യേശു പറഞ്ഞു: “സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു; വീണ്ടും ജനിക്കുന്നില്ലെങ്കിൽ ഒരുവനു ദൈവരാജ്യം കാണാൻ കഴിയുകയില്ല”
(യോഹന്നാൻ 3:3).
നിക്കൊദേമോസും യേശുവും തമ്മിലുള്ള സംഭാഷണത്തിന്റെ തുടക്കത്തിൽ യേശു അയാളോടു പറയുന്ന ഈ വചനം മനസ്സിലാക്കുവാൻ ബുദ്ധിമുട്ടുള്ള ഒന്നാണ്. നിക്കൊദേമോസുതന്നെ യേശുവിന്റെ വാക്കുകൾ ശരിയായ അർത്ഥത്തിലല്ല മനസ്സിലാക്കിയതെന്ന് അദ്ദേഹത്തിന്റെ മറുപടിയിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. “പ്രായമായ മനുഷ്യന് ഇത് എങ്ങനെ സാധിക്കും? അമ്മയുടെ ഉദരത്തിൽ വീണ്ടും പ്രവേശിച്ച് അവന് ജനിക്കാൻ കഴിയുമോ?” (യോഹ. 3:4). താൻ ഉദ്ദേശിച്ച ജനനം അതല്ലെന്ന് യേശു തുടർന്ന് വ്യക്തമാക്കുന്നു (യോഹ. 3:58).
യോഹന്നാന്റെ സുവിശേഷത്തിലെ പ്രത്യേകതകളിലൊന്നാണ് യേശു പറയുന്ന കാര്യങ്ങൾ ശ്രോതാക്കൾ തെറ്റിദ്ധരിച്ച് മനസ്സിലാക്കുന്നതും തുടർന്ന് യേശു അവരെ തിരുത്തി ശരിയായ അർത്ഥം ഗ്രഹിക്കുവാൻ സഹായിക്കുന്നതും. ഇതിന് നിരവധി ഉദാഹരണങ്ങൾ സുവിശേഷത്തിലുണ്ട് (യോഹ. 3:3-5; 4:7-15; 7:33-36; 8:21-30). നിക്കോദേമൂസിനോട് സ്വർഗരാജ്യത്തിൽ പ്രവേശിക്കാൻ വീണ്ടും ജനിക്കണമെന്ന് യേശു പറഞ്ഞത് അയാൾ തെറ്റിദ്ധരിച്ചാണ് മനസ്സിലാക്കുന്നത്. അതിനുകാരണം യേശുവിന്റെ പ്രസ്താവനയിൽ ഉപയോഗിച്ച “അനോത്തെൻ’ (anothen) എന്ന് ഗ്രീക്ക് വാക്കാണ്. ഈ വാക്കിന് പ്രധാനമായി രണ്ട് അർഥമാണുള്ളത്. 1. വീണ്ടും (again); 2. മുകളിൽ നിന്ന് (from above). നിക്കൊദേമോസ് ആദ്യത്തെ അർഥത്തിലാണ് മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് അയാൾ ചോദിക്കുന്നത് “പ്രായമായ മനുഷ്യന് ഇത് എങ്ങനെ സാധിക്കും? അമ്മയുടെ ഉദരത്തിൽ വീണ്ടും പ്രവേശിച്ച് അവന് ജനിക്കാൻ സാധിക്കുമോ?” എന്ന്. അതിനു മറുപടിയായി യേശു പറയുന്ന വചനം താൻ ഉദ്ദേശിച്ചത് രണ്ടാമത്തെ അർത്ഥത്തിലാണെന്ന് (മുകളിൽ നിന്നുള്ള ജനനം) വ്യക്തമാക്കുന്നു (യോഹ. 3:5). വി. യോഹന്നാന്റെ സുവിശേഷത്തിൽ ‘അനോത്തെൻ’ എന്ന വാക്ക് അഞ്ചു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട് (യോഹ. 3:3,7,31; 19:11,23). ഇതിൽ അവസാനത്തെ മൂന്ന് സന്ദർഭങ്ങളിലും ‘മുകളിൽ നിന്ന്’ എന്ന അർഥത്തിലാണ് ഈ വാക്ക് ഉപയോഗിച്ചിരിക്കുന്നത് എന്നത് തർക്കമില്ലാത്ത സംഗതിയാണ്.
ഇവയിൽ ആദ്യത്തെ രണ്ടെണ്ണം (3:31; 19:11) സ്വർഗത്തിൽനിന്ന് (ദൈവത്തിൽനിന്ന്) എന്ന അർഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. അവസാനത്തേതാകട്ടെ “മുകളിൽനിന്ന്” എന്ന സാധാരണ അർഥത്തിലും. യോഹ. 3:3ലും 3:7ലും ഏത് അർഥത്തിലാണ് ഈ വാക്ക് ഉപയോഗിച്ചിരിക്കുന്നത് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. നിക്കൊദേമൂസിന്റെ മറുപടിയിൽ അയാൾ മനസ്സിലാക്കിയത് ‘വീണ്ടും’ എന്ന അർഥത്തിലാണെന്നു വ്യക്തമാണല്ലോ (യോഹ. 3:4). യേശു അയാളുടെ തെറ്റിദ്ധാരണ മാറ്റിക്കൊണ്ട് നൽകുന്ന മറുപടിയിൽ നിന്ന് ‘വീണ്ടും’ ജനനമല്ല, മറിച്ച് ‘ഉന്നതങ്ങളിൽ നിന്നുള്ള’ ജനനമാണ് ഉദ്ദേശിച്ചതെന്നു വ്യക്തം. “സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കിൽ ഒരുവനും ദൈവരാജ്യത്തിൽ പ്രവേശിക്കുക സാധ്യമല്ല” (യോഹ. 3:5). “ജലത്താലും ആത്മാവിനാലുമുള്ള ജനനം” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആധ്യാത്മിക ജനനമാണ്. യോഹ. 3:3ൽ യേശു ഉദ്ദേശിച്ച ‘മുകളിൽ നിന്നുള്ള’ ജനനം സംഭവിക്കുന്നത് ‘ജലത്താലും ആത്മാ വി’നാലുമാണ് എന്ന് യോഹ. 3:5 വെളിപ്പെടുത്തുന്നു. എന്താണ് ‘ജലത്താലും ആത്മാവിനാലു’മുള്ള ജനനം? പഴയനിയമത്തിൽ ‘ജലവും ആത്മാവും’ ഒരുമിച്ച് പരാമർശിക്കപ്പെടുന്നത് ഏശയ്യ 44:35ലും, എസക്കിയേൽ 36:25-27ലുമാണ്. ഈ രണ്ടു പഴയനിയമഭാഗങ്ങളും ‘ജല’ത്തെയും ‘ആത്മാവിനേ’യും ഒരുമിച്ച് പരാമർശിക്കുന്നത് പുതിയ ഉടമ്പടിയുമായി ബന്ധപ്പെടുത്തിയാണ്, ഇസ്രായേലിന്റെ പുതിയ ജനനവുമായി (നവീകരണവുമായി) ബന്ധപ്പെടുത്തിയാണ്. ഈ നവീകരണം സംഭവിക്കുന്നത് ഉന്നതങ്ങളിൽ നിന്നുള്ള (ദൈവത്തിൽ നിന്നുള്ള) ഇടപെടൽ വഴിയാണ്. യോഹ. 3:5ൽ പരാമർശിക്കുന്ന ജലത്താലും ആത്മാവിനാലുമുള്ള ജനനവും സംഭവിക്കുന്നത് ഉന്നതങ്ങളിൽ നിന്നാണ്, ദൈവാരൂപിയുടെ പ്രവർത്തനം മൂലമാണ്.
യേശു ഉദ്ദേശിച്ച ‘ഉന്നതങ്ങളിൽ നിന്നുള്ള ജനനം’ സംഭവിക്കുന്നത് മാമ്മോദീസ എന്ന കൂദാശയിലൂടെയാണ്. ഈ കൂദാശയിൽ ജലം കൊണ്ടുള്ള സ്നാനം പുതിയ ജന്മത്തെ സൂചിപ്പിക്കുന്നതും നല്കുന്നതുമായ അടയാളമായി നിലകൊള്ളുന്നു. യോഹ. 3:68 ൽ ‘ഉന്നതങ്ങളിൽ നിന്നുള്ള’ ജനനത്തെക്കുറിച്ച് വിശദീകരിക്കുമ്പോൾ ‘ജല’ത്തെക്കുറിച്ച് പരാമർശിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. “മാംസത്തിൽ നിന്ന് ജനിക്കുന്നത് മാംസമാണ്; ആത്മാവിൽ നിന്ന് ജനിക്കുന്നത് ആത്മാവും. നിങ്ങൾ വീണ്ടും ജനിക്കണം എന്ന് ഞാൻ പറഞ്ഞതുകൊണ്ട് നീ വിസ്മയിക്കേണ്ടാ. കാറ്റ് അതിനിഷ്ടമുള്ളിടത്തേക്ക് വീശുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു. എന്നാൽ, അത് എവിടെ നിന്നു വരുന്നെന്നോ, എവിടേക്ക് പോകുന്നുവെന്നോ നീ അറിയുന്നില്ല. ഇതുപോലെയാണ് ആത്മാവിൽ നിന്ന് ജനിക്കുന്ന ഏവനും.” ഉന്നതത്തിൽ നിന്നുള്ള ജനനം ദൈവത്തിന്റെ അരൂപിയുടെ പ്രവർത്തനഫലമാണെന്ന കാര്യത്തിന് ഊന്നൽ കൊടുക്കുകയാണിവിടെ. യഹൂദരുടെ വിശ്വാസവും ചിന്താഗതിയുമനുസരിച്ച് യുഗാന്ത്യത്തിൽ ആന്തരികമായ നവീകരണം സംഭവിക്കുന്നത് പരിശുദ്ധാരൂപിയുടെ പ്രവർത്തനംകൊണ്ടാണെന്നത് (എസക്കി. 11:19; 36:25-31; ഏശ. 44:3; ജെറ. 31:33) ഇത്തരുണത്തിൽ ശ്രദ്ധേയമാണ്.
ചുരുക്കത്തിൽ, യോഹ. 3:3ൽ ‘വീണ്ടും ജനിക്കണം’ എന്ന് യേശു പറയുമ്പോൾ അർഥമാക്കുന്നത് ‘മുകളിൽ നിന്നുള്ള’ ജനനമാണ്. ഇൗ ജനനം അരൂപിയാലുള്ള ജനനമാണ്. ഇത് സംഭവിക്കുന്നതാകട്ടെ മാമ്മോദീസ എന്ന കൂദാശവഴിയും. ജഡത്തിൽ നിന്നു ജനിച്ചവർ ആത്മാവിൽ നിന്നു ജനിച്ചവരായി മാറുകയും തന്മൂലം ‘ദൈവമക്കൾ’ എന്ന പദവിയിലേക്ക് ഉയർത്തപ്പെടുകയും ചെയ്യുന്നു (യോഹ. 1:12-13; റോമ. 8:12-17).
റവ.ഡോ. ആന്റണി വടക്കേകര വി.സി.


