എലിക്കെണിയിൽ പെടരുതേ…

Published on

ഒറ്റത്തവണ ഉപയോഗം മതി; തീർന്നു ജീവിതം. എലിക്കെണി കണ്ടിട്ടില്ലേ. കെണിയിൽ പെട്ടാൽ പിന്നെ രക്ഷയില്ല. അതുപോലെയാണ് രാസലഹരികൾ. കൂട്ടുകൂടി, രസത്തിനു വേണ്ടി, ജിജ്ഞാസമൂലം ഉപയോഗിച്ചു നോക്കുവാൻ പറ്റിയ ഒന്നല്ല ലഹരി. സർവ്വനാശത്തിലേക്കുള്ള വഴി തുറക്കുന്ന അവ ഒരിക്കൽപോലും പരീക്ഷിച്ചു നോക്കരുത്. തലച്ചോറാണ് ഛിന്നഭിന്നമാക്കപ്പെടുന്നത്. കൗതുകത്തിനും കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയും “വൈബ് ” ആകാനും ഒക്കെ ലഹരി ഒന്നു രുചിച്ചു നോക്കിയവർ വീണത് നിലയില്ലാക്കയത്തിൽ ആണെന്ന് തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയിരിക്കും.

ആദ്യത്തെ രസം മാറി ലഹരി പിന്നെ ആവശ്യമായി മാറും. അതില്ലാതെ ജീവിക്കാൻ കഴിയാതാകും. യുവാക്കളെ ലഹരി കൊണ്ടുചെന്നെത്തിക്കുന്നത് മരിച്ച, മരവിച്ച മസ്തിഷ്കങ്ങളുടെ ലോകത്തേക്കാണ്. കോടിക്കണക്കിന് നൂറോണുകൾ ചേർന്നതാണ് നമ്മുടെ മസ്തിഷ്കം . ആ ന്യൂറോണുകളെ ബന്ധിപ്പിക്കുന്ന അതിലേറെ കോടി കണക്ഷനുകൾ. ആ ന്യൂറോണുകളെയും കണക്ഷനുകളെയും രാസലഹരികൾ പിച്ചിച്ചീന്തുന്നു. രാസലഹരികൾ ന്യൂറോൺ കോശങ്ങളെ നശിപ്പിക്കും. തലച്ചോറിന്റെ പ്രവർത്തനത്തെ സഹായിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററുകളിൽ മാറ്റം വരുത്തും. ഓർമ്മ ,പഠനം, ചിന്താശേഷി എന്നിവയെ ഇതു ബാധിക്കും. ലഹരി ഉപയോഗം നിർത്തിയാലും ഈ ആഘാതം നിലനിൽക്കും.

ലഹരി ആസക്തിയാണ് ആദ്യം സൃഷ്ടിക്കുന്നത്.. ലഹരി ലഭിക്കാതെ വരുമ്പോഴുള്ള ‘പിൻവാങ്ങൽ’ പ്രതികരണങ്ങളാണ് അടുത്തഘട്ടം. ലഹരിക്ക് വേണ്ടി ആരെയും ആക്രമിക്കുന്ന പ്രവണത കാണിക്കും. മാനസിക പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഈ ഘട്ടത്തിലാണ്. കടുത്ത വിഷാദം ,ആത്മഹത്യ പ്രവണത, മറ്റ് മാനസിക പ്രശ്നങ്ങൾ എന്നിവയും പ്രകടിപ്പിച്ചേക്കാം.ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്നു തോന്നും. ഉള്ളത് ഇല്ലെന്നും. കാണാത്തത് കാണുകയും കേൾക്കാത്തതു കേൾക്കുകയും ചെയ്യുന്ന അവസ്ഥകൾ (ഹാലൂസിനേഷൻ) ലഹരിയുപയോഗിക്കുന്ന മിക്കവരിലും ഉണ്ടാകാറുണ്ട്.

ലഹരി ഉപയോഗിക്കുന്നവരുടെ മസ്തിഷ്കത്തിലെ “പ്രീ ഫ്രോണ്ടൽ ലോബ് “എന്ന ഭാഗത്തിന്റെ പ്രവർത്തനം മന്ദീഭവിക്കുന്നു. ഒരു വ്യക്തിയുടെ ബോധപൂർവ്വമായ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗമാണിത്. ഒരാളുടെ വ്യക്തിത്വവും സാമൂഹികമായി പെരുമാറേണ്ട രീതികളെയും രൂപപ്പെടുത്തുന്നത് ഈ ഭാഗത്തിന്റെ പ്രവർത്തനഫലമായാണ്. കൂടാതെ, തെറ്റുകളും കുറ്റകൃത്യങ്ങളും നടത്താനുള്ള സ്വാഭാവികമായ പ്രേരണകളെ ഇല്ലാതാക്കുന്നതും നിഷേധാത്മകമായ വൈകാരിക പ്രതികരണങ്ങളെ നിയന്ത്രിക്കുന്നതും “പ്രീ ഫ്രോണ്ടൽ ലോബ് ” ആണ്. മനുഷ്യനെ മൃഗങ്ങളിൽ നിന്ന് വേർതിരിക്കുന്നത് മസ്തിഷ്കത്തിന്റെ ഈ ഭാഗത്തിന്റെ പ്രവർത്തനങ്ങളാണ്. അത് തകരാറിലാകുന്നതോടെയാണ് മനുഷ്യൻ മൃഗമായി മാറുന്നത്. രാസലഹരികൾ മനുഷ്യനെ അക്ഷരാർഥത്തിൽ മൃഗതുല്യനാക്കി മാറ്റുന്നു.

ലഹരി ഉപയോഗിക്കുന്നവരിൽ “ആന്റിസിപ്പേറ്ററി വയലൻസ് “എന്ന പെരുമാറ്റ രീതി കാണപ്പെടും. അതായത് ചുറ്റുമുള്ളവർ തന്നെ ഉപദ്രവിക്കും എന്ന് സംശയം ഉണ്ടാവുകയും തുടർന്ന് സ്വയം രക്ഷിക്കാൻ എന്ന ഭാവത്തിൽ അങ്ങോട്ടു കേറി ഉപദ്രവിക്കുകയും ചെയ്യുന്ന രീതി.തലച്ചോറിലെ “ഡോപ്പാമിൻ “എന്ന രാസവസ്തുവിന്റെ അളവ് വർദ്ധിക്കുന്നതാണ് ലഹരിവസ്തുക്കൾ ഉപയോഗിക്കുമ്പോൾ കിട്ടുന്ന ആഹ്ലാദ അനുഭൂതികളുടെ അടിസ്ഥാനം. ഈ കാരണം കൊണ്ടുതന്നെയാണ് ലഹരിവസ്തുക്കൾ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതും. ചില രാസവസ്തുക്കൾ ഉപയോഗിക്കുമ്പോൾ തലച്ചോറിലെ “ഡോപാമിൻ “അളവ് ക്രമാതീതമായി വർദ്ധിക്കുകയും അത് ചിത്തഭ്രമ ലക്ഷണങ്ങൾക്കും അക്രമസ്വഭാവത്തിനും വഴി വയ്ക്കുകയും ചെയ്യും. ഇത്തരം സാഹചരങ്ങളിൽ ലഹരിക്ക് അടിമപ്പെട്ടവർ മറ്റുള്ളവരെ ഉപദ്രവിക്കാനും കൊല്ലാനും വരെ സാധ്യത ഉണ്ടാകാറുണ്ട്.

അകാല വാർധ്യക്യവും മരണവുമാണ് പതിവായി ലഹരി ഉപയോഗിക്കുന്ന ഒരാളെ കാത്തിരിക്കുന്നത്. ഇതുപോലെ മറ്റൊരു രോഗവും ലോകത്തില്ല. ലഹരി കുത്തിവയ്ക്കാൻ ഉപയോഗിക്കുന്ന സിറിഞ്ച് വഴി എച്ച് ഐ വി വൈറസ് ബാധ ഉൾപ്പെടെ പിടിപെടാം. ലഹരി ഉപയോഗിക്കുന്നവരിൽ രോഗപ്രതിരോധശേഷി കുറവായിരിക്കും. അതിനാൽ രോഗാതുരതയും മരണനിരക്കും കൂടുതലാണ്.

വിവിധങ്ങളായ ലഹരികൾ, സാമൂഹ്യമാധ്യമങ്ങൾ, രക്തരൂക്ഷിതമായ അക്രമങ്ങൾ പ്രമേയമാക്കുന്ന ചലച്ചിത്രങ്ങൾ, വെബ് സീരിസ് , സാമൂഹിക കുടുംബാന്തരീക്ഷങ്ങളിലെ മാറ്റങ്ങൾ, മൊബൈൽ ഫോൺ അഡിക്ഷൻ തുടങ്ങി കോവിഡാനന്തര പ്രതിസന്ധികൾ വരെയുള്ള ഒട്ടേറെ കാരണങ്ങൾ ലഹരിയാസക്തിയിലേക്ക് ഒരുവനെ നയിക്കുന്നുണ്ട്. തകർന്ന കുടുംബബന്ധങ്ങൾ, താളപ്പിഴയുള്ള മാതാപിതാക്കൾ,
ദാമ്പത്യകലഹങ്ങൾ, മാതാപിതാക്കൾക്കിടയിലെ വിവാഹമോചനം , ടോക്സിക് പാരന്റിംഗ്, സിംഗിൾ പാരന്റിങ് തുടങ്ങിയ അനാരോഗ്യകരമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന കുട്ടികളിൽ ലഹരിവസ്തുക്കളുടെ ഉപയോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.

ലഹരിക്ക് അടിമയായ വ്യക്തിക്കൊപ്പം തകർച്ച നേരിടുന്നത് കുടുംബവും സമൂഹവും രാജ്യവുമാണ്. യഥാർത്ഥത്തിൽ എന്താണ് യുവതലമുറയിൽ സംഭവിക്കുന്നതെന്ന് ശാസ്ത്രീയാപഗ്രഥനത്തിലൂടെ കണ്ടെത്തി പരിഹരിക്കേണ്ടിയിരിക്കുന്നു .ഒറ്റമൂലി പരിഹാരങ്ങൾ ഒന്നുമില്ല. കുട്ടികളെ ലഹരിവലയിൽ നിന്നും മോചിപ്പിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. കേരളം ഭ്രാന്താലയമായി മാറാതിരിക്കാൻ, യുവാക്കൾ പാഴ്ജന്മങ്ങളായി മാറാതിരിക്കാൻ ഭരണസംവിധാനവും നിയമപാലകരും രാഷ്ട്രീയ മതസാമൂഹിക സാംസ്കാരിക യുവജനപ്രസ്ഥാനങ്ങളും അധ്യാപകരും മാതാപിതാക്കളും ഒറ്റക്കെട്ടായി നീങ്ങേണ്ടതുണ്ട്. അതിനുള്ള കർമ്മപദ്ധതികളും വിഭാവനം ചെയ്തു നടപ്പാക്കണം. കുട്ടികളെ കേൾക്കണം. അതിന് മന:ശാസ്ത്രപരമായ സമീപനം വേണം. കുട്ടികളുടെയും ഒപ്പം മാതാപിതാക്കളുടെയും മാനസികാരോഗ്യം വർധിപ്പിക്കാനുള്ള സംവിധാനങ്ങളും ഉണ്ടാകണം. മാനസികാരോഗ്യമുള്ളവർ ലഹരിവഴികൾ തേടാനുള്ള സാധ്യത കുറവാണ്.

അക്രമത്തിന്റെയും ലഹരിയുടെയും കാണാച്ചരടുകൾ പൊട്ടിച്ചെറിഞ്ഞ്, കരുതലേകാനും കൈകോർത്ത് കരുത്ത് പകരാനും നമുക്ക് ഒത്തുചേരാം. നാം നമ്മുടെ നാടിനെ,കുഞ്ഞുങ്ങളെ വീണ്ടെടുത്തേ തീരൂ.


എം.ഡി. എം. എ

ലഹരി വസ്തുക്കളിൽ ഏറ്റവും അപകടകാരിയാണ് എം.ഡി.എം.എ.ഉന്മാദാവസ്ഥയും വിഭ്രാന്തിയുമുണ്ടാക്കുന്ന ലഹരി വസ്തു. തലച്ചോറിലെ ആശയ വിനിമയ സംവിധാനത്തെ ഇത് തകരാറിലാക്കും. മസ്തിഷ്ക്കത്തിൽ അപകടകരമായ രീതിയിൽ രാസമാറ്റങ്ങൾ സൃഷ്ടിക്കും. വിശേഷബുദ്ധി ഇല്ലാതാക്കും. ശരീര താപനില ഉയരും. ബി.പി. വലിയ തോതിൽ കൂടും. ഇത് മസ്തിഷ്കാഘാതം, ഹൃദയാഘാതം എന്നിവക്ക് വഴിവെയ്ക്കാം.സ്ഥിരമായ ഉപയോഗം വിഷാദം, പരിഭ്രാന്തി, സൈക്കോസിസ്, പാനിക് അറ്റാക്ക്, സംശയം, ചിന്താ പ്രശ്നങ്ങൾ, അക്രമവാസന എന്നിവയുണ്ടാക്കും.


ലഹരിക്കൊലപാതകങ്ങൾ

ലഹരി അക്രമവാസന ജനിപ്പിക്കുന്നുവെന്നതിന് തെളിവാണ് കഴിഞ്ഞ വർഷം കേരളത്തിൽ നടന്ന ലഹരിക്കൊലപാതകങ്ങൾ. 330 പേരാണ് കേരളത്തിൽ ഇപ്രകാരം കൊല്ലപ്പെട്ടത്. 2025 മാർച്ച് 15 വരെ 70 കൊലപാതകങ്ങൾ നടന്നു കഴിഞ്ഞു.

അഡ്വ. ചാർളി പോൾ

Latest Updates

POPULAR Views

FEATUERD Views

പൗരബോധം ശീലമാക്കണം, വേണ്ടത് പുതിയൊരു പൗരസംസ്‌കാരം

എല്ലാവരും അവകാശങ്ങളെക്കുറിച്ചു ബോധവാന്മാരായിത്തീര്‍ന്നു; എന്നാല്‍, കടമകളെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും ചിന്തിച്ചു പോലുമില്ല. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ വാങ്ങുന്നത് അവകാശവും കൊടുക്കുന്നത് കടമയുമാണെങ്കില്‍ വാങ്ങാന്‍ മാത്രമാണ് ഇന്നിന്റെയാളുകള്‍ പഠിച്ചിട്ടുള്ളതും പഠിപ്പിക്കുന്നതും.

സമുദായ ശക്തീകരണവര്‍ഷം സമഗ്രപുരോഗതിക്ക് 

സീറോമലബാര്‍ സഭ സമുദായ ശക്തീകരണ വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. നമ്മുടെ നസ്രാണി സമുദായത്തെക്കുറിച്ച്...

ഇൻതിഫാദ

ഹമാസ് എന്ന അന്താരാഷ്ട്ര ഭീകര സംഘടന ഇസ്രായേലിനെതിരെ നടത്തിവരുന്ന രക്തരൂക്ഷിതമായ സായുധ പ്രക്ഷോഭങ്ങളെ വിശേഷിപ്പിക്കുവാൻ ഉപയോഗിക്കുന്ന വാക്കാണ് ഇൻതിഫാദ ...

നിന്റെ സഹോദരന്‍ എവിടെ?

ജീവന് കാവല്‍ നില്ക്കുന്നത് അണഞ്ഞുപോകാന്‍ തുടങ്ങുന്ന മെഴുതിരിനാളത്തെ കാറ്റിനെതിരെയുള്ള പോരാട്ടത്തില്‍ കൈപ്പടം ചേര്‍ത്തുപിടിച്ച് കാത്തുരക്ഷിക്കുന്നതുപോലെയാണ്.

മാലിന്യമലയിലെ ക്രിസ്തുസാക്ഷ്യം

കൊ​​​​ച്ചി​​​​യെ ആ​​​​ക​​​​മാ​​​​നം പു​​​​ക​​​​യ്ക്കു​​​​ള്ളി​​​​ൽ നി​​​​റു​​​​ത്തി​​​​ക്കൊ​​​​ണ്ടു ബ്ര​​​​ഹ്മ​​​​പു​​​​രം മാ​​​​ലി​​​​ന്യ​​​​മ​​​​ല ക​​​​ത്തി​​​​യെ​​​​രി​​​​യു​​​​മ്പോ​​​​ൾ ന​​​​മ്മു​​​​ടെ രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ...

യുദ്ധവും സമാധാനവും

ഫ്ര​​ഞ്ച് ച​​ക്ര​​വ​​ർ​​ത്തി​​യാ​​യ നെ​​പ്പോ​​ളി​​യ​​ൻ പ​​ത്തൊ​​ൻ​​പ​​താം നൂ​​റ്റാ​​ണ്ടി​​ന്‍റെ ആ​​രം​​ഭ​​ത്തി​​ൽ റ​​ഷ്യ​​യെ ക​​ട​​ന്നാ​​ക്ര​​മി​​ച്ച​​തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ...

തു​റ​ന്നുപ​റ​യേ​ണ്ട​പ്പോ​ൾ നി​ശ​ബ്ദ​നാ​യി​രി​ക്ക​രു​ത്

ഇ​രു​പ​താം​നൂ​റ്റാ​ണ്ട് ക​ണ്ട ഏ​റ്റ​വും സ​ത്യ​സ​ന്ധ​നായ മനുഷ്യനും ആ​ശ​യം​കൊ​ണ്ടും ജീ​വി​തം​ കൊ​ണ്ടും ലോ​കം...