പ്രകാശവീഥിയില്‍ സഭ

Published on

തിരുസഭയുടെ ആത്മാവബോധം ദൈവശാസ്ത്ര ലോകത്തും സാധാരണ ചര്‍ച്ചകളിലും ശരിയായ വിധത്തില്‍ ഗ്രഹിക്കുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്യാത്തതാണ് സഭാത്മകമായ മിക്ക പ്രതിസന്ധികളുടെയും അടിസ്ഥാനകാരണം. തിരുസഭയെ എങ്ങനെ മനസ്സിലാക്കുന്നു എന്നതിനെ ആശ്രയിച്ചാണല്ലോ ഒരാള്‍ സഭയോട് ഇടപെടുന്നതും സഭാത്മക വിഷയങ്ങളെ അവതരിപ്പിക്കുന്നതും.  സഭയെ ഒരു രാഷ്ട്രീയ സംവിധാനത്തെ പോലെ കാണുന്നവര്‍ രാഷ്ട്രീയമായും ഒരു സാമൂഹികസംവിധാനമായി മനസ്സിലാക്കുന്നവര്‍ സാമൂഹിക സേവനാര്‍ത്ഥവും സഭയെ പരിഗണിക്കും. ചിലര്‍ സഭയെ ഒരു വിപ്ലവ പ്രസ്ഥാനം എന്ന പോലെയോ ക്ലബ്ബ്‌പോലെയോ സ്ഥാപനം പോലെയോ കരുതുന്നതിന്റെ കാരണവും ഇതാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ എന്താണ് തിരുസഭ എന്നാണ് തിരുസഭതന്നെ മനസ്സിലാക്കുന്നത്? 

തിരുസഭാദര്‍ശനത്തില്‍ ദൈവശാസ്ത്ര വിശകലനങ്ങളെക്കാള്‍ എപ്പോഴും പ്രാധാന്യമര്‍ഹിക്കുന്നത്  സൂനഹദോസുകളുടെ പ്രബോധനങ്ങളാണെന്ന് നമുക്കറിയാം സൂനഹദോസുകള്‍ പൊതുവില്‍ വിശ്വാസ വിഷയങ്ങളെക്കുറിച്ച് സഭയോടും ലോകത്തോടും സംസാരിച്ചിരുന്നു. എന്നാല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കൂടുതല്‍ ശ്രദ്ധിച്ചത് തിരുസഭയെക്കുറിച്ചുതന്നെ സംസാരിക്കാനാണ്. തിരുസഭ എന്താണെന്നുള്ള തിരുസഭയുടെ തന്നെ ആത്മാവബോധമാണ് ലൂമന്‍ജെന്‍സിയം (Lumen Gentium) എന്ന ഡോഗ്മാറ്റിക് കോണ്‍സ്റ്റിറ്റിയൂഷന്‍. 

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തിരുസഭയെക്കുറിച്ച് സംസാരിക്കുന്നത് പ്രധാനമായും മൂന്ന്   പദങ്ങള്‍ ഉപയോഗിച്ചാണ്. രഹസ്യം, ദൈവജനം, മിശിഹായുടെ ശരീരം എന്നിവയാണവ. കൗണ്‍സില്‍ ഈ പദങ്ങളെ ഏത് അര്‍ഥത്തില്‍, ഏതു മൂല്യത്തില്‍ പഠിപ്പിക്കുന്നു എന്നാണ് നാം പരിശോധിക്കുവാന്‍ പോകുന്നത്. 

ദൈവജനം

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ചര്‍ച്ചകളില്‍ ഏറ്റവും അധികം തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുള്ള പദമാണ് ദൈവജനം. ദൈവജനമാണ് തിരുസഭ എന്ന് വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നുവെന്ന് നാം ധാരാളമായി പറഞ്ഞുകേള്‍ക്കാറുണ്ട്. എന്നാല്‍, തിരുസഭ നാം മനസ്സിലാക്കുന്നതുപോലെയുള്ള ഒരു ‘ദൈവജനമല്ല’ എന്ന് പഠിപ്പിക്കുന്നതാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ദൈവജന പരാമര്‍ശങ്ങള്‍ എന്നത് നമ്മെ അത്ഭുതപ്പെടുത്തും. യഥാര്‍ഥത്തില്‍ ദൈവജനം എന്നത് ഒരു പഴയനിയമ പരാമര്‍ശമാണ്. ഇസ്രയേല്‍ ജനത്തെയാണ് ‘ദൈവജനം’ എന്നതുകൊണ്ട് വിശുദ്ധ ഗ്രന്ഥം ഉദ്ദേശിക്കുന്നത്. അവിടെ, അവര്‍ ഒരുമിച്ച് ചേര്‍ക്കപ്പെട്ട ഒരു ‘ജനം’ ആയിരുന്നു. ദൈവം സ്വന്തമാക്കിയ ദൈവത്തിന്റെ ജനം. അവരെ ഒരു ജനമാക്കി തീര്‍ക്കുന്നതിന് വേണ്ടിയാണ് ദൈവം  40 സംവത്സരങ്ങള്‍ മരുഭൂമിയില്‍ അവരോടൊത്ത് സഞ്ചരിച്ചത്, അവരോട് ഉടമ്പടി ചെയ്തത്, നിയമങ്ങള്‍ നല്‍കി അവരെ അനുസരണയും സ്വത്വബോധവും ഉള്ള ഒരു സമൂഹമാക്കിമാറ്റിയത്. 

പുതിയ നിയമം തിരുസഭയെ ദൈവജനം എന്ന് വിളിക്കുന്നില്ല. വളരെ വിപുലമായ ഒരര്‍ഥത്തില്‍ പഴയ നിയമ ഇസ്രായേലിന്റെ തുടര്‍ച്ചയാണ് തിരുസഭ എന്ന് സൂചിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ദൈവജനം എന്ന പരാമര്‍ശം കൗണ്‍സില്‍ നടത്തുന്നത്. ഒപ്പം മനുഷ്യവംശം എന്ന നിലയിലും സഭാസമൂഹത്തിന്റെ അംഗങ്ങള്‍ എന്ന നിലയിലുമുള്ള അസ്തിത്വത്തെക്കുറിച്ചും ഇതര സമൂഹങ്ങളോട് ഉണ്ടാകേണ്ട ബന്ധത്തെക്കുറിച്ചും പരാമര്‍ശിക്കുന്നതിന് വേണ്ടി മാത്രമാണ് ദൈവജനം എന്ന പരാമര്‍ശം കൗണ്‍സില്‍ ഉപയോഗിക്കുന്നത്. ‘ജനം’ വല്ലാതെ വിലമതിക്കപ്പെടുന്ന ഇടങ്ങളില്‍ ദൈവാധികാരം വിസ്മരിക്കപ്പെടും. ജനത്തിന് ഉചിതമായത് ജനാധിപത്യം ആണെന്ന് സങ്കല്‍പ്പിക്കപ്പെടും. ജനത്തിന്റെ ആധിപത്യമല്ല, ദൈവത്തിന്റെ ആധിപത്യമാണ് തിരുസഭയുടെ ജീവിതക്രമം. ദൈവജനം എന്ന പരാമര്‍ശം അമിതമായ സ്വാതന്ത്ര്യദാഹത്തിന്റെയും സാമൂഹിക വിപ്ലവ സ്വപ്നങ്ങളുടെയും പൗരോഹിത്യ വിദ്വേഷത്തിന്റെയും ഉപകരണമായി മാറുന്നതും നാം ശ്രദ്ധിച്ചിട്ടുണ്ടാകും. 

രഹസ്യാത്മകതയുടെ സഭ 

ദൈവജനമല്ലെങ്കില്‍ പിന്നെ എന്താണ് സഭ? തിരുസഭ ഒരു ജനസമൂഹം എന്നതിനപ്പുറത്ത് അഭൗമികമായ ദൈവിക രഹസ്യമാണ് എന്ന് തിരുസഭ എളിമയോടെ അംഗീകരിക്കുന്നു. മനുഷ്യന്റെ ബുദ്ധിക്ക് അജ്ഞാതമാംവിധം മറഞ്ഞിരിക്കുന്നതും പരിശുദ്ധ റൂഹായാല്‍ മാത്രം വെളിപ്പെടുത്തുന്നതും ആണ് തിരുസഭ എന്ന സ്വര്‍ഗീയ രഹസ്യം എന്നുതന്നെയാണ് തിരുസഭയുടെ തിരിച്ചറിവ്. തിരുസഭ ‘ഞങ്ങള്‍ നിര്‍മ്മിച്ചെടുത്ത’ ഞങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു സംവിധാനമല്ല എന്ന തിരുസഭയുടെ വിനയാന്വിതമായ ഏറ്റുപറച്ചിലാണിത്. ദൃശ്യമായ ഭൗതിക സംവിധാനങ്ങളും ഘടകങ്ങളും നാം ഉള്‍പ്പെടുന്ന മനുഷ്യരുടെ കൂട്ടായ്മയും തിരുസഭയുടെ ദൃശ്യ ഘടകങ്ങളാണ്. എന്നാല്‍ തിരുസഭ എന്ന യാഥാര്‍ത്ഥ്യം ഈ ദൃശ്യ ഘടകങ്ങള്‍ക്കതീതമാണെന്ന് നമുക്കറിയാം.

സ്വര്‍ഗത്തിലെയും ശുദ്ധീകരണ സ്ഥലത്തെയും ഭൂമിയിലെയും സഭാംഗങ്ങള്‍ ഒരുമിച്ച് ചേരുന്നതാണ് തിരുസഭ. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സ്വര്‍ഗീയ അംഗങ്ങള്‍ തന്നെയാണ്. കാരണം അവരാണ് മിശിഹാജീവിതത്തെ അതിന്റെ പരിപൂര്‍ണ്ണതയില്‍ സ്വന്തമാക്കിയവര്‍. നമ്മള്‍ ഒരുമിച്ച് കൂടുന്ന നമ്മുടെയൊരു സംഘടനാ സംവിധാനമായി തിരുസഭയെ കരുതരുത്. സ്വര്‍ഗീയ സഭയുടെ മാതൃകയും ജീവിത വഴിയുമാണ് തിരുസഭയുടെ ഐഡന്റിറ്റി. അതുകൊണ്ടാണ് കൗണ്‍സില്‍ ഒന്നാം അധ്യായത്തില്‍ തന്നെ തിരുസഭയുടെ രഹസ്യാത്മകതയെ കുറിച്ച് സംസാരിക്കുന്നത്. പരിശുദ്ധ സഭ ഭൂമിയില്‍ മിശിഹായെ സന്നിഹിതമാക്കുന്ന അവിടുത്തെ കൂദാശയാണ്. തിരുസഭയെ നയിക്കുന്നത് ഭൗമിക സംവിധാനങ്ങള്‍ അല്ല അവയില്‍ പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവാണ് എന്ന തിരിച്ചറിവ് തിരുസഭയെ മനുഷ്യബുദ്ധിക്ക് അതീതമായ രഹസ്യമാണെന്ന് തിരിച്ചറിയാന്‍ നമ്മെ സഹായിക്കും. 
സഭ ഈ ഭൂമിയില്‍ തന്നെ ദൈവരാജ്യമാണ്  എന്ന യാഥാര്‍ഥ്യം തിരുസഭയുടെ രഹസ്യാത്മകതയോട് ചേര്‍ത്ത് മനസ്സിലാക്കേണ്ടതാണ്. ‘ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ തന്നെയുണ്ട്’ എന്നാണ് ഈശോ ശ്ലീഹന്മാരോട് അരുള്‍ ചെയ്തത്. അഭൗമികമായ സ്വര്‍ഗ്ഗരാജ്യത്തെ തിരുസഭ പരിമിതവും ഭൗതികവുമായ ഈ ഭൂമിയില്‍ സന്നിഹിതമാക്കുന്നു. അതൊരു വലിയ രഹസ്യമാണ്.

മിശിഹായുടെ ശരീരം

അങ്ങനെയെങ്കില്‍ യഥാര്‍ഥത്തില്‍ തിരുസഭ എന്താണ്? അത് മിശിഹായുടെ യഥാര്‍ഥ ശരീരമാണ് എന്നതാണ് പരിശുദ്ധ സൂനഹദോസ് നല്‍കുന്ന ഉത്തരം. ഇത് യഥാര്‍ഥത്തില്‍ കൗണ്‍സിലിന്റെ കണ്ടെത്തലല്ല, വിശുദ്ധ ഗ്രന്ഥ പാരമ്പര്യത്തില്‍ നിന്നും സഭാ പിതാക്കന്മാരുടെ പ്രബോധനങ്ങളില്‍ നിന്നും തിരുസഭ നിരന്തരം ബോധ്യപ്പെടുന്ന യാഥാര്‍ത്ഥ്യമാണ്. പരിശുദ്ധ മാമോദിസയിലൂടെ മിശിഹാ തന്റെ ഉത്ഥിത ശരീരത്തില്‍ നമ്മെ ഒട്ടിച്ചുചേര്‍ത്ത് സഭയെ സ്ഥാപിച്ചു. ഈ ശരീരത്തിന്റെ ശിരസ്സ് മിശിഹായും നാം  അതിന്റെ അവയവങ്ങളുമാണ്. ഇസ്രയേല്‍ എന്ന ദൈവജനത്തെ സംബന്ധിച്ച് അവരുടെ ബന്ധം ഒരു സമൂഹത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍ മാത്രമാണുള്ളത്. എന്നാല്‍ തിരുസഭയിലാകട്ടെ ഒരു ശരീരത്തിലെ അവയവങ്ങള്‍ തമ്മിലുള്ള  ബന്ധമാണുള്ളത് എന്നതാണ് തിരുസഭയെ ലോകത്തിലെ മറ്റെല്ലാ ബന്ധങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. തിരുസഭയുടെ അനന്യത അവള്‍ മിശിഹായുടെ ശരീരമായിരിക്കുന്നു എന്നതിലാണ്. 

തിരുസഭയുടെ രഹസ്യാത്മകത തിരുസഭ മിശിഹായുടെ ശരീരമായിരിക്കുന്നു എന്ന യാഥാര്‍ഥ്യത്തിലാണ് ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. വിശുദ്ധ കുര്‍ബാനയ്ക്ക് സമാനമെന്നോണം തിരുസഭയിലും ദൃശ്യവും അദൃശ്യവുമായ യാഥാര്‍ഥ്യങ്ങളുണ്ട്. രണ്ടിടത്തും ഈ അദൃശ്യയാഥാര്‍ഥ്യം മിശിഹാ എന്ന ദൈവീക വ്യക്തിയാണ്. തിരുസഭ മിശിഹാ തന്നെയാണെന്ന് ബോധ്യപ്പെടാത്ത ആരും തിരുസഭയെ തിരിച്ചറിയുന്നില്ല, സ്‌നേഹിക്കുന്നുമില്ല! തിരുസഭ ഒരു മതമോ വെറുമൊരു വിശ്വാസ  സമൂഹമോ ദൈവജനമോ അല്ല പകരം മിശിഹായുടെ ശരീരത്തിലുള്ള അധിവസിക്കലാണ് എന്ന് നാം നിരന്തരം ഓര്‍ക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. 

അതുകൊണ്ടുതന്നെ, യഥാര്‍ഥമായ ദൈവാരാധന അര്‍പ്പിക്കുന്നത് നാമുള്‍പ്പെടുന്ന ജനക്കൂട്ടമല്ല പകരം മിശിഹാ തന്നെയാണ്. അവിടുന്ന് തന്റെ ശരീരത്തില്‍ പിതാവിന് അര്‍പ്പിക്കുന്ന ബലിയിലാണ് അവയവങ്ങള്‍ എന്ന നിലയില്‍ നാം പങ്കുചേരുന്നത്. തിരുസഭയെ വെറും ദൈവജനമായി കണക്കാക്കുന്നിടത്ത് വിശുദ്ധ കുര്‍ബാനയും ദൈവാരാധനയും അര്‍ഥമില്ലാത്തതായി മാറും. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തിരുസഭാ ദര്‍ശനം  ശരിയായ വിധത്തില്‍ മനസ്സിലാക്കാന്‍ നമുക്ക് ഈ തിരിച്ചറിവുകള്‍ ആവശ്യമുണ്ട്.

ദൈവശാസ്ത്ര വീക്ഷണങ്ങള്‍

കത്തോലിക്കാ  ദൈവശാസ്ത്രം തിരുസഭയെക്കുറിച്ച് സംസാരിക്കുന്നത് ചില സുപ്രധാന അടിത്തറകളില്‍ ഉറച്ചുനിന്നു കൊണ്ടാണ്. വിശുദ്ധ ഗ്രന്ഥം, സഭാ പിതാക്കന്മാരുടെ രചനകള്‍, കൗണ്‍സില്‍ പ്രബോധനങ്ങള്‍, ത്രിത്വ ദൈവശാസ്ത്രം ഇവയെ ശരിയായി വ്യാഖ്യാനിച്ചിട്ടുള്ള ദൈവശാസ്ത്രജ്ഞന്മാര്‍  തുടങ്ങിയവയൊക്കെയാണ് അവ. ഇവയെ വളരെ സ്വതന്ത്രമായി (liberal) വ്യാഖ്യാനിക്കുന്നവരും യാഥാസ്ഥിതികമായി വ്യാഖ്യാനിക്കുന്നവരും ഉണ്ട് എന്ന് മാത്രം. പ്രസക്തമായ മറ്റുചില തിരുസഭാദൈവശാസ്ത്ര വീക്ഷണങ്ങള്‍ കൂടി പരാമര്‍ശിക്കാം

കമ്മ്യൂണിയന്‍ സഭാശാസ്ത്രം (Communion Ecclesiology)

ആധുനിക സഭയില്‍ ഏറ്റവും അധികം വിലമതിക്കപ്പെടുന്ന സഭാ ദര്‍ശനമാണിത്. വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രധാന ഉള്‍ക്കാഴ്ചകളില്‍ ഒന്നാണ് ‘കമ്മ്യൂണിയന്‍ (Communion)’ എന്ന ആശയം. Joseph Rtazinger, Henri de Lubac, Yves Congar തുടങ്ങിയ പ്രശസ്തരായ ദൈവശാസ്ത്രജ്ഞര്‍ ഈ വീക്ഷണത്തിന് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.  തിരുസഭയുടെ ആന്തരിക സ്വഭാവം തന്നെ കൂട്ടായ്മ ആണെന്നും, കൂട്ടായ്മയുടെ അടയാളമായ വിശുദ്ധ കുര്‍ബാനയില്‍ അധിഷ്ഠിതമാണ് തിരുസഭ എന്നുമുള്ള ബോധ്യം തിരുസഭയില്‍ തന്നെ വലിയ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. എല്ലാ വ്യക്തിസഭകള്‍ക്കും തുല്യമായ സ്ഥാനവും പ്രാധാന്യവും തിരുസഭയില്‍ ഉണ്ടെന്നും ആ കൂട്ടായ്മയാണ് തിരുസഭയുടെ അസ്ഥിത്വം എന്നും തിരുസഭ തിരിച്ചറിയുന്നു. ‘വിശുദ്ധ കുര്‍ബാന സ്വീകരിക്കുകഎന്നാല്‍ തിരുസഭയുടെ കൂട്ടായ്മയെ സ്വീകരിക്കുക എന്നാണര്‍ത്ഥം’ എന്ന് റാറ്റ്‌സിംഗര്‍ എഴുതി.  ‘സഭ പ്രധാനമായും ഒരു സ്ഥാപനമോ സംഘടനയോ അല്ല; മറിച്ച് മിശിഹായിലും പരിശുദ്ധാത്മാവിലും വിശ്വാസം, പ്രത്യാശ, സ്‌നേഹം എന്നിവ പങ്കിടുന്ന ഒരു കമ്മ്യൂണിയന്‍, അഥവാ ദൈവസഹവാസത്തിന്റെ ജീവിതം തന്നെയാണ്.’ എന്ന് കോംഗാര്‍ പ്രസ്താവിച്ചു.

സഭ രക്ഷയുടെ കൂദാശ

കൂദാശകള്‍ അദൃശ്യമായ ദൈവകൃപയുടെ ദൃശ്യമായ അടയാളമാണ്. സഭ തന്നെയാണ് ദൈവകൃപ ലോകത്തിന് ദൃശ്യമാക്കുന്ന ഏറ്റവും വലിയ  കൂദാശ. മിശിഹാ തന്റെ ശരീരമായ സഭയില്‍ വസിക്കുകയും അവളിലൂടെ അവന്‍ മനുഷ്യര്‍ക്ക് രക്ഷയുടെ അടയാളം ആവുകയും ചെയ്യുന്നു. ഹെന്റി ഡി ലൂബാക്ക് എന്ന ഫ്രഞ്ച് ദൈവശാസ്ത്രജ്ഞനാണ് ‘സഭ ഒരു കൂദാശ’ എന്ന ആശയം ആധുനിക ദൈവശാസ്ത്രത്തില്‍ ശക്തമായി പുനരവതരിപ്പിച്ചതും കൗണ്‍സില്‍ രേഖകളെ സ്വാധീനിച്ചതും. കാര്‍ഡിനല്‍ റാനര്‍ സഭയെ ദൈവകൃപയുടെ അടിസ്ഥാന കൂദാശ എന്ന് വിശേഷിപ്പിച്ചു. ‘ദൈവം ചരിത്രത്തില്‍ മനുഷ്യര്‍ക്കു ദൃശ്യമാകുന്നത് സഭയിലൂടെയാണ്. അതിനാല്‍, സഭ ദൈവകൃപയുടെ സാമൂഹിക രൂപമാണെന്നും, കൂദാശകള്‍ ആ കൃപയുടെ സൂക്ഷ്മ പ്രകടനങ്ങള്‍ ആണെന്നും അദ്ദേഹം കരുതി.

തീര്‍ഥാടക സഭ

യുഗാന്ത്യോന്മുഖമായി യാത്ര ചെയ്യുന്ന ഒരു തീര്‍ഥാടക സമൂഹമാണ് തിരുസഭ എന്ന വീക്ഷണം ഏറെ അര്‍ത്ഥപൂര്‍ണ്ണമാണ്. സഭ ദൈവരാജ്യത്തിലേക്കുള്ള യാത്രയിലാണ്. അവള്‍ ചരിത്രത്തില്‍ സാക്ഷ്യം വഹിക്കുന്നതും, നിത്യത്തില്‍ പൂര്‍ത്തിയാവുന്നതുമായ ദൈവസഭയാണ്. ഈ യാത്രയില്‍ അവളെ നയിക്കുന്നതു മിശിഹായാണ്, ശക്തിയാകുന്നത് റൂഹയാണ്, ലക്ഷ്യം ദൈവസമാഗമമാണ്. ‘സഭ ഭൂമിയില്‍ തന്റെ അന്തിമ നിവാസമില്ലാത്തവളാണ്; അവള്‍ എപ്പോഴും ദൈവത്തിലേക്ക് സഞ്ചരിക്കുന്ന യാത്രികയായിരിക്കുന്നു.’ എന്ന് റാറ്റ്‌സിംഗര്‍ എഴുതി. 

സഭയുടെ മാതൃകകള്‍ (Models of the Church)

അവറി ഡല്ലസ് സങ്കീര്‍ണ്ണമായ തിരുസഭാത്മകയാഥാര്‍ഥ്യം വ്യത്യസ്ത കോണുകളില്‍ നിന്ന് മനസ്സിലാക്കാനായി ‘സഭയുടെ മാതൃകകള്‍’ എന്ന പ്രസിദ്ധമായ വീക്ഷണം മുന്നോട്ടുവച്ചു.നാം ഇതുവരെ ചര്‍ച്ച ചെയ്തതു ഉള്‍പ്പെടെയുള്ള 6 മാതൃകകളാണ് അവ. 1. സ്ഥാപനമാതൃകയിലുള്ള സഭ (Institutional Model): സഭയെ മിശിഹാ സ്ഥാപിച്ച ദൃശ്യസമൂഹമായും ശ്രേണിബദ്ധമായ അധികാരഘടനയുള്ള ഒരു സ്ഥാപനമായും അവതരിപ്പിക്കുന്നു. 2. ആത്മീയസഹവാസമാതൃക (Mystical Communion Model) സഭയെ വിശ്വാസം, സ്‌നേഹം, കൃപ എന്നിവയാല്‍ ഒന്നായിരിക്കുന്ന പരിശുദ്ധാത്മാവിലുള്ള ആത്മീയസമൂഹമായി അവതരിപ്പിക്കുന്നു. 3. കൗദാശിക മാതൃക (Sacramental Model)സഭയെ അദൃശ്യകൃപയുടെ ദൃശ്യ അടയാളമായി കാണുന്നു. 4. സുവിശേഷപ്രഖ്യാപന മാതൃക (Herald Model) സഭയുടെ ദൗത്യമായ ദൈവവചനപ്രഘോഷണത്തെ മുന്‍നിര്‍ത്തി അവതരിപ്പിക്കുന്നു. 5. ശുശ്രൂഷക മാതൃക (Servant Model) സഭയെ മനുഷ്യരാശിയുടെ ശുശ്രൂഷകയായും സാമൂഹ്യനീതിയുടെയും കാരുണ്യത്തിന്റെയും പ്രതീകമായും അവതരിപ്പിക്കുന്നു. 6. ശിഷ്യസമൂഹമാതൃക (Communtiy of Disciples Model) സഭയെ മിശിഹായെ പിന്തുടരുന്ന ശിഷ്യഗണത്തിന്റെ കൂട്ടായ്മയായി അവതരിപ്പിക്കുന്നു. ഡല്ലസിന്റെ അഭിപ്രായത്തില്‍, സഭയുടെ ദൈവീയ രഹസ്യം ഒരൊറ്റ മാതൃകയാല്‍ പൂര്‍ണ്ണമാകുന്നില്ല. വിവിധ മാതൃകകളുടെ സമന്വയത്തിലൂടെ മാത്രമേ തിരുസഭാ രഹസ്യം അനാവ്രതമാവുകയുള്ളൂ. അതുതന്നെയാണ് തിരുസഭാ ശാസ്ത്രത്തെ വിവിധ കോണുകളിലൂടെ അവതരിപ്പിക്കുന്നതിന്റെ പ്രസക്തിയും.

റവ. ഡോ. അരുൺ കലമറ്റം

Latest Updates

POPULAR Views

FEATUERD Views

EWS സംവരണം

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന  സംവരണേതര വിഭാഗങ്ങള്‍ക്കായി (EWS) നടപ്പിലാക്കിയ 10 ശതമാനം...

മലയോര മേഖലയുടെ വികസനം

ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്‍ മലയോര മേഖല സംബന്ധിച്ച 36...

ജെ. ബി. കോശി കമ്മീഷന്റെ പരിവര്‍ത്തിത ക്രൈസ്തവ  ശിപാര്‍ശകള്‍  പഠനം

 *കേരളത്തിലെ പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തിന്റെ സമൂലമായ ഉന്നമനത്തിനുതകുന്ന മാഗ്‌നാകാര്‍ട്ടയാണ് ജസ്റ്റിസ് ജെബി...

വിദ്യാഭ്യാസ ന്യൂനപക്ഷ സംവരണ വിഷയങ്ങള്‍

ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പൊതുവായ പ്രശ്‌നങ്ങളെ വിശദമായി അവതരിപ്പിക്കുന്ന ഭാഗമാണ് ജെ ബി...

കുട്ടനാടിനെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ശുപാർശകൾ

ജസ്റ്റിസ് (റിട്ട) ജെ ബി കോശി കമ്മീഷന്‍  റിപ്പോര്‍ട്ടില്‍ കുട്ടനാടുമായി ബന്ധപ്പെട്ട്...

ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്: അഭിമാനപൂര്‍വം സീറോമലബാര്‍ സഭ

ജെ. ബി. കോശി കമ്മീഷനുവേണ്ടി സീറോമലബാര്‍സഭ ഇത്രയേറെ കഷ്ടപ്പെട്ടെങ്കിലും സഭയ്ക്കു പ്രയോജനപ്രദമായ ശിപാര്‍ശകളില്‍ വളരെ കുറച്ചു മാത്രമേ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുള്ളൂ. എങ്കിലും കേരളത്തിലെ ക്രിസ്ത്യാനികളുടെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാണിക്കാന്‍ ഒരു ആധികാരിക രേഖ ലഭിച്ചതില്‍ സന്തോഷമുണ്ട്. കൂടാതെ ഈ കമ്മീഷന്റെ നിയമനം സഭയ്ക്ക് സ്വയം വിലയിരുത്തലിനും പഠനത്തിനും നിമിത്തമായി.

നോമ്പുകാലം: ശ്രവണത്തിന്റെയും ഉപവാസത്തിന്റെയും മാനസാന്തരത്തിന്റെയും സമയം

പ്രിയ സഹോദരീസഹോദരന്മാരെ,മാതൃസഹജമായ കരുതലാൽ പ്രചോദിതയായി ദൈവത്തിന്റെ രഹസ്യം നമ്മുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കി...

സ്വാതന്ത്ര്യം ആഘോഷമാവട്ടെ, പക്ഷേ കടമകള്‍ വിസ്മൃതിയിലാവരുത്

അവകാശങ്ങള്‍ക്കുവേണ്ടി ആര്‍ത്തുവിളിക്കുകയും കടമകളെക്കുറിച്ച് മൗനം ഭജിക്കുകയും ചെയ്യുന്നത് മനുഷ്യന്റെ സ്വാര്‍ഥപ്രകൃതിയില്‍ അടിസ്ഥാനമിട്ട ഒരു സംസ്‌കാരമാണ്. ജോലിസമയത്ത് കൈവലിക്കുകയും കൂലിസമയത്ത് കൈനീട്ടുകയും ചെയ്യുന്നത് ഈ സംസ്‌കാരത്തിന്റെ മലിനമുഖമാണ്.

സമുദായശക്തീകരണം സഭയുടെ വളര്‍ച്ചയ്ക്ക്

'നിന്റെ അമ്മ, ജലാശയത്തിനടുത്തു നട്ടിരിക്കുന്ന മുന്തിരിച്ചെടിപോലെയാണ്. ധാരാളമായി വെള്ളം കിട്ടിയതുമൂലം അതു...

പ്രത്യാശയുടെ ജൂബിലിവര്‍ഷം

എഡി 1300 മുതല്‍ ഓരോ 25 വര്‍ഷം കൂടുമ്പോഴും ആചരിച്ചുപോരുന്ന ജൂബിലിവത്സരത്തിന്...

പിയര്‍ ജോര്‍ജോ ഫ്രസാത്തിയും ലോട്ടസ് ഇഫക്ടും

* പലവിധത്തിലുള്ള മാലിന്യങ്ങള്‍ പരന്നിരിക്കുന്ന വര്‍ത്തമാനകാലത്തില്‍ യുവജനങ്ങള്‍ക്ക് വിശുദ്ധജീവിതം സാധ്യമാണോ? നവവിശുദ്ധനായ...

ഇവിടെ തുടങ്ങാം കാര്‍ലോയിസം

ഇന്ന് ലോകത്തിന്റെ ശ്രദ്ധാപാത്രമായിരിക്കുന്ന രണ്ടു ചെറുപ്പക്കാരുണ്ട്. പീഠത്തില്‍ കൊളുത്തിവച്ച ദീപം പോലെ...