരുതും.’
ക്രിസ്തീയവിശ്വാസം നാം പ്രചരിപ്പിക്കേണ്ടത് എല്ലാവരും ഈശോയെ അറിഞ്ഞ് അവിടുത്തെ സ്നേഹവും കരുണയും അനുഭവിക്കാനും അവിടുന്നിലുളള പ്രത്യാശയിൽ വളരാനുമാണ്. ഇതാണ് ശരിയായ സുവിശേഷവൽക്കരണം.
ഒരു മാസം മുമ്പ് ഒരു വൈദികന്റെ സിൽവർ ജൂബിലി ആഘോഷങ്ങളിൽ സംബന്ധിച്ചപ്പോൾ ഹിന്ദുമതവിശ്വാസിനിയും ഭാരതം ഭരിക്കുന്ന രാഷ്ട്രീയപാർട്ടിയുടെ അംഗവുമായ ഒരു പൊതുപ്രവർത്തക ക്രിസ്തീയ വിദ്യാഭ്യാസസ്ഥാപനങ്ങളെയും അതിന്റെ നടത്തിപ്പുകാരായ വൈദികരെയും സന്യസ്തരെയും കുറിച്ചുനടത്തിയ ആത്മാർഥമായ പങ്കുവയ്ക്കൽ എന്റെ ഹൃദയത്തെ സ്പർശിക്കുകയുണ്ടായി. പ്രത്യേക ശ്രദ്ധയും കരുതലും ആവശ്യമുണ്ടായിരുന്ന തന്റെ രണ്ടുമക്കളെ സ്വന്തം മക്കളെപോലെ കരുതി ചേർത്തുനിർത്തി, പ്രത്യേക പരിഗണനയോടെ പഠിപ്പിച്ച് ജോലിക്കാരായി മാറ്റിയ സന്യാസവൈദികരെ ഒരിക്കലും മറക്കാനാവില്ലെന്നായിരുന്നു ആ സ്ത്രീ പങ്കുവച്ചത്.
ജാതിമതഭേദമന്യേ എല്ലാവർക്കും സംലഭ്യരായിരിക്കണം സുവിശേഷപ്രവർത്തകർ. സംശയങ്ങളും രോഗങ്ങളും ഇച്ഛാഭംഗങ്ങളും സാമ്പത്തികക്ലേശങ്ങളും മാനസികവ്യഥകളും നിരാശതകളുമൊക്കെയായി കഴിയുന്ന ജനതയ്ക്ക് പ്രത്യാശയുടെ സന്ദേശം പകർന്നുകൊടുക്കുന്ന തീർഥാടകരാകാൻ ഈ ജൂബിലി വർഷത്തിൽ പരിശുദ്ധപിതാവ് ഫ്രാൻസിസ് മാർപാപ്പ നമ്മോട് ആവശ്യപ്പെടുന്നു. ആവശ്യക്കാർ ആരെയും നാം ഒരിക്കലും തിരസ്ക്കരിക്കരുത്. നിരാശപ്പെടുത്തുന്നതോ വേദനിപ്പിക്കുന്നതോ ആയ ഒരു വാക്കും പറയാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം.
എതിർക്കുന്നവരും കുറ്റപ്പെടുത്തുന്നവരും തിരസ്ക്കരിക്കുന്നവരും നമുക്കു ചുറ്റിനുമുണ്ടാകാം. പക്ഷേ അവരെ സ്നേഹിക്കാനും ചേർത്തുനിർത്താനും അവർക്കുവേണ്ടി പ്രാർഥിക്കാനും ഉപകാരങ്ങൾ ചെയ്യാനും സാധിക്കുമ്പോഴാണ് നാം ഈശോയുടെ അടുത്ത അനുയായികളായി മാറുന്നത്.
ഇപ്പോഴുള്ളതുപോലെ നടത്തപ്പെടുന്ന ജൂബിലി ആചരണങ്ങൾക്ക് 1300 ലാണ് തുടക്കം കുറിക്കപ്പെട്ടത്. അന്നുമുതൽ ഓരോ പ്രത്യേക ജൂബിലിയും പ്രഖ്യാപിക്കുന്നത് കൃപയുടെയും ക്ഷമയുടെയും അവസരങ്ങളാക്കി മാറ്റാനാണ്. 2025 ലെ ജൂബിലിക്കുള്ള വിഷയമായി പരിശുദ്ധപിതാവ് നിർദ്ദേശിച്ചിരിക്കുന്നത് ‘പ്രത്യാശയുടെ തീർഥാടകർ’ എന്നതാണ്. നമുക്കു ചുറ്റിനുമുള്ള ആരെയും നിരാശപ്പെടുത്താതെ, ഇപ്പോൾ നിരാശയിൽ കഴിയുന്ന ആളുകൾക്ക് പ്രത്യാശയുടെ അനുഭവങ്ങൾ പ്രദാനം ചെയ്യാൻ നമുക്ക് ആത്മാർഥമായി പരിശ്രമിക്കാം.
ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ


