നിത്യജീവിതത്തിൽ പലയിടത്തും ഉപയോഗിച്ചുവരുന്ന ഒരു വാക്കാണ് കംഫർട്ട്. പുതിയതായി ഒരു വസ്ത്രം ധരിച്ചുകഴിയുമ്പോൾ പോലും നാം ഇന്ന് ആ വാക്ക് ഉപയോഗിക്കുന്നുണ്ട്. അതിന് ഒരർഥമേയുളളൂ. ആ വേഷം എനിക്ക് ആത്മവിശ്വാസം നല്കുന്നു, എനിക്കത് അനുയോജ്യമായി തോന്നുന്നു. എന്റെ ആകർഷണീയത വർദ്ധിച്ചിരിക്കുന്നു.
ബന്ധങ്ങളിലും അവശ്യം ഉണ്ടായിരിക്കേണ്ട ഒന്നാണ് കംഫർട്ട്. പ്രത്യേകിച്ച് ദാമ്പത്യബന്ധത്തിൽ. കംഫർട്ട് എന്നാൽ ആശ്വാസം എന്നാണ് അർഥം. പരസ്പരം ആശ്വാസം നല്കുന്നവരായിരിക്കണം ദമ്പതികൾ. ഒരാൾക്ക് മാത്രം ആശ്വാസംകിട്ടുകയും മറ്റെയാൾ എല്ലാവിധത്തിലുമുള്ള ആശ്വാസങ്ങളിൽ നിന്ന് അകറ്റിനിർത്തപ്പെടുകയും ചെയ്യുന്നുവെന്നത് ദാമ്പത്യബന്ധത്തിലുണ്ടാകുന്ന വലിയ വീഴ്ചകളിലൊന്നാണ്.
ഇന്ന് വിവാഹമോചനങ്ങൾ പെരുകുന്നതിനും ദാമ്പത്യബന്ധത്തിൽ ഉരസലുകൾ സൃഷ്ടിക്കപ്പെടുന്നതിനും കാരണം ദമ്പതികൾ പരസ്പരം ആശ്വാസം നല്കുന്നവരാകുന്നില്ല എന്നതാണ്. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പെരുമാറ്റം കൊണ്ടും പങ്കാളിയിൽ നിന്ന് ആശ്വാസം അനുഭവിക്കാൻ കഴിയാതെ വരുന്നു എന്നതാണ്.
ചില സങ്കടങ്ങളിലൂടെ കടന്നുപോകുമ്പോൾ വൈകാരികമായ പിന്തുണ നല്കുകയും പതറിനില്ക്കുന്ന സന്ദർഭങ്ങളിൽ ധൈര്യം നല്കുകയും ചെയ്യേണ്ടവരാണ് ദമ്പതികൾ. എന്തും തുറന്നുപറയാനും ഭാരങ്ങൾ വഹിക്കാനും കഴിയുമ്പോൾ മാത്രമാണ് അവർ ആശ്വാസം നല്കുന്നവരായി മാറുന്നത്. വൈകാരികമായി തകർന്നിരിക്കുമ്പോൾ അത്തരമൊരു ആശ്വാസം നല്കാൻ കഴിയാത്ത പങ്കാളിയോട് മാനസികമായ അകൽച്ച തോന്നുകയും തുടർന്നുള്ള വലുതും ചെറുതുമായ ഓരോരോ സംഭവങ്ങളിലൂടെ അകലം വർദ്ധിച്ചുവരികയും ചെയ്യുന്നു.
ഒരു ആവശ്യം വരുമ്പോൾ അടിയന്തിരഘട്ടങ്ങളിൽ ആശ്വസിപ്പിക്കാൻ അല്ലെങ്കിൽ സാരമില്ലെന്നും പോട്ടെയെന്നും പറയാൻ, ഒന്നുചേർത്തുപിടിക്കാൻ കൂടെയുണ്ടാവുമെന്ന് കരുതുകയും വിശ്വസിക്കുകയും ചെയ്യുന്ന ആൾക്ക് കഴിയാതെവരുമ്പോൾ അത് മറ്റേവ്യക്തിയിൽ ഏല്പിക്കുന്ന ആഘാതം വളരെ കനത്തതായിരിക്കും. പല ബന്ധങ്ങളും തകരുന്നത് ഇത്തരത്തിലുള്ള ഗുരുതരമായ വീഴ്ചകൾ മൂലമാണ്. എന്നാൽ ഖേദകരമെന്ന് പറയട്ടെ നാമൊരിക്കലും ഇതിനെ ഗുരുതരമായ വീഴ്ചയായി കണക്കാക്കാറുമില്ല. മദ്യപാനം, ശാരീരികോപദ്രവം, അവിശ്വസ്തത തുടങ്ങിയവയെല്ലാമാണ് കുടുംബജീവിതത്തിലെ വലിയ പാളിച്ചകളായി കണക്കാക്കിപോരുന്നത്. പക്ഷേ അവയ്ക്കൊപ്പമോ അല്ലെങ്കിൽ അവയെക്കാളുമോ ഇന്നത്തെകാലത്തു സംഭവിക്കുന്ന ബന്ധത്തകർച്ചയ്ക്ക് കാരണം ഇതുപോലെയുളള കാരണങ്ങളാണ്. ജീവിതപങ്കാളിയിൽ നിന്ന് വേണ്ടത്ര ആശ്വാസം ലഭിക്കുന്നില്ല.വൈകാരികമായ പിന്തുണയോ സംതൃപ്തിയോ അനുഭവി്ക്കാൻ കഴിയുന്നില്ല.
ഇന്നുമുതൽ മരണം വരെ എന്നു പറഞ്ഞ് ജീവിതം തുടങ്ങുന്നവരാണ് ദമ്പതികൾ. പക്ഷേ അതിനിടയിൽ പരസ്പരം ആശ്വാസം നല്കേണ്ടവരാണ് തങ്ങളെന്ന് അവർ എപ്പോൾ വിസ്മരിക്കുന്നുവോ അപ്പോൾ മുതൽ അവരുടെ ജീവിതത്തിലേക്ക് കാറും കോളും കടന്നുവരും.അതുകൊണ്ട് ദമ്പതികൾ പരസ്പരം ആശ്വാസം നല്കുന്നവരായി മാറുക. ഭാരം വഹിക്കുന്നവരേ നിങ്ങളെ ഞാൻ ആശ്വസിപ്പിക്കാം എന്ന് ക്രിസ്തുനാഥൻപറയുന്നതുപോലെ ദാമ്പത്യത്തിലെ ഭാരങ്ങളിൽ,സങ്കടങ്ങളിൽ പരസ്പരം ആശ്വാസം നല്കാൻകഴിയുമ്പോഴാണ് ദാമ്പത്യജീവിതം സുന്ദരവും മനോഹരവും ആസ്വാദ്യകരവുമായി മാറുന്നത്.


