പ്രത്യാശയുടെ ജൂബിലിവര്‍ഷം

Published on

എഡി 1300 മുതല്‍ ഓരോ 25 വര്‍ഷം കൂടുമ്പോഴും ആചരിച്ചുപോരുന്ന ജൂബിലിവത്സരത്തിന് 2024 ഡിസംബര്‍ 24ന് ഫ്രാന്‍സിസ് മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ തുറന്നതോടുകൂടെ തുടക്കമായി. ജൂബിലിവത്സരം പ്രഖ്യാപിച്ചുകൊണ്ടുള്ള മാര്‍പാപ്പയുടെ വിളംബരം 2024 മേയ് 9 നാണു പ്രകാശിപ്പിച്ചത്. ‘പ്രത്യാശ നിരാശരാക്കുന്നില്ല’ (Spes non Confundit) എന്ന പേരിലുള്ള പ്രസ്തുത രേഖ ജൂബിലിവത്സരത്തിന്റെ മുഖ്യപ്രമേയമായ പ്രത്യാശയെപ്പറ്റിയാണ്. ‘എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും പ്രത്യാശയുടെ ഏതെങ്കിലും തരത്തിലുള്ള സ്പര്‍ശനക്ഷമമായ അടയാളങ്ങളായി മാറാന്‍ നാം ക്ഷണിക്കപ്പെട്ടിരിക്കുന്നു’ എന്നാണ് മാര്‍പാപ്പ സഭാംഗങ്ങളോടു പറയുന്നത്. യുദ്ധങ്ങള്‍ ഒഴിവാക്കാന്‍ നയതന്ത്രസാധ്യതകള്‍ ആരായുക, ദരിദ്രകോടികളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ നേതാക്കള്‍ തയാറാവുക, പാവപ്പെട്ട രാജ്യങ്ങളുടെ കടബാധ്യതകള്‍ ഇളച്ചുനല്‍കുക, തടവുകാരെ മോചിപ്പിക്കുക മുതലായ കാര്യങ്ങള്‍ മാര്‍പാപ്പ ഊന്നിപ്പറയുകയും ചെയ്യുന്നു.

പ്രത്യാശയെക്കുറിച്ചുള്ള മനോഹരമായ ഒരു ധ്യാനമാണ് ഫ്രാന്‍സിസ് പാപ്പയുടെ ഈ പ്രഖ്യാപനം. അദ്ദേഹം പറയുന്നു: ‘പ്രത്യാശിക്കുക എന്നാല്‍ എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. വരാനിരിക്കുന്ന നല്ല സംഗതികളെക്കുറിച്ചുള്ള ആഗ്രഹമായോ പ്രതീക്ഷയായോ അത് ഓരോ മനുഷ്യഹൃദയത്തിലും കുടികൊള്ളുന്നു.’ ലോകത്തിലെ കടുത്ത യാഥാര്‍ഥ്യങ്ങളെ മറന്നുകൊണ്ടല്ല അദ്ദേഹം ഇതു പറയുന്നത്. ‘ക്രൈസ്തവ പ്രത്യാശ നമ്മെ ചതിക്കുകയോ നിരാശരാക്കുകയോ ചെയ്യുകയില്ല. കാരണം ദൈവസ്‌നേഹത്തില്‍നിന്ന് നമ്മെ യാതൊന്നും തടയുകയില്ല എന്ന ഉറപ്പ് പ്രത്യാശയ്ക്കുണ്ട്.’ പ്രത്യാശയില്‍ നവീകരിക്കപ്പെടാനുള്ള ഒരവസരമായാണ് പരി. പിതാവ് ജൂബിലിവത്സരത്തെ കാണുന്നത്. നമ്മുടെ കര്‍ത്താവിനെ മുഖാമുഖം കാണുന്നതിനുള്ള തീര്‍ത്ഥാടനത്തില്‍ പ്രത്യാശയാണു നമ്മുടെ സഹചാരി എന്ന് അദ്ദേഹം പറയുന്നു. ദൈവത്തിന്റെ കൃപയില്‍ മാത്രമല്ല കാലത്തിന്റെ അടയാളങ്ങളിലും പ്രത്യാശ കണ്ടെത്താന്‍ സാധിക്കുമെന്നാണ് അദ്ദേഹം ഉദ്‌ബോധിപ്പിക്കുന്നത്.

ലോകം യുദ്ധത്തിന്റെ ദുരന്തമുഖത്താണു നില്‍ക്കുന്നതെങ്കിലും സമാധാനത്തിനുവേണ്ടിയുള്ള ആഗ്രഹം വളരെ സജീവമാണ്. ഈ സമാധാനകാംക്ഷ തന്നെയാണ് പ്രത്യാശയുടെ ഒന്നാമത്തെ അടയാളമെന്ന് മാര്‍പാപ്പ പറയുന്നു. പ്രാദേശിക സംഘര്‍ഷങ്ങള്‍ക്കുപോലും ആഗോള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നതുകൊണ്ട് അവ പരിഹരിക്കുന്നതിനു ലോകനേതാക്കള്‍ ഉത്സാഹിക്കണം. അതിനുള്ള അഭ്യര്‍ത്ഥനകള്‍ അവര്‍ കേള്‍ക്കാതിരിക്കരുത്. സമാധാനത്തിന്റെ ആവശ്യകത നമ്മുടെ മുമ്പില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. അതുകൊണ്ട് സമൂര്‍ത്തമായ നടപടികള്‍ കൈക്കൊണ്ടേ തീരൂ. സ്ഥായിയായ സമാധാനത്തിനുവേണ്ടി ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുള്ള ഒരവസരവും പാഴാക്കരുത്.

ജീവന്‍ നിലനിര്‍ത്താനും പരിപോഷിപ്പിക്കാനുമുള്ള സന്നദ്ധതയാണ് രണ്ടാമത്തെ അടയാളം. പല രാജ്യങ്ങളിലും ജനനനിരക്ക് താഴ്ന്നുപോകുന്നത് ജീവനോടുള്ള പ്രതിപത്തിയുടെ അഭാവമാണു കാണിക്കുന്നത്. പ്രത്യാശ നിറഞ്ഞ ഒരു സാമൂഹ്യപരിതോവസ്ഥ സൃഷ്ടിക്കാന്‍ ക്രൈസ്തവര്‍ക്കു കൂടുതല്‍ ഉത്തരവാദിത്വമുണ്ട്. കുട്ടികളുടെ ആഹ്ലാദാരവം മുഴങ്ങുന്ന ഒരു ഭാവിയാണു നമ്മുടെ ലക്ഷ്യം.

ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് പ്രത്യാശയുടെ സ്പര്‍ശനക്ഷമമായ അടയാളങ്ങളായിത്തീരാന്‍ നമ്മള്‍ ക്ഷണിക്കപ്പെട്ടിരിക്കുന്നതായി പരി. പിതാവ് ഓര്‍മിപ്പിക്കുന്നു; പ്രത്യേകിച്ചും ഈ ജൂബിലിവര്‍ഷത്തില്‍. അതിനുള്ള നിരവധി മാര്‍ഗങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.

തടവുകാരോട് കാരുണ്യം കാണിക്കാന്‍ വിശ്വാസികള്‍ തയാറാവണം. തടവില്‍നിന്നു വിടുതലോ മോചനമോ നല്‍കി സര്‍ക്കാരുകളും അവരുടെ പ്രത്യാശയെ ഉജ്ജീവിപ്പിക്കണം. വധശിക്ഷ ഒഴിവാക്കുന്നത് അഭിലഷണീയമാണ്. ഒരു ജയിലില്‍ ‘വിശുദ്ധ വാതില്‍’ തുറക്കാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.

വീടുകളിലോ ആശുപത്രികളിലോ ഉള്ള രോഗികളോടും വൃദ്ധരോടും കൂടുതല്‍ അടുപ്പവും കരുതലും പ്രദര്‍ശിപ്പിക്കാന്‍ വിശ്വാസികള്‍ ഉത്സാഹിക്കണം. അവരില്‍ പലരും ഏകാന്തതയും പരിത്യക്തതാബോധവും അനുഭവിക്കുന്നവരാണ്.

ഇന്നത്തെ ലോകത്തില്‍ യുവജനതയ്ക്ക് പ്രത്യാശയുടെ അടയാളങ്ങള്‍ നല്‍കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ജോലിയോ ജീവിത സുരക്ഷിതത്വമോ ഭാവിയെക്കുറിച്ചു യാഥാര്‍ഥ്യബോധത്തോടെയുള്ള സങ്കല്പമോ ഇല്ലാതെ മയക്കുമരുന്നിലോ മറ്റുപാധികളിലോ അഭയം തേടുന്ന, പ്രതീക്ഷ നശിച്ച യുവജനങ്ങളെ കാണുന്നതു വേദനാജനകമാണ്. അവരോടു കൂടുതല്‍ അടുക്കാനും അവരെ പ്രചോദിപ്പിക്കാനും ജൂബിലിവര്‍ഷത്തില്‍ സഭ ശ്രദ്ധിക്കണം.

അഭയാര്‍ത്ഥികള്‍ക്കും പ്രത്യാശയുടെ അടയാളങ്ങള്‍ നല്‍കാന്‍ സഭാംഗങ്ങള്‍ ശ്രദ്ധിക്കണം. കൂടുതല്‍ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ തേടിയാണ് അവര്‍ ജന്മനാട് ഉപേക്ഷിച്ചു യാത്രയാകുന്നത്. അഭയാര്‍ത്ഥികളും നാടു കടത്തപ്പെട്ടവരും സ്ഥലം മാറുന്നവരുമൊക്കെ ജോലിക്കും വിദ്യാഭ്യാസത്തിനും സുരക്ഷിതത്വത്തിനുംവേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. അവരെ പുതിയ സാമൂഹ്യസാഹചര്യത്തില്‍ സഹായിക്കാന്‍ സഭ തയാറാകണം.
ജീവിതത്തിന് അവശ്യംവേണ്ട വസ്തുക്കള്‍പോലും ഇല്ലാത്ത പാവങ്ങള്‍ക്കുവേണ്ടിയാണ് തുടര്‍ന്ന് ഫ്രാന്‍സിസ് പാപ്പ സ്വരമുയര്‍ത്തുന്നത്. ലോകത്തിന്റെ വിഭവശേഷി ആയുധങ്ങള്‍ക്കായി ഉപയോഗിക്കുകയും ഭൂരിപക്ഷം ജനങ്ങളും ദരിദ്രരായി കഴിയുകയും ചെയ്യുന്നത് ലജ്ജാകരമാണ്. ഭൂമിയുടെ വിഭവങ്ങള്‍ എല്ലാവര്‍ക്കുമായി വിഭജിക്കപ്പെടണം; ഒരു ന്യൂനപക്ഷമായ ധനികര്‍ക്കു മാത്രമായല്ല. ധനികര്‍ കൂടുതല്‍ ഉദാരമതികളാകണം. സൈനികാവശ്യങ്ങളെക്കാള്‍ ദാരിദ്ര്യം അവസാനിപ്പിക്കാനും പാവപ്പെട്ട രാജ്യങ്ങളെ ഉദ്ധരിക്കാനും വിഭവശേഷി ഉപയോഗപ്പെടുത്തണം.
ധനികരാജ്യങ്ങള്‍ ദരിദ്രരാജ്യങ്ങളുടെ കടങ്ങള്‍ ഇളച്ചുകൊടുക്കാന്‍ സന്നദ്ധമാകണം. ഇത് ഔദാര്യത്തിന്റെയല്ല, നീതിയുടെ കാര്യമാണ്. പ്രകൃതിവിഭവങ്ങളുടെ ഉപയോഗത്തില്‍ ഈ രണ്ടു വിഭാഗം രാജ്യങ്ങളും തമ്മില്‍ വലിയ അന്തരമുണ്ട്. പാരിസ്ഥിതിക നാശത്തില്‍ ഈ രാജ്യങ്ങളുടെ ഉത്തരവാദിത്വത്തിലും വ്യത്യാസമുണ്ട്.

ജൂബിലിവര്‍ഷത്തില്‍ തന്നെയാണ് നിഖ്യാ സൂനഹദോസിന്റെ 1700 ാമതു വാര്‍ഷികവും. വിശ്വാസപ്രമാണത്തിന്റെ ക്രോഡീകരണം വഴിയായി സഭകളുടെ ഐക്യം ഉറപ്പുവരുത്താന്‍ സാധിച്ചു. സഭൈക്യത്തിന്റെ വലിയ പ്രതീക്ഷ സജീവമാക്കാന്‍ ജൂബിലിവര്‍ഷം ഉതകണം. എല്ലാ സഭകളും ഒരേ ദിവസംതന്നെ ഉയിര്‍പ്പുതിരുനാള്‍ ആഘോഷിക്കുന്നത് അര്‍ഥഗര്‍ഭമായ ഒരടയാളമാണ്.

ഫ്രാന്‍സിസ് മാര്‍പാപ്പ കൂടെക്കൂടെ ഓര്‍മിപ്പിച്ചിരുന്ന ഒരു കാര്യമാണ് അനുരഞ്ജനകൂദാശയുടെ പ്രാധാന്യം. കരുണയുടെ വര്‍ഷം എന്ന പേരില്‍ ഒരു അസാധാരണ ജൂബിലി വര്‍ഷം (2015-2016) ആചരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രേരിപ്പിച്ചതും അനുരഞ്ജനകൂദാശയ്ക്കു കൂടുതല്‍ പ്രധാന്യം കൊടുക്കാനുമുള്ള താല്‍പര്യമാണ്. ജൂബിലിവര്‍ഷത്തിന്റെ ഏറ്റവും വലിയ ആത്മീയാനുകൂല്യമായ ദണ്ഡവിമോചനം വിശ്വാസികള്‍ക്കു ലഭ്യമാക്കാന്‍ രൂപതാമെത്രാന്മാര്‍ ശ്രദ്ധിക്കണമെന്നും മാര്‍പാപ്പ ആഗ്രഹിക്കുന്നു. പാപികളായ മനുഷ്യര്‍ക്ക് പ്രത്യാശയും സമാധാനവും നല്‍കുന്ന അനുരഞ്ജനകൂദാശയെക്കുറിച്ചു പറയാനുള്ള ഉചിതമായ അവസരമാണ് ജൂബിലിവര്‍ഷം.

നമ്മുടെ വിശ്വാസത്തിന്റെ ഹൃദയവും നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനവും ഈശോയുടെ മരണവും ഉത്ഥാനവുമാണ് എന്നു പ്രസ്താവിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ തന്റെ ജൂബിലി വിളംബരം അവസാനിപ്പിക്കുന്നത്. ‘രക്ഷയെക്കുറിച്ചുള്ള ആ പ്രത്യാശ നമുക്കുള്ളതുകൊണ്ട് മനുഷ്യചരിത്രവും നമ്മുടെ ഓരോരുത്തരുടെയും ചരിത്രവും കാലപ്രവാഹത്തില്‍ മുമ്പോട്ടു പോകുന്നത് ഒരു നിശ്ചല ബിന്ദുവിലേക്കോ തമോഗര്‍ത്തത്തിലേക്കോ അല്ല എന്ന ഉറപ്പ് നമുക്കുണ്ട്; മഹത്വത്തിന്റെ കര്‍ത്താവുമായുള്ള ഒരു സമാഗമത്തിലേക്കാണ് നമ്മുടെ യാത്ര.’ ഈ മഹത്തായ പ്രത്യാശയെക്കുറിച്ചുള്ള അവബോധം പകരാന്‍ ഈ ജൂബിലിവര്‍ഷം ഓരോ സഭാംഗത്തെയും സഹായിക്കട്ടെ. അങ്ങനെ യഥാര്‍ഥത്തില്‍ പ്രത്യാശയുടെ തീര്‍ഥാടകരാകാന്‍ അവര്‍ക്കു കഴിയട്ടെ.

റവ. ഡോ. ജോര്‍ജ് കുടിലില്‍
(ചീഫ് എഡിറ്റര്‍, ദീപിക ദിനപത്രം)

Latest Updates

POPULAR Views

FEATUERD Views

ക്രിസ്ത്യന്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ മാനേജുമെന്റുകള്‍ നേരിടുന്ന പ്രതിസന്ധികൾ

ക്രിസ്ത്യന്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ മാനേജ്‌മെന്റുകള്‍ നേരിടുന്ന ബുദ്ധിമുട്ട് എന്താണെന്ന് വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ എങ്ങനെ  ക്രിയാത്മകമായി ഇടപെടേണ്ടെന്ന് പറയുന്നുണ്ട്. ക്രിസ്ത്യന്‍ ന്യൂനപക്ഷ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച് പൊതു സമൂഹത്തിന് കൃത്യമായ ബോധ്യം നല്‍കാന്‍ ജെ. ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ  പ്രസ്തുത ഭാഗം വായിക്കുന്നത് അഭികാമ്യമായിരിക്കും.പ്രസ്തുത ഭാഗം ചുവടെ ചേര്‍ക്കുന്നു

EWS സംവരണം

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന  സംവരണേതര വിഭാഗങ്ങള്‍ക്കായി (EWS) നടപ്പിലാക്കിയ 10 ശതമാനം...

മലയോര മേഖലയുടെ വികസനം

ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്‍ മലയോര മേഖല സംബന്ധിച്ച 36...

ജെ. ബി. കോശി കമ്മീഷന്റെ പരിവര്‍ത്തിത ക്രൈസ്തവ  ശിപാര്‍ശകള്‍  പഠനം

 *കേരളത്തിലെ പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തിന്റെ സമൂലമായ ഉന്നമനത്തിനുതകുന്ന മാഗ്‌നാകാര്‍ട്ടയാണ് ജസ്റ്റിസ് ജെബി...

വിദ്യാഭ്യാസ ന്യൂനപക്ഷ സംവരണ വിഷയങ്ങള്‍

ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പൊതുവായ പ്രശ്‌നങ്ങളെ വിശദമായി അവതരിപ്പിക്കുന്ന ഭാഗമാണ് ജെ ബി...

കുട്ടനാടിനെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ശുപാർശകൾ

ജസ്റ്റിസ് (റിട്ട) ജെ ബി കോശി കമ്മീഷന്‍  റിപ്പോര്‍ട്ടില്‍ കുട്ടനാടുമായി ബന്ധപ്പെട്ട്...

ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്: അഭിമാനപൂര്‍വം സീറോമലബാര്‍ സഭ

ജെ. ബി. കോശി കമ്മീഷനുവേണ്ടി സീറോമലബാര്‍സഭ ഇത്രയേറെ കഷ്ടപ്പെട്ടെങ്കിലും സഭയ്ക്കു പ്രയോജനപ്രദമായ ശിപാര്‍ശകളില്‍ വളരെ കുറച്ചു മാത്രമേ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുള്ളൂ. എങ്കിലും കേരളത്തിലെ ക്രിസ്ത്യാനികളുടെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാണിക്കാന്‍ ഒരു ആധികാരിക രേഖ ലഭിച്ചതില്‍ സന്തോഷമുണ്ട്. കൂടാതെ ഈ കമ്മീഷന്റെ നിയമനം സഭയ്ക്ക് സ്വയം വിലയിരുത്തലിനും പഠനത്തിനും നിമിത്തമായി.

നോമ്പുകാലം: ശ്രവണത്തിന്റെയും ഉപവാസത്തിന്റെയും മാനസാന്തരത്തിന്റെയും സമയം

പ്രിയ സഹോദരീസഹോദരന്മാരെ,മാതൃസഹജമായ കരുതലാൽ പ്രചോദിതയായി ദൈവത്തിന്റെ രഹസ്യം നമ്മുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കി...

സ്വാതന്ത്ര്യം ആഘോഷമാവട്ടെ, പക്ഷേ കടമകള്‍ വിസ്മൃതിയിലാവരുത്

അവകാശങ്ങള്‍ക്കുവേണ്ടി ആര്‍ത്തുവിളിക്കുകയും കടമകളെക്കുറിച്ച് മൗനം ഭജിക്കുകയും ചെയ്യുന്നത് മനുഷ്യന്റെ സ്വാര്‍ഥപ്രകൃതിയില്‍ അടിസ്ഥാനമിട്ട ഒരു സംസ്‌കാരമാണ്. ജോലിസമയത്ത് കൈവലിക്കുകയും കൂലിസമയത്ത് കൈനീട്ടുകയും ചെയ്യുന്നത് ഈ സംസ്‌കാരത്തിന്റെ മലിനമുഖമാണ്.

സമുദായശക്തീകരണം സഭയുടെ വളര്‍ച്ചയ്ക്ക്

'നിന്റെ അമ്മ, ജലാശയത്തിനടുത്തു നട്ടിരിക്കുന്ന മുന്തിരിച്ചെടിപോലെയാണ്. ധാരാളമായി വെള്ളം കിട്ടിയതുമൂലം അതു...

പ്രകാശവീഥിയില്‍ സഭ

തിരുസഭയുടെ ആത്മാവബോധം ദൈവശാസ്ത്ര ലോകത്തും സാധാരണ ചര്‍ച്ചകളിലും ശരിയായ വിധത്തില്‍ ഗ്രഹിക്കുകയും...

പിയര്‍ ജോര്‍ജോ ഫ്രസാത്തിയും ലോട്ടസ് ഇഫക്ടും

* പലവിധത്തിലുള്ള മാലിന്യങ്ങള്‍ പരന്നിരിക്കുന്ന വര്‍ത്തമാനകാലത്തില്‍ യുവജനങ്ങള്‍ക്ക് വിശുദ്ധജീവിതം സാധ്യമാണോ? നവവിശുദ്ധനായ...