പരിശുദ്ധ ത്രിത്വം : ക്രിസ്തീയ ദൈവശാസ്ത്രത്തിൽ നിർവചിക്കാനും മനസ്സിലാക്കാനും തീർത്തും ദുർഗ്രഹം എന്ന് തോന്നിപ്പിക്കുന്ന പദം. “നമ്മുക്ക് നമ്മുടെ ഛായയിൽ മനുഷ്യനെ സൃഷ്ടിക്കാം” (ഉല്പത്തി 1, 26) എന്നു തുടങ്ങുന്ന ഉല്പത്തി പുസ്തകത്തിലെ വാചകത്തിൽ ആരംഭിക്കുന്നതാണ് തിരുവചനത്തിൽ ഒളിഞ്ഞിരിക്കുന്ന പരിശുദ്ധ ത്രിത്വത്തിന്റെ ദൈവശാസ്ത്രം. അബ്രാഹത്തെ സന്ദർശിക്കുന്ന ദൈവദൂതന്മാർ (ഉൽപ. 18), യേശുവിന്റെ മാമോദീസ (ലൂക്കാ 3,22), ലോകമെങ്ങും സുവിശേഷം പ്രസംഗിക്കപ്പെട്ട് ത്രിത്വത്തിന്റെ നാമത്തിൽ പരികർമ്മം ചെയ്യേണ്ട ജ്ഞാനസ്നാനം (മത്താ. 28, 20).. ത്രിത്വത്തെ കുറിച്ചുള്ള ചിത്രം നമുക്ക് നൽകുന്ന അനേകം തിരുവചനഭാഗങ്ങൾ നമുക്കുണ്ട്.
എന്താണ് പരിശുദ്ധ ത്രിത്വം എന്നാൽ? പിതാവും പുത്രാനും പരിശുദ്ധാത്മാവുമായ ദൈവം ഏകനാണ് എന്ന വിശ്വാസത്തിന്റെ തലപ്പെട്ട രഹസ്യങ്ങളിൽ ഒന്നാമത്തേത്. അവർ മൂന്നുപേരും സ്നേഹത്തിൽ ഒന്നാണ്.
പരിശുദ്ധ ത്രീത്വത്തെപ്പറ്റി സംസാരത്തിൽ വ്യാഖ്യാനിച്ചു കൊടുക്കുക അത്ര എളുപ്പമല്ലെങ്കിലും, ത്രിത്വത്തിന്റെ ഏകത്വവും നാനാത്വവും നമുക്ക് നമ്മുടെ ജീവിതത്തിൽ അനുഭവിക്കാനും മറ്റുള്ളവരെ പഠിപ്പിക്കാനുമാകും. അത് ആത്മാർത്ഥവും നിസ്വാർത്ഥവുമായ സ്നേഹം വഴിയേ സാധിക്കൂ.
- കുടുംബത്തിൽ ഞങ്ങൾ പലരുണ്ടെങ്കിലും സ്നേഹത്തിൽ ഒന്നാണെന്ന്..
- വ്യത്യസ്തമായ രണ്ടു വ്യക്തികൾ ആണെങ്കിലും വിവാഹത്തിലൂടെ ഞങ്ങൾ ഒന്നാണെന്ന്..
- പരസ്പരമുള്ള കുറവുകൾ മനസ്സിലാക്കി സഹായിക്കുന്ന സഹപ്രവർത്തകരുണ്ടെന്ന്..
- ഇടവക ഒരു കുടുംബം ആണെന്ന്..
- അയൽപക്കകൂട്ടായ്മകൾക്ക് സ്വർഗ്ഗം സൃഷ്ടിക്കാൻ ആവുമെന്ന്…
- ചങ്ക് പറിച്ചു കൊടുക്കുന്ന സൗഹൃദങ്ങൾ ഭൂമിയിൽ ഉണ്ടെന്ന്..
…നമുക്ക് തെളിയിക്കാനാകും.
അങ്ങനെ സ്നേഹത്തിലും ഒരുമയിലും ജീവിക്കുന്നിടത്ത് പരിശുദ്ധ ത്രിത്വത്തിന്റെ സ്നേഹവും ഒരുമയും തന്നെയാണ് ആവർത്തിക്കപ്പെടുന്നത്. പരിശുദ്ധ ത്രിത്വം എന്തെന്ന് മനസ്സിലാകാത്തവർക്ക് സ്നേഹിച്ച് ഒന്നായി ജീവിക്കുന്ന മനുഷ്യരെ കാണിച്ചു കൊടുക്കുക..
പരിശുദ്ധത്രിത്വത്തിന്റെ തിരുനാൾ മംഗളങ്ങൾ..
ഫാ. അജോ രാമച്ചനാട്ട്


