ഇടവക വികാരിയായി ശുശ്രൂഷ ചെയ്തിരുന്ന അവസരത്തിൽ ഉണ്ടായ ഒരു സംഭവം വർഷങ്ങൾ പലതുകടന്നുപോയിട്ടും ഇപ്പോഴും മനസ്സിൽ മായാതെ നിറഞ്ഞുനില്ക്കുന്നു.
ഇടവകയിൽ ശുശ്രൂഷ ആരംഭിച്ചശേഷമുളള ആദ്യത്തെ കർമ്മങ്ങളിലൊന്ന് ഒരു ശ്രാദ്ധ കുർബാനയായിരുന്നു. ഒരു മധ്യവയസ്ക്കൻ മരിച്ചതിന്റെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ചുള്ള അനുസ്മരണക്കുർബാനയായിരുന്നു അത്. കുർബാനയ്ക്കുശേഷം വീട്ടിലെ പ്രാർഥനയ്ക്കായി ചെന്നു. വീട്ടിലെ കർമ്മങ്ങളും പ്രാർഥനയും ഭക്ഷണവും കഴിഞ്ഞപ്പോൾ പരേതന്റെ ഭാര്യ, “ഒരു കാര്യം പറയാനുണ്ട്” എന്ന് പറഞ്ഞ് ആളുകൾക്കിടയിൽ നിന്ന് എന്നെ മാറ്റിക്കൊണ്ടുപോയി. അതിനിടയിൽ അവർ കരയാനും തുടങ്ങി.
സംഭവം ഇതായിരുന്നു. ഭർത്താവ് മരിച്ചദിവസം ഇരുവരും കലഹിച്ചാണ് രാത്രിയിൽ കിടന്നുറങ്ങിയത്. പരസ്പരം സംസാരിക്കാൻ മനസുവരാതെയും പരസ്പരം മുഖം കൊടുക്കാതെയും അവർ ഉറങ്ങാൻ കിടന്നു. പ്രഭാതത്തിൽ ഭാര്യ അടുക്കളജോലിക്കായി എണീറ്റുപോയി. പതിവുസമയത്ത് ഭർത്താവ് എണീറ്റ് ഓഫീസിൽ പോകുന്നതിനുള്ള ഒരുക്കമൊന്നും കാണാത്തതിനാൽ അടുക്കളയിൽ നിന്നുകൊണ്ട് അവൾ ദേഷ്യത്തോടെ സംസാരിച്ചുതുടങ്ങി.
നിങ്ങൾക്ക് ഉത്തരവാദിത്വബോധമില്ല എന്റെയും കുഞ്ഞുങ്ങളുടെയും കാര്യത്തിൽ ശ്രദ്ധയില്ല, മടിയനാണ് എന്നെല്ലാമായിരുന്നു ആരോപണങ്ങൾ.
അവക്കൊന്നിനും അയാളിൽ നിന്ന് പ്രതികരണം ഉണ്ടാവാതിരുന്നപ്പോൾ അടുത്തുചെന്ന് പറയാമെന്ന് വിചാരിച്ചു കോപത്തോടെ ചെന്നുനോക്കുമ്പോഴാണ് മനസിലായത് ഭർത്താവ് ജീവനറ്റ് കിടക്കുകയാണെന്ന്.
ഹൃദയസ്തംഭനം മൂലമാണ് അയാൾ മരിച്ചത് എന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആ സ്ത്രീ കരച്ചിലോടെ പറഞ്ഞു: ” അച്ചാ, എല്ലാവരും മരിക്കുമെന്ന് അറിയാമെങ്കിലും ഈ നിലയിൽ ഭർത്താവ് മരിച്ചത് എനിക്ക് സഹിക്കാൻ കഴിയുന്നില്ല. ഇതെന്നെ വല്ലാതെ തളർത്തിക്കളഞ്ഞു. മരിക്കുന്നതിന് മുമ്പ് എനിക്ക് അദ്ദേഹത്തോട് രമ്യതപ്പെടാൻ കഴിഞ്ഞില്ല എന്നതുമാത്രമല്ല മരിച്ചുകിടന്ന അദ്ദേഹത്തോടു പോലും അനാദരവ് ഞാൻ കാട്ടിയല്ലോ എന്നോർക്കുമ്പോൾ എന്റെ സങ്കടം കെട്ടടങ്ങുന്നതേയില്ല. എന്റെ മനസിന് ഒരു സമാധാനവുമില്ല. അച്ചൻ എനിക്കുവേണ്ടി പ്രത്യേകം പ്രാർഥിക്കണം” .
ഈ സ്ത്രീയുടെ സംഭാഷണം കേട്ടപ്പോൾ ഒരു ധ്യാനംകൂടിയ പ്രതീതിയാണ് എനിക്കുണ്ടായത്. എത്രയോ തവണ എത്രയോ പേരോട് ശണ്ഠകൂടിയിട്ടുണ്ട് എന്നാണ് എന്റെ ചിന്ത പോയത്. ചില പിണക്കങ്ങൾ ആഴ്ചകളും മാസങ്ങളും വരെ നീണ്ടുപോയിട്ടുമുണ്ട്.
എന്നാൽ ഈ സംഭവത്തിനു ശേഷം എന്റെ മനോഭാവത്തിൽ മാറ്റമുണ്ടായി. ഇപ്പോൾ ആരോടെങ്കിലും പിണക്കം തോന്നിയാൽ അനുരഞ്ജനകൂദാശ സ്വീകരിക്കാൻ ആധ്യാത്മികപിതാവിന്റെ അടുക്കൽ പോവുക എന്നതാണ് ഞാൻ ഉടനടി ചെയ്യുന്നത്. അത് മനസിൽ അവരോട് ക്ഷമിക്കാൻ സഹായിക്കുന്നു.വല്ലാത്ത ആശ്വാസം അനുഭവപ്പെടുകയും ചെയ്യുന്നു. അതൊരുപ്രത്യേക ആത്മീയ അനുഭവമാണ്.
സുവിശേഷത്തിൽ ഈശോ നമ്മെ അനുസ്മരിപ്പിക്കുന്ന സത്യം ഇതാണ്. മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും. മറ്റുള്ളവരോട് നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കുകയില്ല ( മത്താ 6:14-15). മരിച്ചാലും മറക്കില്ല എന്നുപറഞ്ഞുകൊണ്ട് വെറുപ്പ് ഉള്ളിൽ സൂക്ഷിക്കുന്ന ചിലരെ കാണാനിടയായിട്ടുണ്ട്. അക്കൂട്ടത്തിൽ ഭാര്യഭർത്താക്കന്മാരും മാതാപിതാക്കളും മക്കളും സഹോദരങ്ങളും എല്ലാം ഉൾപ്പെടുന്നുണ്ട്. ഇതൊരു പൈശാചികപ്രലോഭനമാണ്.
ക്ഷമിക്കണം എന്ന് പറയുന്നത് ദൈവാത്മാവും ക്ഷമിക്കരുത് എന്ന് പറയുന്നത് ദുരാത്മാവുമാണ്. ക്ഷമിച്ചുകൊണ്ട് പ്രാർഥിക്കുകയും സ്നേഹിക്കുകയും ചെയ്യുമ്പോൾ ഏറെ ഹൃദയസന്തോഷം അനുഭവിക്കാൻ നമുക്ക് സാധിക്കും. ഈശോ സ്വജീവിതത്തിലൂടെ കാണിച്ചുതന്ന മാതൃക നാം അനുകരിക്കണം. ബോധപൂർവ്വം ദുരാരോപണങ്ങൾ ഉന്നയിച്ചു തന്നെ കുരിശിലേറ്റിയവരോട് ഈശോ ക്ഷമിച്ചു.
പിതാവേ അവരോട് ക്ഷമിക്കണം. അവർ ചെയ്യുന്നത് എന്തെന്നാൽ അവർ അറിയുന്നില്ല ( ലൂക്കാ 23: 34).യോഗ്യതയോടെയുള്ള പരിശുദ്ധബലിയർപ്പണത്തിന് ഏറ്റവും ആവശ്യഘടകമാണ് അനുരഞ്ജനം. “അനുരഞ്ജിതരായിത്തീർന്നിടാം നവമൊരുപീഠം ഒരുക്കീടാം” എന്ന് ആലപിച്ചുകൊണ്ടുള്ള കുർബാനയുടെ ആമുഖഗീതം ഈ സത്യമാണ് വിളിച്ചോതുന്നത്. വിശുദ്ധ പൗലോശ്ലീഹായുടെ ഒരാഹ്വാനം ഇത്തരുണത്തിൽ നമുക്ക് ധ്യാനവിഷയമാകട്ടെ. നിങ്ങളുടെ കോപം സൂര്യനസ്തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ. സാത്താന് നിങ്ങൾ അവസരം കൊടുക്കരുത് (എഫേ 4: 26- 27).
ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ


