ദൈവത്തിന്റെ പരിശുദ്ധി – അകലവും അടുപ്പവും

Published on

“ഞാൻ ദൈവമാണ്, മനുഷ്യനല്ല. നിങ്ങളുടെ ഇടയിൽ വസിക്കുന്ന പരിശുദ്ധൻ തന്നെ” (ഹോസിയാ 11:9)

ഇസ്രായേലിന്റെ ദൈവത്തിന്റെ വ്യതിരിക്തതയും അതുല്യതയും എന്തിലാണെന്നു വ്യക്തമാകുന്ന വചനഭാഗമാണ് ഹോസിയാ 11:1-11. യാഹ്വെയും ഇസ്രായേലും തമ്മിലുള്ള ഉടമ്പടിബന്ധത്തെ രക്ഷിതാവും മകനും തമ്മിലുള്ള ബന്ധമായിട്ടാണ് പ്രവാചകൻ ചിത്രീകരിച്ചരിക്കുന്നത്. സ്നേഹത്തോടെയുള്ള രക്ഷിതാവിന്റെ വിളിയെ അനുസരിക്കാതെ മറുതലിച്ചുപോയ മകനെ ഉപേക്ഷിക്കാതെ തിരികെ കൊണ്ടുവരാൻ വേദനയനുഭവിക്കുന്ന രക്ഷിതാവായാണ് യാഹ്വെ പ്രവാചകന് വെളിപ്പെടുത്തുക. തന്നെ മറുതലിച്ച മകനെ വീണ്ടെടുക്കാനായി ഉള്ളിൽ തീവ്രവേദനയനുഭവിക്കുന്ന രക്ഷിതാവിന്റെ ചിത്രത്തിലൂടെ, വിഗ്രഹാരാധനയ്ക്കടിമപ്പെട്ട് അകന്നുപോയ ഇസ്രയേലിനെ കൂടെനിർത്താനും വീണ്ടെടുക്കാനും വ്യഗ്രതപ്പെടുന്ന കാരുണ്യമാണ് ഇസ്രയേലിന്റെ പരിശുദ്ധന്റെ അതുല്യതയെന്നാണു പ്രവാചക ദർശനം. എന്താണ് ദൈവത്തിന്റെ ഉള്ളിലെ വ്യഗ്രതയുടെ കാരണം? ഒരുതരത്തിലും തന്നോട് അനുഭാവം കാണിക്കാത്ത ഉടമ്പടി സമൂഹത്തോടുള്ള അരിശവും അതിനവരെ ശിക്ഷിക്കാനുള്ള നിയമബോധവും, ഉടമ്പടി അവസാനിപ്പിച്ച് അവരെ സൊദോം -ഗോമോറാ ദേശങ്ങൾപോലെ ഉന്മൂലനം ചെയ്യുന്നതിലെ സങ്കടവും തമ്മിലുള്ള ആന്തരിക സംഘർഷമാണത്. നീതിന്യായവും കാരുണ്യവും തമ്മിലുള്ള ഈ മാറ്റുരയ്ക്കലിലെ വിജയമാണ് ഇസ്രായേൽയാഹ്വെ ബന്ധത്തിന്റെ ഭാവി നിർണയിക്കുക.

ദൈവത്തിന്റെ പരിശുദ്ധിയെന്നത് അവിടുത്തെ അപരത്വത്തെയും പരമാധികാരത്തെയുമാണ് സൂചിപ്പിക്കുന്നത്. ഇതു നമ്മൾ മനസ്സിലാക്കുന്നത് സാധാരണയായി മനുഷ്യനിൽനിന്നും അവന്റെ വ്യാപാരങ്ങളിൽനിന്നും അകലെയായിരിക്കുന്ന ദൈവസ്വഭാവമായിട്ടാണ്. അതുകൊണ്ടാണല്ലോ, ദൈവം മോശയോട് പറഞ്ഞത്, “നീ നില്ക്കുന്ന സ്ഥലം വിശുദ്ധമാണ്, നീ ഇവിടെ എന്റെ അടുത്തേക്കു വരുന്നതിനുമുൻപ് കാലിലെ ചെരിപ്പുകൾ അഴിച്ചു മാറ്റുക”യെന്ന്. എന്നാൽ, ഹോസിയാ പ്രവാചകൻ മറ്റൊരു ദർശനമാണ് മുന്നോട്ടുവെയ്ക്കുന്നത്. ദൈവം തന്റെ പരമാധികാരം പ്രകടമാക്കുന്നത് ശിക്ഷിക്കുന്നതില്ല, അർഹതപ്പെട്ട ശിക്ഷപോലും ഇളച്ചുകൊടുത്താണ്. ഒരു പരമാധികാരിക്കു മാത്രമേ, അർഹിക്കപ്പെട്ട ശിക്ഷ വെട്ടിച്ചുരുക്കാനോ, നടപ്പിലാക്കുന്നത് നീട്ടിവയ്ക്കാനോ, റദ്ദുചെയ്യാനോ സാധിക്കൂ. ഹോസിയാ മുന്നോട്ടുവച്ച ദൈവശാസ്ത്രം വളരെ ആഴമുള്ളതാണ്. ദൈവത്തിന്റെ അതുല്യത അന്വേഷിക്കേണ്ടത് ഉഗ്രകോപം പ്രകടിപ്പിക്കുന്നതിലല്ല, മറിച്ച് കരുണയോടുള്ള അവന്റെ താല്പര്യത്തിലാണ്. അതുകൊണ്ടാണല്ലോ, നാം വിശ്വസിക്കുന്ന ദൈവത്തിന്റെ അടിസ്ഥാന സ്വാഭാവം കരുണയാണെന്നു പറയുക. അവിടുത്തെ കോപം തിരസ്കരിക്കപ്പെട്ട സ്നേഹത്തിന്റെ ദുഃഖമാണ്. ദൈവത്തിന്റെ നീതിബോധവും കരുണയും തമ്മിലുള്ള സംവാദത്തിൽ അവസാന വാക്ക് കരുണയാണ്. തെറ്റുചെയ്ത് ശിക്ഷ അർഹിക്കുന്നവർക്കു പരിവർത്തനത്തിനുള്ള ഒരു രണ്ടാമൂഴമാണത്, അല്ലാതെ അനന്തമായി തെറ്റിൽ തുടരാനുള്ള ലൈസൻസല്ല. കിട്ടിയ അവസരം മുതലാക്കി, തെറ്റിൽ നിന്ന് പിന്തിരിയുന്നതാണ് ബുദ്ധി.

ഹോസിയാ ദർശനം മുന്നോട്ടുവയ്ക്കുന്ന, തന്നിൽനിന്നും അകലുന്ന മനുഷ്യനെ രക്ഷിക്കുവാനായി ഉള്ളിൽ വേദനയനുഭവിക്കുന്ന ദൈവത്തെക്കുറിച്ചുള്ള ചിത്രം പൂർത്തിയാകുന്നത് ഈശോമിശിഹായിലാണ്. യോഹന്നാൻ സുവിശേഷകൻ പറയുന്നതുപോലെ, “തന്നിൽ വിശ്വസിച്ച ഒരുവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നല്കാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” (3:16). ദൈവകാരുണ്യത്തിന്റെ മാംസം ധരിക്കലാണല്ലോ ഈശോമിശിഹാ. വചനം മാംസമായി മനുഷ്യരുടെ ഇടയിൽ വസിച്ചു. നമ്മുടെയിടയിൽ കൂടാരമടിച്ച ചരിത്രപുരുഷനായ ഈശോ, ഉത്ഥാനശേഷം ദിവ്യകാരുണ്യ സാന്നിധ്യമായി, ഉത്ഥിതചൈതന്യമായി എല്ലാ മനുഷ്യർക്കും സമീപസ്ഥനായ പരിശുദ്ധനാണ്. ഈ പരിശുദ്ധനിലുള്ള വിശ്വാസമാണ് ക്രിസ്തുമതത്തിന്റെ അടിസ്ഥാനവും സാക്ഷ്യവും.

റവ. ഡോ. ജോയി ഫിലിപ്പ് കാക്കനാട്ട് സിഎംഐ

Latest Updates

POPULAR Views

FEATUERD Views

ദൈവഹിതമറിയാന്‍ കുറിയിടാമോ? അപ്പസ്‌തോലന്മാരുടെ നറുക്കിടലും സഭാപാരമ്പര്യവും!

യേശുവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം പരിശുദ്ധ മറിയത്തോടും മറ്റു സ്ത്രീകളോടുമൊപ്പം അപ്പസ്‌തോലന്മാര്‍ ജറുസലമിലെ സെഹിയോന്‍...

സത്യമായും ആത്മാവില്‍ ആരാധിക്കുന്ന സമയം (യോഹന്നാന്‍ 4 :24 )

ഈശോയും സമരിയക്കാരിയും തമ്മിലുള്ള ദീര്‍ഘമായ സംഭാഷണത്തിന്റെ ഹൃദയഭാഗം എന്ന് വിശേഷിപ്പിക്കാവുന്നത്, 'പ്രോസ്‌ക്യുനേസൂസിന്‍...

സ്വര്‍ഗ്ഗം കൊള്ളയടിച്ചവന്‍

'സത്യമായി ഞാന്‍ നിന്നോടു പറയുന്നു: ഇന്ന് നീ എന്നോടുകൂടെ പറുദീസയില്‍ ആയിരിക്കും' (ലൂക്ക 23:43). ക്രൂശിക്കപ്പെട്ട രണ്ട് കള്ളന്മാര്‍ക്കിടയില്‍ കിടന്നുകൊണ്ട് ഈശോ നടത്തിയ ഈ പ്രഖ്യാപനം വെറുമൊരു സാന്ത്വനവാക്കല്ല; മറിച്ച് കൃപയുടെയും വിശ്വാസത്തിന്റെയും അതീവ നിഗൂഢമായ ഒരു ദൈവശാസ്ത്രമാണ്. യേശുവിനെ എല്ലാവരും ഉപേക്ഷിച്ചുപോയ ആ നിമിഷത്തില്‍, ഒരു കുറ്റവാളിയായി മുദ്രകുത്തപ്പെട്ട വ്യക്തിയില്‍ നിന്ന് ഉയര്‍ന്നുവന്ന ആഴമേറിയ വിശ്വാസത്തിന്റെ ഏറ്റുപറച്ചിലും, അതിന് മറുപടിയായി ലഭിച്ച നിത്യജീവന്റെ വാഗ്ദാനവും ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന ശിലകളില്‍ ഒന്നാണ്.

മനുഷ്യസ്വാതന്ത്ര്യം: ബൈബിള്‍ വീക്ഷണത്തില്‍  

മനുഷ്യന്റെ അന്തസ്സിന്റെ അടിസ്ഥാനം അവന് ദൈവം നല്‍കിയിരിക്കുന്ന തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ്. ബൈബിള്‍...

ബെത്‌ലഹേമിലെ നക്ഷത്രം: അത്ഭുതവും ശാസ്ത്രവും

യേശുക്രിസ്തുവിന്റെ ജനനത്തോടനുബന്ധിച്ച് ആകാശത്തുണ്ടായ അസാധാരണമായ പ്രതിഭാസമാണ് 'ബെത്‌ലഹേമിലെ നക്ഷത്രം'. ജ്ഞാനികളെ  യേശുവിലേക്ക്...

കര്‍ത്താവിനു സ്വീകാര്യമായ വത്സരവും ജൂബിലിയുടെ പൂര്‍ത്തീകരണവും

പ്രത്യാശയുടെ തീര്‍ഥാടകര്‍ എന്ന സുകൃതവാക്യമുയര്‍ത്തി ആഗോളസഭ ജൂബിലിആചരണത്തിലൂടെ കടന്നുപോകുകയായിരുന്നു. പഴയനിയമത്തിലെ ജൂബിലി...

നിധി മറഞ്ഞിരിക്കുന്ന ‘വയല്‍’

മത്തായിയുടെ സുവിശേഷം 13-ാം അധ്യായത്തിലെ പ്രധാനപ്പെട്ട ഉപമകളിലൊന്നാണ് വയലില്‍ മറഞ്ഞിരിക്കുന്ന നിധിയുടെ...

കാനായിലെ കല്‍ഭരണികള്‍ പറയുന്ന ദൂത്

കാനായില്‍ യേശു പ്രവര്‍ത്തിച്ച അത്ഭുതത്തില്‍ ആറ് കല്‍ഭരണികള്‍ നിറയെ വീഞ്ഞ് ലഭിച്ചു...

മോശയുടെ പിത്തളസര്‍പ്പവും ഉയര്‍ത്തപ്പെടുന്ന മനുഷ്യപുത്രനും!

'മോശ മരുഭൂമിയില്‍ പിത്തളസര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ മനുഷ്യപുത്രനും ഉയര്‍ത്തപ്പെടും; അവനെ നോക്കുന്നവര്‍ ജീവന്‍...

സത്യം നിങ്ങളെ സ്വതന്ത്രരാക്കും!  

'തന്നില്‍ വിശ്വസിച്ച യഹൂദരോട് യേശു പറഞ്ഞു: എന്റെ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍...

ജലത്താലും ആത്മാവിനാലുമുള്ള ജനനം!

സ്വർഗരാജ്യത്തിൽ പ്രവേശിക്കാനുള്ള മാനദണ്ഡമായി ഈശോ നിക്കൊദേമൂസിനോട് പറയുന്നത് "ഗിന്നോത്തെനായി അനോത്തെൻ ഉന്നതത്തിൽനിന്നും...