പ്രക്ഷുബ്ധമായ തിരമാലകൾക്കുമേൽ വലയെറിഞ്ഞ് തുഴയെറിഞ്ഞ് നീങ്ങുന്ന മുക്കുവന്മാരെ കണ്ടിട്ടുണ്ടോ? കണ്ടുനിൽക്കുന്നവരുടെ മനസ്സു പിടഞ്ഞാലും അവർ എത്തേണ്ട ലക്ഷ്യത്തിലേക്ക് മടുപ്പില്ലാതെ തുഴഞ്ഞുകൊണ്ടേയിരിക്കും.
ഇന്നത്തെ സുവിശേഷത്തിൽ വരാനിരിക്കുന്ന സഹനങ്ങളെക്കുറിച്ചും കടന്നുപോകേണ്ട ദുരിതങ്ങളെക്കുറിച്ചും ഓർമ്മപ്പെടുത്തുന്ന ഗുരുവിനുമുൻപിൽ ശിഷ്യന്മാർ അസ്വസ്ഥരാവുകയാണ്. പക്ഷേ ക്രിസ്തുവാകട്ടെ, ആ മുക്കുവനെപോലെ..
തുഴയെറിഞ്ഞു കളയാതെ..
വല വലിച്ചറിയാതെ..
വരാനിരിക്കുന്ന നല്ല നിമിഷങ്ങളെ സ്വപ്നം കണ്ട്.. മുന്നോട്ടുതന്നെ..!
ഭൂമിയിൽ പലതരത്തിലുള്ള സഹനങ്ങളിലൂടെ നമ്മൾ കടന്നുപോകും. അവയ്ക്ക് മുമ്പിൽ പതറാതെ നിൽക്കുക എന്നത്, ഓരോ തവണ തകരുമ്പോഴും ദൂരെ ഒരു പ്രകാശ ബിന്ദുവിനെ സ്വപ്നം കാണുക എന്നുള്ളത് അത്ര എളുപ്പമല്ല. പക്ഷേ, സഹനങ്ങൾക്ക് നടുവിലും പ്രതീക്ഷ സൂക്ഷിക്കുന്നവന്, നാളെ കാത്തിരിക്കുന്നത് കൂടുതൽ മനോഹാരിതയുള്ള ഒരു ജീവിതമാണ്.
എന്റെ കുഞ്ഞേ, ആർക്കും മനസ്സിലാവാക്കാനാവാത്ത സഹനങ്ങളിലൂടെ നീ കടന്നുപോകുമ്പോഴും, അത് നാളെ വരാനിരിക്കുന്ന ദൈവാനുഗ്രഹത്തിന്റെ പടിവാതിൽ ആണെന്ന് സ്വയം ഓർമ്മിപ്പിക്കാമോ? സ്വയം നിലനിൽക്കാനുള്ള ബലം കൊടുക്കാമോ? ഇതാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുൻപിൽ വയ്ക്കുന്ന വെല്ലുവിളി.
ഉണങ്ങിവരളുന്ന വേനൽ..
അസ്വസ്ഥമായ ശരത്കാലം..
തണുത്തുറഞ്ഞ, ഇല പൊഴിയുന്ന ശീതകാലം..
പിന്നെയോ??
പൂക്കളും ഇലകളും ആർത്തുലയുന്ന വസന്തം.
വീണ്ടും വേനൽ, മഴ, തണുപ്പ്..
ജീവിതവും അങ്ങനെതന്നെ.
ചങ്ങാതീ, ഒന്നും വെറുതെയല്ല..
അർത്ഥമില്ലാത്തതായി ഒന്നുമില്ല..
ആരുടെയും ജീവിതം പാഴാവാൻ നല്ല ദൈവം ഒരിക്കലും അനുവദിക്കില്ല.
ഫാ. അജോ രാമച്ചനാട്ട്



