ഗ്രീക്കുസഭാപാരമ്പര്യത്തിലെ അവസാനത്തെ സഭാപിതാവാണ് ഡമാസ്ക്കസിലെ ജോൺ. 675 ൽ ഡമാസ്ക്കസ് പട്ടണത്തിലാണ് അദ്ദേഹം ജനിച്ചത്. ബൈസെന്റർ ഭരണാധികാരികളുടെ കീഴിലും പിന്നീട് അറബി ഭരണാധികാരികളുടെ കീഴിലും ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്ന ഒരു കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അറബിഭരണത്തിനു കീഴിൽ തനിക്കുണ്ടായിരുന്ന ഉന്നത ഉദ്യോഗം രാജിവച്ചശേഷം ജറുസലെമിനടുത്തുള്ള സാബായുടെ സന്യാസാശ്രമത്തിൽ അദ്ദേഹം ചേർന്നു. അവിടെവച്ചാണ് ജോൺ വൈദികപ്പട്ടം സ്വീകരിച്ചത്. തന്റെ മരണംവരെ ഒരു താപസനായി അദ്ദേഹം അവിടെ കഴിച്ചുകൂട്ടി.
ഏഴും എട്ടും നൂറ്റാണ്ടുകളിൽ ഗ്രീക്കുസഭാലോകത്ത് തിരുസ്വരൂപങ്ങളുടെ വണക്കം സംബന്ധിച്ചുള്ള തർക്കങ്ങൾ വളരെ ശക്തമായിരുന്നു. അക്കാലത്ത് ബൈസനൈ്റൻ ചക്രവർത്തിയായിരുന്ന ലെയോ മൂന്നാമൻ തിരുസ്വരൂപങ്ങൾ നിരോധിച്ചുകൊണ്ടുളള കല്പനകൾ പുറപ്പെടുവിച്ചു. ഈ പശ്ചാത്തലത്തിൽ, തിരുസ്വരൂപങ്ങളുടെ വണക്കം സംബന്ധിച്ച ദൈവശാസ്ത്രം വികസിപ്പിച്ചെടുത്ത മുഖ്യസഭാപിതാവാണ് ഡമാസ്ക്കസിലെ ജോൺ. പ്രസ്തുത പഠനങ്ങളാണ് രണ്ടാം നിഖ്യാസൂനഹദോസിന്റെ (787) തിരുസ്വരൂപ വണക്കത്തെക്കുറിച്ചുളള പ്രബോധനത്തിന്റെ അടിസ്ഥാനം. 726 നും 730 നും ഇടയ്ക്കാണ് ജോൺ തിരുസ്വരൂപസംബന്ധിയായ തന്റെ ദൈവശാസ്ത്രം രൂപപ്പെടുത്തിയത്.
ദൈവം മനുഷ്യനായിത്തീർന്ന് മനുഷ്യരുടെയിടയിൽ ജീവിച്ചു. ദൃശ്യമായ ഈ സംഭവത്തെ ചിത്രീകരിക്കുവാൻ നമുക്കു സാധിക്കും. ഇതാണ് ജോൺ ഡമഷീന്റെ തിരുസ്വരൂപ ദൈവശാസ്ത്രത്തിന്റെ അടിസ്ഥാനം. കാൽസിഡൺ സൂനഹദോസ് പഠിപ്പിച്ച ഇരുസ്വഭാവങ്ങളെക്കുറിച്ചുള്ള പ്രബോധനത്തെ അടിസ്ഥാനമാക്കിയാണ് ഈ ദൈവശാസ്ത്രം അദ്ദേഹം രൂപപ്പെടുത്തിയത്. തിരുസ്വരൂപവണക്കവും ദൈവാരാധനയും രണ്ടുകാര്യങ്ങളാണെന്ന് ജോൺ സ്പഷ്ടമാക്കി. തിരുസ്വരൂപം യാഥാർഥ്യത്തിലേക്കു നയിക്കുന്ന ഒരു അടയാളം മാത്രമാണ്. ഒരു സ്രഷ്ടവസ്തുവിനെയല്ല നമ്മൾ ഇവിടെ വണങ്ങുന്നത്. എന്നാൽ, സൃഷ്ടലോകം നന്മയായതിനാൽ നമ്മൾ അതിനെ നിഷേധിക്കരുത്. ദൈവപുത്രന്റെ മനുഷ്യാവതാരത്തിലൂടെ സൃഷ്ടലോകത്തിന്റെ നന്മ ഈ ലോകത്ത് വെളിപെടുത്തപ്പെട്ടു, ഇപ്രകാരം തിരുസ്വരൂപ ദൈവശാസ്ത്രത്തിനു അദ്ദേഹം അടിത്തറ പാകി. മാത്രമല്ല വിശുദ്ധരെല്ലാം മിശിഹായുടെ ഉയിർപ്പിൽ പങ്കുകാരായിരിക്കുന്നതുകൊണ്ട് അവർ ഇന്നും ജീവിക്കുന്നവരാണെന്നും ഇക്കാരണത്താലാണ് സഭ അവരെ വണങ്ങുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും ചിന്തകളുടെ സമന്വയം ജോൺ ഡമഷീനിൽ കാണുവാൻ കഴിയും. “വിജ്ഞാനത്തിന്റെ ഉറവിടം’ എന്ന പേരിൽ ഒരു കൃതി അദ്ദേഹം രചിചിട്ടുണ്ട്. ഇതിന്റെ ഒന്നാംഭാഗത്ത് അരിസ്റ്റോട്ടിലിന്റെ ചിന്തകളാണ് മുഖ്യമായും വിശദീകരിക്കുന്നത്. രണ്ടാംഭാഗത്ത്, പാഷണ്ഡതകളെക്കുറിച്ചും മൂന്നാം ഭാഗത്ത് സത്യവിശ്വാസത്തെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇത് ലത്തീനിലേക്കു വിവർത്തനം ചെയ്തു. ഗ്രീക്കു ദൈവശാസ്ത്രത്തെയും തോമസ് അക്വീനാസിന്റെ സ്കോളാസ്റ്റിക് ദൈവശാസ്ത്രത്തെയും ഈ കൃതി വളരെസ്വാധീനിച്ചിട്ടുണ്ട്.
മരിയഭക്തനായിരുന്ന ജോൺ മറിയത്തിന്റെ മരണത്തെ “ഉറക്കം’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ബൈബിൾ വ്യാഖ്യാതാവും ധാർമികചിന്തകനും ചരിത്രകാരനുമായിരുന്നു ജോൺ. ആരാധനക്രമ ഗീതങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
ഡോ. തോമസ് കുഴുപ്പിൽ



