പൂന്തോട്ടത്തിൽ പാറിനടക്കുന്ന പൂമ്പാറ്റകളെല്ലാം ഒരു സമയത്ത് പുഴുക്കളായിരുന്നു, അഴകോ ആകർഷണീയതയോ ഇല്ലാത്ത ചെറുകീടങ്ങൾ..
പക്ഷെ, ഒരു ആവരണമുണ്ടാക്കി അതിന്റെ ഉള്ളിലേയ്ക്ക് സ്വയം പൂഴ്ത്തിവയ്ക്കുകയാണ് ഓരോ പുഴുവും. കാരണം, പൂമ്പാറ്റയാകാനുള്ള സാധ്യത തന്റെ ഉള്ളിൽ ഉണ്ടെന്ന് പുഴു തിരിച്ചറിയുന്നു..
കിട്ടിയ നാണയം മണ്ണിൽ കുഴിച്ചിട്ടവനോട് സ്വർഗം സങ്കടപ്പെട്ടത് എന്താണ് ?
- വളരാനും വളർത്താനും സ്നേഹിക്കാനും പൊറുക്കാനും സ്വർഗം തന്ന നിൻ്റെ സിദ്ധികളെ എന്തിനു മണ്ണിൽ കുഴിച്ചിട്ടെന്ന്..!?
- നീ ജീവിക്കുന്ന മണ്ണിൽ സ്വർഗം പണിയാനുള്ള നിധികളെ മണ്ണിൽ പൂഴ്ത്തി വച്ചത് എന്തിനാണെന്ന്..?
നോക്കൂ, അപ്പനോട് പിണങ്ങിയും അമ്മയെ തോൽപ്പിച്ചും, അധ്യാപകരോട് മറുതലിച്ചും, ജീവിതപങ്കാളിയെ പാഠം പഠിപ്പിച്ചും, സ്വന്തം ബലഹീനതകളെ താലോലിച്ചും നമ്മൾ നഷ്ടപ്പെടുത്തിയ എത്രയോ സ്വർണനാണയങ്ങൾ !
സത്യമാണ്, അലസതയും ആത്മാർത്ഥതക്കുറവും നമ്മെ ഒരുപാട് പിന്നോട്ട് കൊണ്ടുപോയിട്ടുണ്ട്. നമ്മുടെ ലക്ഷ്യങ്ങൾ പൂർത്തീരിക്കാനാകാതെ പോയിട്ടുണ്ട്.
ദൈവമേ, ഭൂമിയിൽ നിനക്കായി നന്മയുടെ ഉത്സവം തീർക്കാൻ നീ തന്ന സിദ്ധികളും സാധ്യതകളും വേണ്ടവണ്ണം വിനിയോഗിക്കാത്ത ദുർബലർ ഞങ്ങൾ. ഞങ്ങളുടെമേൽ കരുണ ആയിരിക്കണമേ. ആമ്മേൻ.
ഫാ. അജോ രാമച്ചനാട്ട്


