Spes non Confundit (പ്രത്യാശ നിരാശപ്പെടുത്തുന്നില്ല)

Published on

ജൂബിലി വർഷം 2025 നോട് അനുബന്ധിച്ച് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ 2024 മെയ് 9 ന്, ഈശോയുടെ സ്വർഗ്ഗാരോഹണതിരുനാൾ ദിവസം, പുറപ്പെടുവിച്ച എന്ന ബൂളയുടെ ലത്തീൻ പേരാണ് സ്പെസ് നോൺ കോൺഫുന്തിറ്റ് (Spes non Confundit).  ഈ ശീർഷകത്തിൻറെ അർത്ഥം പ്രത്യാശ നിരാശപ്പെടുത്തുന്നില്ല എന്നാണ്. 2024 ഡിസംബർ 24 ന് ആരംഭിച്ച് 2026 ജനുവരി 6 ന് അവസാനിക്കുന്ന ഈ ജൂബിലി വർഷത്തിന്റെ പ്രധാന സന്ദേശം പ്രത്യാശ എന്നതാണ്.

പ്രത്യാശയുടെ ഒരു വാക്ക്
ഈശോമിശിഹായിൽ ഉള്ള പ്രത്യാശ ആരെയും ഒരിക്കലും നിരാശരാകുന്നില്ല എന്നാണ് പൗലോസിന്റെ ഉത്തമ ബോധ്യം (റോമാ 5:5). സ്നേഹത്തിൽ നിന്നാണ് പ്രത്യാശ ജന്മം കൊള്ളുന്നത്. കുരിശിലെ ഈശോയുടെ മുറിയപ്പെട്ട ഹൃദയത്തിലെ സ്നേഹത്തിൽ അധിഷ്ഠിതമാണ് പ്രത്യാശ. പ്രത്യാശയുടെ പ്രകാശം എല്ലാ വിശ്വാസികളിലും പ്രകാശിപ്പിക്കുന്നത് പരിശുദ്ധാത്മാവാണ്. നമ്മുടെ ജീവിതത്തിലെ പ്രകാശത്തെ ജ്വലിപ്പിക്കുന്നതും നിലനിർത്തുന്നതും ഉത്തേജിപ്പിക്കുന്നതും ഈ ആത്മാവ് തന്നെയാണ്.

സഹനങ്ങളിൽ പ്രത്യാശ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. എന്നാൽ പൗലോസ് ശ്ലീഹായുടെ ഭാഷ്യത്തിൽ കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു (റോമാ 5:4). പ്രത്യാശയോടൊപ്പം മനുഷ്യനിൽ ഉണ്ടായിരിക്കേണ്ട മറ്റൊരു പുണ്യമാണ് ക്ഷമ. ജീവിതവഴികളിൽ മനുഷ്യന്റെ പ്രത്യാശയെ നിലനിർത്തുന്നത് ക്ഷമയാണ്.

പ്രത്യാശയുടെ യാത്ര
രക്ഷകനായ ഈശോയെ കണ്ടുമുട്ടാനുള്ള പ്രത്യാശയുടെ യാത്രയാണ് ക്രിസ്തീയ ജീവിതം. ജൂബിലി വർഷത്തിൽ എല്ലാവരും ആത്മീയമായി ഉണർവ് പകരുന്ന തീർത്ഥാടനത്തിൽ പങ്കെടുക്കണം. ഒപ്പം അനുരഞ്ജനത്തിന്റെ കൂദാശ സ്വീകരിക്കണം. എല്ലാ ദേവാലയങ്ങളിലും ജൂബിലി വർഷാരംഭത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാന വിശ്വാസികൾക്ക് പ്രത്യാശ പകരുന്നതും ദൈവകൃപ വർഷിക്കുന്നതും ആകണം.

പ്രത്യാശയുടെ അടയാളങ്ങൾ
കാലത്തിന്റെ അടയാളങ്ങളും ചുവരെഴുത്തുകളും വായിക്കാനും സുവിശേഷത്തിന്റെ വെളിച്ചത്തിൽ അവയെ വ്യാഖ്യാനിക്കാനും സഭ കടപ്പെട്ടിരിക്കുന്നു. ഈലോകജീവിതത്തെക്കുറിച്ചും വരാനിരിക്കുന്ന ജീവിതത്തെക്കുറിച്ചും മനുഷ്യർക്ക് ഉത്തരം നൽകാനും പ്രത്യാശ നൽകാനും സഭ ബാധ്യസ്ഥയാണ്. യുദ്ധത്തിന്റെ ദുരന്തങ്ങളിൽ വിഷമിക്കുന്ന ലോകത്ത് സമാധാനത്തിനുള്ള ആഗ്രഹമാണ് പ്രത്യാശയുടെ ആദ്യ അടയാളം. സമാധാന സ്ഥാപകരാകാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. കൂടാതെ, ജീവിതത്തോടുള്ള തുറവിയും, ജീവൻ പങ്കുവയ്ക്കാനുള്ള സന്നദ്ധതയും, ഉത്തരവാദിത്വമുള്ള രക്ഷാകർതൃത്വവും ക്രിസ്തീയ കൂട്ടായ്മകളിൽ ഉണ്ടാകണം.

പ്രതിസന്ധികളും പ്രയാസങ്ങളും അനുഭവിക്കുന്ന നമ്മുടെ സഹോദരീ സഹോദരന്മാർക്ക് പ്രതീക്ഷയുടെ അടയാളങ്ങളായി തീരാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. സ്വാതന്ത്ര്യം നഷ്ടപ്പെട്ട് ബന്ധനാവസ്ഥയിൽ ആയിരിക്കുന്ന തടവുകാർക്കും, ആശുപത്രികളിലും ഭവനങ്ങളിലും രോഗ പീഡകളാൽ സഹനം അനുഭവിക്കുന്ന രോഗികൾക്കും, സ്വപ്നങ്ങളും അഭിലാഷങ്ങളും നഷ്ടപ്പെട്ട യുവജനങ്ങൾക്കും, മെച്ചപ്പെട്ട ജോലിയും ജീവിതാവസ്ഥയും തേടി മറു രാജ്യങ്ങളിൽ എത്തുന്ന പ്രവാസികൾക്കും, അഭയം തേടിയെത്തുന്ന കുടിയേറ്റക്കാർക്കും, ഏകാന്തതയും ഒറ്റപ്പെടലും അനുഭവിക്കുന്ന മുതിർന്നവർക്കും, ജീവിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും നഷ്ടപ്പെട്ട പാവങ്ങൾക്കും പ്രതീക്ഷയും പ്രത്യാശയും നൽകണം.

പ്രത്യാശക്കുളള ആഹ്വാനം
ഭൂമിയിലെ വസ്തുക്കൾ ചുരുക്കം ചില പ്രത്യേക വ്യക്തികൾക്ക് മാത്രമായി ഉള്ളതല്ല; മറിച്ച് അവ എല്ലാവർക്കും ഉള്ളതാണ്. സമ്പന്നർ സ്വാർത്ഥരാകാതെ, പാവപ്പെട്ട തങ്ങളുടെ സഹോദരി സഹോദരന്മാരുടെ പരിതാപകരമായ സാഹചര്യങ്ങളിൽ ഉദാരതയോടെയും കാരുണ്യത്തോടെയും അവരോട് ഇടപെടണം. വിശപ്പ് ഒരു ഉതപ്പ് ആണ്. മനുഷ്യകുലത്തിന്റെ ശരീരത്തിലെ ഉണങ്ങാത്ത മുറിവാണ് അത്. ആയുധങ്ങൾ വാങ്ങിക്കൂട്ടാനും സൈനിക ചിലവുകൾ നിർവഹിക്കാനും ചെലവഴിക്കുന്ന പണം ഉപയോഗിച്ച് വിശപ്പിന് അറുതി വരുത്തണം.

സഭാകൂട്ടായ്മകൾ തമ്മിലുള്ള ഐക്യം വർധിപ്പിക്കുന്ന അവസരം ആയിരിക്കണം ഈ ജൂബിലി വർഷത്തേത്. സഭയിലെ അംഗങ്ങൾ തമ്മിലുള്ള സഹകരണവും പങ്കാളിത്തവും ഊട്ടിയുറപ്പിക്കണം. എ. ഡി. 325 ലെ നിഖ്യാ സൂനഹദോസിന്റെ 1700-ാം വാർഷികം ആഘോഷിക്കുന്ന ഈ അവസരം ഐക്യത്തിന്റെതും പരസ്പരം മനസ്സിലാക്കലിന്റേതും ആയിരിക്കണം.

പ്രത്യാശയിൽ നങ്കൂരമുറപ്പിക്കുക
ദൈവീകപുണ്യങ്ങൾ ആയ വിശ്വാസം, ഉപവി, പ്രത്യാശ എന്നിവ തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. നമ്മിലെ വിശ്വാസത്തിനും സ്നേഹത്തിനും സാക്ഷ്യം നൽകുവാൻ നാം പ്രത്യാശയിൽ നിറയേണ്ടതുണ്ട് (റോമാ 15:13). നമ്മുടെ വിശ്വാസം സന്തോഷപൂർണ്ണമാകാനും ഉപവിയുടെ പ്രവർത്തനങ്ങൾ ഉത്സാഹം ഉള്ളതാക്കാനും പ്രത്യാശ അനിവാര്യമാണ്.

നിത്യജീവിതത്തെ കുറിച്ചുള്ള പ്രത്യാശ എല്ലാവർക്കും ഉണ്ടായിരിക്കണം. മനുഷ്യൻ ദൈവസഹായം നിരസിക്കുമ്പോൾ, നിത്യജീവനിലുള്ള പ്രത്യാശ നഷ്ടപ്പെടുത്തുമ്പോൾ അവൻ തന്റെ മഹത്വത്തെ ബലഹീനപ്പെടുത്തുകയും അതിന് ഇടിവ് വരുത്തുകയും ചെയ്യുന്നു. പ്രിയപ്പെട്ടവരുടെ വേർപാട് വേദനാജനകമാണ്. മരണം ഒരു യാഥാർത്ഥ്യമാണ്. എന്നിരുന്നാലും നിത്യജീവിതത്തെക്കുറിച്ച് ഓർക്കാനുള്ള അവസരമായിരിക്കണം ജൂബിലി വർഷം. മരണശേഷം എല്ലാവരും ഈശോയിലാണ് നിത്യജീവൻ കണ്ടെത്തുന്നത്. പ്രത്യാശയിൽ നാം ഇപ്പോൾ അനുഭവിക്കുന്നതെല്ലാം, പിന്നീട് യാഥാർഥ്യത്തിൽ നാം കാണും. വ്യക്തിജീവിതത്തിന്റെ ഒടുവിലും ചരിത്രത്തിന്റെ അവസാനത്തിലും ദൈവത്തിന്റെ വിധിയുണ്ട്. സ്നേഹം തന്നെയായ ദൈവം നന്മ ചെയ്തവർക്ക് രക്ഷയും തിന്മ ചെയ്തവർക്ക് ശിക്ഷയും നൽകും. അവിടുന്ന് നീതിമാനാണ്.

അനുതാപത്തിന്റെ കൂദാശ സ്വീകരിക്കുന്നവരുടെ പാപങ്ങൾ ദൈവം തുടച്ചുനീക്കും. മനുഷ്യന്റെ അകൃത്യങ്ങൾ ദൈവം ക്ഷമിക്കുന്നു; സ്നേഹവും കരുണയും കൊണ്ട് അവിടുന്ന് മനുഷ്യനെ കിരീടമണിയിരിക്കുന്നു (സങ്കീ 103:34). അനുരഞ്ജന കൂദാശയിൽ നാം ദൈവവുമായി ഒന്നാകും. ജൂബിലി വർഷം ദൈവത്തിന്റെ ക്ഷമ അനുഭവിക്കാനുള്ള അവസരമാണ്.

പരിശുദ്ധ ദൈവമാതാവിലാണ് പ്രത്യാശ അതിന്റെ അതിശ്രേഷ്ഠമായ സാക്ഷ്യം കണ്ടെത്തുന്നത്. എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച പരിശുദ്ധ അമ്മ പ്രത്യാശ നിറഞ്ഞവൾ ആയിരുന്നു. പരിശുദ്ധ അമ്മയുടെ പക്കൽ വരുന്നവർ പ്രത്യാശ ഉള്ളവരാകും. കരുതലുള്ള അമ്മ ആരെയും അനാഥരായി വിടുകയില്ല. ദൈവത്തിന്റെ വാഗ്ദാനമായ ഈശോമിശിഹായിൽ നാം പ്രത്യാശ വയ്ക്കണം. കർത്താവാണ് നമ്മുടെ പ്രത്യാശ (സങ്കീ 27:14). അവിടുത്തേക്ക് വേണ്ടിയാണ് നാം കാത്തിരിക്കേണ്ടത്.

ഫാ. ഡോ. തോമസ് വടക്കേൽ

Latest Updates

POPULAR Views

FEATUERD Views

സമഗ്ര പരിസ്ഥിതിയും കുടുംബവും

2025 ഒക്ടോബര്‍ 04ന് പ്രസിദ്ധീകരിച്ച സമഗ്ര പരിസ്ഥിതിയും കുടുംബവും എന്ന  ലഘുഗ്രന്ഥം...

ഭാവി ജനിപ്പിക്കുന്ന വിശ്വസ്തത: വൈദികജീവിതത്തിന്റെയും പരിശീലനത്തിന്റെയും നവദര്‍ശനം

2025 ഡിസംബര്‍ എട്ടാം തീയതി ലെയോ പതിനാലാമന്‍ പാപ്പ സാര്‍വ്വത്രികസഭയ്ക്കായി നല്കിയ...

ഇന്‍ ഊണിത്താത്തെ ഫീദേയി (വിശ്വാസത്തിന്റെ ഐക്യത്തില്‍) 

എല്ലാ ക്രൈസ്തവര്‍ക്കിടയിലും ഐക്യവും അനുരഞ്ജനവും കൈവരിക്കുന്നതിനായി നാം ഒരുമിച്ച് നടക്കണം. വൈവിധ്യം ഇല്ലാത്ത ഐക്യം സ്വേച്ഛാധിപത്യവും ഐക്യം ഇല്ലാത്ത വൈവിധ്യം ശിഥിലീകരണവുമാണ് എന്ന് മാര്‍പാപ്പ ഈ പ്രബോധനത്തിലൂടെ അടിവരയിടുന്നു. ക്രൈസ്തവര്‍ക്കിടയിലെ ഐക്യം നമ്മെ ദരിദ്രരാക്കുന്നില്ല, മറിച്ച് സമ്പന്നരാക്കുന്നു.

ഊന കാറോ (ഒരു ശരീരം)

വിശ്വാസസംരക്ഷണത്തിനായുള്ള ഡിക്കാസ്റ്ററി പ്രസിദ്ധീകരിച്ച പ്രബോധനാത്മകമായ ഒരു രേഖയാണ് 'ഒരു ശരീരം' എന്ന...

വിശ്വാസിസമൂഹത്തിന്റെ അമ്മ (Mater Populi Fidelis)

2025 നവംബര്‍ നാലാം തീയതി വിശ്വാസകാര്യങ്ങള്‍ക്കായുള്ള കാര്യാലയം ലെയോ പതിനാലാമന്‍ പാപ്പായുടെ...

ദിലേക്‌സി തേ (ഞാന്‍ നിന്നെ സ്‌നേഹിച്ചു)

ലെയോ പതിനാലാമന്‍ പാപ്പായുടെ ആദ്യത്തെ അപ്പസ്‌തോലിക പ്രബോധനമാണ് ദിലേക്‌സി തേ (ഞാന്‍...

കുർബാനധർമം സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ

കുർബാനധർമം എന്തിനാണെന്നും അത് സ്വീകരിക്കാനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്നും നമ്മെ ഓർമപ്പെടുത്തുന്ന പുതിയ...

ഫ്രാൻസിസ് പാപ്പായുടെ സഭാപ്രബോധനങ്ങൾ

തന്റെ പ്രബോധനങ്ങളിൽ തികച്ചും അജപാലനശൈലി പുലർത്തിയ വ്യക്തിയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. നിർവചനങ്ങളും,...

അന്തീക്വാ എത് നോവ: നിർമിത ബുദ്ധിയുടെ ( AI ) ധാർമികതയെക്കുറിച്ചുള്ള വത്തിക്കാൻ രേഖ

അന്തീക്വാ എത് നോവ: 'നിർമ്മിതബുദ്ധിക്കും മനുഷ്യബുദ്ധിക്കും ഇടയിലുള്ള ബന്ധത്തെക്കുറിച്ചുള്ള കുറിപ്പ്' എന്ന...

പ്രവൃത്തികളും വാക്കുകളും

2014 ഫെബ്രുവരി 2ന് കൂദാശകളുടെ സാധുതാപരമായ പരികർമത്തിനു അവശ്യമായ ഘടകങ്ങളെ...

ഇതാണ് ദൈവാശ്രയം

സ്നേഹിക്കാനായി നമ്മെ പ്രേരിപ്പിക്കുന്ന ഏക ഘടകം ദൈവാശ്രയമാണ്' എന്ന വി. കൊച്ചുത്രേസ്യായുടെ...

മനുഷ്യ മഹത്ത്വവും ദുരിതവും (2023)

തത്ത്വശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും വിദഗ്ദനായിരുന്ന ബ്ലെയ്സ് പാസ്കലിന്റെ നാനൂറാം ജന്മദിന വാർഷികത്തിൽ ഫ്രാൻസീസ്...