വിശ്വാസസംരക്ഷണത്തിനായുള്ള ഡിക്കാസ്റ്ററി പ്രസിദ്ധീകരിച്ച പ്രബോധനാത്മകമായ ഒരു രേഖയാണ് ‘ഒരു ശരീരം’ എന്ന അര്‍ഥം വരുന്ന ഊന കാറോ (Una Caro). 2025 നവംബര്‍ 21ന് ലെയോ പതിനാലാമന്‍ മാര്‍പാപ്പ ഇത് അംഗീകരിക്കുകയും 2025 നവംബര്‍ 25ന് പ്രസിദ്ധീകരിക്കുകയും ചെയ്തു. ‘ഏകഭാര്യത്വത്തെ പ്രശംസിച്ചുകൊണ്ട് വിശിഷ്ടമായ ഐക്യവും പരസ്പര ഭാഗഭാഗിത്വവും എന്ന നിലയില്‍ വിവാഹത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള പ്രബോധനാത്മകമായ രേഖ’ എന്നാണ് ഈ രേഖയുടെ പൂര്‍ണ്ണമായ തലക്കെട്ട്.
ഉദ്ദേശ്യവും പശ്ചാത്തലവും
ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റായ കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസിനെ സംബന്ധിച്ചിടത്തോളം ഈ രേഖയ്ക്ക് പിന്നിലെ പ്രേരകങ്ങള്‍ മൂന്ന് പ്രധാന കാര്യങ്ങളാണ്. തങ്ങളെത്തന്നെ പരിധിയില്ലാത്തവരായി കാണാന്‍ മനുഷ്യരെ പ്രോത്സാഹിപ്പിക്കുന്ന ആഗോളസാങ്കേതിക അന്തരീക്ഷം, ബഹുഭാര്യത്വത്തെക്കുറിച്ചുള്ള ആഫ്രിക്കന്‍ സംസ്കാരങ്ങളിലെ ധാരണകളെ അഭിസംബോധന ചെയ്യേണ്ടതിന്റെ ആവശ്യകത, പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഏകഭാര്യത്വമില്ലാത്ത ബന്ധങ്ങളുടെ വളര്‍ച്ച എന്നിവയാണവ. ഏകഭാര്യത്വത്തെ ഒരു നിയന്ത്രണമായിട്ടല്ല, മറിച്ച് അനന്തമായി സ്നേഹിക്കാനുള്ള ഒരു അവസരമായി അതിനെ അവതരിപ്പിക്കാനാണ് ഈ രേഖ ശ്രമിക്കുന്നത്.
ഘടനയും ഉള്ളടക്കവും
ഈ രേഖയെ ഏഴ് അധ്യായങ്ങളായി തിരിച്ചിരിക്കുന്നു. വിശുദ്ധ ഗ്രന്ഥം, സഭാചരിത്രം, തത്ത്വചിന്ത, കവിത എന്നിവയുള്‍പ്പെടെ നിരവധി സ്രോതസ്സുകളില്‍നിന്ന് ഈ രേഖ ആശയങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ വാള്‍ട്ട് വിറ്റ്മാന്, പാബ്ലോ നെരൂദ, എമിലി ഡിക്കിന്‍സണ്‍ തുടങ്ങിയ എഴുത്തുകാരുടെ ഉദ്ധരണികളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ രേഖ ഏകഭാര്യാത്വത്തെ ഉല്പത്തി പുസ്തകത്തിലെ വിശുദ്ധ ഗ്രന്ഥാടിസ്ഥാനത്തില്‍ നിന്നുകൊണ്ട് സഭാപിതാക്കന്മാരുടെയും സഭാപ്രബോധനങ്ങളുടേയും സമകാലിക താത്വിക ദര്‍ശനങ്ങളുടെയും വെളിച്ചത്തില്‍ അതിനെ പഠിക്കുന്നു.
പ്രധാന ദൈവശാസ്ത്ര ആശയങ്ങള്‍
ഈ രേഖ പരസ്പരഭാഗഭാഗിത്വം, ദാമ്പത്യസ്നേഹം എന്നീ രണ്ട് അടിസ്ഥാന ഘടകങ്ങളെ ഊന്നിപ്പറയുന്നു. ദമ്പതികളുടെ സ്വതന്ത്രസമ്മതത്തില് ഉറപ്പിക്കപ്പെട്ടിരിക്കുന്ന പരസ്പരഭാഗഭാഗിത്വം ത്രിത്വൈക കൂട്ടായ്മയെ പ്രതിഫലിപ്പിക്കുകയും ദാമ്പത്യബന്ധത്തിന്റെ സുസ്ഥിരതയ്ക്ക് സഹായമാകുകയും ചെയ്യുന്നു. ഈ ഭാഗഭാഗിത്വം വളരെ ഊഷ്മളമാണെങ്കിലും ഓരോ വ്യക്തിയുടെയും അന്തസ്സിനെയും സ്വാതന്ത്ര്യത്തെയും ബഹുമാനിക്കുന്നതുമാണ്. ഈ പരസ്പരബഹുമാനത്തെ തകര്‍ക്കുന്ന ഏതൊരു തരത്തിലുള്ള ആധിപത്യത്തെയും അക്രമത്തെയും മാനസിക നിയന്ത്രണത്തെയും ഈ രേഖ ശക്തമായി അപലപിക്കുന്നു. ദാമ്പത്യ സ്നേഹത്തെ ഏകീകരിക്കുന്ന ശക്തിയായും ദൈവികദാനമായും ഈ രേഖ അവതരിപ്പിക്കുന്നു. ദാമ്പത്യസ്നേഹത്തിലൂടെ ലൈംഗികതയെ സ്വയംദാനത്തിനും പങ്കാളിയുടെ നന്മയ്ക്കും വേണ്ടിയുള്ള ദൈവത്തിന്റെ ദാനമായി മനസിലാക്കുന്നു.
സാമൂഹികവും വിദ്യാഭ്യാസപരവുമായ മാനങ്ങള്‍
വിവാഹമോചനത്തിലെ വര്‍ദ്ധനവ്, ദുര്‍ബലമായ വിവാഹബന്ധങ്ങള്‍, വ്യഭിചാരത്തെ നിസാരവല്‍ക്കരിക്കല്‍, ബഹുദാമ്പത്യത്തിന്റെ പ്രോത്സാഹനം എന്നിവയുള്‍പ്പെടെയുള്ള സമകാലിക വെല്ലുവിളികളെ ഈ രേഖ അഭിസംബോധന ചെയ്യുന്നു. ഇക്കാലത്ത് ദാമ്പത്യബന്ധങ്ങള്‍ തകരുമ്പോഴും സാംസ്കാരികാഖ്യാനങ്ങള് സ്നേഹത്തെ മഹത്വമുള്ളതായി കണക്കാക്കുന്നു എന്ന വിരോധാഭാസത്തെയും ഈ രേഖ ചൂണ്ടിക്കാട്ടുന്നു. ഇതിനു മറുപടിയായി സ്നേഹം എന്നത് വെറുതെ ഒരു പ്രേരണയല്ല, മറിച്ച് അത് ഒരു ഉത്തരവാദിത്വമായും വിശ്വാസമായും മനസിലാക്കാന്‍ ഇന്നത്തെ യുവാക്കളെ സഹായിക്കുന്ന ‘ഒരു പുതിയ അധ്യാപനശാസ്ത്രം’ രൂപപ്പെടുത്തിയെടുത്തുകൊണ്ടുള്ള ഒരു വിദ്യാഭ്യാസരീതിയുടെ ആവശ്യകതയെ ഡിക്കാസ്റ്ററി അടിവരയിട്ടു പറയുന്നു. അതുപോലെ വിവാഹിതരായവര്‍ ഒറ്റപ്പെട്ടു ജീവിക്കാതെ ഒരുമിച്ചുള്ള സാമൂഹികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതിന്റെ ആവശ്യകതയെയും ഈ രേഖ ഓര്‍മിപ്പിക്കുന്നു.
പ്രേക്ഷകരും പ്രയോഗവും
പധാനമായും മെത്രാന്മാരെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഈ രേഖയെങ്കിലും, വിവാഹിതരായ ദമ്പതികള്‍, യുവാക്കള്‍ എന്നിവരെ ക്രിസ്തീയ വിവാഹത്തിന്റെ സമ്പന്നത മനസ്സിലാക്കാന്‍ സഹായിക്കുക എന്നതാണ് ഈ രേഖയുടെ ലക്ഷ്യം. ഏകഭാര്യത്വം വിവാഹത്തിന്റെ അനിവാര്യമായ ഘടകമായി ഇത് അവതരിപ്പിക്കുന്നു. എക്സ്ക്ലൂസീവ് യൂണിയനും പരസ്പര പങ്കാളിത്തവും വളര്‍ത്തുന്നതുമായി അടുത്ത ബന്ധമുള്ളതാണ് ഇത്. ഒന്നിപ്പിക്കുക എന്ന ലൈംഗികതയുടെ ലക്ഷ്യത്തോടും പരസ്പരഭാഗഭാഗിത്വത്തോടും ബന്ധപ്പെടുത്തിക്കൊണ്ട് ഏകഭാര്യത്വം വിവാഹത്തിന്റെ അനിവാര്യമായ ഘടകമായി ഈ രേഖ അവതരിപ്പിക്കുന്നു.
ഡോ. അഗസ്റ്റിന് ചേന്നാട്ട്


