* പലവിധത്തിലുള്ള മാലിന്യങ്ങള്‍ പരന്നിരിക്കുന്ന വര്‍ത്തമാനകാലത്തില്‍ യുവജനങ്ങള്‍ക്ക് വിശുദ്ധജീവിതം സാധ്യമാണോ? നവവിശുദ്ധനായ ജോര്‍ജോ ഫ്രസാത്തിയുടെ ജീവിതത്തിലുടെ ഒരു ധ്യാനസഞ്ചാരം
’21ാം നൂറ്റാണ്ടിന്റെ വിശുദ്ധരാകാന്‍ ശ്രമിക്കൂ’ 2018ല്‍ പെറു സന്ദര്‍ശിക്കുന്നതിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പ യുവജനങ്ങളോട് പറഞ്ഞ വാക്കുകളാണിത്. ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികള്‍ക്കിടയില്‍ 21 ാം നൂറ്റാണ്ടിന്റെ വിശുദ്ധര്‍ എങ്ങനെയാകണമെന്ന ചര്‍ച്ചകള്‍ക്ക് ഈ വാക്കുകള്‍ വഴിതെളിച്ചു. ഈ ചര്‍ച്ചയുടെ ഉത്തരമാണ് 2025 സെപ്റ്റംബര്‍ ഏഴാം തീയതി ലെയോ പതിനാലാമന്‍ പാപ്പ നടത്തിയ പിയര്‍ ജോര്‍ജോ ഫ്രസാത്തിയുടെ വിശുദ്ധ പദവി പ്രഖ്യാപനം.
1901 ഏപ്രില്‍ ആറിന് ഇറ്റലിയിലെ ടൂറിനില്‍ ജനിച്ച പിയെര്‍ ജോര്‍ജോ ഫ്രസാത്തി തന്റെ ഹ്രസ്വമായ ജീവിതംവഴി ചുറ്റുമുള്ളവരില്‍ അതുല്യമായ ക്രിസ്തുമുദ്ര പതിപ്പിച്ച ശ്രദ്ധേയനായ ഒരു യുവ കത്തോലിക്കനായിരുന്നു. സ്വായത്തമാക്കിയ ആഴമായ വിശ്വാസവും ദരിദ്രരോട് കാണിച്ച അനുകമ്പയും പലപ്പോഴും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആധ്യാത്മികവീക്ഷണത്തിന് വിരുദ്ധമായിരുന്നു. ഏറെ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകന്റെ മകന്, ഇറ്റലിയിലെയും ജര്‍മനിയിലെയും ഉന്നതരാഷ്ട്രീയാധികാരികളെ പരിചയമുള്ള അദ്ദേഹത്തിന് വലിയ പദവികള്‍ വഹിക്കാമായിരുന്ന ജോലി ലഭിക്കുമായിരുന്നിട്ടും ജോര്‍ജിയോ തിരഞ്ഞെടുത്തത് മൈനിംഗ് എഞ്ചിനീയറിംഗ് ആയിരുന്നു. കാരണം ഏറ്റവും പാവപ്പെട്ട മനുഷ്യരായ ഖനിതൊഴിലാളികളെ സഹായിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.
മനുഷ്യരോടുള്ള ഫ്രാസത്തിയുടെ പ്രതിബദ്ധതയുടെ അടിസ്ഥാനം അവന്റെ ആഴമായ ദൈവഭക്തിയായിരുന്നു. തന്റെ സുഹൃത്തുക്കളുമായി പങ്കിടാന്‍ ആഴത്തിലുള്ള ആത്മീയജീവിതം വികസിപ്പിച്ചെടുത്ത അദ്ദേഹം പതിവായി കുര്‍ബാനയില്‍ പങ്കെടുക്കുകയും മണിക്കൂറുകളോളം ദിവ്യകാരുണ്യ ആരാധനയില്‍ ചെലവഴിക്കുകയും ക്രിസ്തുവിന്റെ സാന്നിധ്യത്തില്‍ ശക്തിയും പ്രചോദനവും കണ്ടെത്തുകയും ചെയ്തിരുന്നു. ആത്മാവിന്റെ മുഴുവന്‍ ശക്തിയോടെയും നിങ്ങള്‍ ദിവ്യകാരുണ്യമേശയെ കഴിയുന്നത്ര തവണ സമീപിക്കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ആന്തരികപോരാട്ടങ്ങളെ നേരിടാന്‍ നിങ്ങള്‍ക്ക് ശക്തി ലഭിക്കുന്ന മാലാഖമാരുടെ ഈ അപ്പം ഭക്ഷിക്കുക,’ തന്റെ സുഹൃത്തുക്കളോടുള്ള ഫ്രാസത്തിയുടെ ഉപദേശം ഇങ്ങനെയായിരുന്നു.പര്‍വതാരോഹണം ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം പര്‍വതങ്ങളില്‍ ദൈവികസാന്നിധ്യം കണ്ടെത്തിയിരുന്നു അത്തരത്തിലുള്ള ഓരോ യാത്രയിലും ജപമാലചൊല്ലുകയും ചെയ്തിരുന്നു.ദേവാലയകേന്ദ്രമായ ആത്മീയത ജീവിക്കുന്നതിനും ദരിദ്രരോട് അനുകമ്പ കാണിക്കുന്നതിനുമൊപ്പം തന്റെ രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ പോരാടാനും ഫ്രാസാത്തി സന്നദ്ധനായിരുന്നു.
ടൂറിനിലെ ആയിരക്കണക്കിന് ദരിദ്രര്‍ അദ്ദേഹത്തിന്റെ മൃതദേഹ സംസ്‌കാരശുശ്രൂഷകളില്‍ പങ്കെടുത്തപ്പോവാണ് ആരും അറിയാതെ, ആരെയും അറിയിക്കാതെ ഫ്രാസാറ്റി ചെയ്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി ലോകത്തിനു വെളിപ്പെട്ടത്. കാരണം അത്രമാത്രം ജനങ്ങള്‍ അന്ന് വിലാപയാത്രയില്‍ പങ്കെടുത്തിരുന്നു. അന്നുമുതല്‍ ആ കല്ലറയില്‍ തിരിയും പൂക്കളും നിറഞ്ഞിരുന്നു. ഒരിക്കല്‍ ജോര്‍ജിയോ വിശുദ്ധ പദവിയില്‍ എത്തുമെന്ന് എല്ലാവര്‍ക്കും ഉറപ്പുള്ളതുപോലെ…. 1981ല്‍ ഫ്രസ്സാത്തിയുടെ കല്ലറ തുറന്നപ്പോള്‍ ഭൗതികദേഹം പൂര്‍ണ്ണമായും അഴുകാത്ത നിലയിലാണ് കണ്ടെത്തിയത്. 1990ല്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച അവസരത്തില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ ‘അഷ്ടസൗഭാഗ്യങ്ങളുടെ മനുഷ്യന്‍’ എന്നാണ് വിശേഷിപ്പിച്ചത്.
‘നിങ്ങള്‍ക്ക് ലഭിച്ച വിളിക്ക് യോഗ്യമായ ജീവിതം നയിക്കുവിന്‍’ (എഫേസോസ് 4:3). കാലഘട്ടത്തിന്റെ സാമൂഹികയാഥാര്‍ത്ഥങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വിശുദ്ധിയോടെ ജീവിക്കാന്‍ സാധിക്കുമോ? ഈ ചോദ്യങ്ങള്‍ക്കുള്ള സഭയുടെ ഉത്തരമാണ് പിയര്‍ ജോര്‍ജിയോ ഫ്രസാത്തി. താന്‍ ജീവിക്കുന്ന കാലഘട്ടത്തോടും സമൂഹത്തോടുമുള്ള ഒരാളുടെ സംവേദനക്ഷമതയാണ് അയാളുടെ വിശുദ്ധിയുടെ അളവുകോലെന്നാണ് ഫ്രാസത്തിയുടെ ജീവിതം പഠിപ്പിക്കുന്നത്.
വിശുദ്ധ സ്ഥലങ്ങളെയും സമാനചിന്താഗതിക്കാരെയും മാത്രമല്ല ഈശോ തന്റെ ശുശ്രൂഷയ്ക്കായി തെരഞ്ഞെടുത്തത്. ദരിദ്രര്‍ക്കും സമ്പന്നര്‍ക്കും പാപികള്‍ക്കും ചുങ്കക്കാര്‍ക്കും ശിശുക്കള്‍ക്കും നിയമജ്ഞര്‍ക്കും അവിടുന്ന് സമീപസ്ഥനായിരുന്നു. അങ്ങനെയെങ്കില്‍ ഇന്ന് മഹാഭൂരിപക്ഷം മനുഷ്യരെ സ്വാധീനിക്കുന്ന സോഷ്യല്‍ മീഡിയ, രാഷ്ട്രീയം, സിനിമ, വ്യവസായം ,കായികം തുടങ്ങിയ മേഖലകളില്‍ നിന്ന് പരിപൂര്‍ണ്ണമായി ഒഴിഞ്ഞുമാറിക്കൊണ്ടുള്ള സുവിശേഷപ്രഘോഷണം സാധ്യമാണോ?. പുതിയ കാലഘട്ടത്തിന്റെ വിശുദ്ധരെയാണ് സഭ ആഗ്രഹിക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പ ആവര്‍ത്തിച്ച് നമ്മെ പഠിപ്പിച്ചു. ധൈര്യപൂര്‍വ്വം അവരവരുടെ അഭിരുചിക്കും വിളിക്കും അനുസരിച്ച് വിശുദ്ധി നഷ്ടപ്പെടാതെ ഉത്സാഹത്തോടെ ഇറങ്ങിത്തിരിക്കാന്‍ ഇത് നമുക്ക് വലിയ പ്രചോദനം നല്‍കുന്നു. രാഷ്ട്രീയം അഴുക്ക് നിറഞ്ഞ മേഖലയാണെങ്കിലും ക്രൈസ്തവമൂല്യങ്ങള്‍ നിറഞ്ഞവര്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ട് അതിനെ ശുദ്ധീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം.. ഇതെത്രത്തോളം സാധ്യമാണ് എന്നൊരു സംശയം നമുക്കുണ്ടാവാം. പക്ഷേ പ്രകൃതി തന്നെ അതിനുള്ള ഉത്തരം നമുക്ക് നല്‍കിയിട്ടുണ്ട്. അഴുക്കു നിറഞ്ഞ സാഹചര്യത്തിന്റെ നടുവിലാണ് താമരപ്പൂ നില്‍ക്കുന്നതെങ്കിലും അവയുടെ ഇതളുകളില്‍ മാലിന്യം കലര്‍ന്നിട്ടേയില്ല. മഴ നനഞ്ഞുകുതിര്‍ന്ന മണ്ണില്‍ മഴത്തുള്ളിയെ വഹിച്ചുകൊണ്ട് എന്നാല്‍ സ്വയം നനയാതെയാണല്ലോ ചേമ്പിലയും നിലകൊള്ളുന്നത്? ലോട്ടസ് ഇഫക്ട് (Lotus effect) എന്നാണ് ഈ പ്രതിഭാസത്തെ ശാസ്ത്രീയമായി വിശദീകരിക്കുന്നത്. പക്ഷേ ക്രൈസ്തവവിശ്വാസജീവിതത്തില്‍ ഈ പ്രതിഭാസത്തിന് ഒരേയൊരു പേരേ ഉള്ളൂ ‘കൃപ’. ആഴത്തിലുള്ള ആത്മീയതയില്‍ സ്വയം രൂപപ്പെട്ടാല്‍ മാത്രമേ ചേറിലെ താമരയെ പോലെ, മഴയത്തെ ചേമ്പിലപോലെ വിശുദ്ധി നഷ്ടപ്പെടാതെ നമുക്ക് ഏത് സാഹചര്യത്തിലും നിലകൊള്ളാന്‍ സാധിക്കുകയുള്ളൂ. ദൈവകൃപയെ ഹൃദയത്തില്‍ സ്വീകരിക്കുകയും അതു ജീവിതപരിസരങ്ങളിലേക്ക് പ്രസരിപ്പിക്കുകയും ചെയ്ത ആധുനിക കാലത്തിന്റെ വിശുദ്ധനായ ഫ്രസാത്തിയെ നമുക്ക് ഇക്കാര്യത്തില്‍ മാതൃകയാക്കാം.
ആന്‍ സെബാസ്റ്റ്യന്‍
വിശുദ്ധ പിയര്‍ ജോര്‍ജോ ഫ്രസാത്തി
1901 ഏപ്രില്‍ 6, ടൂറിന്‍: ജനനം
മാതാപിതാക്കള്‍: ആല്‍ഫ്രെഡോ- അമ്മെത്തീസ്
1925 ജൂണ്‍ 30: രോഗകാലത്തിന്റെ തുടക്കം
1925 ജൂലൈ 4: മരണം
1932 ജൂലൈ 2: നാമകരണനടപടികളുടെ തുടക്കം
1978 ജൂണ്‍ 12: ദൈവദാസന്‍
1987 ഒക്ടോബര്‍ 23: ധന്യന്‍
1990 മെയ് 20: വാഴ്ത്തപ്പെട്ടവന്‍
2025 സെപ്തംബര്‍ 7: വിശുദ്ധപദവി
ജൂലൈ 4: തിരുനാള്‍


