“എന്തു പറയണം? “
ഇങ്ങനെ ഒരു സംശയം ജീവിതത്തിൽ പലപ്പോഴും നമ്മൾ നേരിട്ടിട്ടുണ്ട്. ശരിയല്ലേ?
എപ്പോഴാണത്?
- ഒരു പ്രശ്നത്തിന്റെ മധ്യേ നിൽക്കുമ്പോൾ,
- ഒരു തീരുമാനം എടുക്കൽ അത്യാവശ്യമായി വരുമ്പോൾ,
- ചില ബന്ധങ്ങളെ മാനിക്കാൻ / ചിലത് തകരാതിരിക്കാൻ
- മറ്റേയാളെയാളെ മുറിപ്പെടുത്താതിരിക്കാൻ,
- നമുക്ക് അപകടം വരുമോ എന്ന ഭയം ഉള്ളപ്പോൾ,
- ആരിലെങ്കിലും നമുക്ക് വിശ്വാസക്കുറവ് അനുഭവപ്പെടുമ്പോൾ,
- മനസ്സിലാക്കപ്പെടാത്ത സന്ദർഭങ്ങളിൽ,
- ദേഷ്യം തോന്നുന്ന സമയങ്ങളിൽ,
- വാക്കുകൾ വളച്ചൊടിക്കാൻ സാധ്യതയുണ്ട് എന്ന് കാണുമ്പോൾ..
നമ്മൾ ചിന്തിച്ചുപോകാറുണ്ട്, “ഞാനെന്തു പറയും എന്റെ ദൈവമേ!”. എന്റെ സുഹൃത്തേ,
ഇന്നത്തെ സുവിശേഷത്തിൽ അതിനുള്ള ഉത്തരം ഉണ്ട്. “നിനക്ക് വേണ്ടി പരിശുദ്ധാത്മാവ് സംസാരിക്കും.”
വ്യക്തിപരമായ ചില അനുഭവങ്ങളുടെ വെളിച്ചത്തിൽ കൂടിയാണ് ഇത് എഴുതുന്നത്. നമുക്ക് പറയാൻ വാക്കുകൾ ഇല്ലാത്തപ്പോൾ, വെറുതെ ഇങ്ങനെ പ്രാർത്ഥിക്കുക.
“അല്ലയോ പരിശുദ്ധാത്മാവേ, നീ എനിക്ക് വേണ്ടി സംസാരിക്കണമേ..!”
നിങ്ങൾ അത്ഭുതം കാണുമെന്നുറപ്പ്. തികച്ചും അസ്വസ്ഥമായ സന്ദർഭങ്ങളിൽ പോലും വേണ്ടത് വേണ്ടതുപോലെ ഏറ്റവും ഉചിതമായ വിധത്തിൽ സംസാരിക്കാനുള്ള ജ്ഞാനം ദൈവം നമ്മുടെ നാവിലേക്ക് തരുന്നത് ഞാൻ തന്നെ ഏറെ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്.
അപ്പോൾ ഇനി ഭയമില്ലല്ലോ..?
പതറിപ്പോകുന്ന നേരങ്ങളിൽ..
ഉത്തരമില്ലാത്ത നേരങ്ങളിൽ..
ആത്മാവിന്റെ തൂവൽസ്പർശം നമ്മുടെ നാവിന്, ജീവിതത്തിന് കരുത്തേകട്ടെ!
ഫാ. അജോ രാമച്ചനാട്ട്



