വിദേശഫണ്ടുകളുടെ സുതാര്യമായ ഉപയോഗവും ദുരുപയോഗതടയലും ലക്ഷ്യമിട്ട് ഇന്ത്യയിലെ വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ (FCRA) വന്‍ മാറ്റങ്ങള്‍ നിലവില്‍ വന്നു. 1976ലെ നിയമം റദ്ദാക്കി 2010ല്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന എഫ്.സി.ആര്‍.എ. നിയമ ചട്ടങ്ങളിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം 2026 ജൂണ്‍ 22 മുതല്‍ പ്രാബല്യത്തോടെ നിര്‍ണ്ണായകമായ ഭേദഗതികള്‍ വരുത്തിയിരിക്കുന്നത്. എഫ്.സി.ആര്‍.എ. രജിസ്‌ട്രേഷനുള്ള നോണ്‍പ്രോഫിറ്റ് സ്ഥാപനങ്ങളും (NGOs) ട്രസ്റ്റുകളും ഉടനടി അറിഞ്ഞിരിക്കേണ്ട പ്രധാന മാറ്റങ്ങള്‍ താഴെ പറയുന്നവയാണ്.
1. ‘കീ ഫംഗ്ഷണറി’ നിര്‍വ്വചനവും അഡ്മിനിസ്‌ട്രേറ്റീവ് ചിലവ് പരിധിയും.
പുതിയ ചട്ടങ്ങളിലെ റൂള്‍ 2(1)(ca) പ്രകാരം സ്ഥാപനത്തിന്റെ ഭരണസംവിധാനത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന വ്യക്തികളെ ‘കീ ഫംഗ്ഷണറി’ (Key Functionaries) ആയി വ്യക്തമായി നിര്‍വ്വചിച്ചിട്ടുണ്ട്.
ആരൊക്കെയാണ് ഉള്‍പ്പെടുന്നത്? ഡയറക്ടര്‍മാര്‍, ട്രസ്റ്റിമാര്‍, ഭരണസമിതി അംഗങ്ങള്‍, കമ്പനി ഓഫീസര്‍മാര്‍, സ്ഥാപനത്തിന്റെ മാനേജ്‌മെന്റ് ചുമതല വഹിക്കുന്ന പ്രധാന വ്യക്തികള്‍ എന്നിവരെല്ലാം ഇതില്‍ ഉള്‍പ്പെടും.
ചിലവ് പരിധിയിലെ മാറ്റം: പുതിയ റൂള്‍ 5 അനുസരിച്ച് ഇത്തരം കീ ഫംഗ്ഷണറിമാര്‍ക്ക് നല്‍കുന്ന ശമ്പളം, യാത്രാബത്ത, മറ്റ് പ്രതിഫലങ്ങള്‍ എന്നിവ സ്ഥാപനത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ചിലവുകളുടെ (Adminitsrative Expenditure) പരിധിയില്‍ വരും. നിയമപ്രകാരമുള്ള 20 ശതമാനം അഡ്മിനിസ്‌ട്രേറ്റീവ് ചിലവ് പരിധിക്കുള്ളില്‍ തന്നെ ഇവ ക്രമീകരിക്കേണ്ടതുണ്ട്.
2. സംസ്ഥാനലക്ഷ്യധിഷ്ഠിത രജിസ്‌ട്രേഷനും 105 അംഗീകൃത പ്രവര്‍ത്തനങ്ങളും
മുന്‍പ് പൊതുവായ ലക്ഷ്യങ്ങള്‍ കാണിച്ച് രാജ്യത്തെവിടെയും വിദേശഫണ്ട് ഉപയോഗിക്കാന്‍ അനുമതിയുണ്ടായിരുന്നെങ്കില്‍, പുതിയ റൂള്‍ 9(1B) പ്രകാരം ഇനി മുതല്‍ അത് സാധ്യമല്ല. പ്രവര്‍ത്തനമേഖലയുടെ വെളിപ്പെടുത്തല്‍: എന്‍.ജി.ഒകള്‍ തങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന സംസ്ഥാനങ്ങളും അല്ലെങ്കില്‍ കേന്ദ്രഭരണ പ്രദേശങ്ങളും കൃത്യമായി വ്യക്തമാക്കണം. ഇതിനായി 2027 ജൂണ്‍ 21ന് മുന്‍പായി Form FC6F സമര്‍പ്പിക്കേണ്ടതുണ്ട്.105 അംഗീകൃത പ്രവര്‍ത്തനങ്ങള്‍ (Schedule of 105 Approved Activities): സാമൂഹികം, വിദ്യാഭ്യാസം, സാംസ്‌കാരികം, സാമ്പത്തികം, മതം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി വേര്‍തിരിച്ചിട്ടുള്ള 105 അംഗീകൃത പ്രവര്‍ത്തനങ്ങളുടെ പട്ടികയില്‍ നിന്ന് മാത്രമേ സംഘടനകള്‍ക്ക് ഇനി പ്രവര്‍ത്തിക്കാനാവൂ. പുതിയ സംസ്ഥാനങ്ങളിലേക്കോ മേഖലകളിലേക്കോ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഭരണസമിതിയുടെ പ്രമേയവും നിശ്ചിത ഫീസും നല്‍കി പ്രത്യേക അനുമതി വാങ്ങേണ്ടി വരും.
3. വിദേശ പൗരന്മാര്‍ക്കുള്ള വിലക്കും ഫണ്ട് ഉപയോഗവും
വിദേശസംഭാവനകള്‍ പൂര്‍ണ്ണമായും ഇന്ത്യക്കുള്ളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് നിയമത്തില്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഭരണസമിതിയില്‍ വിദേശ പൗരന്മാരുള്ള സംഘടനകള്‍ക്ക് (ഇന്ത്യന്‍ വംശജരായ PIO കാര്‍ഡുടമകള്‍ ഒഴികെ) പുതിയ രജിസ്‌ട്രേഷനോ മുന്‍കൂര്‍ അനുമതിയോ (Prior Permission) ലഭിക്കില്ല. ഇന്ത്യക്ക് പുറത്തുള്ള ഒരു പദ്ധതികള്‍ക്കും എഫ്.സി.ആര്‍.എ. ഫണ്ട് വിനിയോഗിക്കാന്‍ പാടുള്ളതല്ല.
4. പണം വിനിയോഗിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടി
പുതിയ റൂള്‍ 14A പ്രകാരം, വിദേശ സംഭാവന ലഭിച്ച ഒരു സംഘടന തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും ലക്ഷ്യധിഷ്ഠിതമായി വിനിയോഗിച്ചില്ലെങ്കില്‍ ആ സംഘടനയുടെ എഫ്.സി.ആര്‍.എ. രജിസ്‌ട്രേഷന്‍ റദ്ദാക്കാനോ പുതുക്കാതിരിക്കാനോ സര്‍ക്കാരിന് അധികാരമുണ്ട്. ഫണ്ട് അക്കൗണ്ടുകളില്‍ വെറുതെ കെട്ടിക്കിടക്കുന്നത് തടയാനാണ് ഈ നടപടി.
5. കൂടുതല്‍ സുതാര്യതയ്ക്ക് പുതിയ ഫോമുകള്‍ (FC3BB, FC3A, FC4)
Form FC3BB: മുന്‍കൂര്‍ അനുമതിയോടെ ഘട്ടങ്ങളായി ഫണ്ട് ലഭിക്കുന്ന സ്ഥാപനങ്ങള്‍, അടുത്ത ഗഡു ലഭിക്കുന്നതിന് മുന്‍പ് മുന്‍പത്തെ തുക കൃത്യമായി വിനിയോഗിച്ചു എന്ന് തെളിയിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (CA) സര്‍ട്ടിഫിക്കറ്റിനൊപ്പം Form FC3BB സമര്‍പ്പിക്കണം.
വിപുലീകരിച്ച റിപ്പോര്‍ട്ടിംഗ്: Form FC3A, FC4 എന്നിവയിലൂടെ സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, അന്തിമ ദാതാവിന്റെ (Ultimate Donor) വിവരങ്ങള്‍, പദ്ധതി വിനിയോഗ റിപ്പോര്‍ട്ട്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സാക്ഷ്യപ്പെടുത്തിയ UDIN എന്നിവ സമര്‍പ്പിക്കല്‍ നിര്‍ബന്ധമാക്കി.
6. എഫ്.സി.ആര്‍.എ. ഭേദഗതി ബില്‍ 2026: ഡെസിഗ്‌നേറ്റഡ് അതോറിറ്റിയും സ്വത്തുക്കളുടെ നിയന്ത്രണവും
പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഭേദഗതി ബില്‍ പ്രകാരം, ഏതെങ്കിലും ഒരു എന്‍.ജി.ഒയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടുകയോ, കാലാവധി കഴിയുകയോ, സ്വമേധയാ ഉപേക്ഷിക്കുകയോ ചെയ്താല്‍, വിദേശ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സ്‌കൂളുകള്‍, ആശുപത്രികള്‍, വാഹനങ്ങള്‍, ബാങ്ക് ബാലന്‍സ് എന്നിവ ഏറ്റെടുക്കാനും സംരക്ഷിക്കാനും ഒരു ‘ഡെസിഗ്‌നേറ്റഡ് അതോറിറ്റി’ (Designated Authortiy) രൂപീകരിക്കും.
രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്ന സമയത്ത് സ്വത്തുക്കള്‍ കൈമാറ്റം ചെയ്യുന്നതും വില്‍ക്കുന്നതും തടയാന്‍ ബില്ലില്‍ കര്‍ശന വ്യവസ്ഥകളുണ്ട്. കൂടാതെ, നിസ്സാരമായ നടപടിക്രമ വീഴ്ചകളും ഗുരുതര നിയമലംഘനങ്ങളും വേര്‍തിരിച്ച് പിഴകള്‍ ക്രമീകരിക്കാനും (Section 35) അന്വേഷണങ്ങള്‍ക്ക് മുന്‍പ് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങാനും (Section 43) ബില്‍ വ്യവസ്ഥ ചെയ്യുന്നു.
ഉപസംഹാരം: ഭേദഗതിയിലെ പ്രായോഗിക വെല്ലുവിളികളും അപകടസാധ്യതകളും
2026 ലെ എഫ്.സി.ആര്‍.എ. ഭേദഗതികള്‍ വിദേശ ഫണ്ട് വിനിയോഗത്തില്‍ സുതാര്യത ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്നുവെങ്കിലും, ഇതില്‍ മറഞ്ഞിരിക്കുന്ന അപകടസാധ്യതകളും വെല്ലുവിളികളും ചെറുതല്ല.
സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള അമിതാധികാരം: ‘ഡെസിഗ്‌നേറ്റഡ് അതോറിറ്റി’ (Designated Authortiy) രൂപീകരിച്ച് സസ്‌പെന്‍ഡ് ചെയ്യപ്പെടുന്ന സ്ഥാപനങ്ങളുടെ ആശുപത്രികളും സ്‌കൂളുകളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടാനുള്ള വ്യവസ്ഥ, സര്‍ക്കാരിനോട് വിയോജിപ്പുള്ള എന്‍.ജി.ഒകള്‍ക്കെതിരെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കപ്പെടാന്‍ വലിയ സാധ്യതയുണ്ട്.
പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്മേലുള്ള തടസ്സം: സംസ്ഥാന അടിസ്ഥാനത്തിലും 105 നിയന്ത്രിത പട്ടിക പ്രകാരവും മാത്രം പ്രവര്‍ത്തിക്കണം എന്ന വ്യവസ്ഥ, അടിയന്തര ഘട്ടങ്ങളില്‍ (ദുരന്ത നിവാരണം, പെട്ടെന്നുണ്ടാകുന്ന ആരോഗ്യ അടിയന്തരാവസ്ഥകള്‍) തടസ്സങ്ങള്‍ സൃഷ്ടിക്കും.
ജീവനക്കാരുടെ ഭാവിയും ഭരണപരമായ അമിതഭാരവും: കീ ഫംഗ്ഷണറിമാരുടെ ശമ്പളം 20% അഡ്മിനിസ്‌ട്രേറ്റീവ് പരിധിയില്‍ ഉള്‍പ്പെടുത്തിയത് സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്ന വിദഗ്ദ്ധരുടെ സേവനം നഷ്ടപ്പെടാന്‍ ഇടയാക്കും. കൂടാതെ, കര്‍ശനമായ റിപ്പോര്‍ട്ടിംഗ് രീതികള്‍ സാധാരണ ജീവകാരുണ്യ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം സങ്കീര്‍ണ്ണമാക്കും.
ചുരുക്കത്തില്‍, സുതാര്യത ഉറപ്പാക്കുന്നതിനൊപ്പം തങ്ങള്‍ക്ക് താല്പര്യമില്ലാത്ത സംഘടനകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തടയാനും അവയുടെ സ്വത്തുക്കള്‍ ഏറ്റെടുക്കാനും ഭരണകൂടത്തിന് അമിതാധികാരം നല്‍കുന്നു എന്നതാണ് ഈ പുതിയ നിയമ ഭേദഗതിയുടെ പ്രധാന അപകടസാധ്യത. അതിനാല്‍, എഫ്.സി.ആര്‍.എ. രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങള്‍ നിയമപരമായ എല്ലാ മാനദണ്ഡങ്ങളും മുന്‍കൂട്ടി പാലിക്കുകയും ഡോക്യുമെന്റേഷന്‍ കൃത്യമായി സൂക്ഷിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.
സി എ ജോണി പള്ളിവാതുക്കല്‍
(ചാര്‍ട്ടേഡ് അക്കൗണ്ടന്റ്)



