പൊതുസമൂഹം സാധാരണമായി മിശ്രവിവാഹം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രണ്ടു മതത്തിൽപെട്ടവർ തമ്മിലുള്ള വിവാഹം എന്നാണ്. എന്നാൽ, കാനൻ നിയമപ്രകാരം മിശ്രവിവാഹം എന്നതുകൊണ്ട് അർഥമാക്കുന്നത് ഒരു കത്തോലിക്കാ സഭാംഗം ഒരു അകത്തോലിക്കാ വിശ്വാസിയുമായി നടത്തുന്ന വിവാഹമാണ്. ഉദാഹരണമായി, ഒരു സീറോമലബാർസഭാംഗം ഒരു ഓർത്തോഡോക്‌സ് അല്ലെങ്കിൽ CSI വിശ്വാസിയുമായി നടത്തുന്ന വിവാഹം. രണ്ടു മതത്തിൽപെട്ടവർ തമ്മിലുള്ള വിവാഹത്തെ (ഉദാ. ക്രിസ്ത്യൻഹിന്ദു വിവാഹം) മതവ്യത്യാസത്തിലുള്ള വിവാഹം, മതാന്തരവിവാഹം (Dispartiy of cult) എന്നൊക്കെയാണ് കാനൻനിയമം വിളിക്കുന്നത്. CCEO813þ-816, സീറോമലബാർ സഭയുടെ പ്രത്യേക നിയമം Arts. 172 þ- 184 എന്നീ നിയമങ്ങളാണ് മിശ്രവിവാഹങ്ങളുടെ കാര്യത്തിൽ ബാധകമായിട്ടുള്ളത്. സഭാധികാരികളുടെ മുൻകൂട്ടിയുള്ള പ്രത്യേക അനുവാദത്തോടെ മാത്രമേ ഈ വിവാഹങ്ങൾ നടത്താൻ പാടുള്ളൂ (c.813).
മിശ്രവിവാഹത്തിനായി ഒരു കത്തോലിക്കവിശ്വാസി അജപാലകരെ സമീപിക്കുമ്പോൾ ഒരേ കത്തോലിക്കാ വിശ്വാസത്തിൽപെട്ടവർ തമ്മിലുള്ള വിവാഹമാണ് കുടുംബത്തിന്റെ സന്തുലിതാവസ്ഥക്കും കുട്ടികളുടെ പരിശീലനത്തിനും നല്ലത് എന്നു പറഞ്ഞു ബോധ്യപ്പെടുത്താൻ പരിശ്രമിക്കേണ്ടതാണ്. മിശ്രവിവാഹം തന്നെ വേണമെന്ന് വീണ്ടും ആവശ്യപ്പെടുകയാണെങ്കിൽ ദമ്പതികളുടെ വിശ്വാസം,വിവാഹാശീർവാദ കർമ്മം, വിവാഹശേഷമുള്ള വിശ്വാസ ജീവിതം തുടങ്ങിയവയെക്കുറിച്ച് അവരെ പറഞ്ഞു മനസിലാക്കിക്കൊണ്ട് വിവാഹ നടപടികളിലേക്ക് കടക്കാവുന്നതാണ്. കത്തോലിക്കാസഭയുടെ പഠനങ്ങളനുസരിച്ച് വിവാഹത്തിന്റെ ലക്ഷ്യങ്ങൾ ദമ്പതികളുടെ നന്മ, സന്താനോൽപാദനം, അവരുടെ പരിശീലനം എന്നിവയാണെന്നും (c . 776 § 1), വിവാഹത്തിന്റെ സവിശേഷതകൾ ഏകത്വം, അവിഭാജ്യത എന്നിവയാണെന്നും ഇരുകൂട്ടരെയും പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതാണ് (c. 776 §3).
കത്തോലിക്കാകക്ഷിയുടെ വികാരിയച്ചന്റെ ശിപാർശയോടുകൂടെ രൂപതാധ്യക്ഷന് രേഖാമൂലം അപേക്ഷ സമർപ്പിക്കണം. കത്തോലിക്കാസഭാംഗം തന്റെ കത്തോലിക്കാ വിശ്വാസത്തിൽ ഉറച്ചു നിൽക്കുമെന്നും വിശ്വാസത്തിൽ നിന്ന് വ്യതിചലിപ്പിക്കാവുന്ന അപകടങ്ങളെ ഒഴിവാക്കുമെന്നും മക്കളെ കത്തോലിക്കാ സഭയിൽ മാമ്മോദീസ നല്കി പരിശീലിപ്പിക്കാൻ തന്റെ ശക്തിയുക്തം വേണ്ടതെല്ലാം ചെയ്യുമെന്നുമുള്ള പ്രഖ്യാപനം ഈ അപേക്ഷയോടൊപ്പം രേഖാമൂലം നല്കണം. ഈ വാഗ്ദാനങ്ങളെക്കുറിച്ച് അകത്തോലിക്കാകക്ഷിയെ മുൻകൂട്ടി അറിയിക്കേണ്ടതാണ് (c.814,1°2°). ഇത് ഇടവകവികാരി ഉറപ്പുവരുത്തുകയും പ്രസ്തുത വാഗ്ദാനങ്ങളെക്കുറിച്ച് അറിവുണ്ടെന്ന് വ്യക്തമാക്കാൻ, സാധിക്കുമെങ്കിൽ അകത്തോലിക്കാകക്ഷിയുടെ ഒപ്പ് കത്തോലിക്കാ കക്ഷിയുടെ പ്രഖ്യാപനത്തിൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. മനസമ്മതത്തെയും വിവാഹപരസ്യത്തെയും സംബന്ധിച്ച് രൂപതാധ്യക്ഷന് ഉചിതമായ തീരുമാനം എടുക്കാവുന്നതാണ്.
മിശ്രവിവാഹം കത്തോലിക്കാ രീതിയിൽ സാധാരണമായി പരി. കുർബാനയോടുകൂടിയല്ല നടത്തുന്നത്. എങ്കിലും അകത്തോലിക്കാ പൗരസ്ത്യസഭാംഗവുമായിട്ടാണ് വിവാഹം എങ്കിൽ പരി. കുർബാന അർപ്പിക്കുവാനുള്ള അനുവാദം രൂപതാദ്ധ്യക്ഷന് നൽകാവുന്നതാണ്. വിവാഹാശീർവാദം കത്തോലിക്കാ പള്ളിയിൽ വച്ച് കത്തോലിക്കാ കാനോനിക ക്രമം പാലിച്ചുകൊണ്ടാണ് നടത്തുക. അതിഗൌരവതരമായ കാരണങ്ങൾ ഉള്ളപ്പോൾ കാനോനിക ക്രമത്തിൽ നിന്ന് ഒഴിവ്‌നല്കാൻ ശ്ലൈഹിക സിംഹാസനത്തിനും മേജർആർച്ചുബിഷപ്പിനും മാത്രമാണ് അധികാരമുള്ളത് (c. 835). അതിനുവേണ്ടി കത്തോലിക്കാ കക്ഷിയുടെ ഇടവകവികാരിയുടെയും വിവാഹം നടക്കുന്ന സ്ഥലത്തെ രൂപതാധ്യക്ഷന്റെയും ശിപാർശയോടുകൂടെ മേജർആർച്ചുബിഷപ്പിന് അപേക്ഷ സമർപ്പിക്കണം.
വിവാഹത്തിന്റെ കാനോനിക പരികർമ്മത്തിന് മുൻപോ ശേഷമോ വിവാഹസമ്മതം നല്കുന്നതിനോ പുതുക്കുന്നതിനോ ആയി മറ്റൊരു മതപരമായ കർമ്മവും നടത്താൻ പാടില്ല. അതുപോലെ തന്നെ കത്തോലിക്കാ പുരോഹിതനും അകത്തോലിക്കാ ശുശ്രൂഷിയും കക്ഷികളുടെ സമ്മതം വെവ്വേറെ ചോദിക്കുന്നതും നിരോധിച്ചിട്ടുണ്ട് (c. 839). കത്തോലിക്കാ പുരോഹിതൻ കാർമ്മികത്വം വഹിക്കുമ്പോൾ അകത്തോലിക്കാ പുരോഹിതനെ വചനം വായിക്കുന്നതിനോ സന്ദേശം നല്കുന്നതിനോ അനുവദിക്കാവുന്നതാണ്.
കത്തോലിക്കാ സഭയിലെയും മലങ്കര സിറിയൻ ഓർത്തഡോക്‌സ് (യാക്കോബായ) സഭയിലെയും അംഗങ്ങൾ തമ്മിലുള്ള വിവാഹത്തിന് ഇരുസഭകളും തമ്മിലുള്ള ധാരണപ്രകാരമുള്ള മാർഗനിർദേശങ്ങളും പാലിക്കേണ്ടതാണ്. ഇത്തരം വിവാഹങ്ങളിൽ ഇരുകക്ഷികളും സ്വന്തം മെത്രാന്മാരിൽ നിന്ന് വിവാഹത്തിനുള്ള അനുവാദം വെവ്വേറെ നേടേണ്ടതും വിവാഹപരസ്യത്തിൽ മിശ്രവിവാഹം എന്ന് പ്രത്യേകം പറയേണ്ടതുമാണ്. ഇരുസഭകളിലെയും വൈദികർ ഒരുമിച്ച് വിവാഹാശീർവാദകർമ്മം നടത്താൻ പാടില്ല. വിവാഹം നടത്തുന്ന ഇടവക വികാരിയോ അതേ സഭയിലെ വൈദികനോ ആയിരിക്കണം കാർമ്മികൻ. പക്ഷേ ഇരുസഭകളിലും പെട്ട വധൂവരന്മാർക്കും കുടുംബാംഗങ്ങൾക്കും വിവാഹാഘോഷാവസരത്തിൽ ആ പരിശുദ്ധ കുർബാനയിൽ പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിക്കാവുന്നതാണ്.
ഫാ. മാത്യു ശൗര്യാംകുഴി


