ഏശയ്യാപ്രവാചകന് ലഭിച്ച ദൈവിക വെളിപാടിന്റെ ഒരു വാങ്മയചിത്രം ആറാം അധ്യായത്തിൽ നാം വായിക്കുന്നുണ്ട്. ദൈവാലയത്തിലുള്ള കർത്താവിന്റെ മഹത്വപൂർണമായ സാന്നിധ്യവും ദൈവാലയം മുഴുവൻ നിറഞ്ഞുനിന്ന വസ്ത്രാഞ്ചലവും ദൈവാരാധനയിൽ ഏർപ്പെട്ടിരുന്ന സെറാഫുകളും പ്രവാചകനിൽ അയോഗ്യതയുടെ വികാരങ്ങൾ നിറച്ചു. ആത്മഭാവങ്ങളിൽ അയോഗ്യതയുടെ നിഴലുകൾ നിറഞ്ഞുനിന്നപ്പോഴും പ്രവാചകൻ ദൈവദർശനത്തിൽ നിന്ന് മാറിയില്ല. അതിന്റെ ഫലമായി പ്രവാചകന്റെ അയോഗ്യത ദൈവകല്പിതമായവിധം മാറ്റപ്പെടുകയാണ്. തീക്കനൽ അധരങ്ങളെ സ്പർശിക്കുമ്പോൾ പ്രവാചകന്റെ പാപം മായ്ക്കപ്പെടുന്നു. ഇപ്രകാരം പാപരഹിതമായ സാഹചര്യത്തിലാണ് പ്രേഷിതദൗത്യം നല്കപ്പെടുന്നത്. ആരെയാണ് ഞാൻ അയക്കുക? ആരാണ് എനിക്കുവേണ്ടി പോവുക? തന്റെ അയോഗ്യതകളുടെ ഭാരത്തിൽനിന്ന് വിമോചിതനും പാപങ്ങളുടെ അശുദ്ധിയിൽ നിന്നു വിശുദ്ധീകരിക്കപ്പെട്ടവനുമായ പ്രവാചകൻ പ്രേഷിതസന്നദ്ധത അറിയിക്കുന്നു. ‘ഇതാ ഞാൻ ! എന്നെ അയച്ചാലും’!
അയക്കപ്പെടുന്നത് ജനത്തിനു മാനസാന്തരത്തിന്റെ ആഹ്വാനം നല്കുന്നതിനാണ്. മാനസാന്തരാനുഭവത്തിലൂടെ മാത്രമേ ദൈവമഹത്വം ദൃശ്യമാകൂ.
പ്രേഷിതൻ അഥവാ അയക്കപ്പെടുന്നവന്റെ യോഗ്യത എന്നത് ദൈവത്താൽ അയക്കപ്പെടുന്നു എന്നതുമാത്രമാണ്. മറ്റൊന്നും യോഗ്യതയുടെ മാനദണ്ഡമല്ല, അതേസമയം പാപങ്ങളിൽ നിന്നു വിശുദ്ധീകൃതമായ ഒരു ജീവിതത്തിനുടമയായിരിക്കണം പ്രേഷിതൻ. കാരണം പ്രഘോഷണവിഷയം മാനസാന്തരവും അനുതാപവുമാണ്.
ഇവിടെയാണ് ആത്മപരിശോധനയുടെ ആവശ്യകത. ഇന്ന് സുവിശേഷം പ്രഘോഷിക്കുന്നവർ ഏറെയുണ്ട്. അയക്കപ്പെട്ടവരാണ് തങ്ങളെന്ന് വിവിധ രീതികളിലും സാഹചര്യങ്ങളിലും അവകാശപ്പെടുന്നവരുമുണ്ട്. എന്നാൽ പ്രഘോഷണം ഫലം കാണുന്നില്ല. ഉണ്ടെങ്കിൽത്തന്നെ പാറപ്പുറത്തും മുൾച്ചെടികൾക്കിടയിലും വീണ വിത്തിന്റെ സ്ഥിതിയും!. എന്തായിരിക്കാം ഇതിന്റെ കാരണം? ദൈവമഹത്വ ദർശനത്തിൽനിന്ന് രൂപപ്പെടുന്ന ദൈവസാന്നിധ്യസ്മരണയുടെ അഭാവം. അയക്കപ്പെടുന്നതിനു മുമ്പ് വിശുദ്ധീകരിക്കപ്പെടുന്നില്ല. വാക്കുകളിലൂടെയുള്ള പ്രഘോഷണങ്ങൾക്കു ഹൃദയവിശുദ്ധിയുടെ പിൻബലമില്ല. അധരവ്യായാമത്തിൽ ഒതുങ്ങുന്ന പ്രഘോഷണവും സാക്ഷ്യങ്ങളും അനുതാപത്തിലേക്കും ജീവിതനവീകരണത്തിലേക്കും നയിക്കുന്നില്ല.
വസ്ത്രത്തിലെ ഏതുകറയും കഴുകിക്കളയാൻ ശക്തമായ വാഷിങ്ങ് പൗഡർ വില്ക്കുന്ന വ്യക്തിയുടെ വസ്ത്രം മുഷിഞ്ഞതും കറപിടിച്ചതുമാണെങ്കിൽ ആ വ്യക്തി താൻ വില്ക്കുന്ന അലക്കുപൊടിയെക്കുറിച്ച് എത്ര വാചാലമായി പ്രസംഗിച്ചാലും അത് ആരെയും ബോധ്യപ്പെടുത്തില്ല. പലപ്പോഴും പ്രഘോഷകന്റെ വ്യക്തിഭാവവും ജീവിതശൈലിയും വചനത്തെ നിർവീര്യമാക്കുന്നു. കേൾവിക്കാരെ ആകർഷിക്കാനോ അവരിൽ മാനസാന്തരത്തിന്റെ വിത്തുവിതയ്ക്കാനോ സാധിക്കാതെ വരുന്നു. നമ്മുടെ പല പ്രേഷിതസംരംഭങ്ങളും ഉദ്ദേശിച്ചഫലം കാണാതെ, വ്യക്തികളുടെ ഹൃദയങ്ങളിൽ വചനം നിറയ്ക്കാതെ, സ്ഥാപനവത്ക്കരണത്തിന്റെ സുരക്ഷിതത്വത്തിലേക്കു ഒതുങ്ങിക്കൂടുന്നതിന്റെ കാരണം മറ്റൊന്നുമല്ല.
ആരെയാണ് ഞാൻ അയക്കുക? ഈ ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട് ഇന്നത്തെ പ്രേഷിതമേഖലകളിൽ. ദൈവവചനത്തിൽ മായം കലർത്താത്ത, സുവിശേഷമൂല്യങ്ങളിൽ അധിഷ്ഠിതമായ പ്രേഷിതപ്രവർത്തനശൈലി കൂടുതൽ പ്രതിബദ്ധതയോടെ വളർത്തിയെടുക്കേണ്ട സമയമായി. ദൈവമഹത്വത്തിന്റെ അനുഭവത്തിൽ, പാപങ്ങളിൽ നിന്നു വിശുദ്ധീകരിക്കപ്പെട്ട, അയോഗ്യതകളുടെ ഭാരം പേറാതെ ഓരോ വിശ്വാസിയും പ്രേഷിതഭാവത്തിൽ മുന്നേറണം. ‘ ഇതാ ഞാൻ എന്നെ അയച്ചാലും’!


