വളരെ സൂക്ഷ്മമായി വ്യാഖ്യാനിക്കേണ്ട ഒരു തിരുവചനഭാഗത്തിന്റെ മുൻപിൽ ആണ് നാമിപ്പോൾ. ഇന്നത്തെ വി. കുർബാനയിലെ സുവിശേഷത്തിന്റെ കാതലായ വചനങ്ങൾ ഇങ്ങനെ :-
സമരിയാക്കാരി സ്ത്രീ : ഞങ്ങളുടെ പിതാക്കന്മാര്‍ ഈ മലയില്‍ ആരാധന നടത്തി; എന്നാല്‍, യഥാര്‍ഥമായ ആരാധനാസ്‌ഥലം ജറുസലെമിലാണ് എന്നു നിങ്ങള്‍ പറയുന്നു.
യേശു പറഞ്ഞു: സ്‌ത്രീയേ, എന്നെ വിശ്വസിക്കുക. ഈ മലയിലോ ജറുസലെമിലോ നിങ്ങള്‍ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു….
എന്നാല്‍, യഥാര്‍ഥ ആരാധകര്‍ ആത്‌മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോള്‍ത്തന്നെയാണ്. യഥാര്‍ഥത്തില്‍ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ് പിതാവ് അന്വേഷിക്കുന്നതും.
(യോഹന്നാന്‍ 4 : 20-23)
ഏതുമാകട്ടെ, ചരിത്രത്തിൽ ഒരു മതസംവിധാനം രൂപം കൊള്ളുന്നത് എങ്ങനെയാണ്?
- ആദ്യം ഒരു ദൈവവിശ്വാസം രൂപം കൊള്ളുന്നു.
- അതിന്റെ പ്രചാരകരും സംരക്ഷകരുമായി ചില ആളുകളുടെ നേതൃത്വം.
- ചില സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള ചേരലുകൾ.
- ചില കർമ്മങ്ങൾ / അനുഷ്ഠാനങ്ങൾ പതിയെ ഉയർന്നുവരുന്നു.
- ഒരുമിച്ചുകൂടുന്ന / അവ നടത്തപ്പെടുന്ന സ്ഥലങ്ങൾക്ക് പ്രത്യേകപ്രാധാന്യം കൈവരുന്നു.
- പതിവുകളും ശീലങ്ങളും നിയമങ്ങളുടെ കാർക്കശ്യങ്ങളും ഉയർന്നുവരുന്നു.
- അതിനുപകരിക്കുന്ന ദേവാലയങ്ങളും മറ്റ് സംവിധാനങ്ങളും രൂപപ്പെടുന്നു.
ഇതിലൊന്നും ആരെയും കുറ്റപ്പെടുത്താനാകില്ല. ആത്മീയതയിൽ അടിസ്ഥാനപ്പെടുത്തിയ ഒരു സമൂഹജീവിതത്തിന്റെ പരിണാമം ഏകദേശം ഇങ്ങനെയൊക്കെയേ വരൂ.
യഹൂദമതസംവിധാനത്തിലും ഇങ്ങനെയൊക്കെത്തന്നെയാണ് സംഭവിച്ചത്. അങ്ങനെ ആചാരങ്ങളിൽ അധിഷ്ഠിതമായ ഒരു മതസംവിധാനത്തിന്റെ പശ്ചാത്തലത്തിൽ നിന്നുമാണ് ആ പെൺകുട്ടി കർത്താവിനോട് ഈ ചോദ്യം ചോദിക്കുന്നത്. ഇവിടെ ഒരു മലയിലാണ് ഞങ്ങൾ അപ്പനപ്പൂപ്പന്മാരായി ആരാധന നടത്തുന്നത്. നിങ്ങളാകട്ടെ അവിടെ ജറൂസലേമിലും. സത്യത്തിൽ ഇതിൽ ഏതാണ് ശരി? ഇതായിരുന്നു ചോദ്യം.
ചോദ്യം മനസിലായോ?
കുറെപ്പേർ അണക്കരയ്ക്ക് പോകുന്നു, കുറച്ചുപേർ അട്ടപ്പാടിക്കാരാണ്, ഇപ്പോൾ പലരും കൃപാസനത്തിലേയ്ക്കാണ്..
ചിലരാകട്ടെ, ഇടവകപ്പള്ളിയിൽ പോയാൽ പോരെ എന്നാണ്, ഏതാണ് കൂടുതൽ ശരി?
(വേറെയും സ്ഥലങ്ങളുണ്ട്, എല്ലാം കൂടെ പറയാൻ പറ്റാത്തത് കൊണ്ടാണ്)
ഈശോ എന്താണ് ഉത്തരം നൽകിയത്?
- സമരിയ്ക്കാരുടെ മലയെ നിഷേധിച്ചില്ല.
- ജറൂസലേമിൽ കേന്ദ്രീകൃതമായ ആത്മീയതയെയും നിഷേധിച്ചില്ല.
പകരം, ഒന്ന് കൂട്ടിച്ചേർക്കുകയാണ്. നിൽക്കുന്ന മലകൾക്കല്ല പ്രാധാന്യം.
ഈ മലയും ആ മലയും അല്ല, ആത്മാവിലും സത്യത്തിലും (സത്തയിലും എന്ന് വായിച്ചാൽ കുറച്ചുകൂടി തെളിമ കിട്ടും) മനുഷ്യൻ ആരാധിക്കുന്ന സമയം വരുന്നു..
അതായത്,
- സ്ഥലത്തിനല്ല, ആരാധിക്കുന്നവന്റെയും ആരാധിക്കപ്പെടുന്നവന്റെയും അന്തസത്തയ്ക്കാണ് പ്രാധാന്യം.
- നിന്റെ ഉള്ളം നിത്യസത്യമായ ദൈവത്തെ കണ്ടുമുട്ടിയോ എന്നതാണ് ചോദ്യം.
- നിന്റെ ആത്മം സത്യദൈവത്തിൽ എത്തിച്ചേർന്നോ എന്നതാണ് കാര്യം.
ഈ ലക്ഷ്യത്തിലേക്ക് എത്താൻ അനേകരെ സഹായിച്ചത് കൊണ്ടാണ് അണക്കരയിലേയ്ക്കും അട്ടപ്പാടിയിലേക്കും കൃപാസനത്തിലേക്കും ആളുകൾ പോകുന്നത്. അവര് പോകട്ടെന്നെ. എവിടെ ചെന്നാലും സത്യദൈവത്തെ തന്നെയാണല്ലോ ആരാധിക്കുന്നത്. ഇവിടെയൊന്നും പോകാതെ ഇടവകപ്പള്ളിയിൽ മാത്രം പോയി ആത്മീയതയിൽ വളരാൻ പറ്റുന്നവർ അങ്ങനെയും തുടരട്ടെ.
ആത്മീയതയിലുള്ള മനുഷ്യന്റെ ദാഹം ഒരു യാഥാർഥ്യം തന്നെയാണ് – അതിന്റെ പേരിൽ ആരും ആരെയും ആക്ഷേപിച്ചിട്ട് കാര്യമില്ല. സ്വയം ബുജിയെന്ന് പറയുന്ന ഞാനും നിങ്ങളും ഒരിക്കൽ ഇങ്ങനെ തേടി അലയില്ലെന്ന് ആര് കണ്ടു?
NB : തങ്ങളുടെ ഇടവകയിലെ ദൈവജനത്തിനായി വളരെ ഭംഗിയായി കൂദാശകളും വചനവ്യാഖ്യാനവും നടത്തി, അവരെ ആത്മീയതയിൽ ഭംഗിയായി വളർത്തുന്ന അനേകം വൈദികരുണ്ട് നമുക്ക് ചുറ്റിലും. ഹൃദയം നിറഞ്ഞ നന്ദി, പ്രിയ അച്ചന്മാരെ 🙏 ഇനിയും നമ്മുടെ ഇടവകപ്പള്ളികൾ ശക്തമായ ആത്മീയയുടെ ഉറവവറ്റാകിണറുകൾ ആയി രൂപപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
എല്ലാവരും ദൈവത്തെ തേടട്ടെ,
എല്ലാവരും യേശുനാഥനെ കർത്താവും ദൈവവുമായി ഏറ്റുപറയട്ടെ.
അവന്റെ നാമത്തിന് എന്നും മഹത്വം ഉണ്ടാകട്ടെ, ആമ്മേൻ.
ഫാ. അജോ രാമച്ചനാട്ട്


