ഒക്ടോബറിലെ ഓരോ ആഴ്ചയിലും ഓരോ വ്യത്യസ്തവിഷയങ്ങള്‍ കേന്ദ്രീകരിച്ച് മിഷന് ആചരണം നടത്തുമ്പോള്‍ മിഷന് മാസത്തിന്റെ ദൈവശാസ്ത്രപരമായ അടിത്തറയെക്കുറിച്ചറിയാം..
2024 ല്‍ നടന്ന മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ അസംബ്ലിക്ക് ശേഷം പുറപ്പെടുവിച്ച ‘നവീകരണത്തിലൂടെയുള്ള ശാക്തീകരണം’ എന്ന അജപാലനപ്രബോധനത്തിലൂടെ ലോക മിഷന് ഞായറിനോടനുബന്ധിച്ച് ഒക്ടോബര്‍ മാസം മുഴുവന്‍ മിഷന് മാസമായി ആചരിക്കുമെന്ന് മേജര്‍ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് പ്രഖ്യാപിക്കുകയും അസംബ്ലിയുടെ നിര്‍ദ്ദേശങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന ഈ തീരുമാനത്തിന് മെത്രാന് സിനഡ് അനുമതി നല്‍കുകയും ചെയ്തിരുന്നു. ഒക്ടോബറിലെ ഓരോ ആഴ്ചയിലും ഓരോ വ്യത്യസ്ത വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്കി ആചരിക്കാനാണ് അസംബ്ലി തീരുമാനിച്ചത്. ഇതനുസരിച്ച് ഒന്നാം ആഴ്ചയില്‍ ആഗോള മിഷന്, രണ്ടാം ആഴ്ചയില്‍ സീറോമലബാര്‍ മിഷന്, മൂന്നാം ആഴ്ചയില്‍ അതിരൂപത/രൂപതാ മിഷന്, നാലാം ആഴ്ചയില്‍ ഇടവക മിഷന് എന്നീ വിഷയങ്ങളില്‍ കേന്ദ്രീകരിച്ചുള്ള ആചരണങ്ങളാണ് നടത്തുന്നത്. ഇവയെ ഓരോന്നിനെയും വിശദമായി പരിചയപ്പെടാം.
ആഴ്ച 1 സാര്‍വത്രികസഭയുടെ ദൗത്യം
Ad Gentesല്‍ സഭയുടെ സ്വഭാവം മനോഹരമായി വിശദീകരിക്കപ്പെട്ടിരിക്കുന്നു. സഭ പ്രേഷിതയാണ്, പിതാവാല്‍ അയക്കപ്പെട്ട പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും മിഷനില്‍ നിന്നാണ് സഭ ഉദ്ഭവിക്കുന്നത്. ക്രിസ്തുവിന്റെ രക്ഷാദൗത്യം തുടര്‍ന്നുകൊണ്ട് സഭ ലോകത്തില്‍ ദൈവരാജ്യത്തിന്റെ അടയാളവും ഉപകരണവുമാകുന്നു. ‘സുവിശേഷവത്കരിക്കാനാണ് സഭ നിലകൊള്ളുന്നത്; അതായത്, പ്രസംഗിക്കുകയും പഠിപ്പിക്കുകയും കൃപയുടെ ദാനത്തിന്റെ ചാനലാകുകയും പാപികളെ ദൈവത്തോടു ചേര്‍ക്കുകയും ചെയ്യാനാണത്.’ (Evangelii Nuntiandi, 14). സഭയുടെ സ്വത്വത്തിന്റെ ഉള്‍ക്കാമ്പാണ് സുവിശേഷവത്കരണം. എല്ലാവരും അവനെ നേരില്‍ അനുഭവിക്കുന്നതിനായി പ്രഘോഷണം, സാക്ഷ്യം, സേവനം എന്നിവയിലൂടെ യേശുക്രിസ്തുവിന്റെ സുവിശേഷം പങ്കുവെക്കുകയാണ് ലക്ഷ്യം. ഇന്നും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ യേശുവിനെ അറിയാത്ത അനേകരുണ്ട്. ഇതു മനസ്സിലാക്കി മാമോദീസ സ്വീകരിച്ച ഓരോരുത്തരും ലോകം മുഴുവനിലേക്കും ക്രിസ്തുവിന്റെ സാക്ഷിയാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. ആധുനിക ആശയവിനിമയ മാര്‍ഗങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ച്, ക്രിസ്തുവിന്റെ പ്രകാശം ലോകത്തിന്റെ മുക്കിലും മൂലയിലും എത്തിക്കേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെയാണ് മിഷന് മാസാചരണത്തിലെ ആദ്യആഴ്ച തിരഞ്ഞെടുത്തിരിക്കുന്നത്.
ആഴ്ച II സീറോമലബാര്‍സഭയുടെ മിഷന്ദൗത്യത്തിന്റെ ലക്ഷ്യം
സഭയുടെ സാര്‍വത്രിക മിഷന് സീറോമലബാര്‍ സഭയില്‍ സ്വന്തം വിശ്വാസപാരമ്പര്യങ്ങളിൽ അടിയുറച്ചു നിന്ന് എങ്ങനെ നടപ്പിലാക്കുകയും ജീവിക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ചാണ് രണ്ടാം ആഴ്ചയില്‍ ധ്യാനവിഷയമാക്കുന്നത്. സാര്‍വത്രികസഭയില്‍ നിന്ന് വേര്‍തിരിച്ചുള്ള ഒരു മിഷന് സീറോമലബാര്‍ സഭയ്ക്കില്ല; മറിച്ച്, ക്രിസ്തുവിന്റെ ഏകമിഷനില് തന്റെ സഭാപാരമ്പര്യത്തിലൂടെ, പൂര്‍ണ്ണമായി പങ്കുചേരുകയാണ് ചെയ്യുന്നത്.. അപ്പസ്തോലനായ തോമയുടെ മിഷനറി പാരമ്പര്യത്തില്‍ ആഴ്ന്നു നില്ക്കുന്ന സീറോമലബാര്‍ മിഷനറി പരമ്പര, സുവിശേഷവത്കരണത്തെയും കുടിയേറ്റത്തെയും നവീകൃതരീതിയിൽ സഗൗരവം ഏറ്റെടുക്കുന്നു. സീറോ മലബാര്‍ സഭ തന്റെ സഭാത്മക സ്വത്വം വിശ്വസ്തമായി ജീവിക്കുന്നതിലൂടെ അവള്‍ക്ക് ലോകമെമ്പാടും സുവിശേഷത്തിന്റെ പ്രകാശം പരത്താന്‍ അനുവദിക്കപ്പെടുന്നിടത്തോളം സ്ഥലങ്ങളില്‍, ആഴത്തിലുള്ള പ്രേക്ഷിത അവബോധം വളര്‍ത്തുവാന്‍ ശ്രമിക്കുന്നു. മിഷന് മാസം ആചരിക്കുന്നത് ഈ യാത്രയിലെ പല ഘട്ടങ്ങളില്‍ ഒന്നാണെന്നും സഭയുടെ സ്വത്വം പ്രേഷിതത്വമാണെന്നും അവരുടെ സാക്ഷ്യം ലോകത്തിന്റെ എല്ലാ കോണുകളിലും പ്രകാശിക്കുന്നതാണെന്നും വിശ്വാസികളെ ഈ കാലഘട്ടം ഓര്‍മിപ്പിക്കുന്നു.
ആഴ്ച III – രൂപതതല പ്രേഷിതദൗത്യം
മൂന്നാം ആഴ്ചയില്‍ പ്രേഷിതദൗത്യത്തിന്റെ പ്രായോഗിക യാഥാര്‍ത്ഥ്യത്തിലേക്ക് കൂടുതല്‍ അടുക്കുന്നു. സഭയുടെ സാര്‍വത്രിക മിഷനറി ദൗത്യവും സീറോമലബാര്‍ പാരമ്പര്യത്തിന്റെ സവിശേഷമായ ദൗത്യവും ഒരു നിശ്ചിത പ്രദേശത്തും സമൂഹത്തിലും ദൃശ്യരൂപം പ്രാപിക്കുന്ന ഇടമായി രൂപത മാറുന്നു. ഓരോ രൂപതയ്ക്കും മുന്നിലുമുള്ള നിര്‍ണായകമായ ചോദ്യം ഇതാണ്: ദൈവം നമ്മെ ഭരമേല്പ്പിച്ചിരിക്കുന്നത് ആരെയാണ്? വിശ്വാസത്തില്‍ സജീവമായിരിക്കുന്ന കത്തോലിക്കര്‍, വിശ്വാസത്തില്‍ നിന്ന് അകന്നുപോയവര്‍, യുവജനങ്ങളും കുട്ടികളും, കുടുംബങ്ങളും കുടിയേറ്റക്കാരും, പാവപ്പെട്ടവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരും, ക്രിസ്തുവിനെ ഇതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്തവര്, ഇതര മതസ്ഥര്‍, വിശ്വാസം നഷ്ടപ്പെട്ടവര്‍, ഡിജിറ്റല്‍ തലമുറ എന്നിവരെല്ലാം ഉത്തരത്തിന്റെ പരിധിയില്‍ വരുന്നു. ഈ രീതിയില്‍ രൂപത, ‘പൊതുവായ പ്രേഷിത ദൗത്യത്തില്‍’ നിന്ന് ‘ഇവിടെയുള്ള പ്രേഷിത ദൗത്യത്തിലേക്ക്’ നീങ്ങുകയും തങ്ങളെ ഭരമേല്പ്പിച്ചിരിക്കുന്ന പ്രേക്ഷിതപ്രദേശങ്ങളിലും വ്യക്തികളുടെ ജീവിതത്തിലും പ്രേഷിതദൗത്യം പ്രായോഗികമാക്കുകയും ചെയ്യുന്നു.
ആഴ്ച IV ഇടവകയുടെ പ്രേഷിത മുന്നേറ്റം: കുടുംബങ്ങളും വ്യക്തികളും ഉള്‍പ്പെടെ
ദൈനംദിന ജീവിതത്തില്‍ സുവിശേഷത്തിന്റെ വെളിച്ചം പകരുന്നതിനുള്ള പ്രായോഗിക നടപടികളിലേക്ക് ശ്രദ്ധ തിരിക്കാന്‍ ഇടവകകളെയും കുടുംബങ്ങളെയും വ്യക്തികളെയും പ്രോത്സാഹിപ്പിക്കുകയാണ് നാലാമത്തെ ആഴ്ച ചെയ്യുന്നത്. വിശ്വാസം ജീവിക്കുകയും പ്രാര്‍ഥിക്കുകയും പങ്കുവെക്കുകയും കൈമാറുകയും ചെയ്യുന്ന ഇടങ്ങളായി ഇടവകയും കുടുംബവും മാറുന്നതിലൂടെ അവ യഥാര്‍ഥ മിഷനറി സാന്നിധ്യങ്ങളായിത്തീരുന്നു. സ്വഭാവത്താല്‍ത്തന്നെ ഇടവക ഒരു മിഷനറി സമൂഹമാണ്; ക്രിസ്ത്യാനികളായവരുടെ വിശ്വാസം സംരക്ഷിക്കുക മാത്രമല്ല, മറിച്ച് തങ്ങളുടെ പ്രദേശത്തുള്ള എല്ലാവരിലേക്കും ഇറങ്ങിച്ചെന്ന് മിഷന് പ്രവര്‍ത്തനങ്ങളെ പ്രാദേശികവും പ്രായോഗികവുമാക്കുക എന്ന ദൗത്യവും അതിനുണ്ട്. ഭൗതികസഹായം നല്‍കുക, സമയവും ഊര്‍ജ്ജവും മിഷനുവേണ്ടി സമര്‍പ്പിക്കുക, മിഷന് പ്രവര്‍ത്തനമേഖലകളെ ദത്തെടുക്കുക തുടങ്ങിയവയെല്ലാം ഈ യാത്രയുടെ ഭാഗമാണ്. ഏതെങ്കിലും ഒരു മിഷന് പ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഓരോ വിശ്വാസിയും വ്യക്തിപരമായി ക്ഷണിക്കപ്പെടുന്നു. ചെറിയ ചുവടുവെപ്പുകളിലൂടെയാണ് മിഷന് ആരംഭിക്കുന്നത്. വ്യക്തിപരമായ സംഭാഷണം, എളിമയും ആത്മാര്‍ത്ഥതയുമുള്ള പ്രാര്‍ഥന, അര്‍ഹമായ സേവനം, ജീവിതസാക്ഷ്യം, ക്ഷമ എന്നിവയും യേശുവിനെക്കുറിച്ചുള്ള ഒരു വാക്ക് പോലും ഇതിന്റെ ഭാഗമാണ്്്്.
സീറോമലബാര്‍ സഭ മിഷന്‍മാസ പ്രാര്‍ഥന
സ്നേഹപിതാവായ ദൈവമേ, ലോകം മുഴുവനുമുള്ള സീറോമലബാര്‍ സഭാമക്കള്‍ ഈ മിഷന്മാസത്തില് ഏകമനസ്സോടെ പ്രാര്‍ഥിക്കുന്നു. മാമ്മോദീസ സ്വീകരിച്ച ഞങ്ങള്‍ ഓരോരുത്തരും പ്രേഷിതരായി അയക്കപ്പെട്ടവർ ആണെന്നുള്ള ബോധ്യം ഞങ്ങള്‍ക്ക് നൽകണമേ. സുവിശേഷത്തിന്റെ വ്യാപനത്തിനായി പ്രാര്‍ഥിക്കാനും ക്രിസ്തുവിന്റെ സാക്ഷികളാകുവാനും ധൈര്യപൂര്‍വ്വം മറ്റുള്ളവരോട് സുവിശേഷം പങ്കുവെക്കാനും അവിടുന്ന് ഞങ്ങളെ പ്രാപ്തരാക്കണമേ. അങ്ങു മാത്രമാണ് യഥാര്ഥപിതാവായ ദൈവമെന്നും അങ്ങയുടെ പ്രിയ പുത്രനായ ഈശോമിശിഹായെ അങ്ങ് അയച്ചുവെന്നും ഞങ്ങളുടെ പ്രഘോഷണം വഴി ഭൂവാസികള്‍ എല്ലാവരും അറിയാനിടയാകട്ടെ. ദൈവമഹത്വത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും വേണ്ടി പ്രേഷിതരംഗങ്ങളില്‍ സേവനം ചെയ്യുന്ന മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളെ ആശീര്‍വദിക്കണമേ. മിഷന് മേഖലകളില്‍ തീക്ഷ്ണതയോടെ പ്രവര്‍ത്തിക്കാന്‍ ധാരാളം വൈദികരെയും സന്യസ്തരെയും അല്മായരെയും അവിടുന്ന് വിളിക്കണമേ. അവിടുന്ന് ഞങ്ങളെ ഏല്‍പ്പിച്ച ദൗത്യത്തിനായി യത്നിച്ച് നിത്യകിരീടത്തിന് അര്ഹരാകുവാന് ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേന്‍.
ഞങ്ങളുടെ അമ്മയായ പരിശുദ്ധ മറിയമേ,
ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ.
ഞങ്ങളുടെ പിതാവായ മാര്‍തോമാ ശ്ലീഹായേ,
ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
പ്രേഷിതപ്രവര്‍ത്തനങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യായേ,
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
ഞങ്ങളുടെ സഭയിലെ വിശുദ്ധരേ, വാഴ്ത്തപ്പെട്ടവരേ,
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
കാറോസൂസാ പ്രാര്‍ഥന
സീറോമലബാര്‍സഭ ഒക്ടോബര്‍ മാസം മിഷന്മാസമായി ആചരിക്കുമ്പോള്‍ / എല്ലാ മിഷന് പ്രദേശങ്ങളെയും / പ്രേഷിതപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ വൈദികരെയും സമര്‍പ്പിതരെയും / അൽമായ മിഷനറിമാരെയും സമര്‍പ്പിച്ചു പ്രാര്‍ഥിക്കുന്നു. ലോകമെങ്ങും പോയി / സുവിശേഷം പ്രഘോഷിക്കുവാന്‍ മാമ്മോദീസയാല്‍ അയക്കപ്പെട്ടവരായ ഞങ്ങള്‍ / ഞങ്ങളുടെ ജീവിതങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും / മിശിഹായ്ക്ക് സാക്ഷ്യം വഹിക്കാന്‍ ആവശ്യമായ ശക്തിയും ധൈര്യവും പ്രാപിക്കാനും സുവിശേഷത്തിന്റെ വെളിച്ചം ഞങ്ങളുടെ ജീവിതത്തിലൂടെ മറ്റുള്ളവരുടെ ഹൃദയങ്ങളില്‍ പ്രവേശിക്കാനും ഇടയാക്കണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു.
ആർച്ച്ബിഷപ്പ് മാർ ആന്റണി പ്രിൻസ് പാണേങ്ങാടൻ



