ഇന്ന് ലോകത്തിന്റെ ശ്രദ്ധാപാത്രമായിരിക്കുന്ന രണ്ടു ചെറുപ്പക്കാരുണ്ട്. പീഠത്തില്‍ കൊളുത്തിവച്ച ദീപം പോലെ പ്രകാശിക്കുന്നവര്‍. വിശുദ്ധ കാര്‍ലോ അക്വിറ്റിസും വിശുദ്ധ പിയര്‍ ജോര്‍ജോ ഫ്രാസാത്തിയും. പതിനഞ്ചും ഇരുപത്തിനാലും വയസില്‍ മണ്‍മറഞ്ഞുപോയ ആ ജീവിതങ്ങള്‍ക്ക് എന്തൊരു തെളിച്ചമാണ് !നമുക്ക് പരിചിതമായിട്ടുളള ഭൂരിപക്ഷം വിശുദ്ധരില്‍ നിന്നും അമ്പേ വ്യത്യസ്തരാണവര്‍. അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ട് അതിശയോക്തികള്‍ ഒന്നും പ്രകടിപ്പിക്കാതിരുന്നവര്‍.
വിശുദ്ധിയുടെ പുതിയ വാതായനങ്ങളാണ് സ്വജീവിതത്തിലൂടെ ഇരുവരും തുറന്നിട്ടിരിക്കുന്നത്. വിശുദ്ധിയെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളാണ് ഇരുവരും അവതരിപ്പിച്ചത്. പുതിയ കാലത്തിനും പുതിയ ലോകത്തിനും പുതിയ ദിശാബോധം സമ്മാനിക്കാന്‍ ഹ്രസ്വമായ ജീവിതകാലയളവില്‍ അവര്‍ക്ക് സാധിച്ചിരിക്കുന്നുവെന്നതിലാണ് നാം അവരോട് കൃതജ്ഞതയുളളവരായിരിക്കേണ്ടത്.
അവനും അവള്‍ക്കും വിശുദ്ധരാകാമെങ്കില്‍ എന്തുകൊണ്ട് എനിക്ക് വിശുദ്ധനോ വിശുദ്ധയോ ആയിക്കൂടാ എന്ന ചോദ്യമാണ് ഈ ജീവിതങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഓരോ യുവജനങ്ങളുടെയും മനസ്സിലുണ്ടാവേണ്ടത്. വര്‍ത്തമാനകാലത്തില്‍ സാധാരണപോലെ ജീവിക്കുമ്പോഴും അസാധാരണ ജീവിതം നയിക്കാനും ദൈവേഷ്ടപ്രകാരം ജീവിക്കാനുമുള്ള സാധ്യതകള്‍ ഉണ്ടെന്നും കാര്‍ലോയും ഫ്രാസാത്തിയും നമുക്ക് പറഞ്ഞുതരുന്നുണ്ട്.
ഉദാഹരണങ്ങള്‍ ഏറെയുള്ളപ്പോഴും മാതൃകകള്‍ കുറഞ്ഞുവരുന്ന ഇക്കാലത്ത് മാതൃകയായി യുവജനങ്ങള്‍ക്ക് മുമ്പില്‍ പ്രതിഷ്ഠിക്കാന്‍ അര്‍ഹതയുള്ള ഈ ജീവിതങ്ങളെയാണ് സീറോമലബാര്‍ വിഷന്റെ ഈ ലക്കം പ്രത്യേകമായി അവതരിപ്പിക്കുന്നത്. യുവജനപ്രസ്ഥാനങ്ങളുമായി സഹകരിക്കുന്ന രണ്ടുപേരാണ് കാര്‍ലോയുടെയും ഫ്രാസാത്തിയുടെയും ജീവിതത്തെ അപഗ്രഥനവിധേയമാക്കുന്നത് എന്നതും ശ്രദ്ധേയം
2025- ാം ആണ്ടിന്റെ അവസാനപാദത്തിലൂടെ സഞ്ചരിക്കുമ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന യുവജനമുന്നേറ്റങ്ങള്‍ക്കെല്ലാം മുന്‍ അനുഭവങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായൊരു മാനമുണ്ടെന്നതിന് ലോകം സാക്ഷിയാകുന്നു. നീതി നിഷേധിക്കുന്ന ഭരണവിഭാഗത്തെ രാവിരുട്ടി വെളുക്കുമ്പോള്‍ താഴെയിറക്കുവാനും സാംസ്‌കാരിക ക്രമീകരണം എന്ന വാക്കിനെ മാറ്റിനിര്‍ത്തി ലോകരാജ്യങ്ങളിലൂടെ നടക്കുന്ന കുടിയേറ്റങ്ങള്‍ക്കും ഒരു കാലഘട്ടം ദുഷ്‌ക്കരം എന്ന് തലക്കെട്ട് കൊടുത്തതിനെയൊക്കെയും നിഷ്പ്രയാസം എന്ന ഹാഷ് ടാഗിലേക്ക് തിരുത്തി എഴുതുവാനും ഈ ജെന്‍സി കാലഘട്ടത്തിന് സാധിക്കുന്നു എന്നത് നവമാധ്യമ സംസ്‌കൃതി രൂപപ്പെടുത്തുന്ന അനന്ത സാധ്യതയാണെന്നതിന് തര്‍ക്കമില്ല.
സിറിയോ ജെമിനിയോ കേമം ചര്‍ച്ച ചെയ്യുന്ന പൊതുയിടങ്ങളില്‍; ‘സാമൂഹിക മാധ്യമത്തിലെ ചതിക്കുഴി’ എന്ന ക്ലീഷേ വാചകത്തിന് പ്രസക്തിയില്ലാതാവുന്നു. ഇവിടെ പരിശുദ്ധ കത്തോലിക്ക സഭ വിശുദ്ധനായി പ്രഖ്യാപിച്ച കാര്‍ലോ അക്വിറ്റസിന്റെ ജീവിതം യുവജനങ്ങള്‍ക്ക് സൂചനപ്പലകയാണ്. നവമാധ്യമങ്ങളെയും അവയുടെ അനുബന്ധസാധ്യതകളെയും മാറ്റിനിര്‍ത്തി ഇനിയൊരു ജീവിതം ഇക്കാലത്ത് അസാധ്യമാണ്. അത് തിരിച്ചറിയുന്നിടത്താണ് എങ്ങനെ ഈ സാധ്യതകളെ പക്വമായി കൈകാര്യം ചെയ്യാം എന്ന് വി.കാര്‍ലോ അക്വിറ്റസ് സ്വജീവിതത്തിലൂടെ കാണിച്ചു തന്ന് മാതൃക അനേകം യുവജനങ്ങളെ പ്രചോദിപ്പിക്കുന്നത്.
2018 ലെ ആഗോള യുവജന സിനഡിന് ശേഷം പ്രസിദ്ധീകരിച്ച ‘ക്രിസ്തുസ് വീവിത്ത്’ എന്ന അപ്പസ്‌തോലിക പ്രബോധനത്തില്‍ 105, 106 ഖണ്ഡികയില്‍ കാര്‍ലോ അക്വിറ്റസിനെക്കുറിച്ച് കാലം ചെയ്ത പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
‘ഒരു കമ്പ്യൂട്ടര്‍ പ്രതിഭയായിരുന്ന കാര്‍ലോയുടെ സാന്നിധ്യവും സേവനവും ഈ ഡിജിറ്റല്‍ ലോകത്തിലും സാമൂഹിക നെറ്റ്‌വര്‍ക്കുകളിലും വലിയ സ്വാധീനം നല്‍കി. നവീനമായ ആശയവിനിമയ സംവിധാനങ്ങളിലൂടെ സുവിശേഷം പ്രഘോഷിക്കാനും മൂല്യങ്ങളെ പകര്‍ത്താനും കാര്‍ലോയ്ക്ക് സാധിച്ചു. അനുകരണീയങ്ങളായ ഒരുപാട് വിശുദ്ധ മാതൃകകള്‍ കത്തോലിക്ക സഭ നല്‍കുമ്പോള്‍ അവയില്‍ സമകാലിന പ്രസക്തനായി വി.കാര്‍ലോ മാറുന്നു. ഇത് മില്ലേനിയത്തിന്റെ വിശുദ്ധന്‍ എന്ന് അഭിമാനബോധത്തോടെ ഏറ്റുപറയാന്‍ ഈ കാലഘട്ടത്തിലെ ചെറുപ്പക്കാര്‍ക്ക് സാധിക്കണം. സിനിമകള്‍ കാണാറുണ്ടായിരുന്ന, ഫുട്‌ബോള്‍ കളിയും വീഡിയോ ഗെയിമുകളും ഇഷ്ടപ്പെട്ടിരുന്ന കാര്‍ലോ ഞാന്‍ തന്നെയാണ് എന്ന ഉള്‍ബോധം വലിയ സാമൂഹികചലനങ്ങള്‍ക്ക് വഴി തെളിക്കും.
ഇവിടെ തുടങ്ങേണ്ടത് ഒരു ‘കാര്‍ലോയിസ’മാണ്, ദൈവം പരിശുദ്ധ കത്തോലിക്ക സഭയിലൂടെ നമ്മുടെ മുന്‍പില്‍ വി.കാര്‍ലോയെ അവതരിപ്പിക്കുമ്പോള്‍ അത് ഈ വിശുദ്ധനിലൂടെ ദൈവം നമ്മോട് ആവശ്യപ്പെടുന്ന ജീവിതമാതൃകയാണെന്ന തിരിച്ചറിവുണ്ടാകണം. സാമൂഹിക മാധ്യമത്തിന്റെ സാധ്യതകളെ അറിയാവുന്ന നിരന്തരം അത് പ്രയോഗിക്കുന്ന യുവതലമുറ, കത്തോലിക്ക സഭയ്ക്ക് വേണ്ടി, നമ്മുടെ സമുദായത്തിന് വേണ്ടി പൊതുഇടങ്ങളില്‍ ക്രിസ്തു ജീവിതമാതൃക പ്രഘോഷിക്കുവാന്‍ വി.കാര്‍ലോ നല്‍കിയ മാതൃക സ്വീകരിക്കണം. ദേവാലയത്തില്‍ ചാട്ടവാറെടുത്ത യേശുക്രിസ്തുവും നമ്മുടെ മുന്‍പിലെ ജീവിതമാണെന്ന തിരിച്ചറിവില്‍ കത്തോലിക്ക സമൂഹത്തിനെതിരെ നടത്തുന്ന പോരാട്ടങ്ങളില്‍ വി.കാര്‍ലോ മാതൃക പിന്തുടര്‍ന്ന് മാതൃക സൈബര്‍പ്രവര്‍ത്തനം നടത്താന്‍ നമ്മുക്കാവണം.
വിപിന്‍ ജോസഫ്
വിശുദ്ധ കാര്‍ലോ അക്വട്ടീസ്
1991 മെയ് 3, ലണ്ടന്‍: ജനനം
മാതാപിതാക്കള്‍: ആന്ദ്രേയ അക്വട്ടീസ്- അന്തോണിയ സല്‍സാനോ
1998 ജൂണ്‍ 16: പ്രഥമദിവ്യകാരുണ്യസ്വീകരണം
2003: സ്ഥൈര്യലേപനസ്വീകരണം
2005 ജനുവരി: ദിവ്യകാരുണ്യ വെബ്്‌സൈറ്റ് ലോഞ്ചിംങ്
2006 ഒക്ടോബര്‍ 12: മരണം
2012 ഒക്ടോബര്‍ 12: നാമകരണനടപടികളുടെ തുടക്കം
2018 ജൂലൈ 5: ധന്യപദവി
2020 ഒക്ടോബര്‍ 10: വാ്‌ഴ്ത്തപ്പെട്ടവന്‍
2025 സെപ്തംബര്‍ 7: വിശുദ്ധപദവി
ഒക്ടോബര്‍ 12: തിരുനാള്‍


