സമൂഹത്തിൽ ഏറ്റവുമധികം പരാധീനതയും പ്രയാസവും സൃഷ്ടിക്കു നാലാമത്തെ രോഗമാണ് വിഷാദരോഗമെന്നാണ് ലോകാരോഗ്യസംഘടന നടത്തിയ പഠനം തെളിയിക്കുന്നത്. വിഷാദരോഗമുള്ളവരിൽ പതിനഞ്ചുശതമാനം പേർ ആത്മഹത്യ ചെയ്യുന്നു. എന്നാൽ ആത്മഹത്യാശ്രമങ്ങൾ ഇതിലും വളരെ കൂടുതലാണ്. മനുഷ്യകുലത്തിന്റെ നന്മയിൽ താല്പര്യവും കരുതലുമുള്ള ആർക്കും അവഗണിക്കാനാകാത്ത ആരോഗ്യ പ്രശ്നമായി വിഷാദരോഗം രൂപാന്തരം പ്രാപിച്ചിരിക്കുന്നു. ഏതു പ്രായമുള്ളവരെയും വിഷാദരോഗം ബാധിക്കാം. സമീപകാലങ്ങളിൽ ഇരുപത് വയസ്സിനു താഴെയുള്ളവരിൽ വിഷാദരോഗം കൂടുതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ വിഷാദരോഗത്തിന്റെ സാധ്യത മൂന്നിരട്ടിയാണ്.
കാരണങ്ങൾ
വിഷാദരോഗം വൈദ്യശാസ്ത്രപരമായി ഒരു രോഗം തന്നെയാണ്, ഒരു വികാരമല്ല. അതിന് ശക്തവും ഏതാണ്ട് വ്യക്തവുമായ ജൈവപരമായ അടിസ്ഥാനമുണ്ട്. മസ്തിഷ്കത്തിൽ വൈകാരികവും ധർമപരവുമായ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതും സംയോജിപ്പിക്കുന്നതുമായ ലിംബിക്വ്യൂഹം, മസ്തിഷകത്തിലെ ഹൈപ്പോതലാമസ്, ഫ്രോണ്ടൽ ഖണ്ഡത്തിന്റെ അടിയിലും മധ്യഭാഗങ്ങളിലുമുളള നാഡീഭാഗം എന്നിവിടങ്ങളിലെ നാഡീപ്രവർത്തനങ്ങൾക്കടിസ്ഥാനമായ രാസപ്രക്രിയ വിഷാദരോഗത്തിൽ തകരാറിലാകുന്നു. അതുപോലെ സിറടോണിൽ, നോർ എപ്പിനെഫ്രിൻ,ഡോപ്പമിൻ എന്നീ രാസ പരിവാഹകരുടെ വിന്യാസത്തിലും പ്രവർത്തനങ്ങളിലുമുള്ള കുറവുകൾ വിഷാദരോഗത്തിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. പാരമ്പര്യഘടകങ്ങൾ, വർദ്ധിക്കുന്ന വൈകാരികവും സാമൂഹികവുമായ മാനസിക സമ്മർദ്ദം, ചില ശാരീരികാവസ്ഥകൾ, ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങിയവയും വിഷാദരോഗത്തിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു. ചിലതരം ശാരീരികരോഗങ്ങൾക്ക് അനുബന്ധമായും, തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന രോഗങ്ങൾ, പാർക്കിൻസസ് രോഗം, പക്ഷാഘാതം, മറ്റു ജീവിതശൈലി രോഗങ്ങൾ, ചില മരുന്നുകളുടെ ഉപയോഗം എന്നിവ മൂലവും വിഷാദരോഗം ഉണ്ടാകാം.
ലക്ഷണങ്ങൾ
ക്ലീനിക്കൽ ഇന്റർവ്യൂ, മെന്റൽ സ്റ്റ്ാറ്റസ് എക്സാമിനേഷൻ മറ്റ് സൈക്കോളജിക്കൽ ടെസ്റ്റുകൾ എന്നിവയിലൂടെ, പ്രത്യേക രോഗലക്ഷണങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞാണ് ഒരു വ്യക്തിക്ക് വിഷാദരോഗമാണോ എന്നു ശാസ്ത്രീയമായി നിർണയിക്കുന്നത്. രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന കഠിനമായ വിഷാദത്തിനു പുറമേ താഴെ പറയുന്ന എട്ടു രോഗലക്ഷണങ്ങളിൽ നാലോ അതിലധികമോ ഉണ്ടായാൽ അത് വിഷാദരോഗമാണെന്ന് മനസ്സിലാക്കാം.
1. പണ്ട് താല്പര്യമുണ്ടായിരുന്ന മിക്കവാറും എല്ലാ കാര്യങ്ങളിലും താല്പര്യം നഷ്ടപ്പെടുക.
2. വേണ്ട സമയത്ത്, വേണ്ട രീതിയിൽ വൈകാരികമായി പ്രതികരിക്കാൻ കഴിയാതെ വരിക, ആത്മഹത്യാചിന്ത ഉണ്ടാകുക, അകാരണമായി കരച്ചിൽ വരിക.
3.പതിവിലും രണ്ടു മണിക്കൂറോ അതിലധികം നേരം മുൻപ് ഉറക്കം തെളിയുക.
4. വിഷാദവും ദുഃഖവും അസ്വസ്ഥതയുമെല്ലാം രാവിലെ ഏറ്റവും കൂടുതലായി അനുഭവപ്പെടുക. രാത്രിയാകുമ്പോൾ ബുദ്ധിമുട്ട് രാവിലെ ഉണ്ടായിരുന്നതിനേക്കാൾ കുറയുക.
5. ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങളിൽ വളരെ പ്രകടമായ മാന്ദ്യം ഉണ്ടാകുക.
6.വിശപ്പ് തീരെ ഇല്ലാതാകുക.
7.ശരീരത്തിന്റെ തൂക്കം വല്ലാതെ കുറയുക.
8. ലൈംഗിക താല്പര്യം തീരെ കുറയുക, ഇല്ലാതാകുക
വിഷാദരോഗം മുഖംമൂടിയണിയുമ്പോൾ
മറ്റ് രോഗങ്ങളുടെ ആവരണമണിഞ്ഞ് അവതരിക്കുന്ന വിഷാദരോഗങ്ങളുണ്ട് (മസ്കറ്റ് Depression). ശാരീരികരോഗങ്ങളുടെ മേലാപ്പ് അണിയുന്ന വിഷാദരോഗമാണ് ഇതിൽ പ്രധാനപ്പെട്ടത്. പുകച്ചിൽ, മരവിപ്പ്, നെഞ്ചുവേദന, കടച്ചിൽ എിങ്ങനെ അവ്യക്തമായ ശാരീരിക പ്രവർത്തനങ്ങളുമായി ഇവർ ആശുപത്രികൾ കയറിയിറങ്ങുന്നു, പരിശോധനകൾ ചെയ്യുന്നു, മെഡിക്കൽ സ്പെഷ്യലിസ്റ്റുകളെ കാണുന്നു, മരുന്നുകൾ കഴിക്കുന്നു. പക്ഷേ രോഗശാന്തി താൽക്കാലികം മാത്രമായി ഒതുങ്ങുന്നു. ഇത്തരം ആളുകളിൽ നല്ലൊരു ശതമാനം വിഷാദരോഗം ഉള്ളവരാണെന്ന് (Underlinde Depression) പഠനങ്ങൾ പറയുന്നു, മദ്യാസക്തി, സിന്തറ്റിക് ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ശീലം എന്നിവ ബാധിച്ചവരിൽ, വലിയൊരു ശതമാനത്തിലും ഗൗരവമായ വിഷാദരോഗം കാണാൻ സാധിക്കും. തൊഴിൽമേഖലയിൽ നിരന്തരം അവധി എടുക്കൽ, ശ്രദ്ധക്കുറവ്, ഓർമക്കുറവ്, താല്പര്യക്കുറവ് എന്നിവ പ്രകടിപ്പിക്കുന്നവരിലും വിഷാദരോഗാവസ്ഥ വളരെ പ്രകടമാണ്.
ചികിത്സാമാർഗ്ഗങ്ങൾ
ആപൽക്കരമായ പ്രതിസന്ധികൾ സൃഷ്ടിക്കുന്ന വിഷാദരോഗം തുടക്കത്തിലേ കണ്ടുപിടിച്ചു ചികിത്സിക്കേണ്ടത് അതിപ്രധാനമാണ്. പാർശ്വഫലങ്ങൾ കുറഞ്ഞ വളരെ ഫലപ്രാപ്തിയുള്ള ആന്റി ഡിപ്രെസൻസ് ഒൗഷധങ്ങൾ ഇന്ന് നിലവിലുണ്ട്. കഠിനമായ വിഷാദരോഗം അഭിമുഖീകരിക്കുന്നവരിലും ആത്മഹത്യാപ്രവണത കൂടിയവരിലും,മറ്റു ചികിത്സകൾ ഫലിക്കാതെ വരുമ്പോഴും, വളരെ പെട്ടെന്ന്”് ഉയർന്ന അളവിൽ ഫലം ലഭിക്കുന്ന ഇലക്ട്രോ കൺവൽസീവ് തെറാപ്പി (ECT) ഉപയോഗിച്ച് ചികിത്സിക്കുന്നുണ്ട്. ഔഷധ ചികിത്സയും മനഃശാസ്ത്ര ചികിത്സയും സംയോജിപ്പിച്ചുകൊണ്ടുള്ള ചികിത്സാപദ്ധതിയാണ് അഭികാമ്യം. രോഗിയുടെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിന് കൊഗ്നറ്റീവ് ബിഹേവിയർ തെറാപ്പി(CBT) അതുപോലെ മനഃശാസ്ത്ര ചികിത്സയുടെ മൂന്നാം നിരയിൽപ്പെട്ട മൈൻഡ് ഫുൾനസ് ബേസ്ഡ് കൊഗ്നിറ്റീവ് തെറാപ്പി(ങആഇഠ) അക്സപറ്റൻസ് ആന്റ് കമ്മിറ്റ്മെന്റ് തെറാപ്പി(MBCT) എന്നിവയും ഇത്തരം ആളുകളിൽ ഫലപ്രദമാണ്.
മനുഷ്യജീവിതത്തിന്റെ ഗുണനിലവാരത്തെ വിഷാദരോഗം ബാധിക്കുന്നതോടൊപ്പം, സാമൂഹിക-സാമ്പത്തിക-ശാരീരിക പരാധീനതകൾ വിഷാദരോഗം സൃഷ്ടിക്കുന്നു. ഡിജിറ്റൽ നവയുഗ കാലഘട്ടത്തിൽ വിഷാദരോഗം ഒരു പൊതുജനാരോഗ്യ പ്രശ്നമായി തിരിച്ചറിഞ്ഞ് സമൂഹത്തിൽ വേണ്ട മുൻകരുതലുകളും ചികിത്സാപദ്ധതികളും ക്രമീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
റവ. ഡോ. സിജോൺ കുഴിക്കാട്ടുമ്യാലിൽ


