ഇന്ന് പന്തക്കുസ്താത്തിരുന്നാൾ..!
സെഹിയോൻ മാളികയിൽ ചരിത്രത്തിന്റെ പുതിയ ഒരു പേജ് തുറക്കുകയായിരുന്നു.
ഒരു പുതിയ തുടക്കം.
ഒരു യുഗത്തിന്റെ ആരംഭം.
മൂന്ന് വാക്കുകളിൽ പന്തക്കുസ്താത്തിരുന്നാളിന്റെ സന്ദേശം പങ്കുവയ്ക്കാൻ ശ്രമിക്കുകയാണ്.
- പ്രകാശം
യുഗങ്ങളായി മനുഷ്യൻ കാത്തിരുന്ന പ്രകാശമാണല്ലോ ക്രിസ്തു. തന്റെ മുപ്പത്തിമൂന്ന് വർഷത്തെ ജീവിതത്തിനുശേഷം തന്റെ പ്രകാശം നിറഞ്ഞ സാന്നിധ്യം ഭൂമിയിൽ തുടരാനാണ് പരിശുദ്ധാത്മാവിനെ അവൻ നമുക്ക് നൽകിയത്.
എന്നോടുള്ള ചോദ്യം:-
- ആത്മാവ് നൽകുന്ന പ്രകാശത്തിൽ ഞാൻ നിത്യസൂര്യനായ ക്രിസ്തുവിനെ പിന്തുടരുന്നുണ്ടോ?
- ജീവൻ
പന്തക്കുസ്തായിൽ ആരംഭിക്കുന്നത് പുതിയ ഒരു ജീവനാണ്. പുതിയ ജീവിതമാണ്. അനേകർക്ക് ജീവന്റെ വൃക്ഷമാകേണ്ട സഭയാകുന്ന അമ്മയുടെ ജനനം. നോക്കൂ, ആത്മാവുള്ളിടത്ത് ജീവന്റെ സമൃദ്ധിയുണ്ട്.
വീടുകളിൽ ആയാലും, ആരാധനാലയങ്ങളിൽ ആയാലും, ധ്യാനപ്രസംഗവേദികളിൽ ആയാലും..
ആത്മാവ് തരുന്ന ജീവന്റെ സമൃദ്ധിയാകട്ടെ,
- പാപത്തെ ചെറുക്കാനും
- പുണ്യങ്ങളിൽ വളരാനും
- സഭാഗാത്രത്തിന്റെ വളർച്ചയ്ക്കുമാണ്
നമ്മെ സഹായിക്കുന്നത്.
എന്നോട് :- - എന്റെ ഉള്ളിൽ ജീവന്റെ സമൃധിയുണ്ടോ?
- ഞാൻ എനിക്ക് ലഭിച്ച ആത്മാവിനെ ആളിക്കത്തിക്കുന്നുണ്ടോ?
- സുഹൃത്ത്
ഈശോ ആത്മാവിനെ നൽകാൻ ആഗ്രഹിച്ചത് നമ്മുടെ സുഹൃത്തും വഴികാട്ടിയുമായിട്ടാണ്.
“അവൻ വരുമ്പോൾ എല്ലാ കാര്യങ്ങളും പഠിപ്പിക്കും”, “നിങ്ങളെ ഞാൻ അനാഥരായി വിടുകയില്ല” തുടങ്ങിയ വചനങ്ങൾ ഇതിനോട് ചേർത്ത് വായിക്കണം.
എന്നോടുള്ള ചോദ്യം:-
- പരിശുദ്ധാത്മാവ് എന്റെ സുഹൃത്താണോ?
- ഞാൻ ആത്മാവിനോട് ആലോചന ചോദിക്കുന്നുണ്ടോ?
- മനസാക്ഷിയിലൂടെ ലഭിക്കുന്ന പ്രേരണനകൾക്ക് ഞാൻ പ്രാധാന്യം നൽകുന്നുണ്ടോ?
എന്റെ ചങ്ങാതീ, അവൻ നമക്ക് തന്നിട്ട് പോയ ആത്മാവിനെ എത്രത്തോളം കൂടെ കൂട്ടുന്നുവോ അത്രത്തോളം നമ്മൾ ജീവനും ഓജസ്സും ഉള്ളവരായിരിക്കും. ആത്മാവിനെ നമുക്ക് ഹൃദയത്തോട് ചേർത്ത് എന്നും സൂക്ഷിക്കാം.
ഫാ. അജോ രാമച്ചനാട്ട്



