ഇതുവരെ നടന്ന സമരങ്ങളൊക്കെയും കിട്ടാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയായിരുന്നു; ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ഉള്‍പ്പടെ. എന്നാല്‍ സ്വയം നിര്‍വഹിക്കാനുള്ള കടമകള്‍ ഉറക്കെപ്പറഞ്ഞ് ആരും സമരം ചെയ്യാറില്ല; ആരുമത് പ്രതീക്ഷിക്കുന്നുമില്ല. എന്നാല്‍ സ്വാതന്ത്ര്യത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ഉറക്കെപ്പറയുന്ന സമൂഹം കടമകളെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും പതുക്കെപ്പോലും പറയുന്നില്ല എന്നതാണ് സമകാലിക ദുര്യോഗം. ഈ അര്‍ഥത്തില്‍ നമ്മുടെ സമൂഹം ഒരു വശത്തേക്ക് ചരിഞ്ഞുകൊണ്ടിരിക്കുന്ന ഗോപുരമാണ്. അവകാശപക്ഷത്തേക്കുമാത്രം ചരിഞ്ഞുകൊണ്ടിരിക്കുന്ന സമൂഹത്തിന്റെ പതനം സുനിശ്ചിതമാണ്. അതിന്റെ ചോരയിലും നീരിലും എഴുതിയ അടയാളങ്ങള്‍ നമ്മുടെ സമൂഹം കാണിച്ചുകൊണ്ടിരിക്കുന്നുണ്ട്. നാമത് വായിച്ചെടുക്കുന്നുണ്ടോ എന്നത് മാത്രമാണ് സംശയകരം. ഒരു ഉദാഹരണം പറഞ്ഞാല്‍, കേരളത്തില്‍ പ്രതിവര്‍ഷം നാലായിരത്തോളംപേര്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നുണ്ട്. ഇതൊരു ചെറിയ സംഖ്യയല്ല. ഓരോ അപകടവാര്‍ത്തയും വെറുമൊരു വിവരശകലം മാത്രമായി നമുക്ക് തോന്നാം. സ്വന്തം വീട്ടിലേക്ക് റോഡപകടം വെള്ള പുതച്ച് എത്തുമ്പോഴേ കണക്കുകള്‍ കാര്യമായി നമുക്ക് അനുഭവപ്പെടുകയുള്ളൂ. സ്വന്തം കടമകള്‍ മറക്കുകയും എന്നാല്‍ പൊതുനിരത്തില്‍ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ വീറോടെ ആഞ്ഞു ശ്രമിക്കുകയും ചെയ്യുന്നവരുടെ എണ്ണം പെരുകുമ്പോഴാണ് നമ്മുടെ നിരത്തുകള്‍ മരണപാതയായി മാറുന്നത്. സകല മേഖലകളിലും അവകാശങ്ങളുടെയും കടമകളുടെയും കാര്യത്തില്‍ സന്തുലനം ആവശ്യമാണെന്ന് നാം ഉറക്കെപ്പറയേണ്ടതുണ്ട്. പറയുന്നവര്‍ ഉള്‍പ്പടെ അതു കേള്‍ക്കേണ്ടതുമുണ്ട്.?
കടമകള്‍ അതിരിടുന്ന സ്വാതന്ത്ര്യം
കടമകള്‍ ഇല്ലാത്ത സ്വാതന്ത്ര്യമില്ല. ഉത്തരവാദിത്വങ്ങള്‍ ഇല്ലാത്ത അവകാശങ്ങളുമില്ല. കടമകള്‍ അതിരിടുന്ന വിഹായസ്സിലേ സ്വാതന്ത്ര്യപ്പക്ഷി പറക്കൂ. അതിനപ്പുറം പോയാല്‍ പക്ഷി കുഴയും, പിന്നെ നിലംപതിക്കും. ഇതൊരു പൊതു തത്വമാണ്. ഇന്ത്യക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ സ്വയംഭരണത്തിന്റെ കടമയും കൂടെപ്പോന്നു. കുഞ്ഞുങ്ങളെ ജനിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഒരാള്‍ക്ക് അപ്പനാകാനുള്ള ഉത്തരവാദിത്വം നല്കുന്നുണ്ട്. തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് കിട്ടുന്നയാള്‍ അപകടം ഉണ്ടാക്കാതിരിക്കാനുള്ള കടമ ഏറ്റെടുത്തേ മതിയാകൂ. രോഗികളെ ചികിത്സിക്കാന്‍ സ്വാതന്ത്ര്യം നേടുന്നയാള്‍ മനുഷ്യരെ കൊല്ലാ തിരിക്കാനുള്ള ഉത്തരവാദിത്ത്വത്തിന്റെ കീഴിലാണ്. ആധുനിക സാങ്കേതിക വിദ്യകള്‍ തരുന്ന സ്വാതന്ത്ര്യം നമുക്ക് മിച്ചസമയം ഉറപ്പാക്കുന്നുണ്ട്. അതൊരു ആനുകൂല്യമാണ്. യാത്രയിലും അടുക്കളപ്പണിയിലും വിവരങ്ങള്‍ കൈമാറുന്നതിലും കായികാധ്വാനത്തിലും പണം കൈമാറുന്ന കാര്യത്തിലും മുന്‍തലമുറ ചെയ്ത തിനേക്കാള്‍ എളുപ്പത്തില്‍ നമുക്ക് കാര്യങ്ങള്‍ ചെയ്ത്തീര്‍ക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പഴയ സമയക്രമവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഒരുപാട് സമയം നാം മിച്ചംപിടിക്കുന്നുണ്ട്. ആ സമയം ക്രിയാത്മകമായും ഉത്പാദ നക്ഷമമായും ഉപയോഗിക്കാനുള്ള കടമ മിക്കപ്പോഴും ബാക്കിയാകുന്നുണ്ട്.
സ്വാതന്ത്ര്യം ദുരുപയോഗിക്കുന്ന സമൂഹം അതിന്റെ പിഴ ഒടുക്കേണ്ടിവരും. ഭക്ഷണം ഇഷ്ടംപോലെ കഴിക്കാന്‍ സ്വാതന്ത്ര്യം പ്രാപിച്ച സമൂഹത്തില്‍ പട്ടിണികൊണ്ടല്ല മനുഷ്യര്‍ മരിക്കുന്നത്, മറിച്ച് പൊണ്ണത്തടിയുടെ പ്രശ്‌നങ്ങള്‍ കൊണ്ടാണ്. ഓഫീസ് ജോലികഴിഞ്ഞ് വിശ്രമിക്കാന്‍ സമയം ലാഭിക്കുന്ന സമൂഹത്തില്‍ ദേഹമനങ്ങാത്തതിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടിവരുന്നുണ്ട്. സമരംചെയ്യാന്‍ സ്വാതന്ത്ര്യം ലഭിച്ച കേരളീയ സമൂഹത്തില്‍ അനേകം സമരങ്ങള്‍കൊണ്ട് തൊഴില്‍ശാലകള്‍ തുറക്കുകയല്ല പൂട്ടിക്കെട്ടുകയാണ് ഉണ്ടായത്. മൊബൈല്‍ ഫോണ്‍ തന്ന സ്വാതന്ത്ര്യം നമ്മുടെ സ്വകാര്യതയെ ഒരു തുറന്ന പുസ്തകംപോലെയാക്കി. അത് ആര്‍ക്കും വായിക്കാം എന്നു മാത്രമല്ല, ആര്‍ക്കും കയറി അതില്‍ കുത്തിക്കുറിച്ചുപോകാം എന്ന നിലയിലുമാക്കി. ആവിഷ്‌കാരസ്വാതന്ത്ര്യം ആരെക്കുറിച്ചും എന്തും പറയാനുള്ള അവകാശമായി തെറ്റിദ്ധരിക്കുന്നവരുണ്ട്. മാധ്യമങ്ങള്‍ക്ക് നിയമം അനുവദിച്ചുകൊടുക്കുന്ന സ്വാതന്ത്ര്യം മാധ്യമവേട്ടയിലേക്ക് തരംതാഴുന്ന സംഭവങ്ങള്‍ ഭയങ്കര രൂപത്തില്‍ വളര്‍ന്നുവരുന്നുണ്ട്. സ്വന്തം മതം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം രാഷ്ട്രീയ അധികാരവും ഭീകരവാദവും ഉപയോഗിച്ച് അന്യമതങ്ങളെ ഇല്ലാതാക്കാനുള്ള അവകാശമായി വ്യാഖ്യാനിക്കുന്നവര്‍ ഈ നാട്ടിലുണ്ട്. മനം മടുപ്പിക്കുന്ന ഉദാഹരണങ്ങളുടെ എണ്ണം കൂട്ടുന്നില്ല.? നമുക്ക് ലഭിച്ച അവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും ഇരകളായി മാറുന്ന കാഴ്ചയാണെങ്ങും. ഇത് സാംസ്‌കാരികമായ ആത്മഹത്യയാണ്.
പലര്‍ കൂടിയെഴുതുന്ന ചിത്രം
അവകാശങ്ങള്‍ക്കുവേണ്ടി ആര്‍ത്തുവിളിക്കുകയും കടമകളെക്കുറിച്ച് മൗനം ഭജിക്കുകയും ചെയ്യുന്നത് മനുഷ്യന്റെ സ്വാര്‍ഥപ്രകൃതിയില്‍ അടിസ്ഥാനമിട്ട ഒരു സംസ്‌കാരമാണ്. ജോലിസമയത്ത് കൈവലിക്കുകയും കൂലിസമയത്ത് കൈനീട്ടുകയും ചെയ്യുന്നത് ഈ സംസ്‌കാരത്തിന്റെ മലിനമുഖമാണ്. ഇത് വ്യക്തികളുടെ പൗരബോധത്തിന്റെയും വ്യക്തിഗുണത്തിന്റെയും വിഷയം മാത്രമല്ല. പക്വത പ്രാപിച്ച ഒരു സമൂഹത്തെ രൂപപ്പെടുത്തുന്നതിന്റെ വിഷയംകൂടിയാണ്.?പലതരം താത്പര്യങ്ങളുള്ള?പത്തുപേര്‍ ഒന്നുചേര്‍ന്ന് ആനയുടെ ചിത്രം വരക്കുന്നതിനേക്കാള്‍ ദുഷ്‌കരമാണ് ഏകപക്ഷീയമായ സ്വാതന്ത്ര്യബോധത്തില്‍ ഉറച്ചുപോയ സംസ്‌കാര ത്തിന്റെ തലവര മാറ്റിയെഴുതാന്‍.?അതിന് വ്യക്തികളെയും സമൂഹങ്ങളെയും ഒരുക്കാന്‍ സഹായിക്കുന്ന ഏതാനും ബോധ്യങ്ങളാണ് താഴെ സൂചിപ്പിക്കുന്നത്.
ആദ്യമായി ഏകപക്ഷീയമായ അവകാശബോധത്തിന്റെ അടിവേരുകള്‍ നാം കണ്ടെത്തേണ്ടതുണ്ട്. അത് നമ്മുടെ സംസ്‌കാരത്തിലും മതജീവിതത്തിലുംവരെ കാണാം. ഉദാഹരണത്തിന്, നമ്മുടെ പ്രാര്‍ഥനകള്‍ക്ക് പൊതുവേ ഭിക്ഷാപാത്രത്തിന്റെ രൂപമാണ്. ദൈവത്തില്‍നിന്ന് കിട്ടാനുള്ള കാര്യങ്ങളാണ് മുഖ്യം. നമ്മുടെ ആത്മീയത പോലും വാങ്ങിയെടുക്കല്‍ തന്ത്രമായി മാറുന്നുണ്ട്. എന്നാല്‍ ദൈവത്തിന് നല്‍കേണ്ട കാര്യങ്ങള്‍ആരാധന, സ്തുതി, നന്ദിപ്രകാശനംഅവഗണിച്ച് ദൈവത്തില്‍നിന്ന് കിട്ടേണ്ട അനുഗ്രഹങ്ങളില്‍ മാത്രം ശ്രദ്ധയൂ ന്നുന്നതാണ് ഈ രീതി.
കരിക്കുന്നതിനേക്കാള്‍ മഹത്തായ മൂല്യം കൊടുക്കുന്നതിന് ഉണ്ട് എന്ന് നാം നമ്മോടുതന്നെ ഉറക്കെപ്പറയേണ്ടതുണ്ട്. കൊടുത്തവര്‍അധ്വാനം, സംഭാവനകള്‍, പണം, ജീവിതം, ജീവന്‍കെട്ടിപ്പടുത്തതാണ് നാം ഇന്ന് ആഘോഷിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന നമ്മുടെ സൗകര്യങ്ങളും സംസ്‌കാരവും. അവകാശങ്ങളുടെമേല്‍ അടയിരുന്നും ഉണ്ടും ഉറങ്ങിയും കഴിഞ്ഞവര്‍ ഒന്നും അവശേഷിപ്പിച്ചിട്ടില്ല. കാലം അതിന്റെ കരുണയില്ലാത്ത കരങ്ങള്‍കൊണ്ട് അത്തരക്കാരുടെ പേരുപോലും ചരിത്രത്തില്‍ നിന്ന് തിടുക്കത്തില്‍ മായിച്ചു കളഞ്ഞിട്ടുണ്ട്. അധികാരവും പണവും സ്വാധീനവും വെട്ടിപ്പിടിച്ചും വാരിയെടുത്തും ജീവിതം ആഘോഷമാക്കിയവരുണ്ട്. ജീവിച്ചിരിക്കെത്തന്നെ ജീര്‍ണ്ണിച്ചുപോകുന്നവരാണ് അവര്‍. കൊടുത്തവര്‍ ഓര്‍മ്മിക്കപ്പെടണം; ത്യാഗികള്‍ വാഴ്ത്തപ്പെടണം. സഭയുടെ ചരിത്രവും ലോകചരിത്രവും ഇതിനുള്ള സാക്ഷ്യപത്രമാണ്. എന്നാല്‍ വര്‍ത്തമാനകാലത്തും ഇത്തരം വ്യക്തികള്‍ക്കാണ് വീരപരിവേഷം കിട്ടേണ്ടത്.
രണ്ടാമതായി, പരോന്മുഖത സുപ്രധാന മൂല്യമായി ഗണിക്കപ്പെടണം. ലോകം ആഗോളഗ്രാമമായി മാറിയിരിക്കുന്നു എന്നൊക്കെ നാം സാധാരണ പറയുമെങ്കിലും പലരും ഉള്ളിന്റെയുള്ളില്‍ ഒരുതരം ഗുഹാവാസികളാണ്. പ്രാചീന ഗുഹാസംസ്‌കാരത്തില്‍നിന്ന് അവര്‍ പുറത്തുകടന്നിട്ടില്ല. അവരുടെ സ്വന്തം കുടുംബം, സൗഹൃദവലയം, ഓണ്‍ലൈന്‍ കൂട്ടായ്മകള്‍, നിക്ഷിപ്തതാത്പര്യ സംഘങ്ങള്‍ തുടങ്ങിയ ഗുഹകളില്‍ ജീവിച്ചുമരിക്കുന്നവരാണവര്‍. ആ ഗുഹക്കപ്പുറം അവര്‍ക്കൊരു ലോകമില്ല. സുവിശേഷം എത്ര വലിയ പരോന്മുഖ പ്രോജക്ടാണ് മുന്നോട്ട്വക്കുന്നത് എന്ന് നാം അറിയണം. നിങ്ങള്‍ സ്വാതന്ത്ര്യത്തിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞ വിശുദ്ധ പൗലോസ് ആ സ്വാതന്ത്ര്യം പരസേവനത്തിനാണെന്ന് വ്യക്ത മാക്കുന്നുണ്ട് (ഗലാ 5:13). നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം അറിയിക്കണം എന്നായിരുന്നു ഈശോ യുടെ കല്പന (മര്‍ക്കോ 16:15). അതായത്, സുവിശേഷം സ്വീകരിച്ചവന് ലോകത്തിന്റെ അതിര്‍ത്തികളെ മുന്നിലുള്ളൂ. ജാതി, മത, ഭാഷ, കുല, വര്‍ണ്ണ, വര്‍ഗ അതിര്‍ത്തികളില്ല. ഇത്തരം പരോന്മുഖത പ്രഘോഷിക്കുന്നിടത്താണ് എല്ലാവരെയും മാനിക്കുന്ന സമൂഹം രൂപപ്പെടുന്നത്. അവര്‍ക്കാണ് ഏവരും സഹോദര്‍ (Fratelli Tuti) എന്നൊക്കെ പറഞ്ഞുതുടങ്ങാനാകുന്നത്.
മൂന്നാമതായി, പങ്കിടല്‍. സ്വകീയത ശക്തമാകുന്നിടത്ത് പങ്കിടാന്‍ ഒന്നുമില്ല; അതിന് വേദികളുമില്ല. ഭക്ഷണം, വസ്തുക്കള്‍, സൗകര്യങ്ങള്‍, താമസമുറി തുടങ്ങി പലതും പങ്കിട്ടു ജീവിച്ചിരുന്ന സമൂഹം അതില്‍നിന്ന് മാറി വ്യക്തിനിഷ്ഠമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു ഹൈവേതന്നെ സ്വന്തമായിവേണം എന്ന മട്ടില്‍ വാഹന മോടിക്കുന്നവരെ നാം നിരത്തില്‍ കാണും. ഈ രീതി എല്ലാ രംഗങ്ങളിലുമുണ്ട്. വീടുകളില്‍ത്തന്നെയും പങ്കിടല്‍ വര്‍ദ്ധിപ്പിക്കാനുള്ള വഴികള്‍ നാം ആലോചിക്കേണ്ടതുണ്ട്.
മുകളില്‍ പറഞ്ഞ രീതിയില്‍ അവകാശങ്ങള്‍ക്കൊപ്പം കടമകള്‍ മാനിക്കപ്പെടുന്നത് പ്രായപൂര്‍ത്തിയായ സമൂഹങ്ങളിലാണ്. അത്തരം സാമൂഹിക മാതൃകകള്‍ നമുക്ക് ആവശ്യമുണ്ട്. അങ്ങനെ മാതൃകാരൂപത്തില്‍ ഉയര്‍ന്നു നില്ക്കാന്‍ പറ്റുന്ന പക്വമായ സമൂഹത്തിന് ഉദാഹരണമാകേണ്ടതാണ് പ്രാദേശിക ക്രിസ്തീയ സഭകള്‍. സഭയില്‍നിന്ന് ലോകത്തിന് പഠിക്കാന്‍ പറ്റുമ്പോഴാണ് സഭ അതിന്റെ സുവിശേഷദൗത്യം പൂര്‍ണ്ണമാക്കുന്നത്. ഇനിയിപ്പോള്‍ സഭയില്‍ സാധിക്കാത്ത കാര്യം ലോകത്തില്‍ ഉണ്ടാകണം എന്ന് വാദിക്കാനും നമുക്ക് കഴിയില്ല.
റവ. ഡോ. മാത്യു ഇല്ലത്തുപറമ്പില്‍


