സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാർക്കും മെത്രാൻമാർക്കും
വൈദികർക്കും സമർപ്പിതർക്കും തന്റെ അജപാലനശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്.
കർത്താവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ!
മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ,
സീറോമലബാർസഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ രണ്ടാം സമ്മേളനം 2026 ആഗസ്റ്റ് 17 മുതൽ 28 വരെ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നു. സഭയുടെ വിശ്വാസജീവിതത്തെയും അജപാലനപ്രവർത്തനങ്ങളെയും കാലഘട്ട ത്തിന്റെ വെല്ലുവിളികളോടു കൂടുതൽ ഫലപ്രദമായി പ്രതികരിക്കുന്നവിധത്തിൽ നവീകരി ക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വിവിധ മാർഗങ്ങൾ സിനഡിൽ വിശദമായി ചർച്ചചെയ്തു. പ്രാർഥനയ്ക്കും സാഹോദര്യത്തിനും സഭയുടെ കൂട്ടായ്മയ്ക്കും ഊന്നൽ നല്കി നടന്ന ഈ സിനഡ്, പരിശുദ്ധാത്മാവിന്റെ കൃപയിൽ മെത്രാന്മാർ ഒരുമിച്ചു ദൈവ ഹിതം അന്വേഷിച്ച അനുഗ്രഹപ്രദമായ ദിവസങ്ങളായിരുന്നു. സിനഡുസമ്മേളനത്തിന്റെ വിജയത്തിനായി പ്രാർഥിച്ച എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു.
സഭാസമൂഹത്തിന്റെ ശക്തീകരണം
2024ൽ പാലായിൽ നടന്ന സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി യുടെ തുടർച്ചയായി നാം സമുദായശക്തീകരണവർഷം ആചരിച്ചുവരികയാണല്ലോ. ആനുകാലിക ലോകത്തിന്റെ വിവിധ വെല്ലുവിളികളെ നേരിടാൻ സഭാംഗങ്ങളുടെ ആത്മീ യവും സാമൂഹികവുമായ ശക്തീകരണം അനിവാര്യമാണെന്ന ബോധ്യമാണ് ഈ വർഷാച രണത്തിലേക്കു നമ്മെ നയിച്ചത്. വിവിധ രാജ്യങ്ങളിൽ ചിതറിപ്പാർക്കുന്ന സമുദായാം ഗങ്ങളെ ഒരു വിശ്വാസിസമൂഹമായി നിലനിറുത്തുന്നതു സഭയോടുള്ള ബന്ധവും സഭാംഗങ്ങളായിരിക്കുന്നതിലുള്ള അഭിമാനബോധവുമാണ്.
ജനസംഖ്യാശോഷണം, സഭാത്മകബോധത്തിന്റെ കുറവ്, കൃഷിവ്യാപാര മേഖലകളോ ടുള്ള പുതുതലമുറയുടെ താല്പര്യക്കുറവ്, സമൂഹത്തിന്റെ മുഖ്യധാരകളിലെ നമ്മുടെ അസാന്നിധ്യം തുടങ്ങിയവ നമ്മുടെ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. ഈ വെല്ലുവിളികൾ നമ്മെ ഭയപ്പെടുത്തുന്നതിനുപകരം പുതിയ പ്രവർത്തനശൈലികൾ കണ്ടെത്തുന്നതിനുള്ള പ്രചോദനമായി മാറണം. രക്ഷകനും നാഥനുമായ ഈശോമിശിഹായുടെ തിരഞ്ഞെടുക്കപ്പെട്ട ജനം എന്നനിലയിൽ, ആത്മീയബോധ്യങ്ങളിൽ ആഴപ്പെട്ടു കൂടുതൽ കരുത്തോടെ സുവിശേഷത്തിന്റെ സാക്ഷികളാകാനാണു നാം ശ്രമിക്കേണ്ടത്. അതോ ടൊപ്പം, ഇളംതലമുറയെ വിശ്വാസത്തിലും സഭാവബോധത്തിലും ഉറപ്പിക്കാനും അവരുടെ കഴിവുകളും വിഭവശേഷിയും വളർത്തിയെടുക്കാനുമുള്ള പരിശ്രമങ്ങൾ കൂടുതൽ തീക്ഷ്ണമായി നടത്തേതുണ്ട്.
സമുദായശക്തീകരണവർഷത്തിൽ നമ്മുടെ രൂപതകളിൽ ആരംഭിച്ചിരിക്കുന്ന വിവിധ പ്രവർത്തനങ്ങൾ സഭയെയും സമുദായത്തെയും ബലപ്പെടു ത്തുമെന്നു സിനഡു വിലയിരുത്തി. ഇതിനായി നിസ്വാർഥമായി അധ്വാനിക്കുന്ന എല്ലാവ രെയും ഞാൻ അഭിനന്ദിക്കുന്നു.
ആഴപ്പെടേണ്ട വിശ്വാസജീവിതം
കുടുംബങ്ങളുടെയും യുവജനങ്ങളുടെയും കുട്ടികളുടെയും വിശ്വാസരൂപീകരണവും വിശ്വാ സശക്തീകരണവും സഭയുടെ കരുതലിന്റെ ഭാഗമാണ്. ലോകമെമ്പാടും സീറോമലബാർ സഭ വളർന്നതിന്റെപിന്നിൽ പ്രവാസികളുടെ വിശ്വാസതീക്ഷ്ണത പ്രധാനപ്പെട്ട ഘടകമായി രുന്നുവെന്നതു നിസ്തർക്കമാണ്. തങ്ങളുടെ പൂർവികരുടെ അതേ വിശ്വാസതീക്ഷ്ണ തയോടെ മക്കളെ വളർത്താൻ പുതിയ തലമുറയിലെ ഭൂരിപക്ഷം മാതാപിതാക്കളും പരി ശ്രമിക്കുന്നുവെന്നതു നമുക്ക് അഭിമാനകരമാണ്. എന്നാൽ, ഇന്ന് അനുദിനജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയിരിക്കുന്ന ഡിജിറ്റൽ സങ്കേതങ്ങളാൽ പ്രത്യേകിച്ച്, സമൂഹ മാധ്യമങ്ങളാൽ സ്വാധീനിക്കപ്പെടുന്നവരിൽ പ്രകടമായിക്കൊണ്ടിരിക്കുന്ന സാംസ്കാരിക നിരീശ്വരത്വത്തിന്റെ സ്വാധീനം അനുദിനം വർധിതമാകുന്ന ഈ കാലഘട്ടത്തിൽ, നമ്മുടെ കുടുംബങ്ങളുടെ വിശ്വാസപരിശീലനം ഏറെ പ്രാധാന്യമർഹിക്കുന്നു. ഏകരക്ഷകനായ ഈശോമിശിഹായെക്കുറിച്ചും മിശിഹായുടെ മൗതികശരീരമായ സഭയെക്കുറിച്ചുമുള്ള ബോധ്യങ്ങൾ വിശ്വാസജീവിതത്തിൽ നിരന്തരം ആഴപ്പെടുത്തേണ്ടതുണ്ട്. വിശ്വാസതീക്ഷ്ണ തയിൽ കുടുംബങ്ങളെയും യുവജനങ്ങളെയും കുട്ടികളെയും കാലത്തിനൊത്തു വളർ ത്താൻ ഉതകുന്നരീതിയിൽ അജപാലനപ്രവർത്തനങ്ങൾ ക്രമീകരിക്കാൻ എല്ലാവരോടും അഭ്യർഥിക്കുന്നു. മൂല്യശോഷണം, വ്യക്തിവാദം, സാമ്പത്തിക സമ്മർദങ്ങൾ, തലമുറകൾ തമ്മിലുള്ള അകലം, ഡിജിറ്റൽ സംസ്കാരത്തിന്റെ സ്വാധീനം തുടങ്ങിയ നിരവധി വെല്ലു വിളികളെ നമ്മുടെ കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ, കുടുംബജീവിത ത്തിലേക്കുള്ള ദൈവവിളിയെ വിലമതിക്കാനും വിവാഹമെന്ന കൂദാശയുടെ കൃപകൾ സ്വീകരിക്കാനും യുവജനങ്ങളെ സജ്ജരാക്കേണ്ടതുണ്ട്. അതോടൊപ്പംതന്നെ കുടുംബങ്ങ ളെയും സമൂഹത്തെയും തകർക്കുന്ന മദ്യം, മയക്കുമരുന്നു തുടങ്ങിയ സാമൂഹികതിന്മ കൾക്കെതിരെയുള്ള പോരാട്ടവും ബോധവത്ക്കരണവും നാം കൂടുതൽ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു.
പ്രേഷിതപ്രവർത്തനത്തിനു നവോന്മേഷം
ഭാരതംമുഴുവൻ അജപാലനശുശ്രൂഷയും സുവിശേഷപ്രഘോഷണവും നടത്താനുള്ള സാധ്യത ലഭിച്ചതുമുതൽ, ഏറെ പരിമിതികൾക്കുള്ളിൽനിന്നുകൊണ്ടുതന്നെ സുവിശേഷ വത്ക്കരണപ്രവർത്തനങ്ങൾ സീറോമലബാർസഭ നടത്തിവരുന്നു. “കൈ്രസ്തവൻ ആയിരി ക്കുക എന്നാൽ സുവിശേഷകൻ ആയിരിക്കുക എന്നുകൂടിയാണ്” (CCC 900) എന്ന ബോധ്യം നമുക്കുണ്ടാകണം. “നിങ്ങൾ ലോകമെങ്ങുംപോയി സുവിശേഷം പ്രഘോഷിക്കു വിൻ”(മർക്കോ.16:15) എന്ന കല്പന ലഭിച്ചവരായതുകൊണ്ടു, സുവിശേഷപ്രഘോഷണം നമ്മുടെ വിശ്വാസജീവിതത്തിന്റെ അവിഭാജ്യഭാഗമാണ്. ഇന്ത്യൻ ഭരണഘടനയുടെ 25ാം അനുച്ഛേദത്തിലൂടെ ഏതു മതത്തിലും വിശ്വസിക്കാനും വിശ്വാസം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഉറപ്പുനല്കിയിട്ടുണ്ടല്ലോ. നമ്മുടെ വിശ്വാസത്തിൽനിന്നു ഉട ലെടുക്കുകയും എന്നാൽ മതവിശ്വാസങ്ങൾക്കതീതമായി എല്ലാവരെയും ആശ്ലേഷിക്കുന്നതു മാണു സഭയുടെ സേവനമേഖലകൾ. എന്നാൽ, നിർബന്ധിത മതപരിവർത്തനം എന്ന ആരോപണം ഉന്നയിച്ചു നമ്മുടെ വിശ്വാസ ജീവിതത്തെയും ജീവകാരുണ്യവിദ്യാഭ്യാസ ശുശ്രൂഷകളെയും തടസ്സപ്പെടുത്തുന്ന പ്രവണതകൾ ഇന്ത്യയുടെ മതേതരസ്വഭാവത്തിനു യോജിച്ചതല്ല എന്നും നാം തിരിച്ചറിയേണ്ടതുണ്ട്.
2024ലെ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ നിർദേശപ്രകാരം ‘ജീവൻജ്യോതി’ എന്ന പേരിൽ അല്മായ പ്രേഷിതമുന്നേറ്റത്തിനു സഭാതലത്തിൽ തുടക്കം കുറിച്ചിട്ടുണ്ട്. 2033ലെ രക്ഷാകരസംഭവത്തിന്റെ മഹാജൂബിലി ലക്ഷ്യമാക്കി സഭയുടെ പ്രേഷിതദൗത്യ ത്തിനു പുതിയ ഉണർവുനല്കുന്ന പദ്ധതിയാണു ജീവൻജ്യോതി വിഭാവനംചെയ്യുന്നത്. ഈ മുന്നേറ്റത്തിന്റെ ഭാഗമായി ഓരോ രൂപതയിലും പ്രേഷിതപ്രവർത്തനങ്ങൾ ആരംഭി ക്കാനും ശക്തിപ്പെടുത്താനും ആഹ്വാനംചെയ്യുന്നു. വളരെ ദുർഘടമായ സാഹചര്യങ്ങളിലും ഈശോയ്ക്കു സാക്ഷ്യംവഹിക്കുന്ന മിഷനറിമാരെ സഭ ഏറെ വാത്സല്യപൂർവം അഭിവാദനംചെയ്യുന്നു.
പരിഹാരം കാണേണ്ട ജീവിതപ്രശ്നങ്ങൾ
കേരളത്തിൽനിന്നുള്ള ഏതാനും പാർലമെന്റ്, നിയമസഭാസാമാജികരുമായി സംവദിച്ചു സഭയും സമൂഹവും നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരസ്പരം ശ്രദ്ധയിൽപ്പെടുത്താനും പരിഹാരങ്ങൾ അന്വേഷിക്കാനും സിനഡുപിതാക്കന്മാർക്ക് അവസരം ലഭിച്ചു. ആവശ്യമായ കൂടിയാലോചനകൾക്കു ശേഷം ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സമയ ബന്ധിതമായി നടപ്പാക്കണമെന്നും അധ്യാപകനിയമനപ്രതിസന്ധിയുൾപ്പെടെ വിദ്യാഭ്യാസ മേഖല നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾക്കും വർഷങ്ങളായി തീരുമാനമാകാതെ നീളുന്ന പരിസ്ഥിതിലോലമേഖലകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്നുള്ള ആവശ്യങ്ങൾ ജനപ്രതിനിധികളുടെമുൻപിൽ അവതരി പ്പിച്ചു. അതോടൊപ്പം, നിയമവിധേയമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസസാമൂഹിക സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന നിയമനിർമാണ ങ്ങൾ അവതരിപ്പിക്കപ്പെടുന്നതിലുള്ള ആശങ്കയും പങ്കുവച്ചു. രാജ്യത്തെ നിയമങ്ങളും ഭരണഘടനാപരമായ അവകാശങ്ങളും മാനിച്ചു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ പ്രതി കൂലമായി ബാധിക്കുന്ന നിയമവ്യവസ്ഥകൾ രൂപപ്പെടുന്നത് ഏറെ ഉൽകണ്ഠാജനകമാണ്. അതേസമയം, ദുർഘടമായ പാതകളിലൂടെ സഞ്ചരിച്ചുകൊണ്ടാണു സഭ എന്നും ലോക ത്തിന്റെ പ്രകാശമായി നിലകൊണ്ടിട്ടുള്ളതെന്നു നാം മറക്കരുത്. പ്രതിസന്ധികളെ അതി ജീവിച്ചു സത്യത്തിനും നീതിക്കും മനുഷ്യന്റെ അന്തസ്സിനുംവേണ്ടി ശബ്ദമുയർത്തിക്കൊണ്ടു സമൂഹത്തിന്റെ നന്മയ്ക്കായുള്ള സഭയുടെ ദൗത്യം കൂടുതൽ ശക്തമായി നമുക്കു തുടരാം.
കൂട്ടായ്മ നമ്മുടെ ഉത്തരവാദിത്വം
പ്രതിസന്ധികളും വെല്ലുവിളികളും ഉണ്ടെങ്കിലും, “സ്വർഗത്തിലും ഭൂമിയിലുമുള്ള സർവ അധികാരവും നല്കപ്പെട്ടിരിക്കുന്ന” (മത്താ.28:18) നമ്മുടെ കർത്താവിലാണു നമ്മുടെ പ്രത്യാശ. ‘കർത്താവു കൂടെനടക്കുന്ന ജനമെന്ന’നിലയിൽ (പുറ. 33:14) കൂടുതൽ കരു ത്തോടെ മുന്നോട്ടുപോകേണ്ടവരാണ് നാം. നമ്മുടെ സഭയുടെ ഒരുമിച്ചുള്ള യാത്രയിൽ വലിയൊരു ചുവടുവയ്പായിരുന്നു അൾത്താരയിലെ എെക്യം. വ്യത്യസ്തമായ കുർബാന അർപ്പണരീതികൾ നമ്മുടെ സഭയുടെ എെക്യബോധത്തെ സാരമായി ബാധിച്ചുവെന്ന തിരിച്ചറിവിലാണു 1999 മുതൽ ഐക്യശ്രമങ്ങൾ ആരംഭിച്ചത്. അതു പൂർണമായി നടപ്പിൽ വരുത്താൻ സാധിക്കാത്തതു ദുഃഖകരമാണ്. എന്നാൽ വാക്കുകൾകൊണ്ടു പരസ്പരം മുറി പ്പെടുത്തി ഒരിക്കലും ഐക്യം സാധ്യമാക്കാനാവില്ലെന്നു നാം തിരിച്ചറിയണം. പരിശുദ്ധ പിതാവു ലെയോ പതിനാലാമൻ മാർപാപ്പാ ആഹ്വാനംചെയ്തതുപോലെ, “നമ്മുടെ വാക്കുകൾ നിരായുധീകരിക്കാം; അങ്ങനെ ലോകത്തെ നിരായുധീകരിക്കാൻ നമുക്കു സഹായിക്കാം. അതിനാൽ ഉപയോഗിക്കുന്ന വാക്കുകൾ, നമുക്കുള്ള മുൻവിധികൾ, അവയിൽ ഒളിഞ്ഞുകിടക്കുന്നതോ പ്രകടമായതോ ആയ ആക്രമണോത്സുകത എന്നിവയെ ക്കുറിച്ചു നാമെല്ലാവരും ആത്മശോധന ചെയ്യേതുണ്ട്” (മാനവമഹത്വം, 214).
നിരന്തരമായ പ്രാർഥനയും വ്യക്തിപരമായ മാനസാന്തരവും പരസ്പരമുള്ള അനുരഞ്ജന വുംമാത്രമേ ശാശ്വതമായ സമാധാനത്തിലേക്കു നയിക്കൂ. ‘നീതിയില്ലാതെ സമാധാനം നില നില്ക്കുകയില്ല’ എന്ന സത്യം അംഗീകരിക്കുമ്പോഴും കോടതിവ്യവഹാരങ്ങളിലൂടെയല്ല സഭയിൽ സമാധാനം നേടേണ്ടതെന്നു എല്ലാവരും തിരിച്ചറിയണം. ജയപരാജയങ്ങളിലല്ല, ക്രൂശിതന്റെ വിധേയത്വത്തിലൂടെയാണു രക്ഷ കൈവരുന്നത്. ദൈവകൃപയിൽ ആശ്രയി ച്ചുകൊണ്ടു അഭിവന്ദ്യ പിതാക്കന്മാരുടെ നിർദേശങ്ങൾ സ്വീകരിച്ച് ഐക്യത്തിന്റെ സന്ദേശ വാഹകരാകാൻ നമുക്കു ശ്രമിക്കാം. “ദൈവകൃപ സംഘർഷങ്ങളെ അത്ഭുതകരമായി ഒറ്റയടിക്ക് ഇല്ലാതാക്കുന്നില്ല; മറിച്ച്, അത് തിന്മയ്ക്കെതിരെയുള്ള സജീവമായ പ്രതിരോധ ത്തിനും തിന്മയെ മറികടക്കുന്നതിലെ അത്ഭുതകരമായ സർഗാത്മകതയ്ക്കും പ്രചോദന മേകുന്നു” (മാനവമഹത്വം, 211) എന്ന പരിശുദ്ധ പിതാവു ലെയോ മാർപാപ്പയുടെ പ്രബോധനം ഏറെ പ്രസക്തമാണ്. നന്മയുടെ പുതിയ മാനങ്ങൾ തേടിക്കൊണ്ടു പരിമിതി കളെ മറികടക്കാൻ നമുക്കു പരിശ്രമിക്കാം.
കാലാനുസൃതമായ പുരോഹിതപരിശീലനം
പൗരോഹിത്യ ദൈവവിളികളാൽ സഭയെ സമ്പന്നമാക്കുന്ന സർവശക്തനായ ദൈവത്തിനു നമുക്കു നന്ദിപറയാം. ആധുനികലോകത്തിൽ വൈദികർ അഭിമുഖീകരിക്കുന്ന വിവിധ വെല്ലുവിളികൾ സിനഡു ചർച്ചയ്ക്കു വിഷയമാക്കുകയും ആവശ്യമായ ഇടപെടലുകൾ നട ത്തുന്നതിനു വൈദികർക്കുവേണ്ടിയുള്ള കമ്മീഷനെ ചുമതലപ്പെടുത്തുകയുംചെയ്തു. വൈദികവിദ്യാർഥികളുടെ പരിശീലനം കാലത്തിനനുസൃതമായി പരിഷ്കരിക്കുന്നതിനു തയ്യാറാക്കിയ പാഠ്യപദ്ധതി മൈനർ സെമിനാരിമുതൽ ആരംഭിച്ചുവെന്നതു സന്തോഷ കരമാണ്.
വിശ്വാസതീക്ഷ്ണതയാൽനിറഞ്ഞു സഭയുടെ മനുഷ്യരായി മിശിഹായ്ക്കു സാക്ഷ്യംനല്കാൻ വൈദികർക്കു സാധിക്കുമ്പോഴാണു ലോകത്തിന്റെ അതിർത്തികൾവരെ സുവിശേഷം വ്യാപിക്കുന്നത്.
സമർപ്പിതജീവിതത്തിലേക്കുള്ള ദൈവവിളികളെക്കുറിച്ചും സഭ ദൈവത്തിനു നന്ദി പറയുന്നു. സമർപ്പിതസമൂഹങ്ങളിലൂടെ എത്രമാത്രം അനുഗ്രഹങ്ങളാണു ദൈവം നമുക്കു ചൊരിയുന്നത്. കാരുണ്യ വിദ്യാഭ്യാസമേഖലകളിലും പ്രേഷിതപ്രവർത്തനങ്ങളിലും ത്യാഗ നിർഭരമായി ശുശ്രൂഷചെയ്യുന്ന സമർപ്പിതർ സുവിശേഷത്തിന്റെ സൗരഭ്യം ലോകത്തിൽ പ്രസരിപ്പിക്കുന്നവരാണ്. അതിനാൽത്തന്നെ സമർപ്പിതജീവിതത്തിലേക്കുള്ള ദൈവവിളി കളെ പ്രോത്സാഹിപ്പിക്കുകയും പ്രാർഥിക്കുകയും ചെയ്യേണ്ടതുണ്ട്. സിനഡു സമ്മേളന ത്തിന്റെ ഭാഗമായി സമർപ്പിതസമൂഹങ്ങളുടെ മേജർ സുപ്പീരിയർമാരുമായി നടത്തിയ കൂടിക്കാഴ്ച വളരെ ഫലപ്രദമായിരുന്നു.
സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ
സീറോമലബാർസഭയുടെ പുരാതനവും സമ്പന്നവുമായ പൈതൃകം കാത്തുസൂക്ഷിക്കുന്ന തിനും പഠിപ്പിക്കുന്നതിനും ഗവേഷണങ്ങൾ നടത്തുന്നതിനും സഹായിക്കുന്ന ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ പൊതുസമൂഹത്തിനായി തുറന്നുകൊടുക്കാൻ നമുക്കു കഴിഞ്ഞു. ഈ കേന്ദ്രത്തിൽ സജ്ജീകരിച്ചിരിക്കുന്ന സെന്റ് തോമസ് ഹെറിറ്റേജ് മ്യൂസിയം കേരള ത്തിലേതന്നെ പ്രധാനപ്പെട്ട ക്രിസ്ത്യൻ മ്യൂസിയങ്ങളിലൊന്നാണ്. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സ്ഥാപിച്ചിരിക്കുന്ന ഈ പൈതൃകകേന്ദ്രവും മ്യൂസിയവും സന്ദർശിക്കാൻ ഏവരെയും സ്നേഹപൂർവം സ്വാഗതംചെയ്യുന്നു.
കോട്ടയം അതിരൂപതയ്ക്കു സഹായമെത്രാൻ
കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി പെരിയ ബഹുമാനപ്പെട്ട ആനിമൂട്ടിൽ തോമസച്ചനെ നിയമിച്ചതു സീറോമലബാർസഭയ്ക്കാകെ ഏറെ സന്തോഷകരമായ കാര്യമാണ്. ബഹുമാനപ്പെട്ട തോമസ് അച്ചന് എല്ലാവിധ ദൈവാനുഗ്രഹങ്ങളും ലഭിക്കട്ടെ യെന്നു പ്രാർഥിക്കുകയും അദ്ദേഹത്തിന്റെ ശുശ്രൂഷകൾക്കു ആശംസകളും ഭാവുകങ്ങളും നേരുകയുംചെയ്യുന്നു.
പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ,
ദൈവികപരിപാലനയിൽ നടന്ന ഈ സിനഡ്, നമ്മുടെ സഭയെ ദൈവഹിതത്തിന് അനുസൃതമായി രൂപപ്പെടുത്തുന്നതിനുള്ള പുതിയ ഉത്തരവാദിത്വബോധമാണ് നമ്മിൽ ഉണർത്തുന്നത്. പ്രതിസന്ധികളിൽ തളരാതെ, വെല്ലുവിളികളിൽ പതറാതെ, കർത്താവിൽ പ്രത്യാശയർപ്പിച്ചു വിശ്വാസത്തിലും കൂട്ടായ്മയിലും പ്രേഷിത തീക്ഷ്ണതയിലും നമുക്കു മുന്നേറാം.
കേരളത്തിൽ മൺസൂൺ മഴയെത്തുടർന്നുണ്ടായ ദുരന്തങ്ങളിൽ ദുരിതമനുഭവിക്കുന്ന വരുടെ കുടുംബങ്ങളോടുള്ള നമ്മുടെ സഭയുടെ ഹൃദയപൂർവമായ എെക്യദാർഢ്യം രേഖപ്പെടുത്തുന്നു. അതോടൊപ്പം, നേപ്പാളിൽ സംഭവിച്ച ദാരുണമായ പ്രകൃതി ദുരന്ത ത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുകയും വീടും ഉപജീവന മാർഗങ്ങളും ഇല്ലാതായവർക്കുവേണ്ടി പ്രാർഥിക്കുകയുംചെയ്യുന്നു.
പരിശുദ്ധ കന്യകാമറിയത്തിന്റെയും മാർ തോമാശ്ലീഹായുടെയും നമ്മുടെ സഭയിലെ എല്ലാ വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും മാധ്യസ്ഥ്യംതേടിക്കൊണ്ടു, നമ്മുടെ സഭയെയും കുടുംബങ്ങളെയും കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കാം. പരിശുദ്ധാത്മാവു നമ്മുടെ യാത്ര നയിക്കുകയും മിശിഹായിൽ ഒന്നായ ഒരു സഭയായി കൂടുതൽ ശക്തിയോടെ സുവിശേഷത്തിനു സാക്ഷ്യംവഹിക്കാൻ നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ.
കാക്കനാട് മൗണ്ട് സെന്റ് തോമസിലുള്ള മേജർ ആർച്ചുബിഷപ്പിന്റെ കാര്യാലയത്തിൽ നിന്നു 2026ാം ആണ്ട് ആഗസ്റ്റ് മാസം 28ാം തീയതി നല്കപ്പെട്ടത്.
✠ റാഫേൽ തട്ടിൽ
സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്



