ഫ്രാന്‍സിസേ, എന്തുകൊണ്ട് നിന്റെ പിന്നാലെ?

Published on

സഹോദരന്‍ മസെയോ ഫ്രാന്‍സിസിനോട് ചോദിക്കുന്നുണ്ട്: ‘Why after thee Francis?’ ഫ്രാന്‍സിസേ, എന്തുകൊണ്ടാ എല്ലാവരും അങ്ങയുടെ പിന്നാലെ? നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്നും ഈ ചോദ്യം ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അധികാരത്തിന്റെ ഗര്‍വ്വോ ഗ്ലാമറോ ഇല്ലാത്ത ഈ കൊച്ചുമനുഷ്യനെക്കുറിച്ചു എന്തുകൊണ്ട് ഇന്നും നാം സംസാരിക്കുന്നു? 

വികസനം, പുരോഗതി തുടങ്ങിയ പദങ്ങള്‍ നവസമ്പന്നരുടെ സങ്കുചിതമായ ലാഭലക്ഷ്യങ്ങളെ മാത്രം സൂചിപ്പിക്കുന്ന ഇക്കാലത്ത് വിശുദ്ധ ഫ്രാന്‍സിസിനെക്കുറിച്ചു ചിന്തിക്കുന്നതും സംസാരിക്കുന്നതും ഏറെ പ്രസക്തമാണ്. ഉപഭോഗാസക്തി, മതത്തില്‍ നിന്ന് ആത്മീയത ചോര്‍ത്തിക്കളഞ്ഞുണ്ടാക്കുന്ന വര്‍ഗീയത, സാങ്കേതികവിദ്യയിലുള്ള അന്ധവിശ്വാസം, ശാസ്ത്രമെന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന കേവലശാസ്ത്രവാദം, ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള കമ്പോളത്തിന്റെ മുതലാളിത്ത ധാര്‍മികത, അക്രമാസക്തിയുള്ള കാമം, കലയെയും സംസ്‌കാരത്തെയും വില്പനച്ചരക്കാക്കുന്ന കച്ചവടബുദ്ധി, നിര്‍മ്മിതബുദ്ധിയുപയോഗിച്ചും ഇതെല്ലാം പയറ്റാനുള്ള ദുഷ്പ്രവണത. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ദരിദ്രരുടെയും പീഡിതരുടെയും കാഴ്ചപ്പാടില്‍ നിന്ന് സുവിശേഷം പാരായണം ചെയ്യുകയും അത് സ്വജീവിതത്തില്‍ നടപ്പാക്കുകയും ചെയ്ത ഫ്രാന്‍സിസിന്റെ ജീവിതം പ്രസക്തമാകുന്നത്. 

800 വര്‍ഷം പഴക്കമുള്ള ഫ്രാന്‍സിസിന്റെ ജീവിതശൈലി, ആധുനികസമൂഹത്തിലും അതേപോലെ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന് കാണിച്ചുകൊടുക്കുകയാണ് ഫ്രാന്‍സിസ്‌ക്കന്‍ ജൂബിലിയുടെ ലക്ഷ്യമെന്ന് ലെയോ പതിനാലാമന്‍ മാര്‍പാപ്പ പറയുന്നു. ലളിതമായ ജീവിതം, ദൈവപരിപാലനയിലുള്ള സമ്പൂര്‍ണസമര്‍പ്പണം, ആത്മാര്‍ഥമായ ക്രിസ്തീയസാക്ഷ്യം എന്നിവ കാലാതീതമാണെന്ന് ഈ ജൂബിലി വര്‍ഷം നമ്മെ ഓര്‍മിപ്പിക്കുന്നു. ”ഈ ജൂബിലി വെറുമൊരു പഴയകാല സ്മരണയല്ല; മറിച്ച്, ഫ്രാന്‍സിസിന്റെ സുവിശേഷാധിഷ്ഠിതമായ ലാളിത്യം ഇന്നും സഭയോടും ആധുനികലോകത്തോടും ശക്തമായി സംസാരിക്കുന്നു എന്നതിന്റെ ജീവനുള്ള സാക്ഷ്യമാണ്.”

 വി. ഫ്രാന്‍സിസ് സാധാരണക്കാരുടെ വിശുദ്ധനായിരുന്നു. എന്നാല്‍ ഒരു മാര്‍പാപ്പ അദ്ദേഹത്തിന്റെ പേര് സ്വീകരിക്കാന്‍ ഏകദേശം 800 വര്‍ഷമെടുത്തു എന്നത് ശ്രദ്ധേയമാണ്. 2013 ല്‍ കര്‍ദിനാള്‍ ഹോര്‍ഹേ മാരിയോ ബെര്‍ഗോളിയോ ‘ഫ്രാന്‍സിസ്’ എന്ന പേര് സ്വീകരിച്ചുകൊണ്ട് മാര്‍പാപ്പയായി മാറിയപ്പോഴാണ് അത് സംഭവിച്ചത്. ദാരിദ്ര്യം, എളിമ, ദൈവത്തിലുള്ള പൂര്‍ണആശ്രയം എന്നിവയെ ഹൃദയപൂര്‍വ്വം സ്വീകരിച്ചഫ്രാന്‍സിസിനോടുള്ള അഗാധമായ താദാത്മ്യമാണ് മാര്‍പാപ്പയുടെ ആ തീരുമാനത്തില്‍ പ്രതിഫലിച്ചത്. ദരിദ്രരോടുള്ള കരുതല്‍, ദൈവകരുണയിലുള്ള ആശ്രയം, സഭയുടെ നവീകരണ താല്പര്യം, സൃഷ്ടപ്രപഞ്ചത്തോടുള്ള പരിഗണന എന്നിവയിലൂടെ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസും തന്റേതായ രീതിയില്‍ ആശയങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയും  തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ‘ലൗദാതോ സി’ എന്ന ചാക്രികലേഖനം അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ ആത്മീയതയിലും ചിന്തകളിലും ആഴത്തില്‍ വേരൂന്നിയുള്ളതാണ്. അതിന്റെ ശീര്‍ഷകം തന്നെ, വിശുദ്ധ ഫ്രാന്‍സിസ് രചിച്ച ‘സൃഷ്ടിജാലങ്ങളുടെ ഗീതം’ എന്ന കൃതിയുടെ ആദ്യ വാക്കുകളാണ്. സൃഷ്ടപ്രപഞ്ചത്തെ കേവലം പ്രകൃതിവിഭവങ്ങളുടെ ഒരു ശേഖരമായല്ല, മറിച്ച് ദൈവത്തിന്റെ സൃഷ്ടിജാലങ്ങള്‍ക്കിടയിലുള്ള സഹോദരീസഹോദര ബന്ധമായാണ് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് കണ്ടതെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, പാരിസ്ഥിതിക പ്രശ്‌നങ്ങളെ സാമൂഹിക പ്രശ്‌നങ്ങളില്‍നിന്ന് വേര്‍തിരിച്ചുകാണാന്‍ കഴിയില്ലെന്നും. പാരിസ്ഥിതികനാശം, ദാരിദ്ര്യം, അസമത്വം, സാമ്പത്തിക വ്യവസ്ഥകള്‍, സംസ്‌കാരം, രാഷ്ട്രീയം, ദൈനംദിന മാനുഷിക പെരുമാറ്റങ്ങള്‍ എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വിശുദ്ധ ഫ്രാന്‍സിസ് കുഷ്ഠരോഗിയെ കണ്ടുമുട്ടുന്ന സംഭവം ബന്ധങ്ങളെയും സാഹോദര്യത്തെയും സംബന്ധിക്കുന്ന ആത്മീയതയോട് വളരെ ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ്. സ്വിറ്റ്‌സര്‍ലണ്ടിലെ ഈശോസഭാംഗമായ Mario von Galli , Living Our Future St. Francis of Assisi and the Church Tomorrow_ എന്ന ഗ്രന്ഥത്തില്‍ സഭയുടെ നവീകരണം നടക്കേണ്ടത് അസ്സീസിയിലെ കൊച്ചു മനുഷ്യനിലൂടെയാണെന്നു പറഞ്ഞുവക്കുന്നു. ബ്രസീലിയന്‍ ദൈവശാസ്ത്രജ്ഞനായ ലിയനാര്‍ഡോ ബോഫ് പറയുന്നത് ഫ്രാന്‍സിസ് എന്നത് വെറുമൊരു പേരല്ല, അതൊരു നിലപാടാണ് എന്നാണ്. 

 അസ്സീസിയിലെ വി. ഫ്രാന്‍സിസ് സൂര്യകീര്‍ത്തനം രചിച്ചിട്ട് 800 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇതിനോടകം ഭൂമി ഒരുപാട് മാറ്റങ്ങള്‍ക്ക് വിധേയമായി. ശാസ്ത്രീയമായും സാങ്കേതികമായും വ്യാവസായികമായും വളരെയേറെ പുരോഗതികൈവരിച്ചു. അറിഞ്ഞുകൊണ്ട് അജ്ഞത നടിക്കുന്ന, ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന മനോഭാവം ആയിരിക്കുന്നു ആധുനിക മനുഷ്യന്റേത്.  കായേന്‍ ആബേലിനെ എന്നതുപോലെ സ്വസഹോദരനെ വയലിലേക്ക് കൊണ്ടുപോയി അവന്‍ കൊല്ലണമെന്നില്ല. എന്നിട്ടും അവന്റെ സഹോദരരായ മൃഗങ്ങളും സസ്യങ്ങളും കായേന്റെ കാലത്ത് എന്നതുപോലെ മണ്ണില്‍ നിന്ന് ഇപ്പോഴും നിലവിളിക്കുന്നു. കായേന്റെതില്‍ നിന്നും വ്യത്യസ്തമായിട്ടില്ല നമ്മുടെ ഉത്തരവും. കാരണം, ജനിതകഎന്‍ജിനീയറിങ്ങിന്റെയും ആണവോര്‍ജത്തിന്റെയും ബഹിരാകാശയാത്രയുടെയും നിര്‍മ്മിതബുദ്ധിയുടെയും കാലത്ത് സര്‍വ്വസൃഷ്ടിയിലും നിലനില്‍ക്കുന്ന സഹോദരബന്ധത്തെക്കുറിച്ചുള്ള അവബോധം  നമുക്കു നഷ്ടമാകുന്നുണ്ട്. 

അസ്സീസിയിലെ ഫ്രാന്‍സിസ് സൂര്യകീര്‍ത്തനം എന്ന കൃതിയിലൂടെ തകര്‍ന്ന സഹോദര ബന്ധത്തെ പുനഃസ്ഥാപിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹം മനുഷ്യരെ അവരുടെ സഹോദരീസഹോദരന്മാരായ സൂര്യന്‍, ചന്ദ്രന്‍, വായു, ജലം, അഗ്‌നി, ഭൂമി എന്നിവയുമായി ബന്ധിപ്പിക്കുന്നു. ഫ്രാന്‍സിസിന്റെ കാഴ്ചപ്പാടില്‍, മനുഷ്യരും പ്രകൃതിയും ഒരേ സ്രഷ്ടാവിനാല്‍ സൃഷ്്ടിക്കപ്പെട്ടിരിക്കുന്നതിനാല്‍ സഹോദരീസഹോദരന്മാരാണ്. അവിടുന്നുവഴി അവര്‍ അവിഭാജ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെ അസ്സീസിയിലെ ഫ്രാന്‍സിസിന്റെ സൂര്യകീര്‍ത്തനം സൃഷ്ടിയുടെ വിശിഷ്ടസൗന്ദര്യത്തെ പ്രകീര്‍ത്തിക്കുന്ന ഒരു സ്തുതിഗീതം മാത്രമല്ല; ഈ സൃഷ്ടിയോട് ബഹുമാനത്തോടും കരുതലോടും കൂടി പെരുമാറാന്‍ മനുഷ്യരാശിക്ക് നല്‍കുന്ന ഒരു ആഹ്വാനം കൂടിയായിമാറുന്നു. ഫ്രാന്‍സിസിനെ സംബന്ധിച്ചിടത്തോളം ഓരോ ജീവിയും ദൈവത്തിന്റെ വചനമാണ്. എല്ലാം നമ്മോട് ദൈവത്തെക്കുറിച്ച് സംസാരിക്കുന്നു. ഐക്യത്തിലും വൈവിധ്യത്തിലുമുള്ള പ്രപഞ്ചം ദൈവത്തിന്റെ കൂദാശയാണ്. ദൈവത്തിന്റെ പ്രവൃത്തികളെ സ്‌നേഹിക്കുന്നതും ദൈവത്തെ സ്‌നേഹിക്കുന്നതും വേര്‍തിരിക്കാനാവാത്തതായിത്തീരുന്നു. സൃഷ്ടി സാമ്പത്തിക താല്‍പ്പര്യങ്ങളിലേക്ക് ചുരുങ്ങുന്നില്ലെന്ന് ഉറപ്പാക്കാനും പ്രവര്‍ത്തിക്കാനും സൃഷ്ടിതമായ ലോകത്തിന്റെ ആന്തരികമൂല്യം പുനഃസ്ഥാപിക്കുന്നതിനും, ഭാവി തലമുറകള്‍ക്കായി ഗ്രഹത്തെ സംരക്ഷിക്കുന്ന സുസ്ഥിരമായ ആചാരങ്ങളെ പിന്തുണയ്ക്കുന്നതിനും ഫ്രാന്‍സിസ് നമുക്ക് ദിശാബോധം നല്‍കുന്നു. 

 തന്റെ ജീവിതത്തിലൂടെയും ‘സൂര്യഗീത’ ത്തിലൂടെയും ഫ്രാന്‍സിസിന് ഇന്നത്തെ മനുഷ്യര്‍ക്കുവേണ്ടി എന്ത് സന്ദേശമാണ് നല്‍കാനുണ്ടാവുക? സഹോദരത്വവും ഉത്തരവാദിത്തവും. ഭൂമിയിലെയും ആകാശത്തിലെയും എല്ലാ വസ്തുക്കള്‍ക്കും ഒരു സ്രഷ്ടാവുണ്ട്. അവിടുന്ന് വഴി അവയെല്ലാം സഹോദരീസഹോദരന്മാരായി ഒന്നിച്ചുചേര്‍ക്കപ്പെട്ടിരിക്കുന്നു. സമാധാനപരമായ സഹവര്‍ത്തിത്വത്തില്‍ ജീവിക്കാനുള്ള ദൗത്യം അവര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നു. ഓരോ ജീവിയിലും സ്രഷ്ടാവിനെ എപ്പോഴും കാണാനും ബഹുമാനിക്കാനും ഫ്രാന്‍സിസ് നമ്മെ പ്രേരിപ്പിക്കുന്നു. ഈ കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍, പരിസ്ഥിതി സംരക്ഷണത്തിനായുള്ള ശ്രമങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും അവയെ തമ്മില്‍ ചേര്‍ക്കുകയും വേണം. സ്വന്തം ജീവിതസ്ഥലത്തിന് ഭീഷണിയാകുമ്പോള്‍ മാത്രം പാരിസ്ഥിതിക മലിനീകരണത്തെ ചെറുക്കുന്നവരും സ്വന്തം നിലനില്പിനായി പ്രകൃതിയെ ചൂഷണം ചെയ്യുന്നവരുടെയും കണ്ണില്‍ സഹജീവികള്‍ എന്നത് യാതൊരു ആന്തരികമൂല്യവുമില്ലാത്ത, കേവലം ഉപയോഗവസ്തുക്കള്‍ മാത്രമാണ്. ഫ്രാന്‍സിസ് മനസ്സിലാക്കുന്ന രീതിയില്‍ പാരിസ്ഥിതിക സംരക്ഷണം എന്നാല്‍ മനുഷ്യനും പ്രകൃതിക്കും ഇടയിലുള്ള സഹോദര്യത്വം അംഗീകരിക്കുക എന്നതാണ്. ഈ സഹോദര്യം ഒരാളുടെ സ്വന്തം തല്‍ക്ഷണ താല്‍പ്പര്യങ്ങള്‍ക്കപ്പുറം നോക്കുന്ന ഒരു ഉത്തരവാദിത്തത്തിലേക്ക് നയിക്കുന്നു  അതൊരു ആഗോള ഉത്തരവാദിത്തമായി വളരുന്നു. ജീവലോകത്തോട് നാം കാണിക്കുന്ന സ്‌നേഹമില്ലായ്മ, അവയുടെ സ്രഷ്ടാവിനോടുള്ള സ്‌നേഹക്കുറവിനെ പ്രതിഫലിപ്പിക്കുന്നു.

അജ്ഞതയുടെയും ഉത്തരവാദിത്തമില്ലായ്മയുടെയും സംയോജനം മൂലം ഓരോ ജീവജാലങ്ങളുടെയോ സസ്യങ്ങളുടെയോ ഇനങ്ങള്‍ ഇല്ലാതാകുമ്പോള്‍, സൃഷ്ടിയുടെ ഒരു ഭാഗമാണ് നഷ്ടപ്പെടുന്നത്. ഫ്രാന്‍സിസ് തന്റെ ‘സൂര്യ കീര്‍ത്തനം’ എന്ന കൃതിയില്‍ അതിന്റെ സൗന്ദര്യത്തെ പ്രശംസിക്കുകയും സൃഷ്ടാവിനെ സ്തുതിക്കുകയും ചെയ്യുന്നു.  മനുഷ്യരെ മാത്രമല്ല, പ്രപഞ്ചത്തിലെ സകലതിനെയും അദ്ദേഹം ‘സഹോദരന്‍’, ‘സഹോദരി’ എന്നാണ് വിളിക്കുന്നത്. ഇതിനുമുമ്പ് ആരും ഇങ്ങനെയൊന്ന് ചെയ്തിട്ടില്ല. മനുഷ്യരെ സഹോദരങ്ങളായി വിളിക്കുന്നത് മനസ്സിലാക്കാവുന്ന കാര്യമാണെങ്കിലും പ്രപഞ്ചത്തിലെ സകലതിനെയും ഈ വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കുമ്പോള്‍ നാം മനസ്സിലാക്കുന്നത് സൃഷ്ടപ്രപഞ്ചത്തോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം കേവലം സൈദ്ധാന്തികമല്ല; മറിച്ച് പ്രായോഗികവും അനിവാര്യവും സാഹോദര്യപൂര്‍ണവുമാണ് എന്നത്രേ. മനുഷ്യരോടും പ്രകൃതിയോടുമുള്ള നമ്മുടെ ഇടപെടലുകളും ജീവിതശൈലിയും കേവലം ആദര്‍ശപരമായോ കാല്പനികമായോ ആക്കാതെ, പ്രായോഗികമായ തീരുമാനങ്ങള്‍ എടുക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്നതാവണം. 

 സ്വയംവരിക്കുന്ന ദാരിദ്ര്യത്തെ ‘ ദാരിദ്ര്യ മണവാട്ടി’ എന്നാണ് ഫ്രാന്‍സിസ് വിശേഷിപ്പിച്ചത്.  ലളിതമായും മിതമായും ജീവിക്കുക എന്നാണ് അതിന്റെ ആഴത്തിലുള്ള അര്‍ഥം. നമുക്ക് നല്കപ്പെട്ടിരിക്കുന്നത് കാര്യസ്ഥതയാണ്, പരിപാലനമാണ്. എല്ലാമനുഷ്യരും നമുക്കു ചുറ്റുമുള്ള എല്ലാമായും ബന്ധം പുലര്‍ത്തുക എന്നാണ് അര്‍ഥം. അക്ഷരാര്‍ത്ഥത്തില്‍, ഏറ്റവും കടുത്ത ദാരിദ്ര്യത്തില്‍, ഏതാണ്ട് നിഷ്‌കളങ്കമായ ലാളിത്യത്തോടെയും ഭൂമിയോട് ചേര്‍ന്നുള്ള വിനയത്തോടെയും സമൂഹത്തിലെ ഏറ്റവും നിന്ദിതരുടെ തലത്തില്‍ കുഷ്ഠരോഗികളുടെ ഇടയില്‍ ജീവിക്കുകയും അവരോടൊപ്പം ഒരേ ഭക്ഷണം കഴിക്കുകയും ചെയ്തു, അദ്ദേഹം.ഫ്രാന്‍സിസ് ഒരിക്കലും മാര്‍പാപ്പയെയോ സഭയെയോ വിമര്‍ശിച്ചില്ല. ‘എനിക്ക് ഒരു പുതിയ തരം ഭ്രാന്തന്‍  ‘ (‘Novellus Pazzus’) ആകണം, ഒരു പുതിയ ഭ്രാന്തന്‍, ഭോഷന്‍’: ദരിദ്രനായ ക്രിസ്തുവിനെപ്പോലെ ‘പൂര്‍ണസ്വാതന്ത്ര്യത്തിന്റെ പ്രകടനമായി അയാളിലെ ഭ്രാന്തന്‍: ഒന്നുമല്ലാതെയും ഒന്നുമില്ലാതെയും ഇരിക്കുക, അധികാരമോ ഭാവമോ ഇല്ലാതെ. ‘എനിക്ക് കുറച്ച് മതി എനിക്ക് അധികം വേണ്ടാ  ഈ വാചകം അദ്ദേഹത്തിന് നന്നായി ഇണങ്ങുന്നുണ്ട്. അദ്ദേഹം എല്ലാ സ്ഥാനപ്പേരുകളും ഒഴിവാക്കി, ‘മണ്ടന്‍, നിസ്വന്‍, ദുരിതപൂര്‍ണ്ണന്‍, താഴ്ന്നവന്‍, ഭോഷന്‍  ‘ എന്ന് സ്വയം കണക്കാക്കി.. 

ബൈബിള്‍ എന്നത് വെറുതെ വായിച്ചുതീര്‍ക്കാനുള്ള ഒരു പുസ്തകമല്ല, മറിച്ച് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട ഒന്നാണെന്ന് ഫ്രാന്‍സിസ് നമ്മെ പഠിപ്പിക്കുന്നു. മൊസാര്‍ട്ടിന്റെ സംഗീതശില്പങ്ങള്‍ അവതരിപ്പിക്കുകയോ ആസ്വദിക്കുകയോ ചെയ്യുമ്പോഴാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ പ്രതിഭ തിരിച്ചറിയാന്‍ കഴിയുന്നത് എന്നതുപോലെ ദൈവവചനം നമ്മുടെ ജീവിതം നയിക്കാനുള്ള ഒരു ‘സംഗീതശില്പം’ ആയി മാറുന്നതുവരെ അതിന്റെ പൂര്‍ണമായ അര്‍ഥതലങ്ങള്‍ നമുക്ക് ഗ്രഹിക്കാനാവില്ല എന്ന്  അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് നമ്മെ ഓര്‍മിപ്പിക്കുന്നു.

അലക്‌സ് കിഴക്കേക്കടവില്‍ കപ്പുച്ചിന്‍

Latest Updates

POPULAR Views

FEATUERD Views

ക്രിസ്തുവിൽ ഒന്നായി പ്രേഷിതദൗത്യത്തിൽ ഒരുമിച്ച്

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ 2026 ഒക്ടോബർ 18-ാം തീയതി...

ESA അഥവാ പരിസ്ഥിതി സംവേദക മേഖല: പ്രതിസന്ധികളും പ്രശ്‌നപരിഹാരങ്ങളും 

പശ്ചിമഘട്ടം ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തുള്ള  വടക്ക് തപ്തി നദി മുതല്‍ തെക്ക്...

കടുത്തനിയന്ത്രണങ്ങളിൽ ഉലയുന്ന മതധർമസ്ഥാപനങ്ങൾ

ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിൽ ലാഭേച്ഛയില്ലാത്ത മതധർമ സ്ഥാപനങ്ങൾ  (നോട്ട്  ഫോർ പ്രോഫിറ്...

ഡിജിറ്റല്‍ യുഗത്തിലെ മനുഷ്യമാഹാത്മ്യവും നിര്‍മ്മിതബുദ്ധിയുടെ ധാര്‍മ്മികതയും: കത്തോലിക്കാ സാമൂഹിക ദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ ഒരു പഠനം

ആഗോള സമൂഹം ഇന്ന് എത്തിനില്‍ക്കുന്നത് ഡിജിറ്റല്‍ വിപ്ലവത്തിന്റെ അതിവേഗതയാര്‍ന്ന മൂര്‍ദ്ധന്യഘട്ടത്തിലാണ്. നിര്‍മ്മിതബുദ്ധിയും...

കേരളത്തിലെ വിദ്യാഭ്യാസ മേഖല: വെല്ലുവിളികളും അപചയങ്ങളും

കേരളത്തിലെ വിദ്യാഭ്യാസമേഖല ഏറെ സങ്കീര്‍ണ്ണതകളും വെല്ലുവിളികളും നേരിടുന്ന കാലഘട്ടമാണിത്. 2020 ലെ...

ദൈവവിളി: അസ്തിത്വത്തിലേക്കുള്ള അനന്തയാത്ര 

തന്റെ അസ്തിത്വത്തിന്റെ പൂര്‍ണ്ണത പ്രാപിക്കാനായി ജീവിതസാഹചര്യങ്ങളുടെയും ദൈവീക ഇടപെടലുകളുടെയും പശ്ചാത്തലത്തില്‍, പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടും വ്യക്തമായ അറിവോടും കൂടെ ഒരാള്‍ തിരഞ്ഞെടുക്കുന്ന ജീവിതാവസ്ഥയാണ് ദൈവവിളി. ഇത് കേവലം ഒരു തൊഴിലോ ജീവിതരീതിയോ അല്ല, മറിച്ച് ദൈവത്തോടും മനുഷ്യരോടുമുള്ള ഉത്തരവാദിത്തപരമായ പ്രതികരണമാണ്.

ക്രിസ്ത്യന്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ മാനേജുമെന്റുകള്‍ നേരിടുന്ന പ്രതിസന്ധികൾ

ക്രിസ്ത്യന്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ മാനേജ്‌മെന്റുകള്‍ നേരിടുന്ന ബുദ്ധിമുട്ട് എന്താണെന്ന് വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ എങ്ങനെ  ക്രിയാത്മകമായി ഇടപെടേണ്ടെന്ന് പറയുന്നുണ്ട്. ക്രിസ്ത്യന്‍ ന്യൂനപക്ഷ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച് പൊതു സമൂഹത്തിന് കൃത്യമായ ബോധ്യം നല്‍കാന്‍ ജെ. ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ  പ്രസ്തുത ഭാഗം വായിക്കുന്നത് അഭികാമ്യമായിരിക്കും.പ്രസ്തുത ഭാഗം ചുവടെ ചേര്‍ക്കുന്നു

EWS സംവരണം

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന  സംവരണേതര വിഭാഗങ്ങള്‍ക്കായി (EWS) നടപ്പിലാക്കിയ 10 ശതമാനം...

മലയോര മേഖലയുടെ വികസനം

ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്‍ മലയോര മേഖല സംബന്ധിച്ച 36...

ജെ. ബി. കോശി കമ്മീഷന്റെ പരിവര്‍ത്തിത ക്രൈസ്തവ  ശിപാര്‍ശകള്‍  പഠനം

 *കേരളത്തിലെ പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തിന്റെ സമൂലമായ ഉന്നമനത്തിനുതകുന്ന മാഗ്‌നാകാര്‍ട്ടയാണ് ജസ്റ്റിസ് ജെബി...

വിദ്യാഭ്യാസ ന്യൂനപക്ഷ സംവരണ വിഷയങ്ങള്‍

ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പൊതുവായ പ്രശ്‌നങ്ങളെ വിശദമായി അവതരിപ്പിക്കുന്ന ഭാഗമാണ് ജെ ബി...

കുട്ടനാടിനെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ശുപാർശകൾ

ജസ്റ്റിസ് (റിട്ട) ജെ ബി കോശി കമ്മീഷന്‍  റിപ്പോര്‍ട്ടില്‍ കുട്ടനാടുമായി ബന്ധപ്പെട്ട്...