ക്രിസ്തുവർഷം 42 ൽ തോമാശ്ലീഹാ ഗുജറാത്തിൽ ബറൂച്ച് തുറമുഖപട്ടണത്തിൽ കപ്പലിറങ്ങി തന്റെ ആദ്യത്തെ പ്രേഷിതയാത്ര ആരംഭിച്ചു. അക്കാലത്ത് കച്ചവടക്കാരും യാത്രക്കാരും ഉപയോഗിച്ചിരുന്ന വഴിയിലൂടെ തന്നെയാണ് തോമാശ്ലീഹായും ബറൂച്ചിൽ എത്തുന്നത്. അവിടെ നിന്ന് ശ്ലീഹ തക്ഷശിലയിലുള്ള ഗുണ്ടഫറസ് ചക്രവർത്തിയുടെ അടുത്തേക്ക് പോയി. ബറൂച്ചിൽ നിന്ന് തക്ഷശിലയിലേക്കുള്ള വഴി ഉജ്ജയിൻ, മഥുര എന്നിവിടങ്ങളിലൂടെയാണ് കടന്നുപോയിരുന്നത്. തലസ്ഥാനനഗരിയിൽ കൊട്ടാരത്തിൽ താമസിക്കുന്ന സമയത്ത് സുവിശേഷം പ്രസംഗിച്ചത് പോലെ പോയവഴികളിലൂടെയും അദ്ദേഹം സുവിശേഷം പ്രസംഗിച്ചിട്ടുണ്ടാകണം. 42 മുതൽ 49 വരെയുള്ള തന്റെ പ്രേഷിത പ്രവർത്തനകാലത്ത് മറ്റനേകം പട്ടണങ്ങളിൽ മറ്റ് അപ്പസ്തോലന്മാരെ പോലെ തന്നെ തോമായും ഇൗശോയെ പ്രസംഗിച്ചിട്ടുണ്ട് എന്ന് നമുക്ക് വിശ്വസിക്കാവുന്നതാണ്.
കഷഗാറിൽ നിന്ന് പാടലീപുത്രത്തേക്കു പോകുന്ന വഴിയിൽ ആയിരുന്നു കണ്ടഹാറും തക്ഷശിലയും. മഥുരയിൽ നിന്ന് മറ്റൊരു പാത (ബാറൂച്ചിൽ നിന്നു വരുന്നത്) തക്ഷശിലയിൽ എത്തിയിരുന്നു. പാടലീപുത്രത്തേയ്ക്കുള്ള പാതയിലാണ് യമുന, ഡൽഹി, ഗംഗ, പ്രയാഗ, കാനൂജ് തുടങ്ങിയ പട്ടണങ്ങൾ. പാടലീപുത്രത്തെ ചുറ്റുമുള്ള പട്ടണങ്ങളായ സരസ്വതി, കോസാമ്പി, ചമ്പ, താമ്രലിപ്തി, വാരണാസി മഥുര വിധിഷ എന്നിവയുമായി ബന്ധിപ്പിക്കുന്ന റോഡുകൾ ഉണ്ടായിരുന്നു. ഉജ്ജെയിനെ തെക്കേഇന്ത്യയുമായി ബന്ധിപ്പിക്കുന്ന റോഡിലൂടെയാണ് തമിഴകത്ത് നിന്ന് പ്രത്യേകിച്ച് കേരളത്തിൽനിന്ന് സുഗന്ധവ്യഞ്ജനങ്ങൾ (സമുദ്രമാർഗം യൂറോപ്പിലേക്ക് പോയിരുന്നത് കൂടാതെ) ബറൂച്ചിൽ എത്തിയിരുന്നത്. അതിനാൽ തക്ഷശില, മഥുര, പാടലീപുത്ര, ഉജ്ജയിൻ, കഷഗാർ, കണ്ടഹാർ എല്ലാം ബറൂച്ചുമായി ബന്ധിപ്പിച്ചിരുന്നത് ഈ പട്ടണം വഴിയുള്ള വിദേശ കച്ചവടബന്ധത്തിന് സഹായമായിരുന്നു. ബറൂച്ചിൽ ആരംഭിച്ച തോമാശ്ലീഹായുടെ ആദ്യ പ്രേഷിതയാത്രയുടെ ചരിത്രപശ്ചാത്തലം ഇതാണെന്ന് കാണാനാകും.
വടക്കേ ഇന്ത്യയെയും തെക്കേ ഇന്ത്യയെയും ബന്ധിപ്പിച്ചിരുന്ന ഉത്തരപാത, ദക്ഷിണപാത എന്നിവയെ പറ്റിയും ചരിത്രഗ്രന്ഥങ്ങളിൽ കാണാം. സിന്ധു നാഗരികതയുടെ കാലത്ത് തന്നെ ദക്ഷിണേന്ത്യയും ഉത്തരേന്ത്യയും തമ്മിൽ നല്ല ബന്ധം ഉണ്ടായിരുന്നു. ഗംഗ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഉത്തരപാതയും, ഡെക്കാൻ, തെക്കേ ഇന്ത്യ എന്നിവയെ ബന്ധിപ്പിക്കുന്ന ദക്ഷിണപാതയും യോജിച്ചിരുന്നത് ബറൂച്ചിൽ ആയിരുന്നു. അലക്സാണ്ടറിയ മുസീറീസ് അന്തർദേശീയ പാതയിലായിരുന്നു ബറൂച്ച് എന്നാണ് ചില ചരിത്രകാരന്മാരുടെ അഭിപ്രായം. ദക്ഷിണ പാതയിലൂടെയാണ് തമിഴകത്ത് നിന്നും മലബാറിൽ നിന്നും വാണിജ്യസാമഗ്രികൾ ഗംഗ പ്രദേശത്തേക്ക് എത്തിയിരുന്നത്. ഇൗ മാർഗത്തിലൂടെ തന്നെയാണ് വടക്കേ ഇന്ത്യൻ രീതികളും ആര്യൻ സംസ്കാരത്തിന്റെ ഘടകങ്ങളും തെക്കേ ഇന്ത്യയിൽ എത്തുന്നത്. മൗര്യ സാമ്രാജ്യത്തിന്റെ വികാസത്തോടെയും പ്രത്യേകിച്ച് അശോകന്റെ കാലത്തെ ബുദ്ധമതത്തിന്റെ വ്യാപനത്തോടുകൂടിയും ഈ ദക്ഷിണ പാത വടക്കേ, തെക്കേ ഇന്ത്യയെ ബന്ധിപ്പിക്കുന്ന വളരെ കൂടുതൽ ഉപയോഗമുള്ള ഒരു പാതയായി തീർന്നു. ഇതിലൂടെയാണ് ജൈനരും ബുദ്ധരും ബ്രാഹ്മണരും തമിഴകത്ത് കൂടുതലായി എത്തിയിരുന്നത്. പെരിയാർ അഥവാ ചൂർണി നദിയിൽ നിന്ന് ലഭിക്കുന്ന ചവുർണെയം എന്ന പവിഴം കേരളത്തിൽനിന്ന് ഈ വഴിയാണ് വടക്കേഇന്ത്യയിൽ എത്തിയിരുന്നത് എന്ന് കൗടില്യൻ അർഥശാസ്ത്രത്തിൽ സൂചിപ്പിക്കുന്നുണ്ട്. ബറൂച്ചിൽ നിന്ന് മധ്യ ഏഷ്യയിലേക്ക് സാധനങ്ങൾ പോയിരുന്നത് ഉത്തര പാതയിലൂടെ ആണ്. അതിനാൽ ദക്ഷിണ, ഉത്തര പാതകൾ വഴിയാണ് ദക്ഷിണേന്ത്യയും ഉത്തരേന്ത്യയും മധ്യേഷ്യയുമായും മെഡിറ്ററേനിയൻ പട്ടണങ്ങളുമായും കരമാർഗം ബന്ധപ്പെട്ടിരുന്നത്. ഈ വഴികളൊക്കെ തോമാശ്ലീഹായുടെ ഭാരതത്തിലെ പ്രേഷിതയാത്രകൾക്കും സഹായിച്ചിട്ടുണ്ടാകണം.
പഴയകാലത്ത് കേരളത്തിലെ പട്ടണങ്ങളെയും പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന മാർഗങ്ങൾ ഉണ്ടായിരുന്നു. അവ മറ്റേതു രാജ്യത്ത് എന്നത് പോലെ ഇവിടെയും ഇന്നത്തെ രീതിയിൽ ഉള്ളവ ആയിരുന്നില്ല എന്ന് വ്യക്തം. സുഗന്ധവ്യഞ്ജനങ്ങളും മറ്റു കയറ്റുമതി വസ്തുക്കളും തുറമുഖങ്ങളിൽ എത്തിക്കുകയായിരുന്നു അവയുടെ പ്രധാന ഉദ്ദേശ്യം. മുസീറിസിലേക്ക് വന്നിരുന്ന അത്തരം പാതകളെ കുറിച്ച് പ്ലിനി, ടോളമി എന്നീ യൂറോപ്യൻ എഴുത്തുകാരുടെ ഗ്രന്ഥങ്ങളിൽ കാണാൻ കഴിയും. നദികളായിരുന്നു പഴയകാലത്തെ പ്രധാന ഗതാഗതമാർഗ്ഗം. പ്ലീനി ഇക്കാര്യം കൃത്യമായി തന്റെ ‘നാച്ചുറൽ ഹിസ്റ്ററി’യിൽ എഴുതുന്നുണ്ട്. വിദേശികൾക്ക് കൊടുക്കാനുള്ള കുരുമുളക് ഉൾപ്രദേശങ്ങളിൽ നിന്ന് ചെറിയ വള്ളങ്ങളിൽ തുറമുഖ പട്ടണങ്ങളിൽ എത്തിച്ച് അവ ഗ്രീക്കു കപ്പലുകളിൽ കയറ്റിയിരുന്നു എന്ന് ഈ ഗ്രന്ഥങ്ങളിൽ വായിക്കാൻ സാധിക്കും. കേരളത്തിലെ അക്കാലത്തെ പട്ടണങ്ങളായ മുസീറിസ്, കൊല്ലം, നിലയ്ക്കൽ, പറവൂർ എല്ലാം നദിതീരങ്ങളോട് ചേർന്നായിരുന്നുവെന്ന് നമുക്കറിയാം. ഈ പട്ടണങ്ങളിലൊക്കെയാണല്ലോ തോമാശ്ലീഹാ സുവിശേഷം പ്രസംഗിച്ചതും ആദ്യ കൈ്രസ്തവസമൂഹങ്ങൾക്ക് രൂപം കൊടുത്തതും.
റവ. ഡോ ജെയിംസ് പുലിയുറുമ്പിൽ


