വിദ്യാഭ്യാസം, ജോലി തുടങ്ങിയവയ്ക്ക് വേണ്ടിയോ ഇതര കാരണങ്ങളാലോ മറ്റു രാജ്യങ്ങളിലേക്കും നഗരങ്ങളിലേക്കും ഇടവകകളിലേക്കുമൊക്കെ ആളുകൾ താല്കാലികമായോ സ്ഥിരമായോ മാറിത്താമസിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ അവരുടെ ഇടവകാംഗത്വം എവിടെ ആയിരിക്കും എന്നത് പലപ്പോഴും ആളുകൾക്ക് സംശയമുള്ള ഒരു കാര്യമാണ്. സ്ഥിരവാസസ്ഥാനം (domicile), താല്കാലിക വാസസ്ഥാനം (quasi-domicile) എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇടവകാംഗത്വം നിർണയിക്കേണ്ടത്. CCEO c. 912 ഇക്കാര്യത്തിൽ വ്യക്തത തരുന്നു. ഒരു വ്യക്തിക്ക് സ്ഥിരവാസസ്ഥാനം (domicile) ലഭിക്കുന്നത് രണ്ടു തരത്തിൽ ആണ്: (1) സ്ഥിരമായി താമസിക്കണമെന്ന ഉദ്ദേശ്യത്തോടെ ഒരു ഇടവകയിലോ രൂപതയിലോ താമസം ആരംഭിക്കുന്നത് വഴി, (2) ഒരു നിശ്ചിതസ്ഥലത്ത് അഞ്ചു വർഷമെങ്കിലും താമസിക്കുന്നതു വഴി. അതായത്, സ്ഥിരതാമസമാക്കണമെന്ന ഉദ്ദേശ്യത്തോടെ ഒരാൾ താമസം മാറി വരികയാണ് എങ്കിൽ, താമസം ആരംഭിക്കുന്നത് മുതൽത്തന്നെ അയാൾക്ക് പുതിയസ്ഥലത്ത് സ്ഥിരവാസസ്ഥാനം ലഭിക്കും. നേരെ മറിച്ച്, സ്ഥിര താമസമാക്കാൻ ലക്ഷ്യം ഇല്ലാതെ ഒരാൾ അഞ്ചുവർഷങ്ങൾ ഒരു ഇടവകാതിർത്തിയിൽ താമസം പൂർത്തിയാക്കിയാൽ അപ്പോൾ മുതൽ അവിടെ സ്ഥിരവാസസ്ഥാനം ലഭിക്കും. സ്ഥിര താമസമാക്കാനുള്ള ലക്ഷ്യമില്ലാതെ താമസം ആരംഭിച്ചശേഷം പിന്നീട് തീരുമാനിച്ചാൽ അപ്പോൾ മുതൽ സ്ഥിര വാസസ്ഥാനം ലഭിക്കും. എന്നാൽ താല്കാലിക വാസസ്ഥാനം (quasi-domicile) ലഭിക്കുന്നത് മൂന്നുമാസമെങ്കിലും താമസിക്കണമെന്ന ഉദ്ദേശ്യത്തോടെ ഒരിടത്ത് താമസം ആരംഭിക്കുകയോ മൂന്നു മാസം എങ്കിലും ഒരു സ്ഥലത്ത് താമസിക്കുകയോ ചെയ്യുമ്പോഴാണ്. ഒരു നിശ്ചിത ഇടവകയിൽ അല്ലാതെ ഒരു രൂപതാതിർത്തിക്കുള്ളിൽ മാറി മാറി താമസിക്കുകയാണെങ്കിൽ ആ വ്യക്തിക്ക് രൂപതാ വാസസ്ഥാനം ലഭിക്കുന്നു.
ഇപ്രകാരം ഒരാൾക്ക് സ്വന്തം സഭയിൽപ്പെട്ട ഏത് രൂപതയുടെ/ഇടവകയുടെ അതിർത്തിയിലാണോ സ്ഥിര വാസസ്ഥാനം (domicile)/താല്കാലിക വാസസ്ഥാനം (quasi-domicile) ഉള്ളത് പ്രസ്തുത രൂപത/ഇടവകയിൽ ആയിരിക്കും അയാൾക്ക് അംഗത്വം ഉണ്ടായിരിക്കുന്നത്. എന്നാൽ സ്വന്തം സഭയുടെ രൂപതയോ ഇടവകയോ ഇല്ലാത്ത സ്ഥലങ്ങളിൽ താമസിക്കുന്ന വിശ്വാസികളുടെ ആത്മീയ, അജപാലനപരമായ കാര്യങ്ങൾ നിർവഹിക്കുന്നതിനു വേണ്ട ക്രമീകരണങ്ങൾ രൂപതാമെത്രാൻ ര. 916 ങ്ങ 45 അനുസരിച്ച് ചെയ്യേണ്ടതാണ്.
തിരിച്ചു വരാനുള്ള ഉദ്ദേശ്യമില്ലാതെ ഒരാൾ താമസം മാറുമ്പോഴാണ് അയാൾക്ക് സ്ഥിര വാസസ്ഥാനം domicile)/താല്കാലിക വാസസ്ഥാനം (quasi-domicile) നഷ്ടപ്പെടുന്നത് (ര. 917). അതായത് ഒരു വ്യക്തി മറ്റൊരു സ്ഥലത്തേക്ക് താമസം മാറിയാലും തിരിച്ചു വരാനുള്ള ഉദ്ദേശ്യമുണ്ടെങ്കിൽ, എത്ര വർഷങ്ങൾ കഴിഞ്ഞാലും, ആദ്യ സ്ഥലത്തുള്ള വാസസ്ഥാനം നഷ്ടമാകില്ല. പഴയ സ്ഥലത്ത് വീടോ ഭൂസ്വത്തോ ഇല്ലെങ്കിൽ പോലും വ്യക്തിയുടെ ഈ അവകാശം അവിടെ നിലനിൽക്കും. മാത്രമല്ല മുകളിൽ പറഞ്ഞ നിബന്ധനകൾക്കനുസരിച്ച് പുതിയ സ്ഥലത്തും സ്ഥിര വാസസ്ഥാനം (domicile)/താല്കാലിക വാസസ്ഥാനം (quasi-domicile) ലഭിക്കുന്നതായിരിക്കും. ചുരുക്കത്തിൽ ഒരു വ്യക്തിക്ക് ഒന്നിലധികം വാസസ്ഥാനങ്ങൾ ഉണ്ടാവാം. ഇത്തരം സാഹചര്യങ്ങളിൽ, കൂദാശകളുടെ പരികർമ്മം, മറ്റ് സഭാപരമായ നടപടിക്രമങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ തെറ്റുകളും അപകടങ്ങളും ഒഴിവാക്കാൻ ആവശ്യമായ അന്വേഷണങ്ങൾ നടത്താനും രേഖകൾ പരിശോധിക്കാനും അജപാലകർ ശ്രദ്ധിക്കേണ്ടതാണ്. ഉദാഹരണമായി, ഒരു വ്യക്തിക്ക് വികാരിയച്ചൻ വിവാഹത്തിനുള്ള കുറി നല്കുമ്പോൾ അയാൾ മുൻപ് വിവാഹിതനാണോ, ഏതെങ്കിലും ശിക്ഷാ നടപടികൾക്ക് വിധേയനായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞിരിക്കണമല്ലോ.
മുൻ ഇടവകയുമായി ബന്ധമില്ലാതെ ദീർഘകാലം മറ്റു സ്ഥലങ്ങളിൽ താമസിക്കുമ്പോൾ, ഇടവകയിലെ ആത്മസ്ഥിതി, ഡയറക്ടറി തുടങ്ങിയവ പുതുക്കുമ്പോൾ അവയിൽ നിന്ന് ഒഴിവാക്കപ്പെടാനും ചില രേഖകൾ നഷ്ടപ്പെട്ടു പോകാനുമുള്ള സാധ്യതകൾ ഉണ്ട്. ഇത് പലപ്പോഴും അജപാലനപ്രതിസന്ധികൾക്ക് കാരണമായേക്കാം. അതിനാൽ, ആത്മീയ ശുശ്രൂഷകൾ കൃത്യമായി ലഭിക്കുന്നതിനും അജപാലനപരമായ പ്രതിസന്ധികൾ ഒഴിവാക്കുന്നതിനും ഒരാൾ താമസം മാറുമ്പോൾ ബന്ധപ്പെട്ട അജപാലകരെ അറിയിക്കുകയും അവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും രേഖാമൂലമുള്ള നടപടിക്രമങ്ങൾ (വികാരിയച്ചന്റെ ശിപാർശക്കത്ത്, ഇടവകമാറ്റക്കുറി തുടങ്ങിയവ) പൂർത്തിയാക്കുകയും ചെയ്യേണ്ടതാണ്. ചുരുങ്ങിയ കാലഘട്ടത്തിൽ ആണെങ്കിൽ പോലും മറ്റു സ്ഥലങ്ങളിൽ താമസിക്കുമ്പോൾ സ്ഥലം വികാരിയുമായും ഇടവകാസമൂഹവുമായും ബന്ധപ്പെട്ടു ജീവിക്കാനും ആത്മീയ കടമകൾ പൂർത്തിയാക്കാനുമുള്ള ഉത്തരവാദിത്വം വിശ്വാസികൾക്കുണ്ട്. ചെല്ലുന്ന സ്ഥലത്ത് ആജ്ഞാതനായി (anony- mous) തുടരുന്നത് ഭൂഷണമല്ല. അതുപോലെ തന്നെ, പഴയ സ്ഥലത്തേക്ക് തിരിച്ചു വരുന്ന സാഹചര്യങ്ങളിൽ ആയിരുന്ന ഇടവകയിലെ വികാരിയച്ചന്റെ പക്കൽനിന്ന് ആവശ്യമായ രേഖകൾ വാങ്ങേണ്ടതാണ്. കൂടാതെ ഇത് സംബന്ധിച്ച് അതത് രൂപതാധ്യക്ഷന്മാരുടെ നിർദ്ദേശങ്ങളും പാലിക്കേണ്ടതാണ്.
ഫാ. മാത്യു ശൗര്യാംകുഴി


