വിളക്കന്നൂരിലെ ദിവ്യകാരുണ്യ അടയാളം

Published on

തലശേരി അതിരൂപതയിലെ വിളക്കന്നൂർ ക്രിസ്തുരാജ ദൈവാലയത്തിൽ 2013 നവംബർ 13 ന് സംഭവിച്ച ദിവ്യകാരുണ്യ അടയാളത്തിന് വത്തിക്കാന്റെ അംഗീകാരം ലഭിച്ചു. അന്നേ ദിവസം വികാരിയായിരുന്ന ഫാ.തോമസ് പതിക്കൽ പ്രഭാതത്തിൽ അർപ്പിച്ച ദിവ്യബലി മധ്യേയാണ് തിരുവോസ്തിയിൽ ഈശോയുടെ തിരുമുഖം തെളിഞ്ഞുവന്ന അസാധാരണമായ സംഭവം ഉണ്ടായത്. വി. കുർബാനയിൽ റൂഹാക്ഷണപ്രാർത്ഥനയുടെ സമയത്ത് തിരുവോസ്തിയുടെ നടുവിൽ ഒരു അടയാളം പ്രത്യക്ഷപ്പെടുകയും വളരെ പെട്ടെന്നുതന്നെ അതിൽ ഈശോയുടെ തിരുമുഖത്തിന്റെ ഛായ തെളിഞ്ഞുവരികയുമായിരുന്നു. തിരുവോസ്തി വികാരിയച്ചൻ അരുളിക്കയിൽ വയ്ക്കുകയും വി. കുർബാന പൂർത്തിയാക്കുകയും ചെയ്തു. വി. കുർബാനക്കുശേഷം ഈ തിരുവോസ്തി വികാരിയച്ചൻ ദിവ്യബലിയിൽ പങ്കെടുത്ത ദൈവജനത്തെ കാണിക്കുകയും അത്ഭുതകരമായ ചിത്രം തെളിഞ്ഞ തിരുവോസ്തി ആരാധനയ്ക്കായി അരുളിക്കയിൽ വയ്ക്കുകയും ചെയ്തു. ആയിരക്കണക്കിനാളുകൾ തിരുവോസ്തി ദർശിക്കാനായി എത്തിയിരുന്നു.

അതിരൂപതാധ്യക്ഷനായിരുന്ന മാർ ജോർജ് വലിയമറ്റം പിതാവിന്റെ നിർദ്ദേശപ്രകാരം 2013 നവംബർ 17 ന് തിരുവോസ്തി തലശേരി ആർച്ചുബിഷപ്പ്സ് ഹൗസിലേക്ക് കൊണ്ടുവരികയും രഹസ്യമായി സൂക്ഷിക്കുകയും ചെയ്തു. ഈ പ്രതിഭാസത്തെക്കുറിച്ച് സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പായിരുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനെ അറിയിച്ചു. മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോർജ് ഞറളക്കാട്ട്, മാർ ജോസഫ് അരുമച്ചാടത്ത് എന്നീ പിതാക്കൻമാർ അടങ്ങിയ സീറോമലബാർ സഭയുടെ ഡോക്ട്രിനൽ കമ്മീഷനെ ഈ പ്രതിഭാസത്തെക്കുറിച്ച് പഠിക്കുവാൻ മേജർ ആർച്ചുബിഷപ്പ് ചുമതലപ്പെടുത്തി. മോൺ. മാത്യു വെള്ളാനിക്കൽ, റവ. ഡോ. ജോസ് പാലക്കീൽ എം.എസ്.ടി, റവ. ഡോ. സിബി പുളിക്കൽ, റവ. ഡോ. ജോസഫ് പാംപ്ലാനി, റവ. ഡോ. തോമസ് മേൽവെട്ടം, റവ. ഡോ. ജോർജ് കുടിലിൽ എന്നീ വിദഗ്ദ്ധർ അടങ്ങിയ ഒരു സമിതിയെ ഈ പ്രതിഭാസം ആഴത്തിൽ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ സീറോമലബാർ ഡോക്ട്രിനൽ കമ്മീഷൻ ചുമതലപ്പെടുത്തി. വിദഗ്ദ്ധ സമിതി പഠിക്കുകയും 2013 ഡിസംബർ 21 ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. തിരുവോസ്തി രഹസ്യമായി ആർച്ചുബിഷപ്പ്സ് ഹൗസിലെ ചാപ്പലിൽ തുടർന്നും സൂക്ഷിച്ചുപോന്നു.

മാർ ജോർജ് ഞറളക്കാട്ട് പിതാവ് അന്നത്തെ സഹായമെത്രാനും സി.ബി.സി.ഐ. ഡോക്ട്രിനൽ കമ്മീഷൻ അംഗവുമായിരുന്ന മാർ ജോസഫ് പാംപ്ലാനി പിതാവിനോട് ഈ വിഷയത്തെക്കുറിച്ചുള്ള പഠനം തുടരുവാൻ നിർദ്ദേശിച്ചു. അഞ്ച് വർഷങ്ങളായി ആർച്ചുബിഷപ്പ്സ് ഹൗസിൽ സൂക്ഷിച്ചിരുന്ന തിരുവോസ്തി വിളക്കന്നൂർ ഇടവകാ ദൈവാലയത്തിലേക്ക് 2018 ആഗസ്റ്റ് 22 ന് തിരികെ കൊണ്ടുപോയി. കൃത്യമായ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഡിക്രി മാർ ജോർജ് ഞറളക്കാട്ട് പിതാവ് പുറപ്പെടുവിക്കുകയും ഈ അത്ഭുതപ്രതിഭാസത്തിന്റെ ഔദ്യോഗികമായ സ്ഥിരീകരണം വിശ്വാസ തിരുസംഘത്തിൽ നിന്നാണ് വരേണ്ടതെന്ന്. ദൈവജനത്തെ അറിയിക്കുകയും ചെയ്തു.

2018 ൽ റോമിലെ വിശ്വാസതിരുസംഘത്തിന്റെ നിർദ്ദേശമനുസരിച്ച് കൂടുതൽ പഠനത്തിനായി തിരുവോസ്തി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിവഴി റോമിലേക്ക് കൊണ്ടുപോയി. 2023 ആഗസ്റ്റ് 8 ന് വിശ്വാസതിരുസംഘത്തിന്റെ അധ്യക്ഷനായ കർദിനാൾ ലൂയിസ് ഫ്രാൻസിസ്ക്കോ ലെസാരിയായ്ക്ക് അതിരൂപതാധ്യക്ഷനായ മാർ ജോസഫ് പാംപ്ലാനി പിതാവ് ഈ അത്ഭുത പ്രതിഭാസത്തെക്കുറിച്ചുള്ള പഠനത്തിന്റെ വിവരങ്ങൾ ആരാഞ്ഞുകൊണ്ട് കത്തെഴുതി. 2023 സെപ്റ്റംബർ 21 ന് അപ്പസ്തോലിക് നൂൺഷ്യേച്ചർ വഴി വിശ്വാസതിരുസംഘത്തിന്റെ മറുപടി ലഭിച്ചു. തിരുവോസ്തിയിലെ അത്ഭുതകരമായ പ്രതിഭാസത്തെക്കുറിച്ച് കൂടുതൽ ശാസ്ത്രീയമായ പഠനങ്ങൾ നടത്താനുള്ള നിർദ്ദേശം റോമിൽ നിന്നുള്ള കത്തിൽ ഉണ്ടായിരുന്നു. 2024 ജനുവരി 15 ന് ഡൽഹിയിലെ വത്തിക്കാൻ സ്ഥാനപതിയിൽനിന്നും തിരുവോസ്തി ഏറ്റുവാങ്ങുകയും തലശേരി അതിരൂപതാകേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു. റോം നിർദ്ദേശിച്ച കൂടുതൽ ശാസ്ത്രീയ പഠനങ്ങൾക്കുള്ള സൗകര്യങ്ങൾ ഇന്ത്യയിൽ ഉണ്ടെന്നുള്ളതിനാലായിരുന്നു തിരുവോസ്തി തിരികെ നല്കിയത്.

ശാസ്ത്രീയ പരിശോധനക്കായി മൂന്ന് പരീക്ഷണപഠനങ്ങളാണ് വിശ്വാസതിരുസംഘം നിർദ്ദേശിച്ചിരുന്നത്.

  1. Fourier Transform Infrared Spetcroscopy analysis or FTIR analysis.
  2. HPLC Ms or High Performance Liquid
    Chromatography (HPLC) 3. Mass Spectometry. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ ഈ പഠനങ്ങൾക്കുള്ള ആധുനിക ഉപകരണങ്ങൾ ഉണ്ടായിരുന്നതിനാൽ വിശ്വാസതിരുസംഘത്തിന്റെ അനുമതിയോടെ ബാംഗ്ലൂർ കൈ്രസ്റ്റ് യൂണിവേഴ്സിറ്റി ലാബിലാണ് പഠനങ്ങൾ നടത്തിയത്. വിശ്വാസതിരുസംഘത്തിന്റെ നിർദ്ദേശമനുസരിച്ച് ശാസ്ത്രീയ പഠനങ്ങളും പരീക്ഷണങ്ങളും നടത്തുവാൻ ശാസ്ത്രജ്ഞൻമാരുടെ ഒരു സമിതിയെ നിയോഗിച്ചു. 2024 ജനുവരി 23 ന് കൂടുതൽ ശാസ്ത്രീയ പഠനത്തിനായി തിരുവോസ്തി ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ എത്തിച്ചു. ഡോ. ജ്യോതിസ് ദേവസ്യാ റിസേർച്ച് വിംഗ് കോമൺ ഇൻസ്ട്രുമെന്റേഷൻ ലാബ്, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, ഡോ. ജോബി സേവ്യർ ഹെഡ് & ഡയറക്ടർ ഡിപ്പാർട്ടുമെന്റ് ലൈഫ് സയൻസ് & കെമിസ്ട്രി, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, ഡോ. പി. ടി. വർഗ്ഗീസ് ഹെഡ് ഓഫ് ഫോറൻസിക് ഡിപ്പാർട്ടുമെന്റ്, സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ബാംഗ്ലൂർ, എന്നിവർ അടങ്ങിയ ശാസ്ത്രജ്ഞന്മാരുടെ സമിതിയും റവ. ഡോ. ജോർജ് കരോട്ട്, റവ. ഡോ. സെബാസ്റ്റ്യൻ ചാലക്കൽ എന്നീ ദൈവശാസ്ത്രജ്ഞൻമാർ അടങ്ങിയ സമിതിയും തിരുവോസ്തിയിലെ അത്ഭുതപ്രതിഭാസത്തെക്കുറിച്ചുള്ള പരീക്ഷണങ്ങളും പഠനങ്ങളും നടത്തുകയും റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു. തിരുവോസ്തിയിലെ ഛായാചിത്രത്തിൽ പുറമെ നിന്നുള്ള ഏതെങ്കിലും പദാർത്ഥത്തിന്റെ സ്വാധീനം ഉണ്ടോ എന്നു മനസ്സിലാക്കുവാൻ കഴിയുന്ന പരീക്ഷണങ്ങളായിരുന്നു വിശ്വാസതിരുസംഘം നിർദ്ദേശിച്ചിരുന്നത്.

അതീവരഹസ്യ സ്വഭാവത്തോടെ നടത്തിയ പഠനത്തിന്റെ പൂർണ്ണമായ റിപ്പോർട്ട് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി വഴി 2024 ഏപ്രിൽ 2 ന് റോമിന് സമർപ്പിച്ചു. ശാസ്ത്രീയ പഠനത്തിന്റെ റിപ്പോർട്ടുകളും ദൈവശാസ്ത്ര വിശകലനങ്ങളും വിലയിരുത്തി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി വഴി 2025 മാർച്ച് 19 ന് വിളക്കന്നൂരിലെ ദിവ്യകാരുണ്യ പ്രതിഭാസം ഒരു അസാധാരണ സംഭവമായി പ്രഖ്യാപിക്കുന്നതിൽ തടസമില്ലെന്ന് വിശ്വാസതിരുസംഘം അറിയിച്ചു. ദൈവജനത്തെ അറിയിക്കാനുള്ള ഡിക്രി മലയാളത്തിൽ പരിഭാഷപ്പെടുത്തി വിശ്വാസ തിരുസംഘത്തിനും സീറോമലബാർ മേജർ ആർച്ചുബിഷപ്പിനും സി. ബി.സി.ഐ. പ്രസിഡന്റിനും നല്കുവാൻ നിർദ്ദേശമുണ്ടായി. ഡിക്രി പരിഭാഷപ്പെടുത്തി റോമിൽ എത്തിച്ചതിനെതുടർന്ന് ഈ അത്ഭുത പ്രതിഭാസത്തെക്കുറിച്ച് ദൈവജനത്തെ അറിയിക്കുവാനുള്ള അനുമതി വിശ്വാസതിരുസംഘം മാർ ജോസഫ് പാംപ്ലാനി പിതാവിന് നല്കി. തിരുവോസ്തിയിലെ ഛായാചിത്രത്തിന്റെ അതേ പദാർത്ഥമാണ് തിരുവോസ്തിയുടെ മറ്റ് ഭാഗങ്ങളിൽ ഉള്ളതെന്നും ഈ ഛായാചിത്രം തിരുവോസ്തിയിലെ പദാർത്ഥങ്ങളിൽ നിന്നുതന്നെയാണ് രൂപപ്പെട്ടതെന്നുമുള്ള നിഗമനത്തിലാണ് ശാസ്ത്രീയ പഠനങ്ങൾ എത്തിനിൽക്കുന്നത്. തിരുവോസ്തിയിലെ ഛായാചിത്രത്തിൽ പുറമേ നിന്നുള്ള ഒരു പദാർത്ഥത്തിന്റെയും സ്വാധീനം പഠനങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞില്ല.

2025 മെയ് 9 ന് വിളക്കന്നൂർ ക്രിസ്തുരാജാ ദൈവാലത്തിലെ ദിവ്യബലിമധ്യേ ഈ വിവരം മാർ ജോസഫ് പാംപ്ലാനി പിതാവ് ദൈവജനത്തെ അറിയിച്ചു. 2025 മെയ് 31 ന് ഉച്ചകഴിഞ്ഞ് 2.30 ന് ഇന്ത്യയിലെ അപ്പസ്തോലിക് നൂൺഷ്യോ ആർച്ചുബിഷപ്പ് ലെയോ പോൾഡോ ജിറെല്ലി
ഔദ്യോഗികമായ പ്രഖ്യാപനം വിളക്കന്നൂർ ക്രിസ്തുരാജാ ദൈവാലത്തിൽ വച്ച് തലശേരി അതിരൂപതയിലെ അഭിവന്ദ്യ പിതാക്കന്മാരുടെയും വൈദികരുടേയും സന്യസ്തരുടേയും ദൈവജനത്തിന്റെയും സാന്നിധ്യത്തിൽ നടത്തി.

Latest Updates

POPULAR Views

FEATUERD Views

സിനിമകളുടെ മാസ്മരിക സ്വാധീനവലയം

അനുകരിക്കപ്പെടുന്ന കലാരൂപങ്ങളിൽ പ്രഥമസ്ഥാനത്താണ് സിനിമ. ഏതുഭാഷയിലുളള സിനിമയും കാഴ്ചക്കാരെ സ്വാധീനിക്കാറുണ്ട് ....

സിനിമകൾ പുന:നിർണയിക്കുന്ന ധാർമികത

സിനിമയെ സമൂഹത്തിന്റെ കണ്ണാടിയെന്ന് (Mirror of Society) വിശേഷിപ്പിക്കാറുണ്ട്. സമൂഹത്തിന്റെ രേഖാച്ചിത്രം...

കാതലായതും ആഴമേറിയതുമായ സഭാസ്വത്വം പ്രചരിപ്പിക്കുന്നതിനുള്ള മാധ്യമങ്ങളുടെ ഉപയോഗം

സുവിശേഷവൽക്കരണം സഭയ്ക്ക് വെറുമൊരു സംഭവമല്ലെന്നും മനുഷ്യരാശിയുടെ രക്ഷയ്ക്കായി കർത്താവിന്റെ കൽപ്പനയാൽ സഭയെ...

വൃദ്ധരുടെ സംരക്ഷണവും ക്രൈസ്തവ വിശ്വാസത്തിന്റെ പ്രായോഗികതയും

നമ്മുടെ കൊച്ചുകേരളം വലിയൊരു വാർദ്ധക്യ സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്. ആയുർദൈർഘ്യം വർധിച്ചതും ജനനനിരക്ക്...

കാരുണ്യമായ് കർമവീഥിയിൽ

സഭയുടെ ദര്‍ശനങ്ങള്‍ എന്നും സമഗ്രതനില്‍ ഉള്ളവയാണ്. തന്റെ മക്കള്‍ക്ക്‌ ആത്മീയഉപദേരങ്ങള്‍ നല്കുന്നതോടൊലം സഭ അവളുടെ കരങ്ങള്‍ സമൂഹത്തിന്റെ എല്ലാ അതിരുകളിലേക്കും നീട്ടുകയും ചെയ്യുന്നു. സഭയുടെ സാമൂഹ്യ പ്രബോധനങ്ങളിലൂടെ നാം അത്‌ മനസിലാക്കുന്നു.

പൊതുവിദ്യാഭ്യാസം മതേതരവീക്ഷണത്തിൽ

ഒരു രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് വിദ്യാഭ്യാസം ഒരു നിർണ്ണായക ഘടകമാണ്....

ഉടമ്പടി ചെയ്ത വിശ്വസ്തർ

''ബലിയർപ്പണത്തോടെ എന്നോട് ഉടമ്പടിചെയ്തിട്ടുള്ള എന്റെ വിശ്വസ്തരെ എന്റെ അടുത്തു വിളിച്ചുകൂട്ടുവിൻ'' (സങ്കീ 50 :5)

കാട് കാട്ടുമൃഗങ്ങൾക്കും നാട് നാട്ടാർക്കും

കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകൊണ്ട് കേരളത്തിലെ കാട്ടാനകളുടെ എണ്ണം 70 ശതമാനം വർധച്ചിട്ടുണ്ട്. ഇന്ത്യയിൽ ആകെയുള്ള 27000 കാട്ടാനകളിൽ 6500 എണ്ണവും ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ ഒരു ശതമാനം മാത്രംവരുന്ന കേരളത്തിലാണ് എന്നത് ആശങ്കയുളവാക്കുന്നതാണ്.

ഇന്ത്യൻ ജനാധിപത്യത്തിലെ ക്രൈസ്തവ ഭാഗധേയത്വം

ഫാ. ജയിംസ് കൊക്കാവയലിൽ ഒരു ലോകസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ എത്തിനില്ക്കുമ്പോൾ ഇന്ത്യൻ ജനാധിപത്യത്തിലുള്ള...

നുണയാണോ സുതാര്യത? വിഴുപ്പലക്കലാണോ നീതിതേടല്‍?

ജോനാഥന്‍ സ്വിഫ്റ്റ്‌ എന്ന ഇംഗ്ലീഷ്‌ സാഹിതൃകാരന്‍ 1710-ല്‍ എഴുതിയ ഒരു ലേഖനത്തില്‍...