മൂന്നുവാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണമാണ് കത്തോലിക്കാ വിവാഹം. ഈ മൂന്നു വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ ദാമ്പത്യജീവിതം വിജയകരമായിരുന്നുവെന്ന് അവകാശപ്പെടാന്‍ കഴിയും. ഏതൊക്കെയാണ് ഈ മൂന്നു വാഗ്ദാനങ്ങള്‍ എന്നല്ലേ?
വിവാഹദിവസം പരിശുദ്ധ അള്‍ത്താരയ്ക്ക് മുമ്പാകെ കാര്‍മ്മികനും പ്രിയപ്പെട്ടവരും സാക്ഷിനില്‌ക്കെ ദമ്പതികള്‍ പരസ്പരം നല്കുന്ന വാഗ്ദാനമാണത്.
ഇന്ന് മുതല്‍ മരണം വരെ, സന്തോഷത്തിലും ദുഖത്തിലും ,ആരോഗ്യത്തിലും അനാരോഗ്യത്തിലും , സമ്പത്തിലും ദാരിദ്ര്യത്തിലും ,പരസ്പര സ്‌നേഹത്തോടും , വിശ്വസ്തതയോടും കൂടി , ഏക മനസ്സോടെ ജീവിച്ചു കൊള്ളാമെന്നു വിശുദ്ധ സുവിശേഷം സാക്ഷിയായി ഞങ്ങള്‍ വാഗദാനം ചെയ്യുന്നു.
വിവാഹജീവിതത്തിലല്ലാതെ ഒരാള്‍ക്കും മറ്റൊരാളോട് ഇങ്ങനെ പറയാനാവില്ല. ഇങ്ങനെയൊരു വാഗ്ദാനം നല്കാനുമാവില്ല. മറ്റെല്ലാ ബന്ധങ്ങളും വേണമെങ്കില്‍ പാതിവഴിയില്‍ ഉപേക്ഷിച്ചുപോകാവുന്നവയാണ്. പാര്‍ട്ണര്‍ഷിപ്പില്‍ തുടങ്ങിയ ഒരു ബിസിനസ് നഷ്ടമായി മാറുകയോ പാര്‍ട്ണര്‍ ശരിയല്ലെന്ന് തോന്നുകയോ ആണെങ്കില്‍ ബിസിനസ് അവിടെവച്ച് അവസാനിപ്പിക്കാം. എന്നാല്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഒരാള്‍ക്ക് വ്യക്തിപരമായ എന്തെല്ലാം പ്രശ്‌നങ്ങളുണ്ടായാലും അതൊന്നും വിവാഹജീവിതത്തില്‍ നിന്ന് പിന്തിരിയാനോ അവസാനിപ്പിക്കാനോ തക്ക കാരണങ്ങളാകുന്നില്ല. അത് വിവാഹനിമിഷത്തില്‍ നല്കുന്ന ഈ മൂന്നു വാഗ്ദാനങ്ങളുടെ പേരിലാണ്.
ഇന്നു മുതല്‍ മരണം വരെ: ഹ്രസ്വകാലാവധിയല്ല ദാമ്പത്യത്തിലെ ബന്ധങ്ങള്‍ക്കുള്ളത്. വിവാഹനിമിഷം മുതല്‍ രണ്ടിലൊരാളുടെ മരണം വരെ നീണ്ടുനില്ക്കുന്ന ബന്ധമാണ് അത്. തമാശയായി ചില പ്രസംഗങ്ങളില്‍ പറഞ്ഞുകേട്ടിട്ടില്ലേ ഇന്നുമുതല്‍ മകരം വരെയെന്ന്്്. മകരം ഒരു നി്ശ്ചിതകാലയളവിന്റെ പേരാണ്. എന്നാല്‍ ദാമ്പത്യത്തില്‍ മകരമോ ചിങ്ങമോ വൃശ്ചികമോ ഇല്ല. അത് മരണം വരെ നീണ്ടുനില്ക്കുന്നതാണ്. ദൈര്‍ഘ്യമേറിയ ഈ ഘട്ടത്തില്‍ എല്ലാം സന്തോഷാനുഭവങ്ങളായിരിക്കുമെന്ന് ഉറപ്പ് പറയാനാവില്ല. അതുകൊണ്ടാണ് വാഗ്ദാനത്തിന്റെ അടുത്ത ഭാഗം ഇങ്ങനെയാകുന്നത്.
സന്തോഷത്തിലും ദു:ഖത്തിലും: മനുഷ്യജീവിതം സുഖദു:ഖസമ്മിശ്രമാണ്. പ്രകൃതിയിലെ മാ്റ്റങ്ങള്‍ പോലെ തന്നെയാണ് അത്. ചില കാലങ്ങളില്‍ മരങ്ങള്‍ ഇലകള്‍ കൊഴിക്കുന്നു. പിന്നീട് തളിര്‍ക്കുന്നു. പൂവും കായും ഉണ്ടാകുന്നു. നദികളെ നോക്കുക. എന്നും ഒരേ ജലനിരപ്പ് നദികള്‍ പുലര്‍ത്തുന്നില്ല. വര്‍ഷകാലങ്ങളില്‍ നിറഞ്ഞുകവിഞ്ഞൊഴുകുന്ന നദികള്‍ വേനല്‍ക്കാലങ്ങളില്‍ വറ്റിവരളുന്നു. പിന്നെയൊരു മഴക്കാലം വരെ ജലാശയങ്ങളുടെ അവസ്ഥ ഇങ്ങനെയാണ്. ഇതുപോലെയാണ് ദാമ്പത്യജീവിതവും. സന്തോഷം ഉണ്ടാവും. ദു:ഖം ഉണ്ടാവും.
സന്തോഷങ്ങള്‍ക്ക് കാരണം കുടുംബജീവിതത്തിലെ നേട്ടങ്ങളായിരിക്കും. സാമ്പത്തികസുരക്ഷിതത്വം, പരിഗണന, കരുതല്‍, നല്ല വീട്,സുഖസൗകര്യങ്ങള്‍, മക്കള്‍ ഇതൊക്കെ സന്തോഷങ്ങളാണ്. ദു:ഖങ്ങള്‍ക്ക് കാരണമാവുന്നതാവട്ടെ പ്രതീക്ഷിക്കുന്നത് കിട്ടാതെവരുന്നതും പ്രതീക്ഷിക്കാത്തതു പലതും കടന്നുവരുന്നതുമാണ്. അനാരോഗ്യവും ദാരിദ്ര്യവും ഇപ്രകാരം ദു:ഖകാരണങ്ങളാകുന്നു. മക്കള്‍ ജനിക്കാതെപോകുന്നതും മക്കള്‍ക്ക് എന്തെങ്കിലും രോഗങ്ങള്‍ പിടിപെടുന്നതും മക്കള്‍വഴിതെറ്റിപ്പോകുന്നതും ദമ്പതികളിലൊരാള്‍ മാറാരോഗിയാകുന്നതും ജോലി നഷ്ടപ്പെടുന്നതും കടബാധ്യതകളുണ്ടാകുന്നതും ഒക്കെസങ്കടകാരണങ്ങളാണ്. അപ്പോഴൊക്കെ ദാമ്പത്യത്തിന് പരിക്കുപറ്റരുത്. പരസ്പരം പഴിചാരരുത്. കുറ്റപ്പെടുത്തലുംശകാരങ്ങളും ഉണ്ടാകരുത്. വ്യക്തിത്വത്തെ അപമാനിക്കുന്നവിധത്തില്‍ സംസാരിക്കരുത്. ഇങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ ദമ്പതികള്‍ തമ്മില്‍ അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട രണ്ടു ഘടകങ്ങളുണ്ട്. അവയും ഈ വാഗ്ദാനത്തില്‍ കടന്നുവരുന്നുണ്ട്
പരസ്പര സ്‌നേഹത്തോടും വിശ്വസ്തതയോടും കൂടി: ദാമ്പത്യജീവിതത്തിലെ ക്ലേശങ്ങളും ബുദ്ധിമുട്ടുകളും അനാരോഗ്യങ്ങളും സാമ്പത്തികപ്രയാസങ്ങളുമെല്ലാം നേരിടാന്‍ കരുത്ത് ലഭിക്കുന്നത് ദമ്പതികള്‍ക്ക് പരസ്പര സ്‌നേഹമുണ്ടായിരിക്കുമ്പോഴാണ്. പരസ്പരം വിശ്വസ്തരായിരിക്കുമ്പോഴാണ്. ദമ്പതികള്‍ തമ്മില്‍ സ്വഭാവികമായും പല കാര്യങ്ങളിലും വിയോജിപ്പുകളുണ്ടാകാംം. അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. പക്ഷേ അവ പരസ്പരം അകല്‍ച്ചയുണ്ടാക്കുന്നതും വെറുപ്പുണ്ടാക്കുന്നതും അവര്‍ക്കിടയില്‍ പരസ്പരസ്‌നേഹം എന്ന നന്മ ഇല്ലാത്തതുകൊണ്ടാണ്. വിശ്വസ്തരായിരിക്കാന്‍ കഴിയാത്തതുകൊണ്ടാണ്. പങ്കാളിയെ പലവിധത്തില്‍ വേദനിപ്പിക്കുന്നത്, നന്ദികേട് കാണിക്കുന്നത്, ബഹുമാനമില്ലാതെ സംസാരിക്കുന്നത് ഇതെല്ലാം സ്‌നേഹമില്ലായ്മയുടെയും വിശ്വസ്തതക്കുറവിന്റെയും ലക്ഷണങ്ങളാണ്.
സ്‌നേഹിക്കുന്ന ഒരാളെയും നാം വേദനിപ്പിക്കാറില്ല. സ്‌നേഹിക്കുന്ന ഒരാളോട് അവിശ്വസ്തത പുലര്‍ത്തുകയുമില്ല. ഇത് രണ്ടും സംഭവിക്കാതിരിക്കണമെങ്കില്‍ ദമ്പതികള്‍ക്ക് എന്തുണ്ടായിരിക്കണം?
ഏക മനസ്സ്: വിവാഹനിമിഷത്തില്‍ നല്കുന്ന വാഗ്ദാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഏകമനസ്സ്. ദമ്പതികള്‍ക്ക് ഏകമനസ്സുണ്ടായിരിക്കണം.
സ്രഷ്ടാവ് ആദിമുതലേ അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു എന്നും ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട് ഭാര്യയോട് ചേര്‍ന്നിരിക്കും, അവര്‍ ഇരുവരും ഏകശരീരമായിത്തീരും എന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടെന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ? എന്നാണല്ലോ ബൈബിള്‍ പറയുന്നത്. ദമ്പതികള്‍ ഏക ശരീരമായിത്തീരണമെങ്കില്‍ അവര്‍ക്കാദ്യമുണ്ടായിരിക്കേണ്ടത് ഏക മനസ്സാണ്. ഏക മനസ്സില്ലെങ്കിലും ചിലപ്പോള്‍ ശരീരങ്ങള്‍ പങ്കിട്ടേക്കാം. എന്നാല്‍ അവിടെ ദൈവം ആഗ്രഹിക്കുന്നതുപോലെയുള്ള ഏകശരീരങ്ങള്‍ രൂപപ്പെടുന്നില്ല. ഏക മനസ്സിന്റെ അഭാവമാണ് ദാമ്പത്യബന്ധങ്ങളെ ശിഥിലമാക്കുന്നത്. എത്രത്തോളം ഏകമനസ്സായിരിക്കാന്‍ ദമ്പതികള്‍ക്ക് കഴിയുന്നുവോ അത്രത്തോളം ദാമ്പത്യം വിജയകരമായിരിക്കും. സന്തോഷപ്രദവും.
എപ്പോഴൊക്കെ ദാമ്പത്യജീവിതത്തില്‍ ഇടര്‍ച്ചകള്‍തോന്നുന്നുവോ എപ്പോഴോക്കെ പങ്കാളിയോട് മാനസികമായ അടുപ്പം ഇല്ലാതാകുന്നുവോ എപ്പോഴൊക്കെ ഇല്ലായ്മകളിലൂടെയും രോഗാവസ്ഥകളിലൂടെയും കടന്നുപോകുന്നുവോ ഏതെല്ലാം സങ്കടങ്ങളും നിരാശതകളുംദാമ്പത്യജീവിതത്തിലേക്ക് കടന്നുവരുന്നുവോ ദാമ്പത്യജീവിതത്തില്‍ മടുപ്പ് അനുഭവപ്പെടുന്നുവോ വിരസത തോന്നുന്നുവോഅപ്പോഴെല്ലാം മനസ്സിനെശക്തിപ്പെടുത്താന്‍ ഒരു നിമിഷം ശാന്തമായികണ്ണടച്ചിരിക്കുക. എന്നിട്ട് വിവാഹനിമിഷങ്ങളെ ഓര്‍മ്മയിലേക്ക് കൊണ്ടുവരിക. അള്‍ത്താര..വിവാഹവസ്ത്രം ധരിച്ച് അള്‍ത്താരാഭിമുഖമായി നിന്ന നിമിഷം.. വിശുദ്ധഗ്രന്ഥം സാക്ഷിയാക്കി വാഗ്ദാനം നേര്‍ന്ന നിമിഷം. ആ നിമിഷത്തില്‍ പരസ്പരം ഏറ്റുപറഞ്ഞ വാഗ്ദാനം സ്വയം പറയുക.ഇന്ന് മുതല്‍ മരണം വരെ, സന്തോഷത്തിലും ദുഖത്തിലും ,ആരോഗ്യത്തിലും അനാരോഗ്യത്തിലും , സമ്പത്തിലും ദാരിദ്ര്യത്തിലും ,പരസ്പര സ്‌നേഹത്തോടും , വിശ്വസ്തതയോടും കൂടി , ഏക മനസ്സോടെ ജീവിച്ചു കൊള്ളാമെന്നു വിശുദ്ധ സുവിശേഷം സാക്ഷിയായി ഞങ്ങള്‍ വാഗദാനം ചെയ്യുന്നു. ഉറപ്പാണ്, ആത്മാര്‍ത്ഥമായിട്ടാണ് ഇത് പറയുന്നതെങ്കില്‍ നിങ്ങളുടെ മനസ്സില്‍ പുതിയൊരു വസന്തം പിറവിയെടുക്കുക തന്നെചെയ്യും. അത് നിങ്ങളുടെ കഴിവല്ല. മറിച്ച് ആ വാഗ്ദാനത്തിന്റെ മേന്മയാണ്. ആ വാഗ്ദാനത്തില്‍ വിശ്വസിക്കുക. അതിനോട് നീതിപുലര്‍ത്തുക. എല്ലാം ശരിയായിക്കൊള്ളും.
വിനായക് നിർമ്മൽ


