തന്റെ പ്രബോധനങ്ങളിൽ തികച്ചും അജപാലനശൈലി പുലർത്തിയ വ്യക്തിയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. നിർവചനങ്ങളും, ദൈവശാസ്ത്ര പ്രമേയങ്ങളും അവതരണങ്ങളുമടങ്ങുന്ന പ്രബോധനശൈലിയിൽ നിന്നു വ്യത്യസ്തമായി സഭാപ്രബോധനങ്ങൾ പ്രായോഗികമായി അവതരിപ്പിക്കുന്നതിൽ പാപ്പാ വിജയിച്ചു. സൈദ്ധാന്തികമായ ഒരു വിശകലനമല്ല തന്റെ പ്രബോധനങ്ങളിലൂടെ മാർപ്പാപ്പ നടത്തുന്നത്. ഒരു അജപാലകന്റെ കണ്ണുകളിലൂടെയാണ് സഭാപ്രബോധനങ്ങൾ മാർപ്പാപ്പ കാണുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രികലേഖനങ്ങളും അപ്പസ്തോലിക ഉദ്ബോധനങ്ങളും മാത്രമാണ് ഇവിടെ സംക്ഷിപ്തമായി പ്രതിപാദിക്കുന്നത്.
ചാക്രികലേഖനങ്ങൾ (Encyclicals)
ഫ്രാൻസിസ് മാർപാപ്പയുടെ നാല് ചാക്രികലേഖനങ്ങളാണുള്ളത്.
1.1. വിശ്വാസവെളിച്ചം (Lumen Fidei)
ഫ്രാൻസീസ് പാപ്പായുടെ പ്രഥമ ചാക്രികലേഖനമായ വിശ്വാസവെളിച്ചം 2013 ജൂലായ് 5 ന് ആണ് പ്രസിദ്ധീകരിച്ചത്. സാർവത്രികസഭ വിശ്വാസവർഷം ആചരിക്കുന്ന പശ്ചാത്തലത്തിലാണ് വിശ്വാസത്തെക്കുറിച്ചുള്ള ഈ ചാക്രികലേഖനം പുറപ്പെടുവിച്ചത്. ബെനഡിക്ട് പതിനാറാമൻ പാപ്പാ സ്ഥാനത്യാഗം ചെയ്യുമ്പോൾ ഈ ചാക്രികലേഖനത്തിന്റെ പ്രഥമ കരടുരൂപം പൂർത്തിയാക്കിയിരുന്നു. അദ്ദേഹത്തിന്റെ രചന ഏറ്റെടുത്ത് സ്വന്തമായി ചിലതു കൂട്ടിച്ചേർക്കുകയാണ് ഫ്രാൻസീസ് മാർപാപ്പ ചെയ്തിരിക്കുന്നത്. ഈ ചാക്രിക ലേഖനത്തിന് നാല് അധ്യായങ്ങളുണ്ട്. വിശ്വാസം വെളിച്ചമാണ് എന്നതാണ് ഈ ചാക്രികലേഖനത്തിലെ അടിസ്ഥാന പ്രമേയം. സകല മനുഷ്യരുടെയും ഹൃദയങ്ങളെ പ്രകാശിപ്പിക്കുന്ന മനുഷ്യഅസ്തിത്വത്തെ ബാധിക്കുന്ന എല്ലാ മേഖലകളെയും സ്പർശിക്കുന്ന പ്രകാശമാണ് വിശ്വാസം. ആ വിശ്വാസം വരുന്നത് ആ പ്രകാശം വരുന്നത് നമ്മളിൽനിന്നല്ല ദൈവത്തിൽ നിന്നാണ്. നമ്മൾ വെറും ഉപകരണങ്ങൾ മാത്രമാണ്. ആത്യന്തികമായി പ്രവർത്തിക്കുന്നത് ദൈവമാണ്.
1.2. അങ്ങേക്കു സ്തുതി (Laudato Si)
ഫ്രാൻസീസ് മാർപാപ്പായുടെ പരിസ്ഥിതിയെക്കുറിച്ചുള്ള ചാക്രികലേഖനമാണ് ലൗദാത്തോ സി. 2015 ജൂൺ 18-ാം തിയതിയാണ് ഇത് പ്രസിദ്ധീകരിച്ചത്. വിശുദ്ധ ഫ്രാൻസീസ് അസ്സീസ്സിയുടെ പ്രകൃതിദർശനം ഈ രേഖയുടെ പ്രചോദനമാണ്. ആറ് അധ്യായങ്ങളിലായി നമ്മുടെ പൊതുഭവനമായ ഭൂമി നേരിടുന്ന വെല്ലുവിളികളും അവയ്ക്കുള്ള അടിസ്ഥാന കാരണങ്ങളും വെല്ലുവിളികളെ നേരിടുന്നതിനുള്ള പ്രായോഗിക പരിഹാരമാർഗങ്ങളുമാണ് ഈ ചാക്രികലേഖനത്തിലൂടെ പാപ്പാ അവതരിപ്പിക്കുന്നത്. മലിനീകരണം, കാലാവസ്ഥാവ്യതിയാനം, ജലപ്രതിസന്ധി, ജൈവവൈവിധ്യനാശം, മനുഷ്യജീവിതത്തിന്റെ നിലവാരത്തകർച്ച, ആഗോളതല അസമത്വങ്ങൾ എന്നിവയാണ് നമ്മുടെ പൊതുഭവനം നേരിടുന്ന വെല്ലുവിളികൾ. ഈ പ്രതിസന്ധികളുടെ പ്രഭവകേന്ദ്രം മനുഷ്യൻതന്നെയാണ്. സാങ്കേതികവിദ്യ ലോകപുരോഗതിക്ക് ഏറെ സഹായിച്ചിട്ടണ്ടെങ്കിലും സാങ്കേതികശാസ്ത്രത്തിന്റെ ചിന്താധാരയിൽ ചിലർ പ്രപഞ്ചത്തെ ഉപഭോഗത്തിനു മാത്രമായി നൽകപ്പെട്ട ഒരു വസ്തുവായോ തികഞ്ഞ അനാസ്ഥയോടെ വസ്തുക്കളെ വലിച്ചെറിയാനുള്ള വെറുമൊരു ഇടമായോ ആണ് മനസ്സിലാക്കുന്നത്. നമ്മിൽനിന്നും വിഭിന്നമായ ഒന്നായോ നാം ജീവിക്കു വെറുമൊരു സ്ഥലമായോ പ്രകൃതിയെ കാണാൻ പാടില്ല. നാം പ്രകൃതിയുടെ ഭാഗമാണ്; നാമതിൽ ഉൾച്ചേർന്നിരിക്കുന്നു.
1.3. എല്ലാവരും സോദരർ (Fratelli Tutti)
ഫ്രാൻസിസ് മാർപാപ്പ 2020 ഒക്ടോബർ 4ന് പ്രസിദ്ധീകരിച്ച ചാക്രികലേഖനമാണ് എല്ലാവരും സോദരർ. വിശുദ്ധ ഫ്രാൻസീസ് അസ്സീസ്സിയുടെ സാഹോദര്യസങ്കൽപത്തിൽനിന്ന് പ്രചോദനം സ്വീകരിച്ചാണ് ഫ്രാൻസീസ് മാർപാപ്പ ഈ ചാക്രികലേഖനം രചിച്ചിരിക്കുന്നത്. എട്ട് അധ്യായങ്ങളുള്ള ഈ ചാക്രികലേഖനത്തിലൂടെ വിശ്വമാനവിക സാഹോദര്യദർശനമാണ് മാർപാപ്പാ മുന്നോട്ടു വയ്ക്കുന്നത്. ദൈവമക്കളും സഹോദരരും എന്ന നിലയിൽ മനുഷ്യർക്കുള്ള സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ചുമതലകൾ, മനുഷ്യന്റെ തുല്യതയും മഹത്വവും, പാവങ്ങളോടുള്ള പക്ഷംചേരൽ, കൂട്ടായ്മ, സമാധാനം സ്ഥാപിക്കാനുള്ള നമ്മുടെ ഉത്തരവാദിത്തം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ ഈ ചാക്രികലേഖനത്തിൽ മാർപാപ്പാ വിശദീകരിക്കുന്നു.
വ്യക്തികൾ ആദരിക്കപ്പെടേണ്ടവരും സ്നേഹിക്കപ്പെടേണ്ടവരുമാണെന്ന ചിന്ത ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് പാവപ്പെട്ടവരെയും വൈകല്യമുള്ളവരെയും അവഗണിക്കുന്ന പ്രവണത ഇന്നു വർധിച്ചുവരികയാണ്. എല്ലാ മനുഷ്യരും തുല്യമഹത്വമുള്ളവരാണെന്നും മനുഷ്യാവകാശങ്ങൾ പാലിക്കപ്പെടേണ്ടവയാണെന്നും തത്വത്തിൽ അംഗീകരിക്കുമ്പോഴും മനുഷ്യനെ ചൂഷണം ചെയ്യാനും നിക്ഷിപ്തതാത്പര്യങ്ങൾക്കുവേണ്ടി ഉന്മൂലനം ചെയ്യാനും ഇന്ന് ആർക്കും മടിയില്ല. ആധുനികകാലത്ത് ദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിന് വിജയിക്കുന്നുണ്ടെന്ന് നാം അവകാശപ്പെടുമ്പോഴും യഥാർഥത്തിൽ സാമ്പത്തിക അസമത്വം വർധിച്ചിരിക്കുകയാണ്. മനുഷ്യന് ആവശ്യമായ പല അടിസ്ഥാന സൗകര്യങ്ങളും എല്ലാ ജനതകൾക്കും ഇന്നും ലഭിച്ചിട്ടില്ല. അവഗണിക്കപ്പെട്ടവരിലും മുറിവേൽപ്പിക്കപ്പെട്ടവരിലും ക്രിസ്തുവിനെ കാണണമെന്ന് പാപ്പാ പഠിപ്പിക്കുന്നു.
1.4. അവിടുന്ന് നമ്മെ സ്നേഹിച്ചു (Dilexit Nos)
2024 ഒക്ടോബർ 24 ന് പ്രസിദ്ധീകരിച്ച ഫ്രാൻസിസ് പാപ്പായുടെ നാലാമത്തെ ചാക്രികലേഖനമാണ് അവിടുന്ന് നമ്മെ സ്നേഹിച്ചു. മുറിവേൽപ്പിക്കപ്പെട്ട ഈശോയുടെ തിരുഹൃദയത്തെക്കുറിച്ചും അവിടുത്തെ മാനുഷിക, ദൈവിക സ്നേഹത്തെക്കുറിച്ചുമാണ് പാപ്പാ ഈ ചാക്രികലേഖനത്തിൽ പ്രതിപാദിക്കുന്നത്. ഈശോയുടെ തിരുഹൃദയസ്നേഹത്തിന്റെ പ്രചാരകയായ വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്കിന് ഈശോ പ്രത്യക്ഷപ്പെട്ടതിന്റെ 350-ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ചാണ് ഈ ചാക്രികലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ചാക്രികലേഖനത്തിന് അഞ്ച് അധ്യായങ്ങളാണുള്ളത്.
നമുക്ക് സമീപസ്ഥനായ, നമ്മോട് കരുണയോടെ ഇടപെടുന്ന, ആർദ്രതയുള്ള ഒരു ദൈവത്തെയാണ് ഈശോ തന്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും നമുക്ക് കാണിച്ചുതന്നത്. വ്യക്തികളെക്കുറിച്ചും അവരുടെ പ്രശ്നങ്ങളെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും ഇൗശോ ശ്രദ്ധാലുവായിരുന്നു. ഇൗശോയുടെ തിരുഹൃദയത്തോടുള്ള യഥാർഥ വണക്കം നമ്മെ ദൈവസ്നേഹത്തിലേക്കും സഹോദരസ്നേഹത്തിലേക്കും നയിക്കണം. ഈശോ നമുക്ക് നൽകുന്ന സ്നേഹത്തെപ്രതി നമുക്ക് ചെയ്യാവുന്ന ഏറ്റവും ഉന്നതമായ പ്രവൃത്തികളിൽ ഒന്ന്, നമ്മുടെ സഹോദരീസഹോദരന്മാരെ ആത്മാർത്ഥമായി സ്നേഹിക്കുക എന്നതാണ്.
അപ്പസ്തോലിക ഉദ്ബോധനങ്ങൾ (Apostolic Exhortations)
ഫ്രാൻസിസ് മാർപാപ്പയുടെ ഏഴ് അപ്പസ്തോലിക ഉദ്ബോധനങ്ങളണുള്ളത്.
2.1. സുവിശേഷത്തിന്റെ ആനന്ദം (ഏവൻഗേലിയ Gaudium)
2013 നംവബർ 24ന് ഫ്രാൻസിസ് മാർപാപ്പ പുറപ്പെടുവിച്ച അപ്പസ്തോലിക ഉദ്ബോധനമാണ് സുവിശേഷത്തിന്റെ ആനന്ദം. ആധുനികലോകത്തിൽ സുവിശേഷപ്രഘോഷണം എന്നതാണ് ഈ അപ്പസ്തോലിക ഉദ്ബോധനത്തിന്റെ ഉള്ളടക്കം. ക്രിസ്തീയവിശ്വാസത്തിന്റെ കൈമാറ്റത്തിന് നവസുവിശേഷവൽക്കരണം എന്ന വിഷയത്തെക്കുറിച്ച് 2012 ഒക്ടോബർ ഏഴു മുതൽ 28 വരെ റോമിൽ നടന്ന സിനഡിന്റെ പ്രമേയങ്ങളും പ്രസ്താവനകളും വിചിന്തനങ്ങളും ഈ രേഖയിലുണ്ട്. അഞ്ച് അധ്യായങ്ങളിലായി സഭയുടെ പ്രേഷിതദൗത്യവും പ്രേഷിതദൗത്യത്തിന്റെ സാമൂഹ്യമാനവും പാപ്പ വ്യക്തമാക്കുന്നു. സുവിശേഷം പങ്കുവയ്ക്കുന്നതിനെക്കുറിച്ചും സുവിശേഷം പങ്കുവയ്ക്കുമ്പോഴുണ്ടാകുന്ന സന്തോഷത്തെക്കുറിച്ചും ക്രിസ്തുവിലുള്ള ജീവിതത്തിനുള്ള സന്തോഷത്തെക്കുറിച്ചുമാണ് ഈ രേഖ പ്രതിപാദിക്കുന്നത്. ഇന്നത്തെ ലോകത്ത് സഭയുടെ സുവിശേഷവൽക്കരണദൗത്യം നിർവഹിക്കുമ്പോൾ നേരിടേണ്ടിവരുന്ന വെല്ലുവിളികളും ഇക്കാലഘട്ടത്തിലെ ചിലപ്രത്യേകതകളും മാർപാപ്പ ചൂണ്ടികാണിക്കുന്നു.
2.2. സ്നേഹത്തിന്റെ ആനന്ദം (Amoris Letitia)
ഫ്രാൻസിസ് മാർപാപ്പ 2016 ഏപ്രിൽ എട്ടിന് പ്രസിദ്ധീകരിച്ച അപ്പസ്തോലിക ഉദ്ബോധനമാണ് സ്നേഹത്തിന്റെ ആനന്ദം. 2014 ലും 2015 ലും നടന്ന കുടുംബത്തെക്കുറിച്ചുള്ള രണ്ടു സിനഡുകളുടെയും പഠനങ്ങളും കുടുംബത്തെക്കുറിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ തന്നെ പ്രബോധനങ്ങളും ഇതിൽ ഉൾച്ചേർത്തിട്ടുണ്ട്. ഈ അപ്പസ്തോലികപ്രബോധനത്തിന് ഒമ്പത് അധ്യായങ്ങളാണ് ഉള്ളത്. മറ്റെല്ലാവരുമായി പരസ്പരബന്ധവും കൂട്ടായ്മയുമുള്ള ഒന്നായാണ് കുടുംബത്തെ പാപ്പ മനസ്സിലാക്കുന്നതും അവതരിപ്പിക്കുന്നതും. സഭ കുടുംബങ്ങളുടെ കുടുംബമാണ്. കുടുംബജീവിതം നയിക്കുന്നവരെ സഹായിക്കുക എതാണ് സഭയുടെ കർത്തവ്യം.
2.3. ആനന്ദിച്ചാഹ്ലാദിക്കുവിൻ (ഗൗഡറെ et Exsultate)
2018 മാർച്ച് 19ന് പുറപ്പെടുവിച്ച ഫ്രാൻസീസ് മാർപാപ്പയുടെ അപ്പസ്തോലിക ഉദ്ബോധനമാണിത്. ഈ രേഖയുടെ പ്രധാനവിഷയം വിശുദ്ധിയിലേക്കുള്ള വിളി എന്നതാണ്. ഈ രേഖയെ സുവിശേഷത്തിന്റെ ആനന്ദം എന്ന അപ്പസ്തോലിക ഉദ്ബോധനത്തിന്റെ പശ്ചാത്തലത്തിൽ വായിക്കണം. അഞ്ച് അധ്യായങ്ങൾ ഉള്ള ഈ രേഖയിൽ വിശുദ്ധിയും ആനന്ദവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചുള്ള വിചിന്തനങ്ങളാണ് പാപ്പ നൽകുന്നത്. വിശുദ്ധിയുടെ ദാനം പരിശുദ്ധാത്മാവ് സഭയിലെ എല്ലാവരിലും സമൃദ്ധമായി വർഷിക്കുന്നുണ്ട്. സഭ വിശുദ്ധരെന്ന് പ്രഖ്യാപിച്ച രക്തസാക്ഷികൾക്കും വിശുദ്ധർക്കും പുറമേ, വിശുദ്ധജീവിതം നയിക്കുന്ന നിരവധി പേർ നമുക്കിടയിലുണ്ട്. വിശുദ്ധിയോടെ ജീവിക്കുന്ന നമ്മുടെ അമ്മമാരും അപ്പൻമാരും സഹോദരങ്ങളും നമുക്കിടയിൽ സേവനം ചെയ്യുന്ന സമർപ്പിതരും വൈദികരും ഈ ഗണത്തിൽ പെടുന്നു. ഓരോരുത്തരും അവരുടെ അവസ്ഥക്ക് ചേർന്നവിധം വിശുദ്ധിയിലേക്ക് വളരാൻ പരിശ്രമിക്കണം.
2.4. ക്രിസ്തു ജീവിക്കുന്നു (Christus Vivit)
ക്രിസ്തു ജീവിക്കുന്നു; അവിടുന്നു നമ്മുടെ പ്രത്യാശയാണ് എന്ന വാക്കുകളോടെയാണ് ഫ്രാൻസിസ് പാപ്പ യുവജനങ്ങൾക്കുവേണ്ടിയുള്ള ഈ അപ്പസ്തോലിക ഉദ്ബോധനം ആരംഭിക്കുന്നത്. 2018 ഒക്ടോബർ മൂന്നു മുതൽ 28 വരെ വത്തിക്കാനിൽ നടന്ന യുവജനസിനഡിന്റെ പശ്ചാത്തലത്തിലാണ് ഈ രേഖയെ മനസ്സിലാക്കേണ്ടത്. ഈ രേഖയിൽ ഒമ്പത് അധ്യായങ്ങളാണുള്ളത്. ഇന്നത്തെ യുവാക്കൾ പലരും വിവിധ പ്രത്യയശാസ്ത്രങ്ങളുടെ പിടിയിലാണ്. മറ്റു ചിലർ രാഷ്ട്രീയ പാർട്ടികളുടെയും സാമ്പത്തിക ശക്തികളുടെയും തന്ത്രങ്ങൾക്ക് എളുപ്പത്തിൽ വശംവദരാകുന്നു. ദൈവം യുവജനങ്ങളെ സ്നേഹിക്കുന്നു. യുവജനങ്ങളുടെകൂടെ സഞ്ചരിക്കുന്ന സമൂഹമായി നാം മാറണമെന്ന് പാപ്പാ ആഹ്വാനം ചെയ്യുന്നു.
2.5. പ്രിയ ആമസോൺ (Querida Amazonia)
2020 ഫെബ്രുവരി 12ാം തിയതിയാണ് നാല് അധ്യായങ്ങളുള്ള കെരിദാ ആമസോണിയ എന്ന അപ്പസ്തോലിക ഉദ്ബോധനം പ്രകാശിതമായത്. 2019 ഒക്ടോബർ നാലു മുതൽ 27വരെ തിയതികളിൽ ആമസോണിലെ സഭയുടെ നവമായ വഴികളും അവിടത്തെ സമഗ്രപരിസ്ഥിതിയും എന്ന പ്രതിപാദ്യവിഷയവുമായി സഭയിലെ മെത്രാന്മാരും തദ്ദേശിയ ജനതകളുടെ പ്രതിനിധികളും വിദഗ്ധരും ഫ്രാൻസിസ് പാപ്പായുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിന്റെ പഠനങ്ങളുടെയും ചർച്ചകളുടെയും വെളിച്ചത്തിൽ ഉരുത്തിരിഞ്ഞ ആശയങ്ങളാണ് ഈ പ്രബോധനത്തിന്റെ ഉള്ളടക്കം. ഒമ്പതു രാജ്യങ്ങൾ ഉൾപ്പെടുന്ന ആമസോ പ്രവിശ്യയിലെ സാമൂഹികവും പാരിസ്ഥിതികവും അജപാലനപരവും ധാർമികവുമായ വെല്ലുവിളികളുടെ പൊതുവായ ഒരു മാർഗരേഖയാണ് ഈ അപ്പസ്തോലിക ഉദ്ബോധനം.
2.6. ദൈവത്തെ സ്തുതിക്കുവിൻ (Laudate Deum)
പ്രകൃതി സ്നേഹിയായിരുന്ന വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാൾ ദിനമായ 2023 ഒക്ടോബർ നാലാം തീയതിയാണ് ഫ്രാൻസീസ് മാർപാപ്പാ ഈ അപ്പസ്തോലിക ഉദ്ബോധനം ഒപ്പുവച്ചിരിക്കുന്നത്. 2015-ൽ പ്രസിദ്ധീകരിക്കപ്പെട്ട അങ്ങേക്കു സ്തുതി എന്ന ചാക്രികലേഖനത്തിന്റെ തുടർച്ചയും കാലികവ്യാഖ്യാനവുമാണ് ഈ പ്രബോധനം. ഇന്ന് മാനവരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ കാലാവസ്ഥാപ്രതിസന്ധിയാണ് ഈ പ്രബോധനത്തിന്റെ പ്രധാന പ്രമേയം. ആറ് ഭാഗങ്ങളിലായി 73 ഖണ്ഡികകളുള്ള ഈ പ്രബോധനം കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് പൊതുസമൂഹത്തിനുണ്ടായിരിക്കേണ്ട നിതാന്ത ജാഗ്രതയും സൃഷ്ടപ്രപഞ്ചത്തിലെ സന്തുലിതാവസ്ഥ നിലനിർത്തുവാൻ നാം പാലിക്കേണ്ട പൊതുഉത്തരവാദിത്വവും ആവർത്തിച്ച് ഓർമ്മപ്പെടുത്തുന്നു.
2.7. ഇതാണ് ദൈവാശ്രയം (Cest la Confiance)
സ്നേഹിക്കാനായി നമ്മെ പ്രേരിപ്പിക്കുന്ന ഏക ഘടകം ദൈവാശ്രയമാണ് എന്ന വിശുദ്ധ കൊച്ചുത്രേസ്യായുടെ വാക്കുകളാൽ ആരംഭിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ഈ അപ്പസ്തോലിക ഉദ്ബോധനം 2023 ഒക്ടോബർ 15 ന് പ്രസിദ്ധീകൃതമായി. വിശുദ്ധയുടെ 150-ാം ജന്മദിനം, അവളെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ശതാബ്ദി എന്നിവയോടൊപ്പം, ഈ കാലഘട്ടത്തിലെ മനുഷ്യരിൽ സ്വാധീനം ചെലുത്തിയ ഉദാത്ത വ്യക്തിത്വങ്ങളുടെ ഗണത്തിൽ ഐക്യരാഷ്ട്രസഭ വിശുദ്ധ കൊച്ചുത്രേസ്യയെ ഉൾപ്പെടുത്തിയ പശ്ചാത്തലവും ഇതിന്റെ പ്രസിദ്ധീകരണത്തിന് കാരണമായി. നാല് അധ്യായങ്ങളുള്ള ഈ പ്രബോധനം വിശുദ്ധ കൊച്ചുത്രേസ്യായുടെ ആത്മീയതയുടെ സാരാംശം സംഗ്രഹിക്കുന്നു.
ഉപസംഹാരം
ചാക്രികലേഖനങ്ങളും അപ്പസ്തോലിക ഉദ്ബോധനങ്ങളും കൂടാതെ അപ്പസ്തോലിക കത്തുകളും മോത്തു പ്രോപ്രിയകളും അപ്പസ്തോലിക് കോസ്റ്റിറ്റ്യൂഷനുകളും തുടങ്ങി വിവിധ രേഖകൾ ഫ്രാൻസിസ് മാർപാപ്പ രചിച്ചിട്ടുണ്ട്. ഇവയിൽ പലതും സഭയുടെ ഭരണനിർവഹണത്തിനും ദൈനംദിന ജീവിതക്രമത്തിനും ആവശ്യമുള്ള രേഖകളാണ്. ആധുനിക സമൂഹത്തോട് സംവദിക്കാനുള്ള തന്റെ കഴിവ് ഫ്രാൻസിസ് മാർപാപ്പ ഈ സഭാപ്രബോധനങ്ങളിലൂടെ വ്യക്തമാക്കി. ആത്മീയ ഉൾക്കാഴ്ചകളും പ്രായോഗികജ്ഞാനവും പകർന്നു നൽകുന്ന ഫ്രാൻസിസ് മാർപാപ്പയുടെ പ്രബോധനങ്ങൾ ക്രൈസ്തവർക്കുമാത്രമല്ല, സകലമതസ്ഥർക്കും ഉപകാരപ്രദമാണ്; വഴികാട്ടിയാണ്.
ഡോ. സെബാസ്റ്റ്യൻ ചാലയ്ക്കൽ


