സലേഷ്യൻ സന്യാസസമൂഹാംഗമായ ഫാ. ജോ മന്നത്ത് അറിയപ്പെടുന്ന എഴുത്തുകാരനും പ്രചോദനാത്മകചിന്തകൾ പങ്കുവയ്ക്കുന്ന പ്രഗത്ഭനായ ഒരു പ്രഭാഷകനുമാണ്. അദ്ദേഹം 2024 ൽ പ്രസിദ്ധീകരിച്ച ഒരു വിശിഷ്ടഗ്രന്ഥമാണ് It’s Him. ഈ ഗ്രന്ഥത്തിൽ അദ്ദേഹം വിവരിക്കുന്ന ഒരു സംഭവം ഇങ്ങനെയാണ്.
അമേരിക്കയിലെ ബോസ്റ്റൺ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഇടവകയിലെ അംഗമായിരുന്ന കെയ്ത്ത് ഒരു കമ്പനി മാനേജറായിരുന്നു. അപ്രതീക്ഷിതമായി അദ്ദേഹത്തിന് ഒരു ദിവസം ഹൃദ്രോഗബാധയുണ്ടായി. ഉടനടി അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. ഓപ്പറേഷനിടയിൽ തീയറ്ററിലെ മോണിറ്റർ നിരീക്ഷിച്ചപ്പോൾ കെയ്ത്തിന്റെ ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ നിലച്ചതായി കണ്ടെത്തി. വൈദ്യശാസ്ത്രപരമായി അദ്ദേഹം മരിച്ചതായി ബോധ്യപ്പെട്ടതിനാൽ ഓപ്പറേഷൻ നിർത്തിവച്ചു. എന്നാൽ ഏവരെയും അതിശയിപ്പിച്ചുകൊണ്ട് മോണിറ്ററുകൾ വീണ്ടും പ്രവർത്തിച്ചുതുടങ്ങി. കെയ്ത്തിന് ജീവനുണ്ടെന്ന് മനസ്സിലാക്കിയ ഡോക്ടർമാർ ഓപ്പറേഷൻ തുടർന്നുനടത്തി. ഓപ്പറേഷൻ വിജയകരമായിരുന്നു. സുബോധം വീണ്ടെടുത്ത കെയ്ത്തിന്റെ ബോധ്യങ്ങൾക്ക് അതിനുശേഷം വലിയ മാറ്റങ്ങളുണ്ടായി. ഡോക്ടർമാരോട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.
‘എനിക്ക് മരിക്കണം. എന്റെ കർത്താവിനോടു ചേരണം. ഓപ്പറേഷൻ സമയത്ത് ഞാൻ അനുഭവിച്ചത് വളരെ മനോഹരമായിരുന്നു.’ ഈ പ്രത്യേക അനുഭൂതി വിശേഷത്തെക്കുറിച്ച് കെയ്ത്ത് പിന്നീട് ഗ്രന്ഥകർത്താവ് ഫാ. ജോ കെന്നത്തുമായി പങ്കുവച്ചതിൻപ്രകാരം മരണാനന്തരജീവിതത്തിന്റെ ശ്രേഷ്ഠത നേരിൽ കാണാൻ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചുവെന്നാണ് നാം മനസ്സിലാക്കേണ്ടത്. വിശുദ്ധ പൗലോസ് ശ്ലീഹ ഫിലിപ്പിയിലെ സഭയ്ക്ക് എഴുതിയ ലേഖനം ഒന്നാം അധ്യായത്തിൽ നല്കുന്ന വിവരണം അതീവപ്രത്യാശാജനകമാണ്. പൗലോസ് അപ്പസ്തോലൻ പറയുന്നു, എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്. ശാരീരികമായി ഞാൻ ഇനിയും ജീവിക്കാൻ ആഗ്രഹിക്കുകയാണെങ്കിൽ ഫലപ്രദമായി ജോലി ചെയ്യാൻ സാധിക്കും. എങ്കിലും ഏതാണ് തിരഞ്ഞെടുക്കേണ്ടതെന്ന് എനിക്കറിഞ്ഞുകൂടാ. ഇവ രണ്ടിനുമിടയിൽ ഞാൻ ഞെരുങ്ങുന്നു. എങ്കിലും എന്റെ ആഗ്രഹം മരിച്ചു ക്രിസ്തുവിനോടുകൂടി ആയിരിക്കാനാണ്. കാരണം അതാണ് കൂടുതൽ ശ്രേഷ്ഠം.
അനേകം ആളുകളുടെ മരണസന്ദർഭങ്ങളെക്കുറിച്ചു അവരുടെ ബന്ധുമിത്രാദികളും പരിചയക്കാരും വിവരിക്കുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ ഞാൻ ഏറെ പ്രത്യാശാഭരിതനാകാറുണ്ട്. വരാനിരിക്കുന്ന സ്വർഗീയസൗഭാഗ്യം അനുഭവിക്കാൻ വെമ്പൽകൊള്ളുന്ന വിധം നല്ല ഒരുക്കത്തോടെയാണ് അവരൊക്കെ ഭൗമികവാസം വെടിഞ്ഞിരിക്കുന്നത്. ‘എനിക്കു നല്ലമരണം ലഭിക്കാൻവേണ്ടി അച്ചൻ പ്രാർഥിക്കണം ‘എന്ന് തുടർച്ചയായി പറയാറുണ്ടായിരുന്ന ഒരു വല്യമ്മച്ചിയെ ഞാൻ ഓർമിക്കുന്നു. 90 ാം വയസിലാണ് ഈ വല്യമ്മച്ചി മരണമടഞ്ഞത്. ഒരു സന്ധ്യയ്ക്ക് കുടുംബാംഗങ്ങൾക്കൊപ്പം പ്രാർഥിച്ചതിനു ശേഷം മക്കളെല്ലാവരും അമ്മയ്ക്കു സ്തുതി ചൊല്ലിയ സമയത്തായിരുന്നു ആ വേർപാട്. ഏറ്റവും അവസാനം സ്തുതി ചൊല്ലിയ മകന്റെ കൈകളിലേക്ക് കുഴഞ്ഞുവീണു നിത്യതയിലേക്കു യാത്രയായ ഈ വല്യമ്മച്ചി സ്വർഗീയവസതി പ്രാപിക്കാൻ വെമ്പൽ കൊള്ളുകയായിരുന്നു. ദൈവാശ്രയബോധത്തോടെ താൻ ജീവിച്ച വിശുദ്ധമായ കുടുംബജീവിതം ഈ അമ്മയെ അങ്ങനെ മരിക്കാൻ പ്രാപ്തയാക്കിയിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം.
നല്ലമരണത്തിന്റെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിന്റെയും മരണസമയത്തു നമുക്കുവേണ്ടി പ്രാർഥിക്കുന്ന കന്യകാമറിയത്തിന്റെയും മാധ്യസ്ഥസഹായം നമുക്കു വിളിച്ചപേക്ഷിക്കാം.


