ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ക്രൈസ്തവജനത വഹിച്ച പങ്ക് നിസ്തുലമാണ്. സ്വന്തം ജീവിതവും സമ്പത്തും രാഷ്ട്രപുരോഗതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി മാറ്റിവെച്ച ആ ധീരസേനാനികളുടെ സമരപഥത്തിലൂടെ ഒരു ഹ്രസ്വസഞ്ചാരം.
പാറേമ്മാക്കല്‍ തോമാ കത്തനാര്‍
മലയാളത്തിലെ ആദ്യസഞ്ചാരസാഹിത്യകൃതിയായ വര്‍ത്തമാനപുസ്തകത്തിന്റെ രചയിതാവ്. ഇന്ത്യ ഇന്ത്യക്കാരുടേത് എന്നും ഇന്ത്യ ഭരിക്കേണ്ടത് ഇന്ത്യക്കാര്‍ എന്നും പതിനെട്ടാം നൂറ്റാണ്ടില്‍ തന്നെ അഭിപ്രായപ്പെട്ട ദേശീയവാദി. ക്വാറന്റീന്‍ ‘ എന്ന വാക്ക് മലയാളിക്ക് പരിചയപ്പെടുത്തിയ എഴുത്തുകാരന്‍, ക്രൈസ്തവസമുദായ പുനരൈക്യത്തിന് വേണ്ടി നിലകൊണ്ട കര്‍മ്മധീരന്‍, വിഖ്യാതനായ ചരിത്രകാരന്‍ എന്നീ അപൂര്‍വ വിശേഷണങ്ങള്‍ക്കു ഉടമകൂടിയാണ് പാറേമ്മാക്കല്‍ തോമാ കത്തനാര്‍. കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കിലെ കടനാട് ഗ്രാമത്തില്‍ 1736 സെപ്റ്റംബര്‍ 10 ന് ജനനം. പാറേമ്മാക്കല്‍ കുരുവിളയും അന്നമ്മയും ആയിരുന്നു മാതാപിതാക്കള്‍. സുറിയാനികത്തോലിക്കരുടെ ഗോവര്‍ണ്ണദോര്‍ ആയിരുന്ന അദ്ദേഹം 1799 മാര്‍ച്ച് 20ന് അന്തരിച്ചു. രാമപുരം പുതിയ പള്ളിയിലാണ് പാറേമാക്കല്‍ തോമാ കത്തനാരുടെ കബറിടം.
ആനി മസ്‌ക്രീന്‍
തിരുവതാംകൂറിന്റെ വീരാംഗന എന്ന വിശേഷണത്തിന് യോഗ്യയായ ആനി മസ്‌ക്രീന്‍, സ്വാതന്ത്ര്യസമര സേനാനി, തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ പ്രമുഖ, സ്റ്റേറ്റ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായ ആദ്യ വനിത, തിരുകൊച്ചി ലെജിസ്‌ളേറ്റീവ് അസംബ്ലി അംഗം, തലസ്ഥാന നഗരിയില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ആദ്യ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിത, കേരളത്തിലെ ആദ്യ വനിതാമന്ത്രി, മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച ആദ്യ വനിത, ഭരണഘടനയുടെ കരട് രേഖയില്‍ ഒപ്പുവെച്ച വനിത തുടങ്ങിയ എണ്ണമറ്റ വിശേഷണത്തിന് ഉടമയാണ്.
വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്നതിനിടയിലാണ് സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടയായി തിരുവതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ സജീവമായത്.
നിസ്സഹകരണ പ്രസ്ഥാനത്തില്‍ സജീവമായ ആനി മസ്‌ക്രീനിനെ 1938 ഏപ്രില്‍ 26ന് അറസ്റ്റ് ചെയ്തു. തിരുവിതാംകൂറിലെ ക്വിറ്റിന്ത്യാ പ്രസ്ഥാനത്തിലും നിര്‍ണായക പങ്കുവഹിച്ചു. 1942 ഓഗസ്റ്റ് 30ന് ആനി മസ്‌ക്രീന്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ടു വര്‍ഷത്തെ കഠിനതടവ് കഴിഞ്ഞിറങ്ങിയ ആനി 1944 സെപ്റ്റംബര്‍ 9നു സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ സെക്രട്ടറിയായി. ഉദയപൂരില്‍ നടന്ന അഖിലേന്ത്യാ സ്റ്റേറ്റ് കോണ്‍്ഗ്രസ് സമ്മേളത്തിലും പങ്കെടുത്തിരുന്നു. ഇന്ത്യന്‍ ഭരണഘടന നിര്‍മ്മാണ സമിതിയിലേക്കും ആനി മസ്‌ക്രീന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
1963 ജൂലൈ 19 ന് അന്തരിച്ചു.
പി. ഡബ്‌ളിയു. സെബാസ്റ്റിയന്‍
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ ഗാന്ധിജിയോടൊപ്പം പങ്കെടുത്ത മലയാളിയായ സ്വാതന്ത്ര്യ സമരസേനാനിയാണ് തൃശൂര്‍ സ്വദേശിയായ പി. ഡബ്ല്യു . സെബാസ്റ്റ്യന്‍. തൃശൂര്‍ പുത്തന്‍പേട്ട കിഴക്കേ അങ്ങാടിയില്‍ പൂവത്തിങ്കല്‍ തറവാട്ടില്‍ 1890 ഡിസംബര്‍ 26 ന് ജനിച്ചു.ബോംബെയില്‍ വെച്ച് പരിചയപ്പെട്ട മോട്ടിലാല്‍ നെഹ്‌റുവിന്റെ ആഹ്വാനപ്രകാരമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുവാന്‍ തീരുമാനിച്ചത്. 1921 ല്‍ മുംബൈയിലെ പറേലില്‍ ഗാന്ധിജി വിദേശവസ്ത്ര ബഹിഷ്‌കരണത്തിനു തുടക്കമിട്ടപ്പോള്‍ അതില്‍ പങ്കെടുത്ത ഏകമലയാളിയായിരുന്നു സെബാസ്റ്റ്യന്‍. ആദ്യത്തെ വിദേശവസ്ത്ര ബഹിഷ്‌കരണത്തിന് തൃശൂരില്‍ സെബാസ്റ്റ്യന്‍ തുടക്കം കുറിച്ചു. ‘ ലോകമാന്യന്‍ ‘ എന്ന പത്രം പ്രസിദ്ധീകരിച്ചിരുന്നു. വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യസംഘാടകരില്‍ ഒരാളായിരുന്നു. 1927ല്‍ ഗാന്ധിജി തൃശ്ശൂരില്‍ വന്നപ്പോള്‍് ഗാന്ധിജിക്ക് ചൂടാനുള്ള ഓലക്കുടയുമായി എത്തിയത് സെബാസ്റ്റിയനായിരുന്നു. ‘ഖിലാഫത്ത് ‘ , ‘ജാലിയന്‍ വാലാബാഗ് ‘, ‘ സ്വരാജ്’ എന്നീ പുസ്തകങ്ങളുടെ രചയിതാവുമാണ്. ചരിത്രതാളുകളില്‍ രേഖപ്പെടാതെ പോയ പി. ഡബ്‌ളിയു. സെബാസ്റ്റിയന്‍ എന്ന സ്വാതന്ത്ര്യ സമര സേനാനി തൃശൂര്‍ കുരിയച്ചിറ പള്ളി സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്നു.
അക്കാമ്മ ചെറിയാന്‍
‘തിരുവിതാംകൂറിന്റെ ഝാന്‍സിറാണി’ എന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ച ധീരയായ സ്വാതന്ത്ര്യ സമരസേനാനിയാണ് അക്കാമ്മ ചെറിയാന്‍. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ കരിപ്പാപ്പറമ്പില്‍ തൊമ്മന്‍ ചെറിയാന്റെയും പായിപ്പാട്ട് പുന്നക്കുടിയില്‍ അന്നമ്മയുടെയും മകളായി 1909 ഫെബ്രുവരി 12 നാണ് ജനിച്ചത്.
തിരുവിതാംകൂര്‍ ദിവാനായിരുന്ന സി പി രാമസ്വാമി അയ്യരുടെ ദുര്‍ഭരണത്തിനെതിരേ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് ഉത്തരവാദ പ്രക്ഷോഭം ആരംഭിച്ചപ്പോള്‍ അക്കാമ്മ ചെറിയാന്‍ സ്വാതന്ത്ര്യത്തിന്റെ സമരവീഥിയിലേക്ക് പ്രവേശിച്ചു. പതിനായിരക്കണക്കിന് പ്രവര്‍ത്തകരെ അണിനിരത്തിക്കൊണ്ട് അക്കാമ്മ ചെറിയാന്റെ നേതൃത്വത്തില്‍ തിരുവിതാകൂര്‍ കൊട്ടാരത്തിലേക്ക് ജാഥ നടന്നു.
സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പല തവണ അക്കാമ്മ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1982 മെയ് 5 ന് അക്കാമ്മ ചെറിയാന്‍ അന്തരിച്ചു.
ഭജേഭാരതം മാത്തുണ്ണി
തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തെ സവിശേഷമായ അക്ഷരമുന്നേറ്റങ്ങളാല്‍ അവിസ്മരണീയമാക്കിതീര്‍ത്ത ക്രൈസ്തവ സേനാനിയാണ് ഭജേഭാരതം മാത്തുണ്ണി. 1898 ല്‍ പത്തനംതിട്ട ജില്ലയിലെ കുളനട ഉള്ളന്നൂരിലാണ് ജനിച്ചത്.1922 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ അഖിലതിരുവിതാംകൂര്‍ സമ്മേളനം ചെങ്ങുന്നൂര്‍ മില്‍സ് മൈതാനത്താണ് നടന്നത്. ഈ സമ്മേളനത്തിന്റെ മുഖ്യ സംഘാടകരിലൊരാള്‍ മാത്തുണ്ണിയായിരുന്നു. വൈക്കം സത്യാഗ്രഹത്തിലും സജീവമായി പങ്കെടുത്തിട്ടുണ്ട്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ചു കൊണ്ട് ജനഹൃദയങ്ങളില്‍ സ്വാതന്ത്ര്യസമരാവേശം പകര്‍ന്ന ‘ഭജേഭാരതം’ എന്നപത്രം മാത്തുണ്ണി ആരംഭിച്ചു. ഭജേഭാരതത്തിന്റെ അഗ്‌നിശരസമാനമായ മുഖപ്രസംഗങ്ങള്‍ തിരുവിതാംകൂര്‍ ദിവാനെയും ബ്രിട്ടീഷ് ഭരണകൂടത്തെയും വിമര്‍ശിക്കുകയും ജനങ്ങളില്‍ സ്വാതന്ത്ര്യത്തിന്റെ സമരാഗ്‌നി ജ്വലിപ്പിക്കുകയും ചെയ്തു. രാജ്യദ്രോഹകരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിന് സര്‍ക്കാര്‍ ഭജേഭാരതം പത്രം നിരോധിച്ചു. പ്രസ് കണ്ടുകെട്ടി. മാത്തുണ്ണിക്ക് 250 രൂപ പിഴയും തടവുശിക്ഷയും വിധിക്കുകയും ചെയ്തു. ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും അദ്ദേഹത്തിന് പ്രസും വസ്തുവകകളും നഷ്ടമായിരുന്നു. 1937 ഏപ്രില്‍ 17 ന് മരണമടഞ്ഞു. ഉള്ളന്നൂര്‍ ഓര്‍ത്തഡോക്‌സ് വലിയപള്ളി സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്നു.
എസ്. കെ ജോര്‍ജ്
മഹാത്മാഗാന്ധിയുടെ ആശയങ്ങളില്‍ ആകൃഷ്ടനായി ഗാന്ധിജിയുടെ അനുയായി ആയി മാറുകയും ഗാന്ധിയന്‍ മതദര്‍ശനത്തിന്റെ പ്രയോക്താവായി പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തി ആണ് എസ് കെ ജോര്‍ജ്. 1900 മാര്‍ച്ച് 10 ന് കോട്ടയത്താണ് ജനിച്ചത്. സ്രാമ്പിക്കല്‍ തൊമ്മി കുരുവിളയും ഏലിയുമായിരുന്നു മാതാപിതാക്കള്‍. ദേശീയപ്രസ്ഥാനത്തിനൊപ്പം നില്‍ക്കേണ്ടത് ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ ചരിത്രപരമായ കടമയാണെന്ന് ജോര്‍ജിന് ബോധ്യമുണ്ടായിരുന്നു. 1932 ല്‍ കല്‍ക്കട്ടയിലെ ‘ അമൃതബസാര്‍ പത്രിക’ യില്‍ India in Travail എന്ന ലേഖനം ജോര്‍ജ് പ്രസിദ്ധീകരിച്ചു. എല്ലാ ക്രിസ്ത്യാനികളെയും സിവില്‍ നിയമലംഘനത്തില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ലേഖനമായിരുന്നു അത്. ” Gandhi’s Challenge to Christiantiy ‘ , ”യേശു ക്രിസ്തുവിന്റെ ജീവിതവും സന്ദേശവും’ എന്നിവയായിരുന്നു പ്രധാന കൃതികള്‍.
1960 മെയ് 4 ന് എസ് കെ ജോര്‍ജ് അന്തരിച്ചു .
സാമുവല്‍ ആറോണ്‍
സ്വാതന്ത്ര്യ സമരചരിത്രത്തില്‍ സവിശേഷമായ വിധത്തില്‍ അടയാളപ്പെടേണ്ട ധീരസേനാനിയാണ് സാമുവല്‍ ആറോണ്‍. മലബാറില്‍ ദേശീയപ്രസ്ഥാനത്തിന് നേതൃത്വംനല്‍കിയവരില്‍ പ്രധാനിയായിരുന്നു. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ മുറുകെ പിടിച്ച സാമുവല്‍ ആറോണ്‍, നിയമലംഘന സമരങ്ങളില്‍ പങ്കെടുക്കുകയും പോലീസ് മര്‍ദനങ്ങള്‍ ഏറ്റുവാങ്ങുകയും പല തവണ ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു. പയ്യന്നൂര്‍ ഉപ്പുസത്യാഗ്രഹയാത്രയിലെ സത്യാഗ്രഹികള്‍ക്ക് സ്വീകരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിലും താമസസൗകര്യങ്ങള്‍ ഒരുക്കുന്നതിനും സത്യാഗ്രഹഫണ്ട് സമാഹരിക്കുന്നതിനും സാമുവല്‍ ആറോണ്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. കണ്ണൂര്‍ ജില്ലയിലെ ഏഴിമലയില്‍ 1894 മാര്‍ച്ച് 13 നാണ് സാമുവല്‍ ആറോണ്‍ ജനിച്ചത്.
1975 ല്‍ ഈ ലോകത്തോട് വിടപറഞ്ഞു.
ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ്
ഇന്ത്യയില്‍ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കി ദേശീയ പ്രസ്ഥാനത്തെ നയിച്ച വ്യക്തിയാണ് ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ്. ദേശീയരാഷ്ട്രീയത്തില്‍ ജോര്‍ജ് ജോസഫിനോളം പ്രാധാന്യമുള്ള ഒരു മലയാളിനേതാവും അന്ന് കേരളത്തിലുണ്ടായിരുന്നില്ല. വൈക്കം സത്യാഗ്രഹത്തിന്റെ മുന്നണി പോരാളി, തിരുവിതാംകൂറിലെ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ പ്രധാനശില്‍പികളിലൊരാള്‍, പ്രഗല്‍ഭനായ അഭിഭാഷകന്‍, ഗാന്ധിജിയുടെ പ്രിയ ശിഷ്യന്‍, പത്രപ്രവര്‍ത്തകന്‍, കുറ്റവാളി ഗോത്രനിയമത്തിനെതിരേ ശബ്ദമുയര്‍ത്തിയ നേതാവ് എന്നിങ്ങനെ വിവിധമേഖലകളില്‍ വിളങ്ങിയ ദേശീയ നേതാവായിരുന്നു ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ്. 1887 ജൂണ്‍ അഞ്ചിന് ചെങ്ങന്നൂരിലാണ് ജനനം. ഹോം റൂള്‍ പ്രസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു. തിരുവിതാംകൂറില്‍ നടന്ന നിരവധി ജനകീയ പ്രക്ഷോഭങ്ങളില്‍ മുന്നണിപ്പോരാളിയായിരുന്നു ജോര്‍ജ് ജോസഫ്. തിരുവിതാംകൂര്‍ ദിവാനായിരുന്ന സി പി രാമസ്വാമി അയ്യരുടെ ക്രൈസ്തവ വിരുദ്ധ നിലപാടുകള്‍ക്കും പക്ഷപാതപരമായ നയങ്ങള്‍ക്കുമെതിരേ ജോര്‍ജ് ജോസഫ് നിലകൊണ്ടു.
1938 മാര്‍ച്ച് 5 ന് 50 ാം വയസില്‍ അന്തരിച്ചു.
ഫാ. സിറിയക് വെട്ടിക്കാപ്പള്ളി
വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കുകയും മഹാത്മാഗാന്ധിയോടൊപ്പം വേദി പങ്കിടുകയും ചെയ്ത കത്തോലിക്കാ വൈദികനാണ് സിറിയക് വെട്ടിക്കാപ്പള്ളി.1878 ഫെബ്രുവരി 2ന് വൈക്കം വെട്ടിക്കാപ്പള്ളി കുരുവിളയുടെയും മറിയത്തിന്റെയും ഇളയ മകനായി സിറിയക് ജനിച്ചു. 1922 ല്‍ തിരുവിതാംകൂറില്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് ഏപ്രില്‍ 27ന് നടന്ന തിരഞ്ഞെടുപ്പില്‍ തൊടുപുഴ കുന്നത്തുനാട് താലൂക്കുകളുടെ പ്രതിനിധിയായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. 1924 ല്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷ അവകാശങ്ങള്‍ക്കായി റീജന്റ് മഹാറാണിക്ക് നിവേദനം നല്‍കിയ സംഘത്തില്‍ ഫാ.സിറിയക് വെട്ടിക്കാപള്ളിയും ഉണ്ടായിരുന്നു. ഫാ. സിറിയക്ക് വെട്ടിക്കാപ്പള്ളിയുടെ നേതൃത്വത്തില്‍ വൈക്കം പ്രദേശത്തെ പള്ളികളില്‍ നിന്നുള്ള ഏതാനും വൈദികര്‍ 1925 മാര്‍ച്ച് 17 ന് വൈക്കം സത്യാഗ്രഹ ആശ്രമത്തില്‍ എത്തി മഹാത്മാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. സത്യാഗ്രഹത്തില്‍ അഹിന്ദുക്കള്‍ പങ്കെടുക്കേണ്ടതില്ല എന്ന നിലപാട് ഗാന്ധിജി സ്വീകരിച്ചെങ്കിലും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ മെമ്പര്‍ എന്ന നിലയില്‍ ഫാദര്‍ വെട്ടിക്കാപ്പള്ളി വൈക്കം സത്യാഗ്രഹത്തില്‍ നേതൃത്വപരമായ ഇടപെടലുകള്‍ നടത്തിയിരുന്നു. 1947 ഫെബ്രുവരി 27 ന് അന്തരിച്ചു. വൈക്കം സത്യാഗ്രഹ സ്മാരക മ്യൂസിയത്തിന്റെ ഗാലറിയില്‍, ഫാദര്‍ സിറിയക് വെട്ടിക്കാപ്പള്ളിയുടെ ചിത്രവും മുന്‍നിര സത്യാഗ്രഹപോരാളികളുടെ പട്ടികയില്‍ അദ്ദേഹത്തിന്റെ പേരുമുണ്ട്.
ടൈറ്റസ് തേവര്‍തുണ്ടിയില്‍
ദണ്ഡിയാത്രയിലെ ഒരേ ഒരു ക്രിസ്ത്യന്‍ സേനാനിയായിരുന്നു മലയാളിയായ ടൈറ്റസ് തേവര്‍തുണ്ടിയില്‍. 1905 ഫെബ്രുവരി 18 ന് പത്തനംതിട്ട ജില്ലയിലെ മാരാമണ്‍ ഗ്രാമത്തിലെ ചിറയിറമ്പിലാണ് ജനിച്ചത്. മാതാപിതാക്കള്‍ തേവര്‍തുണ്ടിയില്‍ റ്റി. കെ ടൈറ്റസും ഏലിയാമ്മയും . വിവാഹശേഷം ഭാര്യ അന്നമ്മയും ടൈറ്റസിനൊപ്പം സബര്‍മതി ആശ്രമത്തിലെത്തുകയും ഖാദി പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്തു . തന്റെ സ്വര്‍ണാഭരണങ്ങള്‍ മുഴുവന്‍ സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി അന്നമ്മ ഗാന്ധിജിക്ക് സംഭാവന നല്‍കി. ദണ്ഡിക്ക് സമീപമുള്ള ധാരാസനയിലെ ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ഉപ്പു ഫാക്ടറിയിലേക്ക് സത്യാഗ്രഹികള്‍ പ്രകടനവുമായി നീങ്ങി. ബ്രിട്ടീഷ് പോലീസിന്റെ ക്രൂരമായ മര്‍ദ്ദനമുറകളാണ് പിന്നീടവിടെ അരങ്ങേറിയത്. സ്വാതന്ത്ര്യാനന്തരം മധ്യപ്രദേശിലെ ഭോപ്പാലില്‍ താമസം ആരംഭിച്ചു 1980 ഓഗസ്റ്റ് 8 ന് മരണമടഞ്ഞു.
ജോസഫ് ബാപ്റ്റിസ്റ്റ
1864 മാര്‍ച്ച് 17 ന് ബോംബെയിലാണ് അഭിഭാഷകനായിരുന്ന ജോസഫ് ബാപ്റ്റിസ്റ്റ ജനിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഐതിഹാസികമായ മുദ്രാവാക്യം’സ്വരാജ്യം എന്റെ ജന്മാവകാശമാണ്, ഞാന്‍ അത് നേടും’ എന്ന് ബാല ഗംഗാധര്‍ തിലകന് മുമ്പ് ആദ്യം പ്രഖ്യാപിച്ചത് ജോസഫ് ബാപ്റ്റിസ്റ്റ ആണ്. ബാലഗംഗാധര തിലകനും ആനി ബസന്റിനുമൊപ്പം ഹോം റൂള്‍ പ്രസ്ഥാനത്തിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു ജോസഫ് ബാപ്റ്റിസ്റ്റ്. 1930 സെപ്റ്റംബര്‍ 18 ന് പൊലിഞ്ഞു .
കെ റ്റി പോള്‍
കരുത്തനായ മറ്റൊരു ക്രിസ്ത്യന്‍ സ്വാതന്ത്ര്യ സമരസേനാനി ആയിരുന്നു കനകരായന്‍ തിരുസല്‍വം പോള്‍ അഥവാ കെ റ്റി പോള്‍. 1876 മാര്‍ച്ച് 24 ന് തമിഴ്‌നാട്ടിലെ സേലത്താണ് ജനിച്ചത്. ഓള്‍ ഇന്‍ഡ്യ കോണ്‍ഫറന്‍സ് ഓഫ് ഇന്‍ഡ്യന്‍ ക്രിസ്റ്റ്യന്‍സ് എന്ന സംഘടനയുടെ പ്രസിഡന്റും ക്രിസ്ത്യന്‍ നേതാവുമായിരുന്ന കെ റ്റി പോള്‍ 1930 ല്‍ ലണ്ടനില്‍ നടന്ന ഒന്നാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്ത ക്രിസ്ത്യന്‍ പ്രതിനിധിയാണ്. വൈ എം സി എ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. 1931 ഏപ്രില്‍ 11 ന് മരണമടഞ്ഞു. ഭാരതസ്വാതന്ത്ര്യസമര ചരിത്രത്തില്‍ സവിശേഷമായ വിധത്തില്‍ അടയാളപ്പെടുന്ന വേറെയും നൂറുകണക്കിന് ക്രൈസ്തവരുണ്ട്. ‘ഉത്കല്‍ ഗൗരവ് ‘ എന്നറിയപ്പെട്ട മധുസുധന്‍ ദാസ് , വെണ്‍കല്‍ ചക്കറ, ബ്രഹ്മ ബാന്ധവ് ഉപാധ്യായ, നീരദ് വിശ്വാസ്, കാളി ചരണ്‍ ബാനര്‍ജി, ഹരീന്ദ്ര മുഖര്‍ജി എന്നിവര്‍ അവരില്‍ ചിലര്‍ മാത്രമാണ്.
ഉപസംഹാരം
ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ക്രൈസ്തവരുടെ പങ്കാളിത്തവും മ്ുന്നേറ്റവും പലയിടങ്ങളിലും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പരാമര്‍ശിക്കപ്പെടാതെ പോകാറുണ്ട്. ചരിത്രത്തെ തമസ്‌ക്കരിക്കാനും സത്യത്തെ മറയ്ക്കാനുമുള്ള ബോധപൂര്‍വ്വകമായ ശ്രമങ്ങളാണോ അവയ്ക്കു പിന്നിലുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പക്ഷേ എത്ര ചവിട്ടിത്താഴ്ത്തിയാലും സത്യത്തെ മറച്ചുവയ്ക്കാന്‍ കഴിയില്ല എന്നതാണ് ഏറ്റവും വലിയ സത്യം. ആ സത്യമാണ് ഇവിടെ സൂചിപ്പിച്ചുകടന്നുപോയ ജീവിതങ്ങള്‍ നല്കുന്ന തെളിവുകള്‍. അതുകൊണ്ട് സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതിയ എല്ലാ ധീരദേശാഭിമാനികള്‍ക്കുമൊപ്പം നമ്മുടെ ഈ പൂര്‍വികരെയും ആദരവോടും നന്ദിയോടും സ്‌നേഹത്തോടും കൂടി നമുക്ക് ഓര്‍മ്മിക്കാം.
ടോം ജോസ് കളപ്പുരയ്ക്കല്‍


