ദൈവം കരുതിവച്ച വീഞ്ഞ്

Published on

2025 മെയ് എട്ടാം തീയതി ചരിത്രപ്രസിദ്ധമായ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽ സാർവത്രിക സഭയിലെ 267 ാമത് പാപ്പയായി കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്ന പേര് മുഴങ്ങിയപ്പോൾ ലോകം ഒരു നിമിഷം ആശ്ചര്യപ്പെട്ടിരിക്കണം. കാരണം നീണ്ട നാളുകളിലെ മാധ്യമ വിശാരദന്മാരുടെ ഇഴകീറിയുള്ള പരിശോധനകളിലോ, സാധ്യത പട്ടികയിലോ ഇടം പിടിക്കാത്തൊരാൾ അതും റോമൻ ഡിക്കസ്റ്ററികളിൽ സുപ്രധാനമായ മെത്രാന്മാർക്കുവേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ ചുമതലക്കാരനായിരുന്നിട്ടും ശ്രദ്ധിക്കപ്പെടാതെ പോയൊരാളുടെ പേരായിരുന്നു അത്. ലോകമെങ്ങനെ ഇദ്ദേഹത്തെ കാണാതെ പോയി എന്നത് ആശ്ചര്യകരമാണ്. ചില നേരങ്ങളിൽ ദൈവം അങ്ങനെയാണ്. അമൂല്യമായതിനെ സവിശേഷമായൊരു വാത്സല്യത്തോടെ അവിടുന്ന് മറച്ചു പിടിക്കാറുണ്ട്. ദൈവികശുശ്രൂഷകളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ എപ്പോഴും ദൈവത്തിന്റെ അപാരമായ സ്വാതന്ത്ര്യത്തിന്റെ പ്രകാശനമാണ് എന്നതാണ് വാസ്തവം. “കാറ്റ് അതിനു ഇഷ്ടമുള്ളിടത്തേക്കു വീശുന്നു, അതിന്റെ ശബ്ദം മാത്രം നീ കേൾക്കുന്നു” എന്ന വേദപുസ്തക വാക്യം തരുന്ന സൂചനയും ഇതുതന്നെയാണ്. മുഖത്തു ലാളിത്യമുള്ള പുഞ്ചിരിയും ആത്മവിശ്വാസവും ദൈവത്തിലും മനുഷ്യരിലുമുള്ള വിശ്വാസവും നിഴലിക്കുന്ന മുഖഭാവവുമായി വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മട്ടുപ്പാവിൽ നടത്തിയ ആദ്യ പ്രത്യക്ഷപ്പെടലിൽതന്നെ ലെയോ പതിനാലാമൻ പാപ്പയുടെ പൊന്തിഫിക്കേറ്റിന്റെ സുപ്രധാനമായ മൂന്ന് നയങ്ങൾ വായിച്ചെടുക്കാനാകും.

ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ചോദിച്ചത് സാക്ഷാൽ ഷേക്സ്പിയറാണല്ലോ. എന്നാൽ പേരിലാണ് കാര്യം; സിംഹം എന്ന് അർഥം വരുന്ന ലെയോൺ എന്ന ഗ്രീക്ക് പേരിൽ നിന്നാണ് ലെയോ എന്ന ലാറ്റിൻ പേരിന്റെ പിറവി. യുദ്ധവെറിപൂണ്ട് റോമിനെ ആക്രമിച്ചു നശിപ്പിക്കാനെത്തിയ കൊടുംക്രൂരനായ ഹൂണ ചക്രവർത്തി ആറ്റിലയെ അനുനയിപ്പിച്ച മഹാനായ ലിയോ ഒന്നാമൻ പാപ്പാ തുടങ്ങി പതിമൂന്നു മാർപാപ്പാമാർ ആ പേരുകാരായുണ്ട് സഭയുടെ ചരിത്രത്തിൽ. ലെയോ പതിനാലാമൻ എന്ന പേരുതന്നെ ഒരു അടയാളവാക്യമാണ്. ആധുനിക മാർപാപ്പാമാരുടെ ചരിത്രം തുടങ്ങുന്നത് 1878 മുതൽ 1903 വരെ സാർവത്രിക സഭയെ നയിച്ച ലെയോ പതിമൂന്നാമനിൽ നിന്നാണെന്നു പറയുന്ന സഭാചരിത്രകാരന്മാരുണ്ട് . സഭയെ അധുനാധുനീകരിക്കുക എന്ന ചരിത്രനിയോഗം നിറവേറ്റിയ, ജീവിക്കുന്ന ചുറ്റുപാടുകളിലേക്കു സഭയുടെ ശ്രദ്ധ തിരിച്ചുവിട്ട, തിരുസഭയുടെ സാമൂഹിക ഉത്തരവാദിത്വങ്ങളെക്കുറിച്ചു ബോധ്യം ജനിപ്പിച്ച, നീതിയിൽ അധിഷ്ഠിതമായ സാമൂഹികപുരോഗതി സ്വപ്നം കണ്ട, ദൈവശാസ്ത്രത്തിനും വി. ഗ്രന്ഥപഠനത്തിനും സഭയിൽ പുതിയ സാധ്യതകൾ തുറന്ന ലെയോ പതിമൂന്നാമന്റെ തുടർച്ച തന്നിലൂടെ ഉണ്ടാകുമെന്ന ഉറപ്പാണ് ലെയോ പതിനാലാമൻ എന്ന പേരുസ്വീകരിച്ചതിലൂടെ കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് തരുന്നത്. പെറുവിയൻ പട്ടണമായ ട്രുജിലോയുടെ ചേരിസമാനമായ പ്രാന്തപ്രദേശങ്ങളിൽ ആഭ്യന്തര സംഘർഷങ്ങളാൽ രക്തരൂഷിതമായ പെറുവിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ടകാലത്താണ് ‘പാദ്രെ പ്രെവോസ്റ്’ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന പോപ്പ് ലിയോ പതിനാലാമൻ സേവനം ചെയ്തത്. അതിനാൽ നീതിക്കുവേണ്ടിയുള്ള നിലപാടുകളും സമൂഹത്തിന്റെ വിളുമ്പുകളിൽ കഴിയുന്നവരോടൊപ്പമുള്ള സഹയാത്രയും തന്റെ പൊന്തിഫിക്കറ്റിലൂടെ അദ്ദേഹം ഉറപ്പാക്കുമെന്നു പ്രത്യാശിക്കാം.

പോപ്പ് ലിയോ പതിനാലാമൻ പാപ്പാ വി. പത്രോസിന്റെ ബസിലിക്കയിൽ നിന്ന് ആദ്യമായി നടത്തിയ അഭിസംബോധനയിൽ അദ്ദേഹത്തിന്റെ പൊന്തിഫിക്കേറ്റ് ഊന്നൽ നൽകുന്ന രണ്ട് പ്രധാന ആശയങ്ങളുടെ ആവിഷ്കാരം കണ്ടെത്താനാകും. ഒന്നാമത് അദ്ദേഹം പറഞ്ഞ ആദ്യ ആശംസാവാചകമാണ്: ” പാച്ചേ അ വോയ് ” ഉത്ഥിതന്റെ സമാധാനം ആശംസിച്ചാണ് അദ്ദേഹം ആരംഭിച്ചത്. യുദ്ധകഥകൾ കേട്ടും കണ്ടും മനസുമരവിച്ച നമ്മുടെ ലോകത്തിനു, മിശിഹായുടെ വികാരിയിൽ നിന്നും മറ്റെന്താണ് ലഭിക്കേണ്ടത്.? സംഘർഷഭരിതമായ ലോകത്തിൽ തിരുസഭ സമാധാനത്തിന്റെ സംവാഹയാകണം, അവളുടെ സന്താനങ്ങൾ സമാധാനസ്ഥാപകരായിരിക്കണം. മഹാനായ ലെയോ ഒന്നാമൻ പാപ്പയെപ്പോലെ യുദ്ധവെറിപൂണ്ട് നിൽക്കുന്നവരുടെ മുൻപിൽ നിർഭയം നിന്ന് അവരെ സമാധാനത്തിന്റെ വഴിയിലേക്ക് നയിക്കാൻ ലെയോ പതിനാലാമൻ പാപ്പയ്ക്ക് കഴിയട്ടെ! പാലങ്ങൾ പണിയുന്ന സഭയാകാൻ, നമ്മുടെ സഹായവും സാന്നിധ്യവും സ്നേഹവും സംഭാഷണവും ആവശ്യമുള്ളവരെ കരങ്ങൾ വിരിച്ച് സ്വീകരിക്കുന്നതിന്റെയും, സംഭാഷണത്തിന്റെയും ഒരു സഭയാകാൻ നാം ഒത്തൊരുമിച്ചു യത്നിക്കണമെന്ന് ആദ്യസന്ദേശത്തിൽ പാപ്പാ ആഹ്വനം ചെയ്തു. സംഘർഷഭരിതമായ ലോകത്തെ സമാധാനത്തിന്റെ തീരങ്ങളിലേക്കു നയിക്കാനാകുമെന്ന, വിഭജനങ്ങളുടെ ക്ഷതങ്ങൾ സുഖപ്പെടുത്താനാകുമെന്നുള്ള പ്രത്യാശയാണ് ഇൻ ഇല്ലോ ഊണൊ ഊണും” മിശിഹായിൽ എല്ലാം ഒന്നാകുന്നതിനു എന്ന ആപ്തവാക്യം സ്വീകരിച്ച ലെയോ പതിനാലാമൻ പാപ്പയുടെ വാക്കുകളിൽനിന്ന് വായിച്ചെടുക്കാനാകുന്നത്.

ലെയോ പതിനാലാമൻ പാപ്പയുടെ ആദ്യ സന്ദേശങ്ങളിൽ നിന്നും വായിച്ചെടുക്കാവുന്ന മറ്റൊരു കാര്യം അദ്ദേഹത്തിന്റെ പൊന്തിഫിക്കേറ്റിൽ സഭയ്ക്കുണ്ടാകാൻ പോകുന്ന വലിയൊരു പ്രേഷിത ആവേഗമാണ്. തന്റെ ആദ്യ സന്ദേശത്തിൽതന്നെ പാപ്പാ പറയുന്നു: ” മിശിഹായുടെ പ്രകാശം ലോകം അത്രമേൽ തീവ്രമായി ആഗ്രഹിക്കുന്നു”. പാപ്പയായ ശേഷമുള്ള തന്റെ ആദ്യ പരിശുദ്ധ കുർബാനയ്ക്കിടയിലെ സന്ദേശത്തിൽ അദ്ദേഹം പറയുന്നു : “മിശിഹായിലുള്ള ആനന്ദകരമായ വിശ്വാസത്തിന്റെ സാക്ഷ്യം വഹിക്കുകയാണ് നമ്മുടെ വിളി.” അന്ത്യോഖ്യയിലെ വി. ഇഗ്നേഷ്യസിന്റെ വിഖ്യാതമായ വാചകം ഉദ്ധരിച്ചുകൊണ്ടു പാപ്പാ പറയുന്നു “മിശിഹാ നിലനിൽക്കുന്നതിനുവേണ്ടി ഞാൻ ഇല്ലാതാകുന്നു, മിശിഹാ അറിയപ്പെടുന്നതിനു വേണ്ടി ഞാൻ ചെറുതാകുകയും സ്വയം വ്യയം ചെയ്യപ്പെടുകയും ചെയ്യുന്നു.” ആധുനികനൂറ്റാണ്ടിൽ സഭയ്ക്ക് സംഭവിച്ച പ്രേഷിതാഭിമുഖ്യങ്ങളുടെ കുറവ് ലിയോ പതിനാലാമൻ തന്റെ പൊന്തിഫിക്കറ്റിൽ പരിഹരിക്കുമെന്ന് പ്രത്യാശിക്കാം. “the real remedy for a sick Church is to put it on a Missionary diet”എന്ന് പറയാറുണ്ട്. നിശ്ചയമായും അതിഭൗതികത കൊണ്ട് രോഗിയായിമാറിയ സമകാലിക സഭയെ സുഖപ്പെടുത്താൻ പോരുന്ന ഒരു മിഷനറി ഡയറ്റ് അദ്ദേഹം പരിചയപ്പെടുത്തുമെന്നു പ്രത്യാശിക്കാം.

24 വ്യക്തിസഭകളുടെ കൂട്ടായ്മയായ കത്തോലിക്കസഭയിൽ, 23 ഉം പൗരസ്ത്യ സഭകളായിരിക്കെ, പൗരസ്ത്യസഭകളോടുള്ള തുറവിയും കിഴക്കിന്റെ ആധ്യാത്മികപാരമ്പര്യത്തോടുള്ള ആദരവും ലെയോ പതിനാലാമൻ പാപ്പയുടെ വാക്കുകളിൽ കണ്ടെത്താനാകും. പാപ്പാ സ്ഥാനത്തു എത്തിയശേഷം അദ്ദേഹം ആദ്യം പങ്കെടുത്ത പൊതുചടങ്ങുകളിലൊന്ന് പൗരസ്ത്യസഭകളുടെ കൂട്ടായ്മയിലുള്ള ജൂബിലി ആഘോഷമായിരുന്നു. അവിടെ അദ്ദേഹം പൗരസ്ത്യസഭകളോട് പറഞ്ഞു ” തിരുസഭയ്ക്കു നിങ്ങളെ ആവശ്യമുണ്ട്, നിങ്ങളുടെ പൗരാണിക ആധ്യാത്മിക പാരമ്പര്യത്താൽ സാർവത്രികസഭയുടെ ആത്മീയതയെ നവീകരിക്കാനാകും.” ഓറിയന്റലും ഡിഞ്ഞിത്താസ് കിഴക്കിന്റെ മഹത്വം എന്ന ചാക്രികലേഖനം വഴി പൗരസ്ത്യ ക്രൈസ്തവികതയുടെ ഗരിമ പടിഞ്ഞാറിനുമുമ്പിൽ സധൈര്യം അവതരിപ്പിച്ച ലെയോ പതിമൂന്നാമന് തുല്യമായി പൗരസ്ത്യകൈ്രസ്തവരുടെ ആവശ്യങ്ങൾക്കുനേരെ കൂടുതൽ തുറവി ലിയോ പതിനാലാമൻ പാപ്പായിൽ നിന്നും നമുക്ക് പ്രതീക്ഷിക്കാം.

“നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവച്ചുവല്ലോ” പ്രശസ്തമായൊരു ബൈബിൾ വാക്യമാണിത്. ദൈവം അങ്ങനെയാണ്, എപ്പോഴും എവിടെയും കൂടുതൽ മെച്ചമായതു അവിടുന്നു കരുതിവയ്ക്കാറുണ്ട്. നമ്മുടെ കാലത്തെ ലോകത്തിനും സഭയ്ക്കും വേണ്ടി ആരുടെയും കണ്ണിൽപെടാതെ ദൈവം കരുതിവച്ച “നല്ല വീഞ്ഞ്” എന്നാണ് ഒറ്റവാക്കിൽ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്ന ലിയോ പതിനാലാമൻ പാപ്പയെ വിശേഷിപ്പിക്കാനാകുന്നത്.

കണ്ണീരും കദനവും ഇഴപിരിഞ്ഞ സാധാരണക്കാരുടെ ഗന്ധമുള്ളൊരു മനുഷ്യനെ ചേരികളിൽനിന്ന് പത്രോസിന്റെ സിംഹാസനത്തിലെത്തിച്ച ദൈവനീതി തികച്ചും വിസ്മയകരം എന്നല്ലാതെ എന്തുപറയാൻ!

റവ ഡോ. ടോം ഓലിക്കരോട്ട്

Latest Updates

POPULAR Views

FEATUERD Views

ഡിജിറ്റല്‍ യുഗത്തിലെ മനുഷ്യമാഹാത്മ്യവും നിര്‍മ്മിതബുദ്ധിയുടെ ധാര്‍മ്മികതയും: കത്തോലിക്കാ സാമൂഹിക ദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ ഒരു പഠനം

ആഗോള സമൂഹം ഇന്ന് എത്തിനില്‍ക്കുന്നത് ഡിജിറ്റല്‍ വിപ്ലവത്തിന്റെ അതിവേഗതയാര്‍ന്ന മൂര്‍ദ്ധന്യഘട്ടത്തിലാണ്. നിര്‍മ്മിതബുദ്ധിയും...

കേരളത്തിലെ വിദ്യാഭ്യാസ മേഖല: വെല്ലുവിളികളും അപചയങ്ങളും

കേരളത്തിലെ വിദ്യാഭ്യാസമേഖല ഏറെ സങ്കീര്‍ണ്ണതകളും വെല്ലുവിളികളും നേരിടുന്ന കാലഘട്ടമാണിത്. 2020 ലെ...

ദൈവവിളി: അസ്തിത്വത്തിലേക്കുള്ള അനന്തയാത്ര 

തന്റെ അസ്തിത്വത്തിന്റെ പൂര്‍ണ്ണത പ്രാപിക്കാനായി ജീവിതസാഹചര്യങ്ങളുടെയും ദൈവീക ഇടപെടലുകളുടെയും പശ്ചാത്തലത്തില്‍, പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടും വ്യക്തമായ അറിവോടും കൂടെ ഒരാള്‍ തിരഞ്ഞെടുക്കുന്ന ജീവിതാവസ്ഥയാണ് ദൈവവിളി. ഇത് കേവലം ഒരു തൊഴിലോ ജീവിതരീതിയോ അല്ല, മറിച്ച് ദൈവത്തോടും മനുഷ്യരോടുമുള്ള ഉത്തരവാദിത്തപരമായ പ്രതികരണമാണ്.

ക്രിസ്ത്യന്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ മാനേജുമെന്റുകള്‍ നേരിടുന്ന പ്രതിസന്ധികൾ

ക്രിസ്ത്യന്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ മാനേജ്‌മെന്റുകള്‍ നേരിടുന്ന ബുദ്ധിമുട്ട് എന്താണെന്ന് വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ എങ്ങനെ  ക്രിയാത്മകമായി ഇടപെടേണ്ടെന്ന് പറയുന്നുണ്ട്. ക്രിസ്ത്യന്‍ ന്യൂനപക്ഷ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച് പൊതു സമൂഹത്തിന് കൃത്യമായ ബോധ്യം നല്‍കാന്‍ ജെ. ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ  പ്രസ്തുത ഭാഗം വായിക്കുന്നത് അഭികാമ്യമായിരിക്കും.പ്രസ്തുത ഭാഗം ചുവടെ ചേര്‍ക്കുന്നു

EWS സംവരണം

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന  സംവരണേതര വിഭാഗങ്ങള്‍ക്കായി (EWS) നടപ്പിലാക്കിയ 10 ശതമാനം...

മലയോര മേഖലയുടെ വികസനം

ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്‍ മലയോര മേഖല സംബന്ധിച്ച 36...

ജെ. ബി. കോശി കമ്മീഷന്റെ പരിവര്‍ത്തിത ക്രൈസ്തവ  ശിപാര്‍ശകള്‍  പഠനം

 *കേരളത്തിലെ പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തിന്റെ സമൂലമായ ഉന്നമനത്തിനുതകുന്ന മാഗ്‌നാകാര്‍ട്ടയാണ് ജസ്റ്റിസ് ജെബി...

വിദ്യാഭ്യാസ ന്യൂനപക്ഷ സംവരണ വിഷയങ്ങള്‍

ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പൊതുവായ പ്രശ്‌നങ്ങളെ വിശദമായി അവതരിപ്പിക്കുന്ന ഭാഗമാണ് ജെ ബി...

കുട്ടനാടിനെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ശുപാർശകൾ

ജസ്റ്റിസ് (റിട്ട) ജെ ബി കോശി കമ്മീഷന്‍  റിപ്പോര്‍ട്ടില്‍ കുട്ടനാടുമായി ബന്ധപ്പെട്ട്...

ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്: അഭിമാനപൂര്‍വം സീറോമലബാര്‍ സഭ

ജെ. ബി. കോശി കമ്മീഷനുവേണ്ടി സീറോമലബാര്‍സഭ ഇത്രയേറെ കഷ്ടപ്പെട്ടെങ്കിലും സഭയ്ക്കു പ്രയോജനപ്രദമായ ശിപാര്‍ശകളില്‍ വളരെ കുറച്ചു മാത്രമേ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുള്ളൂ. എങ്കിലും കേരളത്തിലെ ക്രിസ്ത്യാനികളുടെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാണിക്കാന്‍ ഒരു ആധികാരിക രേഖ ലഭിച്ചതില്‍ സന്തോഷമുണ്ട്. കൂടാതെ ഈ കമ്മീഷന്റെ നിയമനം സഭയ്ക്ക് സ്വയം വിലയിരുത്തലിനും പഠനത്തിനും നിമിത്തമായി.

നോമ്പുകാലം: ശ്രവണത്തിന്റെയും ഉപവാസത്തിന്റെയും മാനസാന്തരത്തിന്റെയും സമയം

പ്രിയ സഹോദരീസഹോദരന്മാരെ,മാതൃസഹജമായ കരുതലാൽ പ്രചോദിതയായി ദൈവത്തിന്റെ രഹസ്യം നമ്മുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കി...

സ്വാതന്ത്ര്യം ആഘോഷമാവട്ടെ, പക്ഷേ കടമകള്‍ വിസ്മൃതിയിലാവരുത്

അവകാശങ്ങള്‍ക്കുവേണ്ടി ആര്‍ത്തുവിളിക്കുകയും കടമകളെക്കുറിച്ച് മൗനം ഭജിക്കുകയും ചെയ്യുന്നത് മനുഷ്യന്റെ സ്വാര്‍ഥപ്രകൃതിയില്‍ അടിസ്ഥാനമിട്ട ഒരു സംസ്‌കാരമാണ്. ജോലിസമയത്ത് കൈവലിക്കുകയും കൂലിസമയത്ത് കൈനീട്ടുകയും ചെയ്യുന്നത് ഈ സംസ്‌കാരത്തിന്റെ മലിനമുഖമാണ്.