ആധുനിക ഇന്ത്യയുടെ നിര്‍മിതിയിലും സമഗ്രമായ പുരോഗതിയിലും കത്തോലിക്കാസഭയും അതിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളും (NGOs) വഹിച്ച പങ്ക് ചരിത്രത്തില്‍ സുവര്‍ണ്ണാക്ഷരങ്ങളാല്‍ എഴുതപ്പെട്ടതാണ്. ക്രിസ്തുവിന്റെ സ്‌നേഹവും കരുണയും പ്രവൃത്തിപഥത്തില്‍ എത്തിക്കുക എന്ന ദൗത്യം മുന്‍നിര്‍ത്തി, പ്രതിഫലേച്ഛയില്ലാത്ത സേവനത്തിലൂടെ രാഷ്ട്ര പുനര്‍നിര്‍മ്മാണത്തില്‍ വലിയൊരു അധ്യായമാണ് സഭ എഴുതിച്ചേര്‍ത്തത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് മുന്‍പും പിന്‍പും ഇന്‍ഫ്രാസ്ട്രക്ചര്‍ പോലും ഇല്ലാതിരുന്ന വിദൂര ഗ്രാമങ്ങളില്‍ അറിവിന്റെയും ആശ്വാസത്തിന്റെയും പുതിയ വെളിച്ചമെത്തിക്കാന്‍ നമ്മള്‍ കാണിച്ച ആത്മാര്‍ത്ഥത നാടിന്റെ വികസനത്തിന് അടിത്തറയിട്ടു.
വിദ്യാഭ്യാസ രംഗത്ത് കത്തോലിക്കാ സംഘടനകള്‍ വരുത്തിയ വിപ്ലവം അതിരറ്റതാണ്. രാജ്യത്തിന്റെ ഏറ്റവും പിന്നാക്ക മേഖലകളില്‍ പോലും സ്‌കൂളുകളും കോളേജുകളും സാങ്കേതിക പരിശീലന കേന്ദ്രങ്ങളും സ്ഥാപിച്ചുകൊണ്ട് ജാതി മത വര്‍ഗ്ഗഭേദമന്യേ എല്ലാവര്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാന്‍ സഭയ്ക്ക് കഴിഞ്ഞു. ഇത് സമൂഹത്തില്‍ വലിയ തോതിലുള്ള അറിവിന്റെയും തൊഴിലിന്റെയും മുന്നേറ്റം സൃഷ്ടിച്ചു. അതുപോലെ തന്നെയാണ് ആരോഗ്യപരിപാലന രംഗത്തെ സഭയുടെ ഇടപെടല്‍. വന്‍കിട ആശുപത്രികള്‍ മുതല്‍ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ഡിസ്‌പെന്‍സറികള്‍ വരെ പാവപ്പെട്ടവര്‍ക്കും നിര്‍ധനര്‍ക്കും ആശ്വാസകേന്ദ്രങ്ങളായി മാറി. കോവിഡ് മഹാമാരി ഉള്‍പ്പെടെയുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ സഭയുടെ ജീവകാരുണ്യ സ്ഥാപനങ്ങളും സന്നദ്ധ പ്രവര്‍ത്തകരും കാണിച്ച അര്‍പ്പണബോധം രാജ്യത്തിന് തന്നെ വലിയ താങ്ങായിരുന്നു. കൂടാതെ, തെരുവില്‍ അലയുന്ന അനാഥര്‍, കുടുംബങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ട വയോധികര്‍, ഭിന്നശേഷിക്കാര്‍, കുഷ്ഠരോഗികള്‍ എന്നിവര്‍ക്കായി നൂറുകണക്കിന് അഗതിമന്ദിരങ്ങളും പാലിയേറ്റീവ് കെയര്‍ സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. മഹാമാരികളുടെ കാലത്തും സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കണ്ണീരൊപ്പാനും കരുതലേകാനും സഭ കാണിച്ച അര്‍പ്പണബോധം ക്രിസ്തുവിന്റെ സ്‌നേഹത്തിനും കരുണയ്ക്കും മകുടോദാഹരണമാണ്.
സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ദളിത്ആദിവാസി വിഭാഗങ്ങളെയും മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരിക എന്നത് നമ്മുടെ പ്രഥമ പരിഗണനയായിരുന്നു. അവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ആവിഷ്‌കരിച്ച പദ്ധതികള്‍ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് പുതിയ ജീവിതം നല്‍കി. അതോടൊപ്പം തന്നെ, സ്വയംസഹായ സംഘങ്ങളിലൂടെയും മൈക്രോഫൈനാന്‍സ് സംരംഭങ്ങളിലൂടെയും സ്ത്രീകളെ സാമ്പത്തികമായും സാമൂഹികമായും ശാക്തീകരിക്കാന്‍ കത്തോലിക്കാ സംഘടനകള്‍ക്ക് സാധിച്ചു. സ്വന്തം കാലില്‍ നില്‍ക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കുക വഴി കുടുംബങ്ങളുടെയും അതിലൂടെ സമൂഹത്തിന്റെയും സമാധാനവും അഭിവൃദ്ധിയും ഉറപ്പാക്കാന്‍ നമുക്കായി.
എന്നാല്‍, ഇന്ന് സന്നദ്ധ മേഖല വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (FCRA) പുതിയ ഭേദഗതികള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും സന്നദ്ധ സംഘടനകളുടെ സുഗമമായ മുന്നോട്ടുപോക്കിനെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു. സന്നദ്ധ സംഘടനകളുടെ കൈകാലുകള്‍ കെട്ടിയിടുന്ന തരത്തിലുള്ള കാര്‍ക്കശ്യമേറിയ നിയമങ്ങളും നിയന്ത്രണങ്ങളും യഥാര്‍ഥത്തില്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് ലഭിക്കേണ്ട സഹായങ്ങള്‍ തടസപ്പെടുത്തുന്നതിന് തുല്യമാണ്. ഈ ഭേദഗതികള്‍ ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത് നിര്‍ധനരായ രോഗികളെയും, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന പാവപ്പെട്ട കുട്ടികളെയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വലിയൊരു വിഭാഗം ജനങ്ങളെയുമാണ്. അതിനാല്‍, ഇത്തരം കടുത്ത നിയമങ്ങള്‍ പാവപ്പെട്ടവര്‍ക്കെതിരെയുള്ള കടന്നുകയറ്റമായി മാത്രമേ കാണാന്‍ കഴിയൂ.
പ്രതിസന്ധികളും പ്രതികൂല സാഹചര്യങ്ങളും എത്രതന്നെ മുന്നിലെത്തിയാലും നന്മ ചെയ്യുന്നതിലും സഹജീവികളോട് കരുണ കാട്ടുന്നതിലും കത്തോലിക്കാ സഭയ്ക്ക് ഒരടിപോലും പുറകോട്ടു പോകാനാവില്ല. സന്നദ്ധമേഖലയില്‍ ഉയരുന്ന നിയന്ത്രണങ്ങളും തടസ്സങ്ങളും കണ്ടു നിരാശരാകാതെ, ക്രിസ്തുവിന്റെ കരുണാര്‍ദ്രസ്‌നേഹം ലോകത്തിന് പങ്കുവെക്കുക എന്ന ദൗത്യം നാം കൂടുതല്‍ കരുത്തോടെ തുടരും. കാരണം, എളിയവര്‍ക്ക് ആശ്വാസമേകുന്നതും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ചേര്‍ത്തുപിടിക്കുന്നതും സഭയുടെ ആത്മീയദൗത്യത്തിന്റെ ഭാഗമാണ്. വെല്ലുവിളികളുടെ മുന്നില്‍ പതറാതെ, സ്‌നേഹത്തിന്റെയും സേവനത്തിന്റെയും സന്ദേശവുമായി മുന്നേറാന്‍ നാം എപ്പോഴും പ്രതിജ്ഞാബദ്ധരാണ്.
പാവപ്പെട്ടവരും ദുരിതമനുഭവിക്കുന്നവരുമാണ് ഏതൊരു രാജ്യത്തിന്റെയും യഥാര്‍ത്ഥ ആത്മാവ്. അവരുടെ കണ്ണീരൊപ്പുന്ന പ്രസ്ഥാനങ്ങളെ തളര്‍ത്തുന്നതിനേക്കാള്‍, പാവപ്പെട്ടവരുടെ ക്ഷേമവും അതിജീവനവും മുന്‍നിര്‍ത്തി കൂടുതല്‍ ആശ്വാസകരവും അനുകമ്പയുള്ളതുമായ നിലപാടുകള്‍ സ്വീകരിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകണം. നിയമങ്ങളും ഭരണഘടനാ സംവിധാനങ്ങളും നിലനില്‍ക്കുന്നത് രാജ്യത്തെ അവസാനത്തെ മനുഷ്യന്റെയും ക്ഷേമവും സുരക്ഷയും ഉറപ്പാക്കാനാണ്. എന്നാല്‍, കാരുണ്യത്തിന്റെയും സഹജീവിസ്‌നേഹത്തിന്റെയും കരങ്ങളെ ചങ്ങലയ്ക്കിടുന്ന തരത്തിലുള്ള നിയമനിര്‍മ്മാണങ്ങള്‍ യഥാര്‍ഥത്തില്‍ മുറിവേല്‍പ്പിക്കുന്നത് സമൂഹത്തിലെ പാവപ്പെട്ടവരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയുമാണ്. സുതാര്യതയും നിയന്ത്രണങ്ങളും ആവശ്യമാണെങ്കിലും, അത് നന്മ ചെയ്യുന്നവരുടെ വീര്യം കെടുത്തുന്നതോ വിശപ്പും രോഗവും അനുഭവിക്കുന്നവര്‍ക്ക് കിട്ടേണ്ട ആശ്വാസം തടയുന്നതോ ആകരുത്. നാടിന്റെ വികസനത്തിലും വിശപ്പകറ്റുന്നതിലും ഭരണകൂടങ്ങള്‍ക്കൊപ്പം ചുമലോട് ചുമല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രസ്ഥാനങ്ങളെ തളര്‍ത്തുന്നതിന് പകരം, കൂടുതല്‍ സഹതാപത്തോടെയും അനുകമ്പയോടെയും ചേര്‍ത്തണയ്ക്കുന്ന നിലപാടുകളാണ് ഉണ്ടാകേണ്ടത്. അതിനാല്‍, നിയമങ്ങള്‍ കരുണയുടെ ഒഴുക്കിന് തടസ്സമല്ല, മറിച്ച് എളിയവര്‍ക്ക് കൂടുതല്‍ ആശ്വാസമെത്തിക്കാനുള്ള വഴികാട്ടിയാകുകയാണ് വേണ്ടത്.
മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ



