പരിശുദ്ധാത്മാവിനെക്കുറിച്ച് തന്റെ ശിഷ്യരോട് ക്രിസ്തു ഓർമപ്പെടുത്തിയത് ഇങ്ങനെ. “അവന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും.”
(യോഹ 16 : 8-11)
1. പാപം : “അവര്‍ എന്നില്‍ വിശ്വസിക്കാത്തതിനാല്‍ പാപത്തെക്കുറിച്ചും”..
- അവിശ്വാസമാണ് പാപം.
- അറിഞ്ഞിട്ടും, വേണ്ടത്ര പഠിച്ചിട്ടും, വീണ്ടും കാണിക്കുന്ന നിസംഗതയും അഹന്തയുമാണ് അവിശ്വാസം.
2. നീതി : “ഞാന്‍ പിതാവിന്റെ അടുക്കലേക്കു പോകുന്നതുകൊണ്ടും നിങ്ങള്‍ ഇനിമേലില്‍ എന്നെ കാണുകയില്ലാത്തതുകൊണ്ടും നീതിയെക്കുറിച്ചും..”
- പുത്രനിലൂടെ വെളിപ്പെടുത്തപ്പെട്ട പിതാവിന്റെ ഹിതം, പാലിക്കപ്പെടുക തന്നെ ചെയ്യണം. മനസാക്ഷിയിലൂടെ ഉള്ളിലെ ദൈവത്തിന്റെ ആത്മാവ് നമ്മെ ഓർമപ്പെടുത്തുന്നതും മറ്റൊന്നല്ല, “പിതാവിന്റെ ഹിതം ഭൂമിയിൽ നിറവേറ്റപ്പെടണം” – അതാണ് നീതിയും.
3. ന്യായവിധി : “ഈ ലോകത്തിന്റെ അധികാരി വിധിക്കപ്പെട്ടിരിക്കുന്നതിനാല്‍ ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്തും.”
ഭൂമിയിലേക്ക് വന്ന ദൈവപുത്രനെ തിരിച്ചറിഞ്ഞില്ല, മനുഷ്യൻ. മാത്രമല്ല അവനെ മരണത്തിന് ഏല്പിച്ചുകൊടുക്കുകയും ചെയ്തു. അവനെ ന്യായവിധിക്ക് ഏല്പിച്ചുകൊടുത്തവർക്ക് ന്യായവിധിയിൽ നിന്നുമൊഴിവില്ല എന്നാണ് ഓർമ്മപ്പെടുത്തൽ.
ചങ്ങാതീ, ലഭിച്ച വിശ്വാസത്തെ നീ എത്രത്തോളം വിലമതിക്കുന്നുണ്ട് എന്നതാണ് ഇന്നത്തെ ചോദ്യം. ദൈവാത്മാവ് നിരന്തരം ഉള്ളിലിരുന്ന് നമ്മെ നിർബന്ധിക്കുന്നതും മറ്റൊന്നുമല്ല.
നമുക്ക് പ്രാർത്ഥിക്കാം,
ലഭിച്ച വിശ്വാസത്തോടുള്ള വിശ്വസ്ഥതയിൽ ഞങ്ങളെ വളർത്തണേ, ആമേൻ.
ഫാ. അജോ രാമച്ചനാട്ട്



