നാം ഭാരതീയര്‍, പ്രത്യേകിച്ച് കേരളീയര്‍ക്ക് പൗരബോധമുണ്ടോ ? ചോദ്യം കേള്‍ക്കുമ്പോള്‍ തന്നെ ദേഷ്യം വരുന്നുണ്ടല്ലേ ? ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസമുള്ള, സംസ്‌കാരവും പാരമ്പര്യവുമുള്ള ജനതയെന്നഭിമാനിക്കുന്ന കേരളീയനോടോ ഇത്തരമൊരു ചോദ്യം! വിദ്യാഭ്യാസപരമായി വളരെയധികം സൗകര്യങ്ങളും സാധ്യതകളുമുള്ള മലയാളിയെന്ന നിലയില്‍ ഔന്നത്യം പുലര്‍ത്തേണ്ടവരാണ് നാമെന്നതില്‍ സംശയമില്ല. എന്നാല്‍ വാസ്തവം എന്താണ്?
പൊതുനിരത്തില്‍ മാലിന്യങ്ങള്‍ വലിച്ചെറിയാനും നടുറോഡില്‍ തുപ്പാനും നീണ്ട ക്യൂവിലായിരിക്കുന്ന വാഹനങ്ങളെ റോങ് സൈഡിലൂടെ കടന്ന് ചെന്ന് ഉച്ചത്തില്‍ ഹോണ്‍ മുഴക്കാനും മദ്യപിച്ചും അല്ലാതെയും അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിക്കാനും സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളിലൂടെ എന്തും വിളിച്ചു പറയാനും വിശ്വസിക്കാനും മലയാളികള്‍ക്ക് മടിയില്ല എന്നതല്ലേ സത്യം?
രാഷ്ട്രീയമായും സാമൂഹ്യപരമായും സാംസ്‌കാരികപരമായും മികച്ചവരെന്നഭിമാനിക്കുന്ന നമ്മുടെ പൊതുബോധത്തില്‍ വലിയ പിഴവുകളുണ്ടെന്നാണ് ഇവയെല്ലാം വ്യക്തമാക്കുന്നത്. അതുപക്ഷേ, ഏതാനും ആളുകളുടെ മാത്രം കുഴപ്പമല്ല; നമ്മുടെ വിദ്യാഭാസസമ്പ്രദായത്തിന്റെ പോരായ്മ തന്നെയാണ്.
ഇന്ദിരാഗാന്ധിയുടെ കുറ്റസമ്മതം പോലും പാഠമായില്ല
1984 ലെ അധ്യാപക ദിനത്തില്‍ (സെപ്റ്റംബര്‍ 5 ) ഡല്‍ഹിയില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇങ്ങനെ വിലപിച്ചു,
‘ നമുക്ക്, വിദ്യാഭ്യാസ കാര്യത്തില്‍ സംഭവിച്ച ഏറ്റവും വലിയ അബദ്ധം, നമ്മുടെ കുട്ടികളെ സ്വാതന്ത്ര്യസമരത്തെപ്പറ്റി പഠിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നതാണ്.’ കൊളോണിയല്‍ ഭരണത്തിന്‍ കീഴില്‍ പലതരം വിലക്കുകള്‍ക്കും അസ്വാതന്ത്ര്യത്തിനും വിധേയരായി കഴിയേണ്ടി വന്ന നമുക്ക് സ്വാതന്ത്ര്യം സിദ്ധിച്ചപ്പോള്‍ എല്ലാ ബന്ധനവും അറുത്തു കളയാനുള്ള ആവേശം ബാധിച്ചിരിക്കുകയാണ്.
അവകാശങ്ങള്‍ക്കു വേണ്ടി വാശി പിടിക്കുക, കര്‍ത്തവ്യങ്ങളുടെ നേരെ കണ്ണടക്കുക….. ഇതായി നില. ഓരോ ആനുകൂല്യത്തിനും അനുയോജ്യമായി ഓരോ ബാധ്യതയുമുണ്ട് എന്ന് മഹാത്മജി ആവര്‍ത്തിച്ചോര്‍മ്മിപ്പിച്ചതും ആരും ചെവിക്കൊണ്ടില്ല…..
പുഴ എന്നാല്‍ വെള്ളം മാത്രമല്ല, കരയും കൂടിയാണ്. വെള്ളത്തെ അടക്കി നിര്‍ത്തുന്ന കരയില്ലെങ്കില്‍ പുഴയുമില്ല. ഇവിടെ നാം കരയുടെ കര്‍ത്തവ്യത്തിന്റെ കാര്യം വേണ്ടത്ര ഊന്നിപ്പറഞ്ഞില്ല എന്നു മാത്രം ‘.
പൗരബോധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇതില്‍ക്കൂടുതല്‍ എങ്ങനെ ഒരു ഭരണാധികാരിക്ക് വ്യക്തമാക്കാന്‍ സാധിക്കും ?
പൗരധര്‍മ്മം മറന്ന പൗരന്മാര്‍
സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ചുവളര്‍ന്നവര്‍ക്ക് പൗരധര്‍മ്മം എന്തെന്നറിയാതെ വളരാന്‍ സാധിച്ചു എന്നതാണ് ഏറ്റവും ദുഃഖകരമായ യാഥാര്‍ഥ്യം.
അതായത്, എല്ലാവരും അവകാശങ്ങളെക്കുറിച്ചു ബോധവാന്മാരായിത്തീര്‍ന്നു; എന്നാല്‍, കടമകളെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും ചിന്തിച്ചു പോലുമില്ല. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ വാങ്ങുന്നത് അവകാശവും കൊടുക്കുന്നത് കടമയുമാണെങ്കില്‍ വാങ്ങാന്‍ മാത്രമാണ് ഇന്നിന്റെയാളുകള്‍ പഠിച്ചിട്ടുള്ളതും പഠിപ്പിക്കുന്നതും. യൂറോപ്യന്മാര്‍ പക്ഷേ വ്യത്യസ്തരാണ്. പുതുതലമുറയ്ക്ക് പൗരബോധം പകര്‍ന്നു കൊടുക്കുകയെന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.അതുകൊണ്ടവര്‍ റോഡ് നിയമങ്ങള്‍ തെറ്റിക്കാറില്ല, അനാവശ്യമായി ഹോണ്‍ മുഴക്കില്ല. പൊതു നിരത്തില്‍ തുപ്പില്ല അന്യന്റെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യും.
ചെറുപ്പത്തില്‍ തന്നെ സൈനിക പരിശീലനവും സേവനവും നിര്‍ബന്ധമാക്കിയിട്ടുള്ള രാജ്യങ്ങളുണ്ട്.
ജീവിതത്തിന് അടക്കും ചിട്ടയും കൈവരുമെന്നതു കൂടാതെ,പൗരന്മാര്‍ എത്ര വലുതായാലും അവശ്യസമയത്ത് രാജ്യത്തിനായി സേവനം ചെയ്യേണ്ടിവരുമെന്ന തിരിച്ചറിവു പകര്‍ന്നു നല്‍കലാണത്. എന്നാല്‍, ഇന്ത്യ തന്റെ പുത്രന്മാരില്‍ നിന്ന് ആവശ്യസമയത്ത് ചോദിച്ചു വാങ്ങാനുതകുന്ന എന്തു ശിക്ഷണമാണ് പകര്‍ന്നു നല്‍കിയിട്ടുള്ളത് ?
സാമൂഹിക ഉത്തരവാദിത്വം പഠിപ്പിക്കുന്നതിന്റെ ഭാഗമായി മുന്‍കാലങ്ങളില്‍ സ്‌കൂളുകളില്‍ നടപ്പാക്കിയിരുന്ന ‘സേവനവാരം’ പോലുള്ള പരിശീലനങ്ങള്‍ വരെ നാം നിര്‍ത്തലാക്കി…. എന്‍. എസ്. എസ്. പോലുള്ള സാമൂഹ്യ സേവന പരിപാടികളാകട്ടെ, ഗ്രേസ് മാര്‍ക്കിനുള്ള ഒരുപാധിയാക്കി ചുരുക്കിക്കളഞ്ഞു.
പൗരധര്‍മ്മം എന്നാലെന്ത് ?
പൗരധര്‍മ്മം ഒരു സംസ്‌കാരമാണ് . അത് ദാനമായിക്കിട്ടുന്നല്ല, നേടിയെടുക്കുന്നതാണ്. താന്‍ സമൂഹത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവും അതുവഴി സമൂഹം വളരുകയാണെന്ന ബോധ്യവുമാണ് പൗരധര്‍മ്മം. പൗരബോധം വളര്‍ത്തിയെടുക്കാതെ ദേശസ്‌നേഹിയാകണമെന്ന് വാശിപിടിക്കുന്നതില്‍ അര്‍ഥമുണ്ടോ ?അതായത്, അവകാശങ്ങളുടെ മറുവശമാണ് കടമ. കടമ ചെയ്യുമ്പോഴാണ് ഉത്തമ പൗരനായിത്തീരുന്നത്. ആര്‍ട്ടിക്കള്‍ 51 എ പൗരന്റെ ഭരണഘടനാപരമായ കടമകളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.
എന്നിട്ടും സ്വാതന്ത്ര്യം നേടി ദശാബ്ദങ്ങള്‍ പിന്നിട്ടിട്ടും നമ്മുടെ കുട്ടികളെ ശരിയായ പൗരബോധമെന്തെന്ന് പരിശീലിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ ?
പരിഹാരമൊന്നേയുള്ളു,പൗരബോധം ശീലമാകണം
ഭാരതത്തില്‍, പ്രത്യേകിച്ച് കേരളീയ സമൂഹത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന (ശരിയായ) പൗരബോധത്തിന്റെ അഭാവം തിരിച്ചറിയാന്‍ കാലമായി. ഒരു കാലത്ത് ഈ ജനതയെ നയിച്ച സമുദായമെന്ന നിലയില്‍ ക്രിസ്ത്യാനികളുടെ പൊതുബോധത്തിനേറ്റ മങ്ങലിന്റെ വെളിച്ചത്തില്‍ ഒരു പഠനം നടത്തുന്നത് ഉചിതമായിരിക്കും. അതായത്, മലയാളിയെ അക്ഷരം എഴുതാനും വായിക്കാനും പഠിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ, സാമൂഹ്യ ജീവിതത്തിന്റെ പൊരുള്‍ പഠിപ്പിച്ച, മലയും കാടും കടന്ന് പുതിയ ജീവിത / കര്‍മ്മപഥങ്ങള്‍ കണ്ടെത്താന്‍ നേതൃത്വം നല്‍കിയ ഒരു സമുദായത്തിന്റെ പിന്‍തുടര്‍ച്ചക്കാര്‍ തങ്ങളുടെ സ്വത്വബോധം തിരിച്ചറിയാന്‍ വൈകുന്നിടത്ത് പൗരബോധത്തിന് ക്ഷതമേറ്റുവെന്നതാണ് യാഥാര്‍ഥ്യം. സമൂഹിക പരിവര്‍ത്തനത്തിന്റെ നട്ടെല്ലായിരുന്ന ക്രൈസ്തവരുടെ ഈ ഊര്‍ജ്ജസ്വലതയ്ക്ക് ഇന്ന് മങ്ങലേല്‍ക്കുന്നു എന്നത് ഗൗരവകരമായ യാഥാര്‍ഥ്യമാണ്. പൊതുബോധത്തില്‍ നിന്ന് മാറി സ്വന്തം സുരക്ഷിതവലയങ്ങളിലേക്ക് ഒതുങ്ങിക്കൂടുമ്പോള്‍, പൗരന്‍ എന്ന നിലയില്‍ സമൂഹത്തോടുള്ള ഉത്തരവാദിത്തങ്ങളില്‍ വിള്ളലുകള്‍ വീഴുന്നു. മുന്‍ഗാമികള്‍ കാണിച്ചുതന്ന ആ ദീര്‍ഘവീക്ഷണവും ആര്‍ജ്ജവവും വീണ്ടെടുക്കുക എന്നത് കേവലം ഒരു സമുദായത്തിന്റെ മാത്രം ആവശ്യമല്ല, മറിച്ച് കേരളത്തിന്റെ പൗരബോധത്തെ പുനരുജ്ജീവിപ്പിക്കാന്‍ അത് അത്യന്താപേക്ഷിതമാണ്. സ്വന്തം വേരുകളെയും ചരിത്രപരമായ ദൗത്യത്തെയും തിരിച്ചറിയുന്നതിലൂടെ മാത്രമേ ഈ സമുദായത്തിന് വീണ്ടും നാടിന്റെ വഴിവിളക്കാകാന്‍ കഴിയൂ.
വിശ്വാസപരിശീലന ക്ലാസ്സുകളിലും നിരന്തരമായെന്നോണം പൗരത്വത്തെക്കുറിച്ചും പൗരബോധത്തെക്കുറിച്ചും സംസാരിച്ചു കൊണ്ടിരിക്കണം. പൗരന്റെ അവകാശങ്ങളോടൊപ്പം കടമകളും ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിക്കൊടുക്കണം. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, മാലിന്യ സംസ്‌കരണം, ശുചീകരണപ്രവര്‍ത്തനങ്ങള്‍…. ഇങ്ങനെ പൗരബോധവുമായി ചേര്‍ന്നു നില്‍ക്കുന്ന കാര്യങ്ങളെല്ലാം മതബോധന രംഗത്തും കുടുംബകൂട്ടായ്മകളിലും പകര്‍ന്നു നല്‍കപ്പെടണം. അതുപോലെ തന്നെ ദേശസ്‌നേഹിയാകേണ്ടതിന്റെ പ്രസക്തിയും ചര്‍ച്ച ചെയ്യപ്പെടണം. ഏറ്റവും പ്രധാനമായി ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തുള്ള ക്രിസ്ത്യന്‍ സാന്നിധ്യമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. 1970 കളില്‍ ക്രൈസ്തവ നാമധാരികള്‍ നിറഞ്ഞു നിന്ന ഭാരതീയ/കേരളീയ സാമൂഹ്യ ചുറ്റുപാടിനെ അപേക്ഷിച്ച് ഇന്നിന്റെ അവസ്ഥ എന്താണ് ? നേതാവാകുന്നതിന്റെ ഒപ്പം പ്രധാനമാണ് അനുയായി ആവുക എന്നതും. എല്ലാ ക്രൈസ്തവരും ഏതെങ്കിലുമൊക്കെ രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ ക്രൈസ്തവ വിരുദ്ധതയുടെ ആഴം കുറഞ്ഞു തുടങ്ങും. അതുവഴി കറ തീര്‍ന്ന പൗരത്വം ആര്‍ജിക്കാനും പ്രകടിപ്പിക്കാനും ക്രിസ്ത്യാനിക്കു സാധിക്കുമെന്നതില്‍ സംശയമില്ല. ക്രിസ്ത്യാനികള്‍ക്ക് തങ്ങളുടെ പൗരബോധവും സ്വത്വബോധവുമൊക്കെ പ്രകടിപ്പിക്കാന്‍ ഏറെ പ്രയാസം നേരിടുന്ന കാലമാണിത്. എന്നിരുന്നാലും നാമെല്ലാം ഈ മണ്ണിന്റെ മക്കളാണ്. രണ്ടായിരം വര്‍ഷം മുമ്പു തന്നെ ഈ മണ്ണില്‍ സ്ഥാനമുറപ്പിച്ച ക്രിസ്ത്യാനി എങ്ങനെ അന്യവല്‍ക്കരിക്കപ്പെടുന്നു ? അതു സംഭവിക്കാതിരിക്കണമെങ്കില്‍ നാം ഈ രാജ്യത്തിന്റെ മക്കളാണെന്ന ബോധം- പൗരബോധം – നമ്മുടെയുള്ളിലുണ്ടാകണം.
ഷിനു ആനത്താരയ്ക്കല്‍
( സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, രാമപുരം )



