ഒക്ടോബർ മാസം മുഴുവൻ മിഷൻ മാസമായി ആചരിക്കാൻ സീറോമലബാർസഭ ഒരുങ്ങുമ്പോൾ, നമ്മുടെ പ്രേഷിതദൗത്യത്തിന്റെ ശക്തികേന്ദ്രം എന്താണെന്നു വീണ്ടും തിരിച്ചറിയേണ്ട സമയമാണിത്. സുവിശേഷപ്രഘോഷണം സഭയുടെ അനേകം പ്രവർത്തനങ്ങളിൽ ഒന്നുമാത്രമല്ല; അതു സഭയുടെ സ്വത്വം തന്നെയാണ്. അതുകൊണ്ടുതന്നെ മാമ്മോദീസ സ്വീകരിച്ച ഓരോ വിശ്വാസിയും സഭയുടെ പ്രേഷിതദൗത്യത്തിൽ പങ്കാളിയാണ്.
2026ലെ ലോക മിഷൻദിനസന്ദേശത്തിൽ പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പ വലിയ മിഷനറിയായ വി പൗലോസിനെ ഉദ്ധരിച്ചുകൊണ്ടു നമ്മെ ഓർമിപ്പിക്കുന്നത്, നാം നമ്മെത്തന്നെയല്ല, കർത്താവായ ഈശോമിശിഹായെയാണ് പ്രസംഗിക്കുന്നത് എന്നാണ് (2 കോറി 4:5). ഈശോയുടെ നാമവും പ്രബോധനവും ജീവിതവും വാഗ്ദാനങ്ങളും രാജ്യവും രഹസ്യവും പ്രഘോഷിക്കപ്പെടുന്നില്ലെങ്കിൽ അവിടെ യഥാർഥ സുവിശേഷവത്കരണമില്ല. അതിനാൽ നമ്മുടെ മിഷൻ പ്രവർത്തനങ്ങളുടെ പ്രേരകശക്തി ഒരു സ്ഥാപനമോ ആശയമോ പദ്ധതിയോ അല്ല; ഈശോമിശിഹാ മാത്രമാണ്.
ഇന്നത്തെ ലോകത്തിൽ ഈ ബോധ്യം കൂടുതൽ പ്രസക്തമാണ്. എല്ലാവരെയും ആദരിക്കുകയും വ്യത്യസ്ത വിശ്വാസങ്ങളോടും സംസ്കാരങ്ങളോടും സംവദിക്കുകയും വേണം. എന്നാൽ, സംവാദത്തിന്റെപേരിൽ ഈശോയെ മറച്ചുവയ്ക്കാനോ സുവിശേഷത്തിന്റെ സത്യത്തിൽ വിട്ടുവീഴ്ചചെയ്യാനോ സഭയ്ക്കാവില്ല. സമ്പന്നരെയോ സ്വാധീനമുള്ളവരെയോ അധികാരസ്ഥാനങ്ങളിലുള്ളവരെയോ പ്രീതിപ്പെടുത്തുന്നതിനായി പൊതുവേദികളിലും മറ്റിടപാടുകളിലും സുവിശേഷസന്ദേശത്തിന്റെ സാരാംശത്തിൽ വെള്ളംചേർക്കുന്നത് ക്രിസ്തീയസാക്ഷ്യത്തിന് യോജിച്ചതല്ല. കാരണം, ദരിദ്രനോടും സമ്പന്നനോടും ദുർബലനോടും ശക്തനോടും സുവിശേഷം ഒരേ സത്യമാണ് പറയുന്നത്.
സ്നേഹമാണ് മിഷന്റെ ആത്മാവ്. എന്നാൽ യഥാർഥ സ്നേഹം സത്യത്തെ മറച്ചുവയ്ക്കുന്നില്ല. ആരുടെയുംമേൽ നമ്മുടെ വിശ്വാസം അടിച്ചേല്പ്പിക്കാതെ, എല്ലാവരുടെയും സ്വാതന്ത്ര്യത്തെയും അന്തസ്സിനെയും മാനിച്ചുകൊണ്ടു, നാം കണ്ടുമുട്ടിയ ക്രിസ്തുവിനെ വാക്കുകളിലൂടെയും ജീവിതത്തിലൂടെയും സ്നേഹസേവനത്തിലൂടെയും സാക്ഷ്യപ്പെടുത്തുന്നതാണ് മിഷൻ പ്രവർത്തനം.
നമ്മുടെ ഇടവകകളും കുടുംബങ്ങളും സെമിനാരികളും സമർപ്പിതസമൂഹങ്ങളും വിദ്യാഭ്യാസ സാമൂഹികസ്ഥാപനങ്ങളും മിഷൻചൈതന്യത്തിന്റെ കേന്ദ്രങ്ങളാകണം. ഒക്ടോബർ മാസം മിഷൻ മാസമായി സ്ഥാപിച്ചുകൊണ്ട് പുറപ്പെടുവിച്ചിരിക്കുന്ന സർക്കുലറിൽ നമ്മുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർചുബിഷപ്പു നല്കിയിരിക്കുന്ന ആഹ്വാനംപോലെ, ഓരോ ഇടവകയും ഓരോ വിശ്വാസിയും സ്വന്തം പ്രേഷിത ഉത്തരവാദിത്വം തിരിച്ചറിയണം. നമ്മുടെ സമയവും കഴിവുകളും സമ്പത്തും സുവിശേഷദൗത്യത്തിനായി പങ്കുവയ്ക്കുമ്പോൾ സഭയുടെ മിഷൻ കൂടുതൽ സജീവമാകും.
മിഷൻ മാസം നമ്മോടു ചോദിക്കുന്ന അടിസ്ഥാന ചോദ്യം ഇതാണ്: നമ്മുടെ ജീവിതത്തിന്റെയും സഭാപ്രവർത്തനങ്ങളുടെയും കേന്ദ്രത്തിൽ ഈശോമിശിഹാതന്നെ യാണോ? ലോകത്തിനു നല്കാൻ സഭയ്ക്കുള്ള ഏറ്റവും വലിയ നിധി ഈശോമിശിഹാ യാണ്. അവിടത്തെ സുവിശേഷത്തിന്റെ അന്തഃസത്തയിൽ നമ്മുടെ താത്പര്യങ്ങൾ കൂട്ടികലർത്താതെ, സ്നേഹത്തോടും വിനയത്തോടും ധൈര്യത്തോടുംകൂടെ നമുക്കു പ്രഖ്യാപിക്കാം: “ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല” (അപ്പ. 4:12).



