പ്രത്യാശയുടെ വാതില്‍ തുറക്കുന്ന പുതുതുടക്കം

Published on

പുതിയ ഒരു വര്‍ഷത്തിന്റെ പ്രഭാതത്തില്‍ നാം എല്ലാവരും പ്രത്യാശയുടെയും നവീകരണത്തിന്റെയും വാതില്‍പ്പടിയില്‍ നില്‍ക്കുകയാണ്. ഓരോ പുതുവത്സരവും ദൈവം നമുക്ക് സമ്മാനിക്കുന്ന പുതിയ തുടക്കത്തിനുള്ള അവസരമാണ്. കഴിഞ്ഞ വഴികളെ തിരിഞ്ഞുനോക്കി വിലയിരുത്താനും ഉണ്ടായ പിഴവുകള്‍ തിരിച്ചറിഞ്ഞ് തിരുത്താനും അതോടൊപ്പം തന്നെ പുതുമയുള്ള തീരുമാനങ്ങളോടും സ്വപ്നങ്ങളോടും കൂടി മുന്നോട്ട് കടക്കാനും അത് നമ്മെ ക്ഷണിക്കുന്നു. കാലത്തിന്റെ വെല്ലുവിളികളും ലോകത്തെ അലട്ടുന്ന യുദ്ധങ്ങളും അക്രമങ്ങളും അസഹിഷ്ണുതകളും മനുഷ്യമനസ്സില്‍ ആശങ്കകള്‍ വിതറുമ്പോഴും ക്രിസ്തുവില്‍ നമുക്ക് ലഭിച്ച പ്രത്യാശ ഒരിക്കലും അസ്തമിക്കാത്ത ദീപമായി തുടരുന്നു. പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനു നമുക്കുള്ള ബലം ഏതു പ്രതിസന്ധികളുടെ നടുവിലും ദൈവം നമ്മുടെ കൂടെയുണ്ട് എന്ന വിശ്വാസത്തില്‍നിന്നും ഉളവാകുന്ന പ്രത്യാശയാണ്.

ഈ പ്രത്യാശ ഓര്‍മ്മകളില്‍ ഒതുങ്ങാതെ പ്രവൃത്തിയായി മാറേണ്ടതുണ്ട്. കാരുണ്യവും ദാനവും ക്രൈസ്തവജീവിതത്തിന്റെ ഹൃദയഭാഷയാണ്. വിശപ്പുള്ളവര്‍ക്ക് ആഹാരം നല്‍കുകയും, വേദനിക്കുന്നവനെ ആശ്വസിപ്പിക്കുകയും അവഗണിക്കപ്പെടുന്നവരോടൊപ്പം നില്‍ക്കുകയും ചെയ്യുന്നിടത്താണ് യഥാര്‍ഥ പുതുവത്സര നവീകരണം ആരംഭിക്കുന്നത്. വ്യക്തികളായും കുടുംബങ്ങളായും സമൂഹമായും കാരുണ്യത്തിന്റെയും ആര്‍ദ്രതയുടെയും സംസ്‌കാരം വളര്‍ത്തുമ്പോള്‍ ലോകം കൂടുതല്‍ മനുഷ്യസൗഹാര്‍ദ്ദവും  ദൈവത്തിന്റെ സാന്നിധ്യമുള്ളതുമായിത്തീരും.

 ഇന്നത്തെ ലോകത്തിന് ഏറ്റവും അവശ്യമായ മൂല്യങ്ങളില്‍ ഒന്നാണ് സഹിഷ്ണുത. മതം, സംസ്‌കാരം, ഭാഷ, അഭിപ്രായവ്യത്യാസങ്ങള്‍ എന്നിവയെ ആദരിക്കുകയും പരസ്പര ബഹുമാനത്തോടെയും സംവാദത്തോടെയും ജീവിക്കുവാന്‍ പഠിക്കുകയുമാണ് സമാധാനത്തിന്റെ വഴി. സമാധാനപൂര്‍വ്വകമായ  സഹജീവനവും സഹവര്‍ത്തിത്വവും അസാധ്യമാക്കുന്ന  അസഹിഷ്ണുത നമ്മുടെ ഇടയില്‍ വര്‍ധിച്ചുവരുന്നതിനെ നാം നിസാരമായി അവഗണിക്കരുത്. അസഹിഷ്ണുതയും വിദ്വേഷവും വര്‍ധിക്കുന്ന ഈ കാലഘട്ടത്തില്‍ പരസ്പരം കുറ്റപ്പെടുത്തുന്നതിന് പകരം പുതുവത്സരം നമുക്ക് പുതിയ തീരുമാനങ്ങള്‍ എടുക്കാനുള്ള ധൈര്യം നല്‍കട്ടെ. സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും വഴി തിരഞ്ഞെടുക്കാനുള്ള ധൈര്യം.

 പുതിയവര്‍ഷം നവീകരിക്കപ്പെടാനുള്ള അവസരമാണ്. അവനവനെത്തന്നെ നവീകരിക്കാനും സ്വയംപുതുക്കിപ്പണിയാനുമുള്ള അവസരം. ഈ നവീകരണപ്രക്രിയയില്‍ നമ്മുടെ ചിന്തകള്‍ നവീകരിക്കപ്പെടണം, പ്രവര്‍ത്തനങ്ങള്‍ നവീകരിക്കപ്പെടണം. ബന്ധങ്ങള്‍ പുതുക്കിപ്പണിയണം. കുടുംബബന്ധങ്ങള്‍ മുതല്‍ സാമൂഹികബന്ധങ്ങള്‍ വരെ  ഇത്തരത്തില്‍ പുതുതായ രീതിയിലുള്ള പുതുക്കിപ്പണിയല്‍ ആവശ്യപ്പെടുന്നുണ്ട്.  സഭയോടും ദൈവത്തോടുമുള്ള ബന്ധത്തില്‍ എവിടെയെങ്കിലും വിള്ളലുകള്‍ വീണിട്ടുണ്ടോയെന്ന് നാം അന്വേഷിക്കണം.  ആശയപരമായി നമ്മെ അകറ്റിനിര്‍ത്തിയിരിക്കുന്ന അത്തരം കാരണങ്ങള്‍  കണ്ടെത്തുകയും  പരിഹരിക്കപ്പെടുകയും  വേണം. അപ്പോള്‍ മാത്രമേ വീണ്ടും പൂര്‍വാധികം ശക്തിയോടും സ്‌നേഹത്തോടും കൂടി ഒന്നായിത്തീരാന്‍ നമുക്ക് സാധിക്കുകയുള്ളൂ. എവിടെയൊക്കെയാണ് നമ്മുക്ക് ദൈവത്തോടും മനുഷ്യരോടുമുള്ള ബന്ധം നഷ്ടമായതെന്നും സ്‌നേഹം മാഞ്ഞുപോയതെന്നും ചിന്തിക്കാനും കണ്ടെത്താനുമുള്ള അവസരം കൂടിയാണ് പുതുവര്‍ഷം.

 കഴുകനെക്കുറിച്ച് നാം പറഞ്ഞുകേട്ടിട്ടുണ്ടല്ലോ, ഏകാന്തതയിലേക്കു സ്വയംപിന്‍വാങ്ങി ഏറെ വേദനയോടെയാണെങ്കിലും ശരീരത്തിലെ തൂവലുകള്‍ പിഴുതെറിഞ്ഞ് വീണ്ടും പുതുതാകാന്‍  ശ്രമിക്കുന്ന തയ്യാറെടുപ്പുകളെക്കുറിച്ച്.. വേദനയോടെയാണെങ്കിലും ഇത്തരത്തിലുള്ള നവീകരണപ്രക്രിയകള്‍ സഭാതലത്തിലും കുടുംബസാമൂഹികതലങ്ങളിലും നാം നടത്തിയേ തീരൂ. എങ്കില്‍ മാത്രമേ ക്രിസ്തു ആഗ്രഹിക്കുന്നവിധത്തിലുള്ള പുതുസൃഷ്ടിയായിത്തീരാന്‍ നമുക്ക് സാധിക്കുകയുള്ളൂ. അതിനു നമ്മളാദ്യം ചെയ്യേണ്ടത് ക്രിസ്തുവില്‍ പുതിയ സൃഷ്ടിയായിത്തീരുകയാണ്. ക്രിസ്തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്ടിയാണ്. പഴയതു കടന്നുപോയി, ഇതാ പുതിയതു വന്നുകഴിഞ്ഞു (2 കോറി 5:17).

പഴയതിനെയോര്‍ത്ത് നാം ഇനി കണ്ണീരൊഴുക്കരുത്. പഴയകാര്യങ്ങള്‍ പറഞ്ഞ് നാം ഇനി പിറുപിറുക്കരുത്. പഴയതിനെ പുറത്തെടുത്ത് കീറിമുറിക്കരുത്. കാരണം പഴയതു കടന്നുപോയിരിക്കുന്നു. കഴിഞ്ഞകാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയോ പരിഗണിക്കുകയോ വേണ്ട. ഇതാ ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു. അത് മുളയെടുക്കുന്നത് നിങ്ങള്‍ അറിയുന്നില്ലേ? ഞാന്‍ വിജനദേശത്തു ഒരു പാതയും മരുഭൂമിയില്‍ നദികളും ഉണ്ടാക്കും (ഏശയ്യ 43:18-19).

 ഈ തിരുവചനത്തില്‍ വിശ്വസിച്ചു നമുക്കു പുതുവര്‍ഷത്തെ സ്വീകരിക്കാം. അസാധ്യതകള്‍ക്കിടയിലും ദൈവം എല്ലാം സാധ്യമാക്കുമെന്ന് ഉറച്ചുവിശ്വസിക്കുകയും ചെയ്യാം. സീറോമലബാര്‍വിഷന്റെ പ്രിയ വായനക്കാര്‍ക്ക് നന്മനിറഞ്ഞ, ദൈവാനുഗ്രഹങ്ങള്‍ നിറഞ്ഞ പുതുവര്‍ഷം സ്‌നേഹത്തോടെ ആശംസിക്കുന്നു.

മാർ റാഫേല്‍ തട്ടില്‍, സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്

Latest Updates

POPULAR Views

FEATUERD Views

ഇടയലേഖനം ദുക്‌റാന തിരുനാള്‍ – സഭാദിനം 2026

സീറോമലബാര്‍സഭയുടെ മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്മാര്‍ക്കും...

സാങ്കേതിക മുന്നേറ്റങ്ങളിൽ മനുഷ്യൻ കേന്ദ്രമാകണം

ശാസ്ത്രസാങ്കേതികവിദ്യയുടെ വിപ്ലവകരമായ പുരോഗതിയിലൂടെ ലോകം അതിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു...

വിദ്യാലയങ്ങള്‍ തണല്‍മരങ്ങളാകട്ടെ

പുതിയൊരു അധ്യയന വര്‍ഷത്തിന്റെ വാതില്‍ക്കല്‍ നാം എത്തിനില്‍ക്കുകയാണല്ലോ. വേനലവധിക്ക് ശേഷം വിദ്യാലയങ്ങളിലേക്ക്...

സീറോമലബാര്‍ സഭയുടെ വലിയ ഇടയന്‍ സപ്തതി നിറവില്‍

കാക്കനാട്:  മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെ എഴുപതാം ജന്മദിനാഘോഷങ്ങള്‍...

ദൈവവിളി: സഭയുടെ ഹൃദയതാളവും പ്രേഷിതദൗത്യത്തിന്റെ ആത്മാവും

ദൈവവിളി എന്നത് കേവലം ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പല്ല, മറിച്ച് അനാദിയിലെ ദൈവത്തിന്റെ ഹൃദയത്തില്‍ രൂപംകൊണ്ട സ്‌നേഹപൂര്‍ണ്ണമായ ഒരു ക്ഷണമാണ്. 'നീ ഗര്‍ഭപാത്രത്തില്‍ രൂപപ്പെടുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ ശുദ്ധീകരിച്ചു' (ജെറമിയ 1:5) എന്ന പ്രവാചകവചനം ഓരോ ദൈവവിളിയുടെയും ആഴമേറിയ ബൈബിള്‍പരമായ അടിസ്ഥാനം നമുക്ക് വെളിപ്പെടുത്തിത്തരുന്നു.  ദൈവത്തിന്റെ വലിയൊരു ദാനമാണ് ഓരോ വിളിയും.

ഈസ്റ്റര്‍: തളരാത്ത പ്രത്യാശയുടെയും അതിജീവനത്തിന്റെയും തിരുനാള്‍

 മരണത്തിന്റെ മേല്‍ വിജയം വരിച്ച ഉത്ഥിതനായ മിശിഹായുടെ സ്‌നേഹവും സമാധാനവും നിങ്ങളോടുകൂടെ...

കുരിശിന്റെ വഴിയിലൂടെ ഉത്ഥാനത്തിന്റെ പ്രകാശത്തിലേക്ക്…

സീറോ മലബാര്‍ സഭയുടെ ആരാധനാക്രമ വത്സരത്തിലെ ഏറ്റവും ചൈതന്യവത്തായ 'നോമ്പുകാലത്തിലൂടെ' നാം...

സിനഡനന്തര സര്‍ക്കുലര്‍

സീറോമലബാര്‍സഭയുടെ മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും ത്‌ന്റെ അജപാലനശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്.  കര്‍ത്താവിന്റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.

പൗരസംസ്‌കാരം: അവകാശങ്ങളുടെ പ്രഘോഷണമല്ല, കടമകളുടെ സാക്ഷാത്കാരം

വിശുദ്ധ ഗ്രന്ഥം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് 'സ്വതന്ത്രരായി ജീവിക്കുവിന്‍; എന്നാല്‍ നിങ്ങളുടെ സ്വാതന്ത്ര്യത്തെ തിന്മയ്ക്കുള്ള മറയാക്കരുത്; ദൈവത്തിന്റെ ദാസന്മാരായി ജീവിക്കുവിന്‍' (1 പത്രോസ് 2:16) എന്നാണ്. സ്വാതന്ത്ര്യം എന്നത് ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള മോചനമല്ല, മറിച്ച് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള കരുത്താണ്. തന്റെ വ്യക്തിപരമായ നിലപാടുകളും പ്രവൃത്തികളും സമൂഹത്തിന്റെ പൊതുവായ സുസ്ഥിതിയെ എപ്രകാരം ബാധിക്കുന്നു എന്ന തിരിച്ചറിവാണ് പൗരബോധത്തിന്റെ ആണിക്കല്ല്.

മരിയഭക്തിക്കൊരു മാര്‍ഗരേഖ

കത്തോലിക്കാസഭ മാതാവിനു നല്കുന്ന ബഹുമാനത്തില്‍നിന്നു പിന്നോട്ടുപോവുകയാണെന്നും പ്രൊട്ടസ്റ്റന്റുകാര്‍ നല്‍കിയിരുന്ന ആശയങ്ങള്‍ അംഗീകരിക്കുകയാണെന്നുമുള്ള തെറ്റിദ്ധരിപ്പിക്കുന്ന ചര്‍ച്ചകളും വ്യാഖ്യാനങ്ങളും സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള തിരുസഭയുടെ അടിസ്ഥാനപ്രബോധനങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്നു വ്യക്തമാക്കിക്കൊണ്ടുള്ള  സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ സര്‍ക്കുലര്‍. 

ഒരുമിച്ചുനടക്കാനുള്ള പാതകള്‍

സഭയ്ക്കുള്ള പലവിശേഷണങ്ങളിലൊന്നാണ് തീര്‍ഥാടകയായ സഭ. വാസ്തവത്തില്‍ വളരെ അന്വര്‍ത്ഥമായ വിശേഷണം കൂടിയാണ്...

വിശുദ്ധിയിലൂടെ സമാധാനത്തിലേക്ക്…

ദൈവത്തിന് നമ്മെക്കുറിച്ചുള്ള ആഗ്രഹവും സ്വപ്‌നവും നാം ഓരോരുത്തരും വിശുദ്ധരായിത്തീരണം എന്നതാണ്. അശുദ്ധിയിലേക്കല്ല...