* കേരളഡാമിയന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദൈവദാസന്‍ മോണ്‍. ജോസഫ് കണ്ടത്തില്‍ സ്ഥാപിച്ചതാണ് അസ്സീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് ( ASMI ) എന്ന സന്യാസിനീസമൂഹം
എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികനായിരുന്ന മോണ്‍. ജോസഫ് കണ്ടത്തില്‍ മുട്ടം ഫൊറോന ദേവാലയത്തിലെ സഹവികാരിയായി സേവനം അനുഷ്ഠിച്ചിരുന്ന കാലഘട്ടത്തില്‍ ചേര്‍ത്തലയും സമീപഗ്രാമങ്ങളും സന്ദര്‍ശിച്ചപ്പോള്‍ കണ്ടകാഴ്ചകള്‍ അദ്ദേഹത്തിന്റെ മനമുരുക്കുന്നതായിരുന്നു. എവിടെയും ദാരിദ്ര്യം.. സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തപ്പെട്ട കുഷ്ഠരോഗികള്‍.., പ്രത്യാശ നഷ്ടപ്പെട്ടവര്‍.. തൊഴില്‍രഹിതര്‍… ഇരുളില്‍ കഴിയുന്ന കുടുംബങ്ങളും വ്യക്തികളും. ഈ ജീവിതങ്ങള്‍ക്ക് എങ്ങനെ പ്രകാശം പകരാന്‍ കഴിയും എന്ന പ്രാര്‍ത്ഥനാപൂര്‍വ്വമായ ആലോചനകള്‍ക്ക് ഒടുവില്‍ അദ്ദേഹം ഒരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു. അങ്ങനെയാണ് 1942ല്‍ കുഷ്ഠരോഗികള്‍ക്കായി ഒരു ആശുപത്രിയും 1949 ല്‍ അസ്സീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്( ASMI ) എന്ന സന്യാസിനി സമൂഹവും സ്ഥാപിച്ചത്. അവയുടെ സ്ഥാപനത്തിലൂടെ ജീവിക്കുന്ന സുവിശേഷം ചുറ്റുപാടുകളിലേക്കും പ്രസരിപ്പിക്കുന്ന മനുഷ്യസ്‌നേഹിയായിത്തീരുകയായിരുന്നു മോണ്‍. ജോസഫ് കണ്ടത്തില്‍. വിശുദ്ധ ഡാമിയനെപ്പോലെ ജീവിച്ചും കുഷ്ഠരോഗികളെ സേവിച്ചും അവരുടെ മാനവും പ്രത്യാശയും വീണ്ടെടുക്കാന്‍ അദ്ദേഹം പരിശ്രമിച്ചു. വൈകാതെ ജനങ്ങള്‍ അദ്ദേഹത്തിന് ഒരു വിശേഷണം നല്കി. കേരളഡാമിയന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴും അദ്ദേഹം അറിയപ്പെടുന്നത് ആ പേരില്‍തന്നെയാണ്.
1904 ഒക്ടോബര്‍ 27ന് വൈക്കം, ചെമ്പു ദേശത്ത് കണ്ടത്തില്‍ കുടുംബത്തില്‍, വര്‍ഗീസ് തോമസിന്റെയും ക്ലാരമ്മയുടെയും മകനായിട്ടായിരുന്നു മോണ്‍. ജോസഫ് കണ്ടത്തലിന്റെ ജനനം. 1933 ല്‍ മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ പിതാവിന്റെ കൈവെയ്പ്പിലൂടെ വൈദികനായി അഭിഷിക്തനായി. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാകുലേറ്റ് (ASMI) എന്ന സന്യാസിനി സമൂഹം ഇന്ന് ഇന്ത്യയിലും കെനിയ, ടാന്‍സാനിയ, മഡഗാസ്‌കര്‍, പാപുവ ന്യൂ ഗിനിയ, ഇറ്റലി, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലുമായി ദരിദ്രരുടെയും രോഗികളുടെയും വയോധികരുടെയും ഉപേക്ഷിക്കപ്പെട്ടവരുടെയും ഇടയില്‍ സ്ഥാപക പിതാവിന്റെ ദര്‍ശനം പങ്കുവച്ചുകൊണ്ട് സുവിശേഷപ്രവര്‍ത്തനം നിറവേറ്റുന്നു. ബധിര-മൂക വിദ്യാലയങ്ങള്‍, അന്ധവിദ്യാലയങ്ങള്‍ , മാനസിക വൈകല്യമുള്ള കുട്ടികള്‍ക്കായുള്ള പ്രത്യേക വിദ്യാലയങ്ങള്‍, ദരിദ്രരും പ്രാദേശികരുമായ കുട്ടികള്‍ക്കായുള്ള അപ്പര്‍ പ്രൈമറി സ്‌കൂളുകള്‍, ഡിസ്‌പെന്‍സറികള്‍, കൗണ്‍സലിംഗ് സെന്ററുകള്‍, ജനറല്‍ ആശുപത്രികള്‍, വൃദ്ധസദനങ്ങള്‍, മറ്റ് നിരവധി സാമൂഹ്യകാരുണ്യ സ്ഥാപനങ്ങള്‍ എന്നിവയും ഇന്ന് അസ്സീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റിനുണ്ട്.
രോഗികളുടെ വേദന കേള്‍ക്കുകയും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കുട്ടികള്‍ക്ക് പ്രത്യാശയുടെ വാതില്‍ തുറക്കുകയും ശാരീരികമാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ആത്മഗൗരവത്തോടെ ജീവിക്കാന്‍ അവസരം ഒരുക്കുകയും ചെയ്യുന്ന ഈ സ്ഥാപനങ്ങള്‍ ദൈവദാസന്റെ ദര്‍ശനം മനസ്സിലാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. 1969 ല്‍ വത്തിക്കാന്‍ അദ്ദേഹത്തിന് നല്കിയ മോണ്‍സിഞ്ഞോര്‍ പദവി അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു. 1991 ഡിസംബര്‍ 12ന് മോണ്‍. ജോസഫ് കണ്ടത്തില്‍ നിത്യനിദ്ര പ്രാപിച്ചു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഗ്രീന്‍ഗാര്‍ഡന്‍സ്, ചേര്‍ത്തലയിലെ പരിശുദ്ധ ഹൃദയ ദേവാലയത്തില്‍ സംസ്‌കരിച്ചിരിക്കുന്നു. ഇന്നു ആ സ്ഥലം അനേകര്‍ക്ക് പ്രാര്‍ഥനയുടെയും ആശ്വാസത്തിന്റെയും പ്രത്യാശയുടെയും കേന്ദ്രമാണ്.
2019 ഒക്ടോബര്‍ 24 ന് സഭ അദ്ദേഹത്തെ ദൈവദാസ പദവിയിലേക്കുയര്‍ത്തി. തന്റെ ജീവിതം പാവങ്ങള്‍ക്കും വേദനിക്കുന്നവര്‍ക്കുമായി പൂര്‍ണ്ണമായി തീറെഴുതി നല്കിയ അദ്ദേഹത്തിന്റെ വിശുദ്ധജീവിതം ഒരുനാള്‍ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുമെന്ന ദൃഢവിശ്വാസം വിശ്വാസികളുടെ ഹൃദയങ്ങളിലുണ്ട്.


